Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മല കയറിയെത്തുന്ന ഭക്തരെ പൊലീസ് നേരിടുക ക്രിമിനലുകളെ പോലെ! കയ്യിൽ ലാത്തിയും ഷീൽഡും പൊലീസുകാർക്ക് ശബരിമലയിൽ നിർബന്ധം; ഏമാനെ കണ്ടാൽ തൊഴുതാൽ മാത്രം പോര സല്യൂട്ടും അടിക്കണം; ഇനി സന്നിധാനത്തുണ്ടാവുക തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്യുന്ന പൊലീസുകാർ; രാത്രിയിൽ ഭക്തർക്ക് ഭക്ഷണം കഴിക്കാനും വഴിയുണ്ടാകില്ല; നടയടച്ചാൽ കട പൂട്ടി താക്കോൽ പൊലീസ് വാങ്ങും; അന്നദാനവും അനുവദിക്കില്ല; ശബരിമലയിലെ പൊലീസിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ ഭക്തരുടെ പ്രതിഷേധം ഇരട്ടിയാക്കും

മല കയറിയെത്തുന്ന ഭക്തരെ പൊലീസ് നേരിടുക ക്രിമിനലുകളെ പോലെ! കയ്യിൽ ലാത്തിയും ഷീൽഡും പൊലീസുകാർക്ക് ശബരിമലയിൽ നിർബന്ധം; ഏമാനെ കണ്ടാൽ തൊഴുതാൽ മാത്രം പോര സല്യൂട്ടും അടിക്കണം; ഇനി സന്നിധാനത്തുണ്ടാവുക തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്യുന്ന പൊലീസുകാർ; രാത്രിയിൽ ഭക്തർക്ക് ഭക്ഷണം കഴിക്കാനും വഴിയുണ്ടാകില്ല; നടയടച്ചാൽ കട പൂട്ടി താക്കോൽ പൊലീസ് വാങ്ങും; അന്നദാനവും അനുവദിക്കില്ല; ശബരിമലയിലെ പൊലീസിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ ഭക്തരുടെ പ്രതിഷേധം ഇരട്ടിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം. ഐജി വിജയ് സാക്കറയുടെതാണ് നിർദ്ദേശം. ഇതിന് പിന്നാലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നിർദ്ദേശങ്ങളും പൊലീസ് മുന്നോട്ട് വച്ചിരുന്നു. സന്നിധാനത്ത് രാത്രികാലത്ത് അന്നദാന വിതരണം പാടില്ലെന്നതാണ് ഇതിലൊന്ന്. കടകൾ രാത്രി പ്രവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. അപ്പം, അരവണ കൗണ്ടറും രാത്രിയിൽ അടയ്ക്കും. തീർത്ഥാടകർ ശബരിമലയിൽ തങ്ങുന്നത് ഒഴിവാക്കാനാണ് ഇത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരാൻ ഇടയുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തീരുമാനങ്ങൾ.

പൊലീസിനും മറ്റും ഏർപ്പെടുത്തുന്ന പരിഷ്‌കാരങ്ങളിൽ വ്യാപക പ്രതിഷേഘവും ഉണ്ട്. പൊലീസ് ഉദ്യോഗസ്ഥർ തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്തു നിൽക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോൾ സല്യൂട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പതിനെട്ടാം പടിയിലും സോപാനത്തും മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. നടപ്പന്തലിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കയ്യിൽ ലാത്തിയും ഷീൽഡും ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ശബരിമലയിൽ ഇതുവരെ പൊലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നിർബന്ധമായിരുന്നില്ല.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഒരുക്കുന്ന സുരക്ഷയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് ഇടയിൽ ഡ്രസ് കോഡ് നിർബന്ധമാക്കിയത്. ശബരിമലയിലെത്തുന്ന തീർത്ഥാടകരെ പ്രതിഷേധക്കാരെ പോലെ നേരിടാനാണ് നീക്കം. ഭക്തരെ വടി കൊണ്ട് പോലും നേരിടാത്ത രീതിയായിരുന്നു നേരത്തെ പൊലീസ് സ്വീകരിച്ചത്. ഇതെല്ലാം മാറ്റിമറിക്കുകയാണ് പൊലീസ്. സ്ത്രീ പ്രവേശന വിവാദത്തിലെ പ്രതിഷേഘധമാണ് ഇതിനെല്ലാം കാരണം. വിരിവയ്ക്കാനും സന്നിധാനത്ത് ആരേയും പൊലീസ് അനുവദിക്കില്ല. അതായത് നെയ്യഭിഷേകത്തിന് രാത്രിയെത്തുന്നവർക്ക് അവസരം നിഷേധിക്കുകയാണ് പൊലീസ്. എല്ലാ നിയന്ത്രണവും ഇന്ന് വൈകിട്ട് അഞ്ച് മണിമുതൽ സന്നിധാനത്ത് നിലവിൽ വരും.

വൻ പൊലീസ് സംഘത്തെയാണ് ശബരിമലയിൽ് വിന്യസിച്ചിരിക്കുന്നത്. 50 പിന്നിട്ട വനിതാ പൊലീസ് സംഘത്തെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. നിലയ്ക്കലിൽ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടകർക്കുള്ള പാസ് കാലതാമസം കൂടാതെ നൽകാൻ നിർദ്ദേശം

ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നൽകുന്നതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നൽകുകയും വേണം. ഇതിനായി പൊലീസ് സ്റ്റേഷനുകളിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നൽകാവുന്നതാണ്. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉറപ്പുവരുത്തണം.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇല്ലെന്ന കാരണത്താൽ ഒരു കാരണവശാലും അപേക്ഷകരെ പാസ് നൽകാതെ മടക്കി അയയ്ക്കാൻ പാടില്ല. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമല: പൊലീസ് വിന്യാസം പൂർത്തിയായി; ആകെ 15,259 പൊലീസുകാർ

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്. ഡി.ഐ.ജി മുതൽ അഡീഷണൽ ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്. നാല് ഘട്ടങ്ങളുള്ള ഈ സീസണിൽ എസ്‌പി, എ.എസ്‌പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും. ഡി.വൈ.എസ്‌പി തലത്തിൽ 113 പേരും ഇൻസ്‌പെക്ടർ തലത്തിൽ 359 പേരും എസ്‌ഐ തലത്തിൽ 1,450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുള്ള 60 പേരും 860 വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

നവംബർ 15 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തിൽ 349 പേരും സിഐ തലത്തിൽ 82 പേരും ഡി.വൈ.എസ്‌പി തലത്തിൽ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ 3,400 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കുണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തിൽ 312 പേരും സിഐ തലത്തിൽ 92 പേരും ഡി.വൈ.എസ്‌പി തലത്തിൽ 26 പേരും ചുമതലകൾ നിർവഹിക്കും. ഡിസംബർ 14 മുതൽ 29 വരെയുള്ള മൂന്നാം ഘട്ടത്തിൽ 4,026 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തിൽ 389 പേരും സിഐ തലത്തിൽ 90 പേരും ഡി.വൈ.എസ്‌പി തലത്തിൽ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ 4,383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തിൽ 400 പേരും സിഐ തലത്തിൽ 95 പേരും ഡി.വൈ.എസ്‌പി തലത്തിൽ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ്ബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള കേരള പൊലീസ് കമാന്റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുള്ള മറ്റൊരു കമാന്റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫി ന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇൻസ്‌പെക്ടറും രണ്ട് വനിതാ സബ്ബ് ഇൻസ്‌പെക്ടർമാരും 30 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP