Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്നത് ആയുധ പരിശീലനമല്ല; ഡിവൈഎഫ്‌ഐക്ക് വടിയും കളരികളിൽ വാളും പരിചയും ഉപയോഗിക്കാമെങ്കിൽ ആയുധമല്ലാത്ത ദണ്ഡ് തങ്ങൾക്ക് ഉപയോഗിക്കാം; വിദ്യാലയങ്ങളിൽ നടക്കുന്നതു ശിക്ഷാവർഗുകൾ; കൈരളി പീപ്പിൾ ടീവിയുടെ ഒളിക്യാമറ വാർത്തയ്ക്കും പി ജയരാജനും മറുപടിയുമായി ആർഎസ്എസ്

ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്നത് ആയുധ പരിശീലനമല്ല; ഡിവൈഎഫ്‌ഐക്ക് വടിയും കളരികളിൽ വാളും പരിചയും ഉപയോഗിക്കാമെങ്കിൽ ആയുധമല്ലാത്ത ദണ്ഡ് തങ്ങൾക്ക് ഉപയോഗിക്കാം; വിദ്യാലയങ്ങളിൽ നടക്കുന്നതു ശിക്ഷാവർഗുകൾ; കൈരളി പീപ്പിൾ ടീവിയുടെ ഒളിക്യാമറ വാർത്തയ്ക്കും പി ജയരാജനും മറുപടിയുമായി ആർഎസ്എസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആർ.എസ്. എസ് ക്യാമ്പുകളിൽ ആയുധപരിശീലനം നടത്തുന്നുണ്ടെന്ന കൈരളി പീപ്പിൾ ടിവി വാർത്തയ്ക്കും സിപിഐ.(എം.) നേതാവ് പി. ജയരാജന്റെ പ്രസ്താവനയ്ക്കും മറുപടിയമായി ആർഎസ്എ നേതൃത്വം രംഗത്തുവന്നു. ആയുധപരിശീലനമെന്ന് പറയുന്നത് വെറും നുണപ്രചരണമാണെന്ന് ആർഎസ്എസ്. പ്രാന്തകാര്യവാഹ് ഗോപാലൻ കുട്ടി പറഞ്ഞു.

നാട്ടിൽ ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള സിപിഐ.(എം.)യുടെ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾ ഇത്തരം കല്ലുവച്ച നുണപ്രചരണത്തിൽ കുടുങ്ങരുതെന്നും അദ്ദേഹം പറയുന്നു. പ്രാഥമിക ശിക്ഷാ വർഗ് എന്ന പേരിൽ ആർഎസ്എസ് നടത്തുന്ന ക്യാമ്പുകളിൽ ആയുധപരിശീലനമാണ് നടക്കുന്നതെന്ന് പി. ജയരാജൻ ആരോപിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ മൂന്ന് എയിഡഡ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്. എസിന്റെ പരിശീലനക്യാമ്പുകൾ നടക്കുന്നുണ്ടെന്നാണ് ജയരാജന്റെ ആരോപണം. അതിൽ തന്നെ ജയിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും സന്യാസി മഠത്തിന്റെ മേധാവിയും നേതൃത്വം നൽകുന്നതായും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.

ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ശിക്ഷാവർഗുകൾ വ്യക്തിത്വ വികസനത്തിനു വേണ്ടിയാണെന്നും ഗോപാലൻ കുട്ടി പറഞ്ഞു. ആർ. എസ്. എസ്. പ്രവർത്തനമാരംഭിച്ച 1925 മുതൽ ഭാരതത്തിലാകമാനം ഇത്തരം ശിക്ഷാവർഗുകൾ നടന്നുവരുന്നുണ്ട്. കേരളത്തിലെ 37 സംഘ ജില്ലകളിലായി 43 സ്ഥലങ്ങളിൽ ഇപ്പോൾ സമാനരീതിയിൽ വർഗുകൾ നടക്കുന്നുണ്ട്. കേരളത്തിലെ വിവിധ സ്‌കൂൾ അങ്കണങ്ങളിൽ നടന്നു വരുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുൾപ്പെടെ 6,000 പേർ പങ്കെടുക്കുന്നുമുണ്ട്. ഒരു ക്യാമ്പും അടച്ചിട്ട മുറികളിൽ നടക്കുന്നില്ല. മൈതാനങ്ങളിലായാണ് ഇത്തരം ക്യാമ്പുകൾ നടക്കുന്നത്. ഇത്തരം പരിപാടികളിൽ എല്ലാവർക്കും പ്രവേശനവുമുണ്ട്. ആർക്കും ഏതു സമയത്തും ഇവിടങ്ങളിൽ സന്ദർശനവുമാകാമെന്ന് ഗോപാലൻ കുട്ടി പറയുന്നു.

ആർ.എസ്.എസിനെതിരെ പ്രകോപനമുണ്ടാക്കി ക്യാമ്പുകൾ നടത്താനും നാട്ടിൽ കലാപമുണ്ടാക്കാനും സിപിഐ.(എം.) അണിയറയിൽ പ്രവർത്തനം നടത്തുന്നുമുണ്ട്. ഇത്തരം ബാലിശമായ നിലപാടുകളിൽനിന്നും സിപിഐ.(എം.) പിൻതിരിയണമെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പറഞ്ഞു. ആർ.എസ്. എസ് സംഘടിപ്പിക്കുന്ന ക്യാമ്പിൽ ആയുധപരിശീലനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയരാജൻ നേരത്തെ കത്ത് നൽകിയിരുന്നു.

ആർ.എസ്. എസ് ഉപയോഗിച്ചുവരുന്ന ദണ്ഡ് ആയുധമല്ല. ഡിവൈഎഫ്‌ഐ. വടി ഉപയോഗിച്ച് പരിശീലനം നടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ അതും ആയുധത്തിന്റെ പരിധിയിൽ വരും. കളരികളിൽ വാളും പരിചയും ഉപയോഗിച്ചാണ് പരിശീലനം. ഇതെല്ലാം ആയുധങ്ങളുടെ പരിധിയിൽ വരികയാണെങ്കിൽ വ്യായാമ മുറകൾ തന്നെ നിരോധിക്കേണ്ടി വരുമെന്ന് ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരിയും അഭിപ്രായപ്പെട്ടു.

സ്‌കൂളുകൾ കേന്ദ്രകരിച്ച് ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നതായി പീപ്പിൾ ടിവി വാർത്ത പുറത്തുവിട്ടിരുന്നു പുലർച്ചെ രഹസ്യമായിട്ടാണ് പരീശീലനം നടക്കുന്നത്. 13 വയസിന് മുകളിലേക്കുള്ള കുട്ടികളടക്കം ക്യാമ്പുകളിൽ ആയുധ പരിശീലനത്തിൽ പങ്കെടുക്കുന്നതായായാരുന്നു റിപ്പോർട്ട്. ഒരോ ജില്ലയിലും രണ്ട് ക്യാമ്പുകൾ വീതമാണ് ആർഎസ്എസ് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ശിക്ഷണ ശിബിരം എന്നാണ് ക്യാമ്പുകൾക്ക് ആർഎസ്എസ് നൽകിയിരിക്കുന്ന പേര്. സ്‌കൂൾ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ആർഎസ്എസ് നേതൃത്വം വിവിധ ഇടങ്ങളിൽ അവധിക്കാലത്ത് ആയുധപരിശീലനത്തിനായി സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നത്. വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള ക്ലാസുകളാണ് നടത്തുന്നത് എന്നാണ് പുറത്ത് നടത്തുന്ന പ്രചരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ ജില്ലയിൽ മാത്രം നാല് ആയുധ പരിശീലന ക്യാമ്പുകളുണ്ട്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുധ പരിശീലനം നടത്തുന്ന ഇടം പ്രത്യേകമായി തുണി കെട്ടി മറച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് ആയുധ പരിശീലനം നൽകുന്നത്. എല്ലാ കേന്ദ്രങ്ങളിലും ക്യാമ്പിനും ആയുധ പരിശീലനത്തിനും കനത്ത കാവലാണ് ആർഎസ്എസ് നേതൃത്വം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 24 മുതലാണ് ഇത്തവണ ക്യാമ്പുകൾ തുടങ്ങിയത്. ജനുവരി ഒന്ന് വരെ ഇവ തുടരുമെന്നും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് നേതൃത്വം പ്രതികരണവുമായി രംഗത്ത് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP