Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാരൂപങ്ങളെ കാവുകളുടേയും ക്ഷേത്രങ്ങളുടേയും മതിൽക്കെട്ടിനുള്ളിൽ തളച്ചിടാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐ(എം); ഹൈന്ദവ അനുഷ്ഠാനങ്ങൾക്കുനേരെ സിപിഐ(എം) നടത്തുന്ന അവഹേളനമാണ് പ്രശ്‌നമെന്ന് ആർഎസ്എസ്: സിപിഐ(എം)-ആർഎസ്എസ് സംഘർഷം ഉത്തര കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും തകർത്തെറിയുമോ?

കലാരൂപങ്ങളെ കാവുകളുടേയും ക്ഷേത്രങ്ങളുടേയും മതിൽക്കെട്ടിനുള്ളിൽ തളച്ചിടാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐ(എം); ഹൈന്ദവ അനുഷ്ഠാനങ്ങൾക്കുനേരെ സിപിഐ(എം) നടത്തുന്ന അവഹേളനമാണ് പ്രശ്‌നമെന്ന് ആർഎസ്എസ്: സിപിഐ(എം)-ആർഎസ്എസ് സംഘർഷം ഉത്തര കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും തകർത്തെറിയുമോ?

രഞ്ജിത് ബാബു

കണ്ണൂർ: ഉത്തര കേരളത്തിൽ സാംസ്കാരിക രംഗത്ത് സംഘർഷം വ്യാപിക്കുന്നു. നമുക്ക് ജാതിയില്ല എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തിയ ഘോഷയാത്രയിൽ തിടമ്പ് നൃത്തം അരങ്ങേറിയതോടെയാണ് എതിരാളികൾ സാംസ്കാരിക രംഗത്ത് വിവാദങ്ങൾക്കും സംഘർഷത്തിനും രംഗത്തിറങ്ങിയത്.

നാളിതുവരേയും മതജാതി പരിഗണനക്കപ്പുറം ജനങ്ങൾ ആസ്വദിച്ചു വന്നിരുന്ന ദൈവിക പരിവേഷമുള്ള കലാരൂപങ്ങളെ കാവുകളുടേയും ക്ഷേത്രങ്ങളുടേയും മതിൽ കെട്ടിനുള്ളിലേക്ക് തളച്ചിടുമോ എന്ന ഭയം സാംസ്കാരിക പ്രവർത്തകരിൽ വളരുകയാണ്. ഇന്നലെ ഇരിട്ടി എം.ജി. കോളേജിൽ നടത്താനിരുന്ന പടയണി നിർത്തി വെക്കേണ്ടിവരികയും ചെയ്തു. വിദ്യാർത്ഥികളെ പടയണി നേരിട്ട് കാണിക്കുന്നതിന്റെ ഭാഗമായാണ് ഇത് തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ ടെലിഫോണിൽ വിലക്ക് വന്നിരുന്നതിനാൽ അധികൃതർ ചടങ്ങ് നിർത്തി വെക്കുകയായിരുന്നു.

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൽക്കു നേരെ സിപിഐ.(എം). നടത്തിയ അവഹേളനമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരി ആരോപിച്ചു. സിപിഐ.(എം). നടത്തിയ തിടമ്പ് നൃത്തം അവഹേളന രൂപത്തിലാണ് അവതരിപ്പിച്ചത്. നൂറ്റാണ്ടുകളായി വിശ്വാസത്തിന്റെ പേരിൽ ശ്രീകൃഷ്ണന്റേയും ബലരാമന്റേയും രൂപങ്ങൾ തിടമ്പേറ്റി നടത്തുന്ന നൃത്തത്തെ തെരുവിലിറങ്ങി പരിഹാസമാക്കുകയായിരുന്നു.

തെയ്യങ്ങളെ പാർട്ടി പ്രകടനത്തിനിറക്കി പരസ്യമായി പുകവലിക്കുകയും മറ്റും ചെയ്യുന്ന അവസ്ഥയും സിപിഐ.(എം). പരിപാടികളിൽ കാണാമായിരുന്നു. ഇരിട്ടി. എം. ജി കോളേജിൽ പടയണി അവതരിപ്പിക്കുന്നത് വിലക്കിയതിൽ ആർ.എസ്.എസിന് പങ്കില്ല. സ്‌ക്കൂൾ കലോത്സവങ്ങളിൽ അരങ്ങേറുന്ന പരിപാടികളെ വിലക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളെ പാർട്ടിയുമായി ബന്ധപ്പെടുത്തി പരിഹസിക്കാനാണ് സിപിഐ.(എം). ശ്രമിക്കുന്നത്.

നമുക്ക് പൈതൃകമായി ലഭിച്ച പടയണിയും തെയ്യം പോലുള്ള കലാരൂപങ്ങളും സാംസ്കാരിക സമന്വയത്തിന് അനിവാര്യമാണെന്ന് ഫോക്ക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. മുഹമ്മദ് അഹമ്മദ് പറയുന്നു. എന്നാൽ ആചാരാങ്ങളേയും അനുഷ്ഠാനങ്ങളേയും വിലമതിച്ചു വേണം ഇവയെ പ്രദർശിപ്പിക്കേണ്ടത്. അനുഷ്ഠാനം ഒഴിവാക്കിയാൽ നമുക്ക് മുൻ തലമുറ കൈമാറിത്തന്ന മഹത്തായ കലാരൂപങ്ങൾ കാലഹരണപ്പെടലായിരിക്കും ഫലം. പത്തനംതിട്ട ജില്ലയിൽ പടയണി നടക്കുന്ന ക്ഷേത്രങ്ങളിൽ ക്രൈസ്തവർ ഭക്ഷണം നൽകുന്നതിന് താൻ സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിടമ്പു നൃത്ത വിവാദത്തിന്റെ ചുവടുപിടിച്ച് വിവിധ സമുദായങ്ങൾ തെയ്യം പോലുള്ള അനുഷ്ഠാന രൂപങ്ങളെ തെരുവിലിറക്കുന്നതിനെതിരെ രംഗത്തു വന്നതാണ് സാംസ്കാരിക രംഗത്ത് ആശങ്ക പരത്തുന്നത്. ഉത്തര കേരള മലയൻ സമുദായം, മാരാർ ക്ഷേമ സഭ, തിടമ്പു നൃത്ത കലാപരിഷത്ത്, തന്ത്രി മുഖ്യന്മാർ, കാവുകളിലെ ആചാര സ്ഥാനീയർ, എന്നീ സംഘടനകളും വ്യക്തികളും ക്ഷേത്രകലകൾ പുറത്തു കൊണ്ടു പോകുന്നതിനെ എതിർക്കുകയാണ്. എന്നാൽ ബിജെപി. അനുകൂല സാംസ്കാരിക സംഘടനയായ തപസ്യയും മുൻകാലങ്ങളിൽ ഓഡിറ്റോറിയങ്ങളിൽ തെയ്യങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

എഴുപതുകളിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ആദ്യമായി തെയ്യത്തെ അവതരിപ്പിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏഷ്യാഡിലും തെയ്യങ്ങൾ ഉറഞ്ഞാടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്ര കലകൾ ഭാരതോത്സവം എന്ന പേരിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിപാടികളോടെയാണ് കോലധാരികൾക്ക് അറിയപ്പെടാനും മെച്ചപ്പെട്ട വരുമാനം ലഭിക്കാനും കാരണമായത്. ഹൈന്ദവ സംഘടനകൾ ക്ഷേത്രമുറ്റത്തേക്ക് അനുഷ്ഠാന കലകളെ ഒതുക്കിയാൽ തിക്തഫലം അനുഭവിക്കുന്നത് കോലധാരികളും അകമ്പടിക്കാരുമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP