Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയൊരു യുദ്ധം വേണ്ടെന്ന് ലോകം പറയുമ്പോഴും ഭൂമിയെ അപ്പാടെ നശിപ്പിക്കാൻ ശേഷിയുള്ള ആണവ ശേഖരവുമായി റഷ്യ; സോവിയറ്റ് യൂണിയൻ ആർട്ടിക് സമുദ്രത്തിൽ നടത്തിയ ആണവ പരീക്ഷണത്തിന്റെ തരംഗങ്ങൾ ഭൂമിയെ ചുറ്റിയത് മൂന്ന് തവണയെങ്കിൽ ഇപ്പോൾ സൂക്ഷിക്കുന്നത് അതിന്റെ ഇരട്ടി പ്രഹരശേഷിയുള്ള ആയുധം; സാർ ബോംബാ എക്‌സ് 2 ന്റെ പ്രഹരശേഷി ചിന്തിക്കാൻ പോലുമാകാതെ ലോകം; ഭൂമിയും ജീവനും ഭീഷണിയായി വൻശക്തി രാജ്യങ്ങളുടെ ആയുധ ശേഖരം

ഇനിയൊരു യുദ്ധം വേണ്ടെന്ന് ലോകം പറയുമ്പോഴും ഭൂമിയെ അപ്പാടെ നശിപ്പിക്കാൻ ശേഷിയുള്ള ആണവ ശേഖരവുമായി റഷ്യ; സോവിയറ്റ് യൂണിയൻ ആർട്ടിക് സമുദ്രത്തിൽ നടത്തിയ ആണവ പരീക്ഷണത്തിന്റെ തരംഗങ്ങൾ ഭൂമിയെ ചുറ്റിയത് മൂന്ന് തവണയെങ്കിൽ ഇപ്പോൾ സൂക്ഷിക്കുന്നത് അതിന്റെ ഇരട്ടി പ്രഹരശേഷിയുള്ള ആയുധം; സാർ ബോംബാ എക്‌സ് 2 ന്റെ പ്രഹരശേഷി ചിന്തിക്കാൻ പോലുമാകാതെ ലോകം; ഭൂമിയും ജീവനും ഭീഷണിയായി വൻശക്തി രാജ്യങ്ങളുടെ  ആയുധ ശേഖരം

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ആണവായുധം എന്ന വാക്കിൽ തന്നെ ആദ്യമെത്തുക ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകളുടെ ദൈന്യതയും കഷ്ടപ്പാടുകളുമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടതിന്റെ 74 വർഷങ്ങളാണ് പൂർത്തിയാകുന്നത്. 1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോൺ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിർമ്മാണ പദ്ധതിയായിരുന്ന മാൻഹട്ടൻ പ്രെജക്ടിന്റെ ഭാഗമായി നിർമ്മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയിൽ പതിച്ചത്. 'ചെറിയകുട്ടി' എന്നായിരുന്നു ആ ബോംബിന്റെ പേര്. ജനറൽ പോൾടിബ്റ്റ്സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയിൽ ബോംബ് വർഷിച്ചത്.

സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേർ നിമിഷാർധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേർക്ക് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. അവർ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങൾ കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

ഓഗസ്റ്റ് 9- രാവിലെ 10: 55 ഹിരോഷിമയിൽ ബോംബ് വീണിട്ടും കീഴടങ്ങാൻ കൂട്ടാക്കാത്ത ജപ്പാനിൽ പ്ലൂട്ടോണിയം ബോംബ് പരീക്ഷിക്കാൻ അമേരിക്ക തീരുമാനിച്ചു. 22 കിലോ ടി.എൻ.ടി. സ്ഫോടക ശേഷിയുള്ള 'തടിച്ച മനുഷ്യൻ' എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബുമായി ബി-29 യുദ്ധവിമാനം കുതിച്ചു പൊങ്ങി. ബ്രിഗേഡിയർ ജനറൽ ചാൾസ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ലക്ഷ്യം.

വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളിൽനിന്ന് ഉയർന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാൽ ലക്ഷ്യസ്ഥാനം നിർണയിക്കാൻ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികർക്ക് കഴിഞ്ഞില്ല. ജപ്പാന്റെ വിമാനവേധ തോക്കുകൾ ഗർജി ക്കാൻ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു. കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിർഭാഗ്യമായി. രാവിലെ 10.55ന് നാഗസാക്കിയിൽ ബോംബ് പതിച്ചു. നാലരമൈൽ ചുറ്റുമുള്ള സർവ്വതും തകർന്നു. സെപ്റ്റംബർ രണ്ടാംതീയതി ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു.

ജീവൻ പൊലിഞ്ഞ ആയിരങ്ങൾ മുതൽ തലമുറകൾ പിന്നിട്ടിട്ടും പിന്തുടരുന്ന ജനിതക വൈകല്യം വരെയാണ് ആണവായുധത്തിന്റെ ക്രൂരത എന്ന് ഒറ്റവാക്കിൽ പറഞ്ഞൊതുക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ആണവായുധം ഉപയോഗിച്ചത് അമേരിക്ക ആയിരുന്നില്ല എന്ന പുതിയ വെളിപ്പെടുത്തലുകളാണ് ലോകത്തിനെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ആ കുപ്രസിദ്ധി 1961ൽ സോവിയറ്റ് യൂണിയൻ നടത്തിയ സാർ ബോംബാ എന്ന അണുബോംബ് പരീക്ഷണത്തിനാണ്. 50 മെഗാടൺ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 3333 ഹിരോഷിമ ബോംബുകൾ പൊട്ടുന്നതിന് തുല്യമാണ് എന്നാണ് പുറത്തുവരുന്ന വിവരം.

യഥാർത്ഥ ആയുധത്തിന്റെ അത്ര തീവ്രത ഇല്ലാതെയാകും സാധാരണ ഗതിയിൽ പരീക്ഷണം നടത്തുക. പരീക്ഷണ ആയുധത്തിനും ഇരട്ടി പ്രഹരശേഷിയാകും പലപ്പോഴും എല്ലാ ബോംബുകൾക്കും ഉണ്ടാകുക. ആർട്ടിക് സമുദ്രത്തിലാണ് സോവിയറ്റ് യൂണിയൻ ഈ ആണവപരീക്ഷണം നടത്തിയത്. അന്നത്തെ പരീക്ഷണത്തെ തുടർന്ന് നോർവെയിലേയും ഫിൻലന്റിലേയും കെട്ടിടങ്ങളുടെ ജനാലകൾ പോലും തകർന്നു. ഈ സ്ഫോടനത്തിന്റെ തരംഗങ്ങൾ മൂന്ന് ആവർത്തി ഭൂമിയെ ചുറ്റിവരുക പോലും ചെയ്തു. ഇത്തരം പരീക്ഷണങ്ങൾ യഥാർഥ ബോംബിനേക്കാൾ കുറഞ്ഞ ശേഷിയിലായിരിക്കും നടത്തുകയെന്നുകൂടി ഓർക്കണം. സാർ ബോംബായുടെ ഇരട്ടി ശേഷിയുള്ള ആണവബോംബ് നിർമ്മിക്കാൻ പദ്ധതിയുള്ളതായി ഒരിടക്ക് സോവിയറ്റ് യൂണിയൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ ആണവ ബോംബ് സോവിയറ്റ് യൂണിയനോ, പിന്നീട് ആ രാജ്യത്തിന്റെ അധികാരം തുടർന്നു കി്ട്ടിയ റഷ്യയോ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഈ ബോംബ് റഷ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബോംബ് പരീക്ഷിച്ചാൽ ഭൂമിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. അത്രയ്ക്കും പ്രഹരശേഷിയുള്ളതാണ് സാർ ബോംബാ എക്‌സ്2. 100 മെഗാടൺ ശേഷിയുള്ള ഈ ബോംബ് പൊട്ടുന്നത് 6666 ഹിരോഷിമ ബോംബുകൾ പൊട്ടുന്നതിന് തുല്യമാണ്. ഈ ബോംബ് പൊട്ടുന്നതോടെ മറ്റു രാജ്യങ്ങളുടെ അണ്വായുധങ്ങളും പ്രയോഗിക്കപ്പെടും. ഇതോടെ ഭൂമിയും ജീവനും എന്നെന്നേക്കുമായി ഇല്ലാതാകും എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൻശക്തി രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ആണവയുദ്ധമുണ്ടായാൽ ഭൂമിയുടെ അവസ്ത എന്താകുമെന്ന് ഇപ്പോൾ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജ്യങ്ങൾ പരസ്യപ്പെടുത്തിയ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തന്നെ.

അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ജപ്പാനിൽ ഇട്ട രണ്ട് അണുബോംബുകളാണ് മനുഷ്യചരിത്രത്തിൽ ഇന്നുവരെ യുദ്ധത്തിൽ പ്രയോഗിച്ചിട്ടുള്ള അണുബോംബുകൾ. ഇനിയൊരു യുദ്ധത്തിൽ അണ്വായുധം പ്രയോഗിക്കപ്പെട്ടാൽ തിരിച്ചറിയാനാവാത്തവിധം ഭൂമി തന്നെ മാറിപ്പോകുമെന്ന് ഏകദേശം എല്ലാവർക്കും അറിയാം. എങ്കിലും പ്രാഥമിക ധാരണയുള്ളവരുടെ പോലും എല്ലാ സങ്കൽപ്പങ്ങളേയും തകിടം മറിക്കാൻ തക്ക ശേഷിയുണ്ട് ഇപ്പോൾ രാജ്യങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങൾക്ക്.

1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ അമേരിക്ക ഇട്ട അണുബോംബിന് 15 കിലോടൺ(15000 ടിഎൻടി) ശേഷിയാണുണ്ടായിരുന്നത്. ദിവസങ്ങൾക്കുശേഷം ഒമ്പതിന് നാഗസാക്കിയിൽ ഇട്ട ബോംബിന് 21 കിലോടൺ ശേഷിയുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ബി83 എന്ന അണ്വായുധത്തിന് 1.2 മെഗാടണ്ണാണ് ശേഷി (12,00,000 ലക്ഷം ടിഎൻടി). ഹിരോഷിമയിൽ ഇട്ട ബോംബിനേക്കാൾ 80 ഇരട്ടി പ്രഹരശേഷിയുണ്ട് ബി 83ക്ക്. ഈ ബോംബ് വീണാലുണ്ടാകുന്ന കൂൺ മേഘം എവറസ്റ്റ് കൊടുമുടിയേക്കാൾ ഉയരത്തിലാണ് ഉയരുക. ശരാശരി വിമാനങ്ങൾ പറക്കുന്ന ഉയരത്തിലും ഏറെയായി 20000 മീറ്റർ ഉയരത്തിൽ വരെ ഈ കൂൺ മേഘം എത്തും. ബി83 അല്ല അമേരിക്ക ഇതുവരെ പരീക്ഷിച്ച ഏറ്റവും ശേഷിയുള്ള അണുബോംബ്. അത് കാസിൽ ബ്രാവോ എന്ന് പേരുള്ള ഹിരോഷിമ ബോംബിനേക്കാൾ ആയിരം ഇരട്ടി ശേഷിയുള്ള 15 മെഗാടണ്ണിന്റെ (1,50,00,000 ടിഎൻടി) ബോംബാണ്.

1945ന് ശേഷം ഇതുവരെ ലോകത്ത് 2475 അണ്വായുധ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. അന്നത്തെ അവസ്ഥയേക്കാൾ ശേഷിയുടെ കാര്യത്തിൽ വളരെയേറെ അണ്വായുധങ്ങൾ മുന്നോട്ടു പോയിട്ടുമുണ്ട്. നടത്തപ്പെട്ട പരീക്ഷണങ്ങളിൽ 85 ശതമാനവും രണ്ട് രാജ്യങ്ങളാണെന്നതാണ് മറ്റൊരു വിചിത്ര വസ്തുത. അമേരിക്ക ഇതുവരെ 1132 ബോംബുകളും സോവിയറ്റ് യൂണിയൻ 981 ബോംബുകളും പരീക്ഷിച്ചു.

അണുവിനെ വിഘടിച്ചവർ

ജർമ്മൻ ഗവേഷകരും ശാസ്ത്രജ്ഞരുമായ ഓട്ടോഹൻ, ഫ്രിറ്റ്സ്ട്രാൻസ്മാൻ, ലിസെമിറ്റ്നർ എന്നിവർ ചേർന്ന് 1938ലാണ് അണുവിനെ വിഘടിക്കാൻ തുടങ്ങിയത്. അണുവിനുള്ളിലെ ഊർജ്ജത്തെ യൂറേനിയം ലോഹത്തിന്റെ ആറ്റത്തിൽ ന്യൂട്രോണുകൾ കൂട്ടിയിടിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ അണുവിഘടനം സാധ്യമാകുമെന്ന് മൂവരും ചേർന്ന് കണ്ടുപിടിച്ചു.

ചെയിൻ റിയാക്ഷൻ നിയന്ത്രണമില്ലാതെ തുടരാനനുവ ദിച്ചാൽ വളരെ ചെറിയ (സെക്കന്റിന്റെ പത്തുലക്ഷ ത്തിലൊന്ന്) സമയത്തിനുള്ളിൽ വൻതോതിൽ ഊർജം സ്വതന്ത്രമാക്കപ്പെടുന്നു. ഇത് വൻതോതിൽ താപം ഉത്പാദിപ്പിക്കപ്പെടാനും അതുവഴി വൻസ്ഫോടനത്തിനും കാരണമാകും. ഇതാണ് ആറ്റംബോംബിന്റെ പ്രവർത്തനതത്വം.

ഹൈഡ്രജൻ ബോംബും ന്യൂട്രോൺ ബോംബും

ഹൈഡ്രജൻ ന്യൂക്ലിയസുകളുടെ സംയോജന ഫലമായി ഉണ്ടാകുന്ന ഊർജമാണ് ഹൈഡ്രജൻ ബോംബിനാധാരം. ന്യൂട്രോൺ ബോംബ് വിസ്ഫോടന ഫലമായുണ്ടാകുന്ന വിവിധതരം ഊർജങ്ങളുടെ അനുപാതം ഡിസൈൻ ഘട്ടത്തിൽ തന്നെ ആവശ്യാനുസരണം ക്രമീകരിക്കു വാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP