Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്‌ഐ നിയമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടത് പൊലീസ് മേധാവി; പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് എഴുതി നല്കിയത് പിഎസ് സിയും; പരീക്ഷാതട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയത് ഹൈക്കോടതിയും; എന്നിട്ടും അന്വേഷണം വേണ്ടെന്ന് ഫയലിൽ കുറിച്ച് പിഎസ് സി ചെയർമാൻ; കോൺസ്റ്റബിൾ പരീക്ഷ പോലെ മുൻപ് നടത്തിയ എസ്‌ഐ പരീക്ഷയിലും അരങ്ങേറിയത് കോപ്പിയടി; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല; 2013 എസ്‌ഐ റാങ്ക് ലിസ്റ്റും സംശയനിഴലിൽ

എസ്‌ഐ നിയമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടത് പൊലീസ് മേധാവി; പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് എഴുതി നല്കിയത് പിഎസ് സിയും; പരീക്ഷാതട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയത് ഹൈക്കോടതിയും; എന്നിട്ടും അന്വേഷണം വേണ്ടെന്ന് ഫയലിൽ കുറിച്ച് പിഎസ് സി ചെയർമാൻ; കോൺസ്റ്റബിൾ പരീക്ഷ പോലെ മുൻപ് നടത്തിയ എസ്‌ഐ പരീക്ഷയിലും അരങ്ങേറിയത് കോപ്പിയടി; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല; 2013 എസ്‌ഐ റാങ്ക് ലിസ്റ്റും സംശയനിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പ് നടന്നത് സായുധ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മാത്രമല്ല 2010-ൽ നടന്ന എസ്‌ഐ പരീക്ഷയിലും ക്രമക്കേട് നടന്നു. 2010-ൽ പരീക്ഷ നടക്കുകയും 2013-ൽ റാങ്ക് ലിസ്റ്റ് വരുകയും ചെയ്ത പിഎസ്‌സി എസ് ഐ നിയമനത്തിലാണ് പരീക്ഷാ തട്ടിപ്പ് നടന്നത്. പിഎസ് സി നടത്തിയ സായുധ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന പരീക്ഷാ തട്ടിപ്പ് വെളിയിൽ വരുകയും പിഎസ് സി നാണംകെടുകയും ചെയ്തിരിക്കുന്ന വേളയിൽ തന്നെയാണ് 2013-ൽ നിലവിൽ വന്ന എസ്‌ഐ നിയമനത്തിലെ പരീക്ഷാത്തട്ടിപ്പും വെളിയിൽ വരുന്നത്. കോട്ടയം പമ്പാവാലിയിലെ ഷിജു കെ.കെ വിവരാവകാശം പ്രകാരം നൽകിയ അപേക്ഷയിലാണ് പിഎസ് സി എസ്‌ഐ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പിഎസ്‌സി എഴുതി നൽകിയത്. പരീക്ഷാ തട്ടിപ്പ് നടന്നുവെന്ന് പിഎസ് സി സമ്മതിക്കുക മാത്രമല്ല അത് എഴുതി നൽകുകയും ചെയ്തു. പരീക്ഷാതട്ടിപ്പ് അറിഞ്ഞിട്ടും ഇതേ എസ്‌ഐ ലിസ്റ്റിൽ നിന്നും മുഴുവൻ പേർക്കും, ഏതാണ്ട് എണ്ണൂറിൽ അധികം പേർക്കും പിഎസ് സി നിയമനം നടത്തുകയും ചെയ്തു. ഹൈക്കൊടതിയിൽ ഇത് സംബന്ധിച്ച് വാദം നടക്കവേയാണ് ഈ ലിസ്റ്റിൽ നിന്നും പിഎസ്‌സി നിയമനം നടത്തിയത്.

പിഎസ് സി പരീക്ഷകൾ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു സമ്മതിക്കുകയും അതേ ലിസ്റ്റിലെ മുഴുവൻ പേർക്കും പിഎസ്‌സി നിയമനം നൽകുകയും ചെയ്തത്. എസ്‌ഐ പരീക്ഷയിൽ വ്യാപകമായ കോപ്പിയടിയും മൊബൈൽ ഫോണിലൂടെയുള്ള കേട്ടെഴുത്തും നടന്നുവെന്നാണ് ആരോപണം ഉയർന്നത്. കൊല്ലം ഈസ്റ്റ് പൊലീസിലും ഇരവിപുരം പൊലീസിലും ഇത് സംബന്ധിച്ച് കേസുകളുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ എസ്‌ഐമാരായവർ ഇപ്പോൾ സിഐമാരായി സർവീസിലുണ്ട് എന്നാണ് പൊലീസ് മേധാവി സത്യവാങ്മൂലം നൽകിയത്. ഒരു സംഘം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ കാര്യത്തിൽ പിഎസ് സി നേരിട്ടാണ് അന്വേഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു വിവിധ കോടതികളിൽ വിചാരണ നടക്കുന്നുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് കൈമാറാൻ കഴിയില്ല എന്നാണ് പിഎസ് സി വിവരാവകാശം പ്രകാരം നൽകിയ വിശദീകരണത്തിൽ പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പിഎസ്‌സി പരീക്ഷയിലാണ് അഴിമതി നടന്നതായി ആരോപണം ഉയർന്നത്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് ഈ പരാതി ആദ്യം നൽകുന്നത്. തെളിവുകൾ സഹിതം നല്കയ പരാതി ചെന്നിത്തല കൊല്ലം അസിസ്റ്റന്റ്‌റ് കമ്മിഷണർ കെ.ലാൽജിക്ക് നൽകി. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് തന്നെ ഉത്തരവിട്ടെങ്കിലും ഈ പരാതിയിൽ ഒരന്വേഷണവും നടന്നില്ല.

ഇതേ എസ്‌ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന കമാൽ പാഷയാണ് എസ്‌ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നു ഉത്തരവിട്ടത്. എന്നാൽ ഈ കാര്യത്തിൽ ഒരന്വേഷണവും നടന്നില്ല. ഒട്ടനവധി ക്രമക്കേടുകൾ എസ്‌ഐ നിയമനവുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. ഇതേ നിയമനത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി വന്നിരുന്നു. ഡയരക്ടർ ആ പരാതി പിഎസ്‌സി വിജിലൻസ് വിംഗിന് കൈമാറി. എന്നാൽ ഈ പരാതിയിൽ അന്വേഷണം വേണ്ടാ എന്ന് എഴുതി നൽകുകയാണ് നിലവിലെ പിഎസ്‌സി ചെയർമാൻ ചെയ്തത്. എന്താണ് പിഎസ്‌സിയിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏകദേശ സാക്ഷ്യങ്ങളാകുകയാണ് ഈ എസ്‌ഐ പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ. ഈ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. ഈ പരാതികൾക്ക് പിന്നിൽ പ്രവർത്തിച്ച കോട്ടയം പമ്പാവാലിയിലെ ഷിജു കെ.കെ.തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി പൊതുഭരണവകുപ്പിന് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ പരാതിയിലും പക്ഷെ അന്വേഷണം നടന്നില്ല.

എസ്‌ഐ പരീക്ഷയിൽ ക്രമക്കേട് നടന്നു എന്ന് പരാതിയിൽ കാമ്പുണ്ടെന്നു ബോധ്യമായതിനെ തുടർന്ന് എം.സ്വരാജ് എംഎൽഎയും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. രണ്ടു വർഷം മുൻപ് സ്വരാജ് നൽകിയ കത്ത് സഹിതം മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ പ്രകാരം മറുപടി നൽകിയത്. പിഎസ് സിക്ക് നൽകിയ വിവരാവകാശത്തിലാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു പിഎസ് സി തന്നെ സമ്മതിക്കുന്നത്.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

2007-ൽ നോട്ടിഫിക്കേഷൻ വരുകയും 2010-ൽ പരീക്ഷ നടക്കുകയും 2013-ൽ റാങ്ക് ലിസ്റ്റ് പുറത്ത് വരുകയും ചെയ്ത എസ്‌ഐ നിയമനത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. 2016 എം.സ്വരാജ് എംഎൽഎയുടെ കത്ത് കൂടി ചേർത്ത് അങ്ങയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ല എന്നാണു വിവരാവകാശ പ്രകാരം അറിയിച്ചത്. എസ്‌ഐ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാൻ ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അഭ്യന്തരവകുപ്പും വിജിലൻസും അന്വേഷണം അട്ടിമറിക്കുകയാണ് ഉണ്ടായത്. എസ്‌ഐ പരീക്ഷയിൽ വ്യാപകമായ കോപ്പിയടിയും മൊബൈൽ ഫോണിലൂടെയുള്ള കേട്ടെഴുത്തും നടന്നു. കൊല്ലം ഈസ്റ്റ് പൊലീസിലും ഇരവിപുരം പൊലീസിലും ഇത് സംബന്ധിച്ച് കേസുകളുമുണ്ട്. ഈ പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ എസ്‌ഐമാരായവർ ഇപ്പോൾ സിഐമാരായി സർവീസിലുണ്ട് എന്നാണ് പൊലീസ് മേധാവി സത്യവാങ്മൂലം നൽകിയത്. ഒരു സംഘം ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. കേസ് അന്വേഷണവുമായി പിഎസ് സി സഹകരിക്കുന്നില്ല എന്നാണ് എസ്‌പി ഹൈക്കോടതിയെ അറിയിച്ചത്.

പ്രാഥമിക പരീക്ഷ കഴിഞ്ഞു യൂണിഫൈഡ് ഷോർട്ട് ലിസ്റ്റ് ആണ് പിഎസ്‌സി പുറത്തു വിട്ടത്. സാധാരണ ഗതിയിൽ ജനറൽ വിഭാഗവും സംവരണ വിഭാഗവും എന്നിങ്ങനെയുള്ള ലിസ്റ്റാണ് വരാറുള്ളത്. എന്നാൽ വന്നത് യൂണിഫൈഡ് ഷോർട്ട് ലിസ്റ്റും. ഇങ്ങിനെ ലിസ്റ്റ് വന്നപ്പോൾ അതിൽ ഏഴു നമ്പരുകളിൽ ഉദ്യോഗാർത്ഥികളുടെ പേരോ ഒപ്പോ ഇല്ല. ഇത് ഗുരുതരമായ അഴിമതിയാണ്. കായിക പരീക്ഷയിലും ക്രമക്കേട് നടന്നു. 2013 ജനുവരി എട്ടു മുതൽ 31 വരെയാണ് ക്രമക്കേട് നടന്നത്. കായിക പരീക്ഷ നടത്തേണ്ടത് പൊലീസാണ്. എന്നാൽ നടത്തിയത് പിഎസ് സിയും. ഉദ്യോഗാർത്ഥികൾക്ക് സ്ഥലവും തീയതിയും മാറ്റി നൽകാറില്ല. എന്നാൽ ചിലർക്ക് നൽകി. അന്നത്തെ എംഎൽഎ ജി.സുധാകരൻ ഇത് നിയമസഭയിൽ ഉന്നയിച്ചതുമാണ്. 203 പേർക്കാണ് ഇങ്ങിനെ സ്ഥലവും തീയതിയും മാറ്റി നല്കിയത് എന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി അന്ന് അറിയിച്ചത്. എസ്‌ഐ തസ്തികയിൽ അപേക്ഷിക്കുന്ന രാജേന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ മേലുദ്യോഗസ്ഥരിൽ നിന്ന് അനുമതി പത്രം വാങ്ങിയിട്ടില്ല. ഇയാൾക്ക് 35ആം റാങ്ക് നൽകി നിയമനവും നൽകി. എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന കോൺസ്റ്റാബുലറി മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പ്രായപരിധി 35 വയസാണ്. എന്നാൽ ഇത് ലംഘിച്ച് പലർക്കും നിയമനങ്ങൾ നൽകി.

അഴിമതി സംബന്ധിച്ച് നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും വേണമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു അന്വേഷവും വന്നില്ല. തുടർന്ന് എസ്‌ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ഡയരക്ടർക്ക് അന്നത്തെ ഹൈക്കോടതി ജഡ്ജി കമാൽ പാഷ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതിലും തുടർ നടപടികൾ വന്നില്ല. എസ്‌ഐ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസ് ഡയരക്ടർക്ക് പരാതി വന്നപ്പോൾ ഡയരക്ടർ അത് പിഎസ്‌സി വിജിലൻസ് വിംഗിന് കൈമാറിയിരുന്നു. എന്നാൽ നിലവിലെ പിഎസ് സി ചെയർമാൻ അഡ്വക്കേറ്റ് എം.കെ.സക്കീർ നടപടികൾ ആവശ്യമില്ല എന്ന് ഫയലിൽ കുറിച്ച് വച്ചിരിക്കുകയാണ്. ചെയർമാൻ തന്നെയാണ് അഴിമതിയും ക്രമക്കേടും നടന്നപ്പോൾ ആവശ്യമായ അന്വേഷണം തടഞ്ഞിരിക്കുന്നത്-പരാതിയിൽ ഷിജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP