Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിപ്രവേശനവിധി ചർച്ചയാകുമ്പോൾ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന് അയ്യപ്പശ്രീകോവിൽ; തന്ത്രി സാന്നിധ്യത്തിൽ നട തുറന്നത് വാസുദേവൻ നമ്പൂതിരി; യോഗനിദ്രയിലാഴ്ന്ന മണികണ്ഠനെ വിളക്ക് തെളിയിച്ച് ഉണർത്തിയപ്പോൾ സന്നിധാനം ശരണമന്ത്രത്താൽ മുഖരിതം; ഉപദേവന്മാരുടെ നടയും തുറന്നു; യുവതികൾ കയറിയാൽ തടയാൻ പമ്പയിൽ പൊലീസ് പട; നിലയ്ക്കലിൽ ബസുകൾ കയറി പരിശോധനയുമായി വനിതാ പൊലീസും; വിവാദങ്ങൾ കത്തുമ്പോഴും ശരണമന്ത്രമുഖരിതമായി സന്നിധാനം

യുവതിപ്രവേശനവിധി ചർച്ചയാകുമ്പോൾ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന് അയ്യപ്പശ്രീകോവിൽ; തന്ത്രി സാന്നിധ്യത്തിൽ നട തുറന്നത് വാസുദേവൻ നമ്പൂതിരി; യോഗനിദ്രയിലാഴ്ന്ന മണികണ്ഠനെ വിളക്ക് തെളിയിച്ച് ഉണർത്തിയപ്പോൾ സന്നിധാനം ശരണമന്ത്രത്താൽ മുഖരിതം; ഉപദേവന്മാരുടെ നടയും തുറന്നു;  യുവതികൾ കയറിയാൽ തടയാൻ പമ്പയിൽ പൊലീസ് പട; നിലയ്ക്കലിൽ ബസുകൾ കയറി പരിശോധനയുമായി വനിതാ പൊലീസും; വിവാദങ്ങൾ കത്തുമ്പോഴും  ശരണമന്ത്രമുഖരിതമായി സന്നിധാനം

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: യുവതി പ്രവേശന വിധി പുനപരിശോധിക്കാൻ ഏഴംഗ ബെഞ്ചിന് സുപ്രീംകോടതി കൈമാറവെ ഒരു മണ്ഡലമാസത്തിന് കൂടി സാക്ഷ്യം വഹിക്കാൻ അയ്യപ്പ സന്നിധി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്നത്. സന്യാസിരൂപനായ യോഗനിദ്രയിലിരിക്കുന്ന അയ്യന് മുന്നിൽ വിളക്ക് തെളിയിച്ച് പൂജകൾ തുടങ്ങിയതോടെ സന്നിധാനം ശരണമുഖരിതം. അയ്യപ്പ സന്നിധി തുറന്നതിന് പിന്നാലെ ഇനി മാളികപ്പുറത്തമ്മയുടേയും ഗണപതിനടയുൾപ്പടെ എല്ലാ ഉപദേവന്മാരുടേയും നട തുറക്കും. 

നട തുറന്നതിനെ തുടർന്ന് ഭക്തർക്ക് തന്ത്രി വിഭൂതി പ്രസാദം നൽകും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ അഗ്‌നിപകർന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ.പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പശ്രീകോവിലിന് മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിൽ വച്ച് അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേൽശാന്തിക്ക് പറഞ്ഞുകൊടുക്കും.മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇനി മുതൽ ഇരുവരും പുറപ്പെടാശാന്തിമാരാണ്.

നാളെ രാവിലെ സന്നിധാനത്ത് ശ്രീകോവിൽ തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ്. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരൻ നമ്പൂതിരിയും. ഡിസംബർ 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. അന്ന് രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്. തീർത്ഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും. ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മിഷണർ എം.ഹർഷൻ തുടങ്ങിയവർ ഇന്ന് സന്നിധാനത്ത് എത്തും.

യുവതി പ്രവേശന പുനപരിശോധന ഹർജിയിൽ പുനപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന് കൈമാറവെ കനത്ത ജാഗ്രതയിലാണ് സന്നിധാനം.വിഷയം കോടതി പരിഗണനയിലിരിക്കുന്നതിനാൽ മുൻവിധിയെ സ്റ്റേയായി കണക്കിലെടുത്ത് യുവതി പ്രവേശനം വിലക്കാനാണ് സർക്കാരിന് എ.ജിയുടെ നിയമോപദേശം കിട്ടിയത്. ഇതിന് പിന്നാലെ മലയിൽ കനത്ത പൊലീസ് സുരക്ഷയും സർക്കാർ ഏർപ്പെടുത്തി. ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മലകയറാനെത്തിയാൽ തടയുമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി വ്യക്തമാക്കിയത്. പിന്നാലെ ഇന്ന് പമ്പയിലെത്തിയ പത്ത് യുവതികലെ പൊലീസ് തടഞ്ഞിരുന്നു.

സന്നിധാനത്ത് യുവതികൾ എത്തുന്നത് തടയാൻ വേണ്ടി കേരളാ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധക കർശനമാക്കി. നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി ബസിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ദർശനത്തിന് എത്തിയ സംഘത്തിൽ യുവതികൾ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയിൽ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കിയത്. ബസുകളിൽ കയറി സ്ത്രീകൾ ഉണ്ടോ എന്നു പരിശോധിക്കുകയാണ് കേരളാ പൊലീസ് ചെയ്യുന്നത്. വനിതാ പൊലീസാണ് ഇക്കാര്യങ്ങൾ കൃത്യമായി നോക്കുന്നത്.

വനിതാ പൊലീസാണ് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കയറി പരിശോധന നടത്തുന്നത്. ഒരു തലത്തിലും സ്ത്രീകൾ നിലയ്ക്കൽ വിട്ട് പോകരുത് എന്ന നിർദ്ദേശമാണ് പൊലീസ് നൽകുന്നത്. നൂറോളം വനിതാ പൊലീസുകളെ മാത്രം നിലയ്ക്കലിൽ നിയോഗിച്ചിട്ടുണ്ട്. 4000 തീർത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറിൽ സന്നിധാനത്തേക്ക് എത്തിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പൊലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകൾ ഉണ്ടെങ്കിൽ തിരിച്ചുപോകുക എന്ന നിർദ്ദേശമാണ് പൊലീസ് നൽകുന്നത്.

ഇന്ന് യാതൊരു രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഇവിടെ ഉണ്ടായിട്ടില്ല. അതേസമയം പമ്പയിൽ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകരെ തടയുകയോ കയറ്റുകയോ ചെയ്യുന്ന ജോലി ഒരു കാലത്തും ദേവസ്വം ബോർഡ് ചെയ്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP