Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷാരത്തിന്റെ സ്‌നേഹത്തിൽ കണ്ണൂനീർ തുടച്ച് ഭാവഗായിക; തുടരാൻ അഭ്യർത്ഥിച്ച് രാജകുടുംബം വരെ എത്തി; തെന്നിന്ത്യയുടെ വാനമ്പാടി സംഗീതത്തിന് വിട നൽകിയത് സംഗീത സാന്ദ്രമാക്കി; എന്തെങ്കിലും കേട്ടാൽ വാളെടുക്കുന്ന സോഷ്യൽ മീഡിയ വിടവാങ്ങൽ ചടങ്ങിനെ മരണമാക്കി മാറ്റി നാണം കെട്ടു

പുരുഷാരത്തിന്റെ സ്‌നേഹത്തിൽ കണ്ണൂനീർ തുടച്ച് ഭാവഗായിക; തുടരാൻ അഭ്യർത്ഥിച്ച് രാജകുടുംബം വരെ എത്തി; തെന്നിന്ത്യയുടെ വാനമ്പാടി സംഗീതത്തിന് വിട നൽകിയത് സംഗീത സാന്ദ്രമാക്കി; എന്തെങ്കിലും കേട്ടാൽ വാളെടുക്കുന്ന സോഷ്യൽ മീഡിയ വിടവാങ്ങൽ ചടങ്ങിനെ മരണമാക്കി മാറ്റി നാണം കെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മതി വരുവോളം പാടിത്തീർത്തു പൂങ്കുയിൽ വേദിവിട്ടു. ഇനി എസ്.ജാനകിയെന്ന ഗായിക പൊതുവേദിയിൽ പാടില്ല-ഇതായിരുന്നു വാർത്തയിലെ വാചകങ്ങൾ. ഇതോടെ തന്നെ സോഷ്യൽ മീഡിയ ഒന്നുറപ്പിച്ചു. പൂങ്കുയിൽ അന്തരിച്ചു! ഇതോടെ സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹങ്ങളായി. പിന്നീടാണ് സത്യം തിരിക്കിയത്. മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ വിവരണമായിരുന്നു അത്. മലയാളിയെ പാട്ടുകളിലൂടെ വിസ്മയിപ്പിച്ച മധുര സ്വരത്തിന്റെ ഉടമയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവർ സംഗീത വേദയിൽ നിന്ന് വിരമിക്കുകയാണ് ചെയ്തത്.

ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ അതിശയിപ്പിച്ച ഗായിക എസ്.ജാനകി സംഗീത ലോകത്തു നിന്ന് വിരമിക്കുകാണ്. പ്രായാധിക്യം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ജാനകിയമ്മ എത്തിയത്. ഇനി സംഗീത പരിപാടികൾക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മലയാള ചലച്ചിത്ര സംഗീത ശാഖയുടെ സുവർണ കാലത്ത് ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായികയാണ് എസ്. ജാനകി. 1957ൽ വിധിയിൻ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ൽ അധികം ഗാനങ്ങൾ എസ്. ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സർക്കാരുകൾ നൽകിയ പുരസ്‌കാരങ്ങൾ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ൽ രാജ്യം പത്മഭൂഷൺ നൽകി അവരെ ആദരിക്കുകയും ചെയ്തു. മിഥുൻ ഈശ്വർ ഈണമിട്ട പത്തു കൽപനകൾ എന്ന സിനിമയിലാണ് എസ്.ജാനകി അവസാനമായി പാടിയത്.

മൈസുരുവിലെ ഹാളിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണുകൾ നിറഞ്ഞത് എസ് ജാനകിയുടെ മരണം അറിഞ്ഞായിരുന്നില്ല. മറിച്ച് അവർ ഹർഷാരവം മുഴക്കിയും കൈവീശിയും സംഗീത ലോകത്തു നിന്നുള്ള ജാനകിയുടെ വിടവാങ്ങൽ മധുരതരമാക്കുകയായിരുന്നു. സിനിമയിൽ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാൻ ജാനകി തീരുമാനിച്ചത്. വേദിയിലേക്ക് മകൻ മുരളീകൃഷ്ണയുടെ കൈപിടിച്ചാണ് ജാനകി എത്തിയത്. എഴുന്നേറ്റുനിന്നു പുരുഷാരം ഗായികയെ സ്വീകരിച്ചു. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദ ദേവിയും കന്നഡ സിനിമാ താരങ്ങളും പ്രിയഗായികയെ സ്വീകരിക്കാനെത്തിയിരുന്നു.

'നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്,' എസ്.ജാനകി സദസ്സിനു നേർക്കു കൈകൂപ്പി. തുടർന്നു 'ഗണവദനേ ഗുണസാഗരേ...' എന്ന കന്നഡ ഗാനം ആ ചുണ്ടുകളിൽ നിന്നു പുറത്തേക്കൊഴുകി. 'സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ...' ഉൾപ്പെടെയുള്ള മലയാള ഗാനങ്ങളും സംഗീതനിശയിൽ ഇടംനേടി. സംഗീത സംവിധായകൻ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണുവർധൻ, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടൻ രാജേഷ് തുടങ്ങിയവർ വേദിയിലെത്തി ജാനകിയെ ആദരിച്ചു. ഇതിനിടെ വിരമിക്കൽ പ്രഖ്യാപനമെത്തിയത്. പാട്ടു നിർത്തരുതെന്ന സദസ്സിന്റെ അഭ്യർത്ഥനയോട്, സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണമെന്ന പഴഞ്ചൊല്ല് ജാനകി ഓർമിപ്പിച്ചു. മൈസൂരു മലയാളിയായ മനു ബി.മേനോൻ നേതൃത്വംനൽകുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരുവും സുവർണ കർണാടക കേരള സമാജം ഉത്തര മേഖലയും ചേർന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്. കഴിഞ്ഞ മൂന്നുദിവസമായി എസ്.ജാനകി മൗനവ്രതത്തിലായിരുന്നു. സംഗീതനിശ ആസ്വദിക്കാനെത്തിയ രാജമാതാവ് പ്രമോദാ ദേവിയോടു കുശലാന്വേഷണം നടത്തി വ്രതം മുറിച്ചു. അതിന് ശേഷമായിരുന്നു പ്രഖ്യാപനം.

തന്റെ സ്ഥാപനത്തിന് എസ്.ജാനകി എന്നു പേരിട്ട മൈസൂരു സ്വദേശി വിവേകിനെ അടുത്തുവിളിച്ചു. എസ്.ജാനകി ഫർണിച്ചർ ആൻഡ് ടിംപർ എങ്ങനെ പോകുന്നു എന്ന് അന്വേഷിച്ചു. മൈസുരുവിൽ സംഗീതനിശ സംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി വിവേക് ജാനകിയുടെ പിറകേ നടക്കുകയായിരുന്നു. ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞിരുന്ന ജാനകി തന്റെ അവസാനത്തെ സംഗീതപരിപാടി ഈ നഗരത്തിൽത്തന്നെയെന്ന് ഒടുവിൽ തീരുമാനമെടുക്കുകയായിരുന്നു. മൈസൂരു എസ്.ജാനകി ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥമായിരുന്നു പരിപാടി. സുവർണ കർണാടക കേരള സമാജം ഉത്തരമേഖലാ ചെയർമാൻ ടി. അനിരുദ്ധൻ, സെക്രട്ടറി കെ.യു.ഷിജു കൃഷ്ണൻ, കോഓർഡിനേറ്റർ കെ.ജയരാജൻ, സി.പി.പവിത്രൻ എന്നിവരും ജാനകിയെ ആദരിച്ചു.

1957 ഏപ്രിൽ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം റെക്കോർഡ് ചെയ്യപ്പെട്ടു. 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിനു വേണ്ടി കരഞ്ഞു കൊണ്ട് പാടിയെങ്കിലും ആ ചിത്രം പുറത്തു വന്നില്ല. അതേ വർഷം തന്നെ തമിഴിൽ 'മഗ്ദലനമറിയം' എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. 1957 എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി. സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടിയ റെക്കോർഡും എസ്.ജാനകിക്കു തന്നെ. സിനിമയിൽ ഒരു പുതുമുഖത്തിന് ഇത്രയും മികച്ച തുടക്കം ലഭിച്ചത് ലാളിത്യമാർന്ന, തെളിച്ചമുള്ള ശബ്ദത്തിന്റെ മനോഹാരിത കൊണ്ടു മാത്രമായിരുന്നു.

ആദ്യം എസ്.ജാനകി പാടിയത് തമിഴിലാണ്, പിന്നെ തെലുങ്കിലും തുടർന്ന് കന്നഡയിലും സിംഹളത്തിലും മലയാളത്തിലും. കേരള ആർട്‌സിന്റെ ബാനറിൽ പുറത്തുവന്ന 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിനു വേണ്ടി 'ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ.. കരൾ നീറുകയോ എൻ വാഴ്‌വിൽ...' എന്ന ഗാനമാണ് എസ്.ജാനകിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ മലയാളഗാനം. മലയാളത്തിൽ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പം എസ്.ജാനകി പാടി. വി.ദക്ഷിണാമൂർത്തി, എം.എസ്.ബാബുരാജ്, കെ.രാഘവൻ, ബ്രദർ ലക്ഷ്മണൻ, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആർ.കെ.ശേഖർ, പുകഴേന്തി, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ, എ.ടി.ഉമ്മർ, സലിൽ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാൽ, പി.എസ്.ദിവാകർ, എൽ.പി.ആർ വർമ, രംഗനാഥൻ, ശങ്കർ ഗണേശ്, ജിതിൻ ശ്യാം, ശ്യാം, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP