Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ വർഷം വൃശ്ചിക പുലരിയിൽ സന്നിധാനത്ത് എത്തിയത് മുപ്പതിനായിരം പേരെങ്കിൽ ഇത്തവണ വന്നത് ഒരു ലക്ഷം കടന്ന തീർത്ഥാടകർ; ആദ്യ ദിനം കിട്ടിയത് 3.32 കോടിയുടെ വരവും; കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി കിട്ടിയത് 1.28 കോടിയും; കർമ്മ സമിതിയും പൊലീസും ദേവസ്വം സെക്യൂരിറ്റിയും യുവതികളെ ഒരുമിച്ച് തടയുമ്പോൾ വീണ്ടെടുത്തത് വിശ്വാസികളുടെ വിശ്വാസം; നടവരവും അപ്പവും അരവണയും വരുമാന നേട്ടമായി; ശബരിമലയിൽ പുതിയ ഊർജ്ജം കിട്ടിയ ആവേശത്തിൽ ദേവസ്വം ബോർഡ്

കഴിഞ്ഞ വർഷം വൃശ്ചിക പുലരിയിൽ സന്നിധാനത്ത് എത്തിയത് മുപ്പതിനായിരം പേരെങ്കിൽ ഇത്തവണ വന്നത് ഒരു ലക്ഷം കടന്ന തീർത്ഥാടകർ; ആദ്യ ദിനം കിട്ടിയത് 3.32 കോടിയുടെ വരവും; കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി കിട്ടിയത് 1.28 കോടിയും; കർമ്മ സമിതിയും പൊലീസും ദേവസ്വം സെക്യൂരിറ്റിയും യുവതികളെ ഒരുമിച്ച് തടയുമ്പോൾ വീണ്ടെടുത്തത് വിശ്വാസികളുടെ വിശ്വാസം; നടവരവും അപ്പവും അരവണയും വരുമാന നേട്ടമായി; ശബരിമലയിൽ പുതിയ ഊർജ്ജം കിട്ടിയ ആവേശത്തിൽ ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: യുവതികളെത്തില്ലെന്ന ഉറപ്പ് സർക്കാർ തന്നെ കൊടുത്തതോടെ വീണ്ടും ശബരിമലയിൽ ഉയരുന്ന ശരണം വിളി. ഇതിന്റെ പ്രതിഫലനം വരുമാനത്തിലും കണ്ടു തുടങ്ങി. ശബരിമലയിൽ ആദ്യദിനം 3.32 കോടി രൂപ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 1.28 കോടി രൂപയുടെ വർധനയാണ് ആദ്യദിനത്തിൽ ഉണ്ടായിരിക്കുന്നത്. നടവരവ്, അപ്പം- അരവണ വരുമാനം, കടകളിലെ വരുമാനം എന്നിവയിലെല്ലാം വർധനവ് ഉണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഇതോടെ കഴിഞ്ഞ തവണത്തെ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലേക്ക് മാറുകയാണ് ദേവസ്വം ബോർഡ്. നിലവിൽ കടക്കെണിയിലായ ബോർഡിന് കൂടുതൽ ഊർജം നൽകുന്നതാണ് പുതിയ കണക്കുകൾ.

കഴിഞ്ഞ വർഷമുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിരുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്നും അരവണ അടക്കമുള്ള പ്രസാദങ്ങൾ വാങ്ങരുതെന്നും ചില ഹൈന്ദവ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്ന് കാണിക്ക വരുമാനം കുത്തനെ കുറഞ്ഞു. ശബരിമലയിൽ പ്രശ്‌നങ്ങളെ ഭയന്ന് ഭക്തരും എത്തിയില്ല. ഇത് അപ്പം അരവണ കച്ചവടത്തേയും ബാധിച്ചു. ഇതെല്ലാം മനസ്സിലാക്കിയാണ് യുവതി പ്രവേശനത്തിൽ സർക്കാർ മലക്കം മറിച്ചിൽ നടത്തിയതെന്നാണ് സൂചന. ഇതിന്റെ പ്രതിഫലനം വരുമാനത്തിൽ വരുമ്പോൾ എല്ലാവരും സന്തോഷത്തിലാണ്. കഴിഞ്ഞ വർഷം ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിച്ചിരുന്ന വരുമാനം ആദ്യ ദിനം മുതൽ കുറഞ്ഞിരുന്നു.

ഇത്തവണ അത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരില്ലെന്നാണ് വരുമാന വർധനവ് സൂചിപ്പിക്കുന്നത്. 2017 കാലത്തെ തീർത്ഥാടന കാലത്ത് ബോർഡിന് ലഭിച്ചിരുന്ന വരുമാനത്തിന് സമാനമായാണ് ഇത്തവണ ആദ്യദിനം തന്നെ ലഭിച്ചത്. അരവണയുടെ വിൽപ്പനയിൽ മാത്രമാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും വർധനവ് ഉണ്ടായിട്ടുണ്ട്. വരും ദിനങ്ങളിലും ഭക്തരുടെ വലിയ തോതിലുള്ള വരവിന് കാരണമാകുമെന്ന് തന്നെയാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. കാണിക്ക, പ്രസാദ വിൽപ്പന തുടങ്ങിയവയിലൂടെ ബോർഡിന് കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017നെ അപേക്ഷിച്ച് കാണിക്കയിൽ 25 ലക്ഷത്തിന്റെ വർധനവാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 1.28 കോടിയുടെ വർധനവുണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എൻ.വാസു മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതേ തുടർന്നുള്ള വിവാദങ്ങളും നിലനിൽക്കുമ്പോഴും ഭക്തജന പ്രവാഹത്തിന് ഇത്തവണ യാതൊരു കുറവുമില്ല. ഇതിന് കാരണം യുവതി പ്രവേശനത്തിന് എതിരായി സർക്കാർ എടുത്ത നിലപാട് തന്നെയാണെന്നാണ് വിലയിരുത്തൽ. യുവതികളെ നിലയ്ക്കലിലും പമ്പയിലും പൊലീസ് തന്നെ തടയുന്നുണ്ട്.

മണ്ഡലമാസ തീർത്ഥാടനം തുടങ്ങി ആദ്യദിനം ശബരിമല സന്നിധാനത്തെത്തിയത് ഒരു ലക്ഷത്തിൽ കൂടുതൽ വിശ്വാസികളാണ്. കനത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയത് തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായി. സന്നിധാനത്തെത്തിയ അയ്യപ്പ വിശ്വാസികളുടെ എണ്ണം ഗണ്യമായി വർധിച്ചതിനാൽ നടവരവിലും വർധനവുണ്ടായി എന്നതാണ് വസ്തുത. യാതൊരു പരാതികളുമില്ലാതെ ഇത്തവണ മണ്ഡലകാലം പൂർത്തിയാകുമെന്നും നടവരവിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

വൃശ്ചികം ഒന്നിന് അയ്യപ്പദർശനത്തിനെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകരാണെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മുപ്പത്തയ്യായിരം പേരാണ് ആദ്യദിനത്തിൽ അയ്യപ്പ ദർശനത്തിനെത്തിയത്. സന്നിധാനത്ത് മുൻ വർഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പതിനായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ സുരക്ഷാ സജ്ജീകരണങ്ങൾ നിയന്ത്രിക്കാൻ സേവനം ചെയ്യുന്നുണ്ട്. നടപന്തലിൽ വിരിവയ്ക്കാനും അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിനായി യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകൈ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP