Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ചരിത്രത്തിലാദ്യമായി സർക്കാർ ഇതര സമാന്തര സൈനിക സ്‌കൂളുമായി ആർഎസ്എസ്; സൈനിക സ്‌കൂൾ ഏപ്രിൽ പ്രവർത്തനം തുടങ്ങും; പ്രവേശനം ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക്; 160 പേരടങ്ങുന്ന ആദ്യ ബാച്ചിന് അപേക്ഷ ക്ഷണിച്ചതായി കേണൽ ശിവപ്രസാദ് സിങ്; യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികൾക്ക് എട്ട് സീറ്റ് സംവരണം നൽകും; ലക്ഷ്യം സൈന്യത്തിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന് ആർഎസ്എസ്  

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ആർ.എസ്.എസിന്റെ സൈനിക സ്‌കൂൾ ഏപ്രിൽ പ്രവർത്തനം തുടങ്ങും. ആറാം ക്ലാസ് മുതലാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. സ്‌കൂൾ കെട്ടിടം ഇതിനായി സജ്ജമാക്കിയതായും
160 പേരടങ്ങുന്ന ആദ്യ ബാച്ചിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചതായും മുതിർന്ന ആർഎസ്എസ് നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിബിഎസ്ഇ സിലബസിൽ പൂർണമായും റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന, രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിർ എന്നു പേരിട്ട സ്‌കൂളിന്റെ നടത്തിപ്പു ചുമതല വിദ്യാഭാരതിക്കാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരിതര സംഘടന സൈനിക സ്‌കൂൾ ആരംഭിക്കുന്നത്. നാഷനൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കൽ പരീക്ഷകൾ തുടങ്ങിയവയ്ക്കായി കുട്ടികളെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആർഎസ്എസ് പറയുന്നു. പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രവേശനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം, മാർച്ചിൽ പ്രവേശന പരീക്ഷ നടക്കും. ഏപ്രിൽ ആറിനു ക്ലാസുകൾ ആരംഭിക്കുമെന്നു രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിർ ഡയറക്ടർ കേണൽ ശിവപ്രസാദ് സിങ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികൾക്കായി എട്ട് സീറ്റ് മാറ്റിവയ്ക്കുന്നതും രക്തസാക്ഷികളുടെ ആശ്രികർക്ക് പ്രായപരിധിയിൽ ഇളവു ലഭിക്കുന്നതും ഒഴികെ ഒരു തരത്തിലുമുള്ള സംവരണം സ്‌കൂളിൽ ഉണ്ടാകില്ലെന്ന് കേണൽ ശിവപ്രസാദ് സിങ് പറഞ്ഞു.

ഭാവിയിൽ രാജ്യമെമ്പാടും ഇത്തരത്തിൽ സ്‌കൂളുകൾ തുറക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ടെന്നും അതുകൊണ്ടാണു രാജ്യത്ത് വിവിധയിടങ്ങളിലായി 20,000 ത്തോളം സ്‌കൂളുകൾ നടത്തുന്ന വിദ്യാഭാരതിയെ ചുമതല ഏൽപ്പിച്ചതെന്നുമാണു റിപ്പോർട്ടുകൾ. ബി.എസ്. മൂഞ്ചെ 1937ൽ നാസിക്കിൽ ഇത്തരത്തിലുള്ള ബോൺസാല മിലിറ്ററി സ്‌കൂൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് പൂർണമായി ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല.

ആർഎസ്എസ് പ്രത്യേയശാസ്ത്രം പിന്തുടരുന്നവരെ രാജ്യത്തെ സൈനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ആർഎസ്എസ് സൈനിക സ്‌കൂൾ ആരംഭിക്കുന്നത് അതീവ ആശങ്കയോടെയാണു സാമൂഹിക നിരീക്ഷകർ കാണുന്നത്. എന്നാൽ ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വിടവ് നികത്താനും സൈന്യത്തിലേക്കുള്ള പരീക്ഷകളിൽ മികച്ച വിജയം നേടാനും അർഹരായ വിദ്യാർത്ഥികളെ സഹായിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നാണ് ആർഎസ്എസിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP