Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടം വാങ്ങിയ പണം കിട്ടാൻ പരാതിക്കാരൻ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലം; ചെത്തി നടക്കുന്ന ഓഡി ക്കാറിന്റെ ലോൺ അടക്കുന്നത് വരെ നിർത്തി വഞ്ചന; ചെക്ക് തിരിച്ച് വാങ്ങിയില്ല എന്ന ആരോപണവും വിശ്വാസ്യയോഗ്യമല്ല; ഉന്നത സ്വാധീനം ഉപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ചപ്പോൾ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി; കോടിയേരിയുടെ മൂത്തമകൻ സാമ്പത്തിക വഞ്ചനാക്കേസിൽ ആരോപണ വിധേയനായത് ഇങ്ങനെ

കടം വാങ്ങിയ പണം കിട്ടാൻ പരാതിക്കാരൻ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലം; ചെത്തി നടക്കുന്ന ഓഡി ക്കാറിന്റെ ലോൺ അടക്കുന്നത് വരെ നിർത്തി വഞ്ചന; ചെക്ക് തിരിച്ച് വാങ്ങിയില്ല എന്ന ആരോപണവും വിശ്വാസ്യയോഗ്യമല്ല; ഉന്നത സ്വാധീനം ഉപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ചപ്പോൾ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി; കോടിയേരിയുടെ മൂത്തമകൻ സാമ്പത്തിക വഞ്ചനാക്കേസിൽ ആരോപണ വിധേയനായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവിന്റെ പേരും പെരുമയും ഉപയോഗിച്ച് മകൻ ബിനോയ് പലരിൽനിന്നും വൻതുക വാങ്ങി എന്ന ഗൾഫിലെ സ്പോൺസറുടെ പരാതിയിൽ വെട്ടിലാകുന്നത് ബിനോയ് കോടിയേരിയും അച്ചനും തന്നെ. സിപിഎമ്മിലെ സമ്മേളന കാലത്തുണ്ടായ വിവാദം കോടിയേരിക്ക് വലിയ തിരിച്ചടിയാണ്. അതിനിടെ ബിനോയ് കോടിയേരിക്കും ശ്രീജിത്തിനും നേരേ ഉയർന്നിരിക്കുന്ന പരാതികൾ പലിശയ്ക്ക് പണം നൽകുന്ന ദുബായിലെ കൊള്ളപ്പലിശ ഇടപാടിന്റെ തുടർച്ച. മലയാളിയായ രാഹുൽ കൃഷ്ണ മുഖേനയാണ് ഇരുവരും പണംവാങ്ങിയത്. കൊട്ടാരക്കര സ്വദേശിയാണ് രാഹുൽ കൃഷ്ണ.

ഒത്തുതീർപ്പുചർച്ചകൾ പരാജയപ്പെട്ടതിനാലാണ് പരാതിയുമായി ഡൽഹിയിലെത്തിയിരിക്കുന്നതെന്നാണ് കമ്പനിയുടെ സ്പോൺസറായ യു.എ.ഇ. പൗരന്റെ വിശദീകരണം. പണം വാങ്ങിയിട്ടുണ്ടെന്നും ബിനോയിയുമായി കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം സമ്മർദം ചെലുത്തി പണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ സ്പോൺസറായ അറബിപൗരനെ മുന്നിൽനിർത്തി പാർട്ണർ ആയിരുന്ന രാഹുൽ കൃഷ്ണ നടത്തുന്നതെന്ന് ഈ രംഗത്തുള്ളവർ വെളിപ്പെടുത്തുന്നു. ബാങ്കുകളിൽനിന്ന് ചെറിയ പലിശയ്ക്ക് ലഭിക്കുന്ന വായ്പയാണ് യു.എ.ഇ.യിൽ ചിലർ കൂടിയ പലിശയ്ക്ക് മറിച്ചുനൽകുന്നത്. യു.എ.ഇ യിലെ ബിസിനസ് രംഗത്ത് ഇതൊരു സാധാരണ ഏർപ്പാടുമാണ്. രാഹുൽ കൃഷ്ണ മുഖേന പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ എല്ലാം ഒത്തുതീർന്നെന്നും ബിനോയിയുമായി ബന്ധപ്പെട്ടവർ പറയുന്നു.

പ്രമുഖ പ്രവാസി വ്യവസായിക്ക് ഇന്ത്യയിൽനിന്ന് നേരത്തേ തൊഴിലാളികളെ എത്തിച്ചുകൊടുത്തിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ജാസ് ടൂറിസം. ഇടപാടിൽ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിനെത്തുടർന്ന് പ്രവാസി വ്യവസായി ഇവരുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടർന്നാണ് മുൻ ഉടമയുടെ ബന്ധുവായ രാകുൽ സ്ഥാപനം ഏറ്റെടുത്തത്. അപ്പോഴും സ്പോൺസർ ഹസ്സൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിയായിരുന്നു. യു.എ.ഇ. നിയമപ്രകാരം സ്ഥാപനത്തിൽ 51 ശതമാനം ഉടമസ്ഥാവകാശം സ്പോൺസർക്കാണ്. അതനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കേണ്ടതും സ്പോൺസർ മുഖേനയാണ്. ഇതാണ് പരാതിയുമായി സ്പോൺസർതന്നെ ഡൽഹിയിലെത്താൻ കാരണവും.

2016 മുതൽ പണമിടപാടിനെച്ചൊല്ലി ജാസ് ടൂറിസം എൽഎൽസി കമ്പനിയുമായി ബിനോയിക്ക് പ്രശ്നങ്ങളുണ്ട്. ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായതോടെയാണ് കമ്പനിയുടെ സ്പോൺസർ മുഖാന്തരം ദുബായ് കോടതിയിൽ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നൽകിയത്. കേസ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും കേസ് ഒത്തുതീർന്നിട്ടില്ലെന്നും മർസൂഖി പ്രതികരിച്ചു.

ബിനോയിക്ക് പണം നൽകാൻ മധ്യസ്ഥനായിരുന്ന ജാസ് ടൂറിസത്തിന്റെ മുൻ ഉടമ രാഹുൽ കൃഷ്ണ വിശദമായ പ്രതികരണങ്ങൾക്ക് തയാറായില്ല. ജാസ് കമ്പനിയുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നും. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പറയാനില്ലെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഉടമസ്ഥാവകാശം ഒഴിഞ്ഞെങ്കിലും അടുത്ത ബന്ധുക്കൾ തന്നെയാണ് കമ്പനിയുടെ ഉടമകൾ. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾക്കായി സ്പോൺസർ ഇന്ത്യയിലുണ്ട്. ഇത് നടന്നില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കാനും സ്പോൺസർ ശ്രമിക്കുമെന്നാണ് വിവരം.

രണ്ടും കൽപ്പിച്ച് സ്‌പോൺസർ, നിഷേധിച്ച് ബിനോയ്

തനിക്കെതിരെ ഉയർന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ൽ ഒത്തുതീർപ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പറയുന്നു. നിലവിൽ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകൾ ഉടൻതന്നെ ദുബായ് കോടതിയിൽ നൽകും. ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ബിനോയ് കൂട്ടിച്ചേർക്കുന്നു. എന്നാൽ സ്‌പോൺസർ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്.

ബിനോയ് ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ആഡംബര കാർ വാങ്ങുന്നതിനും ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്കുമായി. ബിനോയിക്കെതിരെ ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് പരാതി നൽകിയത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ തന്റെ പങ്കാളി പലതവണ ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടിക്കാഴ്ചകുള്ള എല്ലാ ശ്രമങ്ങളെയും അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്നും പരാതിക്കാരൻ പറഞ്ഞു. തുടർന്ന് ബിനോയ് ഈടായി ചെക്ക് ബാങ്കിൽ നൽകിയെങ്കിലും അത് മടങ്ങുകയായിരുന്നു എന്നും ജാസ് ഗ്രൂപ്പ് അറിയിച്ചു. ബിനോയ് തന്നെ മനഃപൂർവ്വം വഞ്ചിക്കുകയായിരുന്നുവെന്നും അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായം നൽകണമെന്നും പരാതിയിൽ ആവശ്യുപ്പെട്ടിട്ടുണ്ട്.

തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ ബിനോയ്‌ക്കെതിരെ ഉണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാൾ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണെന്നും കമ്പനി പരാതിയിൽ പറയുന്നു. എന്നാൽ ഇതെല്ലാം ബിനോയ് നിഷേധിക്കുകയാണ്.

ആരോപണം നിഷേധിച്ച് ശ്രീജിത്ത്

വ്യാജ ചെക്ക് നൽകി പത്തുകോടിരൂപ തട്ടിയെടുത്തെന്ന് രാഹുൽ കൃഷ്ണ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ സത്യമില്ലെന്ന് ചവറ എംഎ‍ൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത്. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയിൽ രാഹുൽ കൃഷ്ണ തന്റെ പേരിൽ നൽകിയ സിവിൽ കേസ് നിലവിലുണ്ട്. അത്തരത്തിലൊരു ചെക്ക് കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്് പറഞ്ഞു.

രാഹുൽ കൃഷ്ണ മുഖേനയാണ് ബിനോയ് കോടിയേരിയെ പരിചയപ്പെട്ടത്. ഇരുവരുമായും സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. എന്നാൽ ഇവരുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ല. രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും ശ്രീജിത്ത്് പറഞ്ഞു. അച്ഛൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് മാവേലിക്കര കോടതിയിലെ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കൃഷ്ണ ബന്ധപ്പെട്ടിരുന്നു. ഭാവിയിൽ കേസ് ബുദ്ധിമുട്ടാവുമെന്നാണ് അയാൾ അന്ന് പറഞ്ഞത്. കേസ് നിയമപരമായി നേരിടുമെന്നും ശ്രീജിത്ത് പറഞ്ഞു.

സിപിഎമ്മിൽ ചർച്ച സജീവം

കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരിൽ സിപിഎമ്മിനുള്ളിൽ ഭിന്നത രൂക്ഷം. ബിജെപി.ക്കെതിരേ കോൺഗ്രസ് സഹകരണത്തിനു വാദിച്ച യെച്ചൂരിയുടെ രാഷ്ട്രീയസമീപനം കൊൽക്കത്തയിൽ നടന്ന കേന്ദ്രകമ്മിറ്റിയോഗം തള്ളിയിരുന്നു. വോട്ടെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പരാജയപ്പെട്ടതിനുപിന്നിൽ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. അതുകൊണ്ട് തന്നെ യെച്ചുരിയാണ് പരാതി ചോർത്തിയതെന്ന ആരോപണം ശക്തമാണ്.

കേന്ദ്രനേതൃത്വത്തിനു നൽകിയ പരാതി എങ്ങനെ പുറത്തു വന്നുവെന്നാണ് പാർട്ടിക്കുള്ളിലെ ചോദ്യം. രണ്ടു വർഷമായിട്ടുള്ള ഒരു പ്രശ്നമായതിനാൽ ഇതുവരെ വിവരം പുറത്തുവിടാത്ത കമ്പനി പ്രതിനിധികൾ ഇപ്പോഴതു ചെയ്യാനിടയില്ലെന്നാണ് വാദം. അല്ലെങ്കിൽ, കേന്ദ്രനേതൃത്വത്തിൽനിന്ന് അനുകൂലമറുപടി ലഭിക്കാത്തതിനാൽ വിവരം പുറത്തുവിട്ട്, പാർട്ടിയെ സമ്മർദത്തിലാക്കി പണം വാങ്ങാനുള്ള തന്ത്രമാവാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി. സെന്ററിൽ കൂടിക്കാഴ്ച നടത്തി. പി.ബി. അംഗമായ എം.എ. ബേബിയും ഈ സമയം എ.കെ.ജി. സെന്ററിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP