Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്ത് ദേവസ്വം ബോർഡിനുള്ളത് 94.50 ഏക്കർ ഭൂമി മാത്രം: പമ്പയിലെ കണക്കെടുപ്പിന് പ്രളയം തടസം; സർവേ നടത്തിയത് ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കം മൂലം; സന്നിധാനം-പമ്പ റോപ് വേയ്ക്കുള്ള സർവേ 28 ന് തുടങ്ങും

സന്നിധാനത്ത് ദേവസ്വം ബോർഡിനുള്ളത് 94.50 ഏക്കർ ഭൂമി മാത്രം: പമ്പയിലെ കണക്കെടുപ്പിന് പ്രളയം തടസം; സർവേ നടത്തിയത് ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കം മൂലം; സന്നിധാനം-പമ്പ റോപ് വേയ്ക്കുള്ള സർവേ 28 ന് തുടങ്ങും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മകരവിളക്ക് കഴിഞ്ഞാലുടൻ വിവിധ സർവേകളുടെ മണ്ഡലകാലമാണ് ശബരിമലയിൽ നടക്കാൻ പോകുന്നത്. മഹാപ്രളയത്തെ തുടർന്ന് നിർത്തി ദേവസ്വം ബോർഡിന്റെ ഭൂമി സംബന്ധിച്ച സർവേ പുനരാരംഭിക്കുന്നതിനൊപ്പം പമ്പ-സന്നിധാനം റോപ്വേയുടെ സർവേ കൂടി തുടങ്ങുകയാണ്. വനംവകുപ്പും ദേവസ്വം ബോർഡും സംയുക്തമായി സന്നിധാനത്ത് നടത്തിയ സർവേയിൽ, ഇവിടെ ബോർഡിനുള്ളത് 94.50 ഏക്കർ ഭൂമി മാത്രമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

ശബരിമലയിലെ വസ്തു സംബന്ധിച്ച് ബോർഡും വനംവകുപ്പുമായി നടന്ന തർക്കത്തെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സംയുക്ത സർവേ നടത്തിയത്. സർവേയുടെ പൂർണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അഡ്വക്കേറ്റ് കമ്മിഷണർ എഎസ്‌പി കുറുപ്പിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ്, വനം വകുപ്പ്, സർവേ വിഭാഗം എന്നിവരാണ് സംയുക്ത സർവേയിൽ പങ്കെടുത്തത്. നിലവിലുള്ള അതിരുകൾ സംബന്ധിച്ച് വനംവകുപ്പും ദേവസ്വം ബോർഡും തമ്മിൽ കാലങ്ങളായി തർക്കം നിലനിന്നിരുന്നു. വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരമാണ് ഈ ഭൂമി ലഭിച്ചിട്ടുള്ളത്.

സർവേ റിപ്പോർട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചാൽ അതിര് തിട്ടപ്പെടുത്തിയത് സ്ഥിരമാക്കും. വസ്തുവിൽ നടന്നിട്ടുള്ള നിർമ്മാണ പ്രവർത്തനവും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള സർവേ നടന്നു വരുമ്പോഴാണ് പമ്പയിൽ മഹാപ്രളയം ഉണ്ടായത്. പമ്പ തകർന്ന് തരിപ്പണമായതോടെ ഭൂമിയുടെ കിടപ്പിന് വ്യത്യാസം ഉണ്ടായി. റോപ്വേ സ്ഥാപിക്കാനുള്ള സർവേ പൂർത്തിയായാലുടൻ പമ്പയിലെ സംയുക്ത സർവേ പുനരാരംഭിക്കും. നിലയ്ക്കലിലും ദേവസ്വം ബോർഡിന്റെ ഭൂമി സംബന്ധിച്ച് സർവേ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഫാമിങ് കോർപ്പറേഷന്റെ കൈയിൽ നിന്നാണ് ദേവസ്വം ബോർഡ് വസ്തു വാങ്ങിയത്.

അതിനിടെ, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനായി നിർമ്മിക്കുന്ന റോപ്വേയുടെ സർവേ നടപടി 28 ന് ആരംഭിക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ എഎസ്‌പി കുറുപ്പിന്റെ മേൽനോട്ടത്തിലാണ് സർവേ നടക്കുക. ദേവസ്വം, വനം, റവന്യൂ വകുപ്പുകളും സർവേ സംഘവും സംയുക്തമായാണ് സർവേ നടത്തുക. നിലവിൽ സ്വാമി അയ്യപ്പൻ റോഡ് വഴി ട്രാക്ടറിലാണ് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്നത്. ട്രാക്ടർ സഞ്ചാരം തീർത്ഥാടകർക്കും ബുദ്ധിമുട്ടായ സാഹചര്യത്തിൽ ഒഴിവാക്കാനാണ് റോപ്വേ വിഭാവനം ചെയ്തിരിക്കുന്നത്.

സന്നിധാനത്ത് പൊലീസ് ബാരക്കിന് സമീപത്ത് നിന്നും ആരംഭിച്ച് മരക്കൂട്ടം, ചരൽമെട്ട്, നീലിമല, പമ്പ, വഴി ഹിൽ ടോപ്പിലെത്തുന്ന രീതിയിലാണ് റോപ്വേ വിഭാവന ചെയ്തിരിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ 12 മീറ്റർ വീതിയിലുള്ള മരങ്ങളുടെ എണ്ണം എടുക്കും. എത്ര മരങ്ങളും ശിഖരങ്ങളും മുറിക്കേണ്ടി വരുമെന്ന് കണക്കാക്കി സർവേ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനും സമർപ്പിച്ച് അനുമതി നേടിയ ശേഷം മണ്ണ് പരിശോധന നടത്തും. 2.9 കിലോമീറ്റർ ആകാശ ദൂരമാണ് റോപ്വേയ്ക്ക് ഉള്ളത്. എത്ര ടവർ വേണമെന്നും ദൂരം സംബന്ധിച്ച വിവരങ്ങളും സർവേ നടപടികൾ പൂർത്തിയായെങ്കിലെ അറിയാൻ കഴിയൂ.

അരി, ശർക്കര, മറ്റ് പൂജാസാമഗ്രികൾ എത്തിക്കാനുള്ള റോപ്വേയായിട്ടാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്. എന്നാൽ എമർജൻസി ആംബുലൻസ് കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പാസഞ്ചർ റോപ്വേയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇതിന് ബാധകമാണെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP