Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിന്ദു അമ്മണിയെ സ്‌പ്രേ അടിച്ച ശീനാഥ് പത്മനാഭനെ ജയിലിൽ അടച്ച് കോടതി; രാത്രി വിമാനത്തിൽ തിരികെ പൂണയിൽ സുരക്ഷിതമായി ഇറങ്ങി തൃപ്തി ദേശായി; നിയമ പോരാട്ടത്തിന് ബിന്ദു അമ്മിണി; വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ കടകംപള്ളിയും ദേശാഭിമാനിയും ഭൂമാതാ ബ്രിഗേഡ് സംഘത്തിന് പിന്നിൽ കാണുന്നത് പരിവാറുകാരെ; മന്ത്രി മന്ദിരത്തിലെ സുഖ ശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭാഷണത്തിൽ ചുട്ടമറുപടിയുമായി ജനംടിവിയും: ശബിരമല ശാന്തമായി തുടരുമ്പോഴും വിവാദങ്ങൾക്ക് കുറവില്ല

ബിന്ദു അമ്മണിയെ സ്‌പ്രേ അടിച്ച ശീനാഥ് പത്മനാഭനെ ജയിലിൽ അടച്ച് കോടതി; രാത്രി വിമാനത്തിൽ തിരികെ പൂണയിൽ സുരക്ഷിതമായി ഇറങ്ങി തൃപ്തി ദേശായി; നിയമ പോരാട്ടത്തിന് ബിന്ദു അമ്മിണി; വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ കടകംപള്ളിയും ദേശാഭിമാനിയും ഭൂമാതാ ബ്രിഗേഡ് സംഘത്തിന് പിന്നിൽ കാണുന്നത് പരിവാറുകാരെ; മന്ത്രി മന്ദിരത്തിലെ സുഖ ശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭാഷണത്തിൽ ചുട്ടമറുപടിയുമായി ജനംടിവിയും: ശബിരമല ശാന്തമായി തുടരുമ്പോഴും വിവാദങ്ങൾക്ക് കുറവില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കം ഏഴു വനിതകളെ പൊലീസ് തിരിച്ചയയ്ക്കുമ്പോൾ നൽകുന്നത് സർക്കാർ ഇത്തവണ വിശ്വാസ സംരക്ഷകർക്കൊപ്പമെന്ന സന്ദേശം. ചൊവ്വാഴ്ച രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ ഇവർക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഇവർ മടങ്ങി. അങ്ങനെ ശബരിമലയിലെ സംഘർഷം ഒഴിഞ്ഞു. പക്ഷേ വിവാദങ്ങൾ തുടരുകയാണ്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നിലവിലുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിക്കും. തൃപ്തി ദേശായിയും കോടതിയിൽ വിഷയം എത്തിക്കാനുള്ള ആലോചനകളിലാണ്.

തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുകയും ചെയ്തു. തീർത്ഥാടനകാലത്തെ സംഘർഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണിത്. ഇതിന് സർക്കാർ കൂട്ടുനിൽക്കില്ല. 2019-ലെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് നിയമജ്ഞരുടെ അഭിപ്രായം. അതു മാറ്റാൻ നടപടി സ്വീകരിക്കും. തൃപ്തി ദേശായി ഉൾപ്പെടെ ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ഞങ്ങൾ ആക്ടിവിസ്റ്റുകളല്ല, ഭഗവാനെ കാണാനാണ് എത്തിയത്. പൊലീസാണ് ഞങ്ങളെ തടഞ്ഞതെന്ന് തൃപ്തി ദേശായിയും കുറ്റപ്പെടുത്തുന്നു. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ തൃപ്തി ദേശായി കൊണ്ടു വരുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇന്നലെ കൊച്ചിയിൽ എത്തിയതെന്നാണ് വിലയിരുത്തൽ. ഏതായാലും ഭക്തർക്കൊപ്പമാണെന്ന സന്ദേശം ഇതിലൂടെ വിശ്വാസികൾക്ക് സർക്കാർ നൽകി എന്നതാണ് വസ്തുത. കരുതലോടെ നിലപാട് എടുത്താണ് തൃപ്തിയേയും സംഘത്തേയും കേരളത്തിൽ നിന്ന് മടക്കിയത്.

അതിനിടെ തൃപ്തിയെ കൊണ്ടു വന്നതിന് പിന്നിലെ ഗൂഢാലോചനയിൽ ബിജെപിയേയും ആർ എസ് എസിനേയും കുറ്റപ്പെടുത്തുകയാണ് സിപിഎം പത്രമായ ദേശാഭിമാനി. ശബരിമലയിൽ കയറണമെന്ന ആവശ്യവുമായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് സംഘപരിവാർ നേതാവ് കുരുമുളകുസ്പ്രേ അടിച്ചു. ഹിന്ദു ഹെൽപ്ലൈൻ നേതാവ് ശ്രീനാഥ് പത്മനാഭനാണ് സ്പ്രേ അടിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡലകാലത്ത് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് തൃപ്തി പ്രശാന്ത് ദേശായി മറ്റ് ആറ് സ്ത്രീകൾക്കൊപ്പമെത്തിയത്. ശബരിമലയിലേക്ക് പോകാതെ ഇവർ കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിലാണെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയ ഇവർക്കൊപ്പംതന്നെ ബിജെപി - ആർഎസ്എസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയത് ഗൂഢാലോചനയ്ക്ക് തെളിവായി എന്നാണ് ദേശാഭിമാനി വാർത്ത. കഴിഞ്ഞവർഷവും മണ്ഡലകാലത്ത് തൃപ്തി ശബരിമലയ്ക്കു പോകാൻ എത്തിയിരുന്നു. തൃപ്തി ദേശായിയും സംഘവും വിമാനമിറങ്ങിയതുമുതൽ ബിജെപി ചാനലായ ജനം ടിവി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നുവെന്ന് കൂടി ദേശാഭിമാനി എഴുതുകയാണ്. അങ്ങനെ കടകംപള്ളിയുടെ ഗൂഢാലോചന വാദത്തിന് പുതിയ തലം നൽകുകയാണ് പാർട്ടി പത്രം.

ഈ ആരോപണത്തെ ജനം ടിവി പുച്ഛിച്ച് തള്ളുകയും ചെയ്തു. തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിന് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യം ജനം ടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്നും മന്ത്രി ചോദിച്ചിരുന്നു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണെന്ന് മന്ത്രി എ.കെ.ബാലനും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു. 'കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.':നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല. 'വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.' കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?സുരേഷ് ബാബു തന്റെ പോസ്റ്റിൽ ചോദിക്കുന്നു. അങ്ങനെ കടകംപള്ളിക്ക് ജനം ടിവി മറുപടിയും നൽകി.

പൊലീസ് കമ്മിഷണറുടെ ഓഫീസിനു പുറത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലും ശബരിമല കർമസമിതി പ്രവർത്തകരുടെ പ്രതിഷേധവും രാത്രി വൈകി തൃപ്തി ദേശായി പോകുംവരെ തുടർന്നുവെന്നതാണ് വസ്തുത. ചൊവ്വാഴ്ച രാത്രി 10.25-ന് നെടുമ്പാശ്ശേരിയിൽനിന്ന് ബെംഗളൂരു വഴിയുള്ള വിമാനത്തിലാണ് ഇവർ പുണെക്കു മടങ്ങിയത്. ഇതോടെയാണ് സംഘർഷങ്ങൾക്ക് അയവ് വന്നത്. നേരത്തെ ബിന്ദു അമ്മണിയുടെ മുഖത്ത് മുളക് പൊടി സ്േ്രപ അടിച്ച ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ രാത്രിയോടെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. തൃപ്തിയടക്കം ആറുപേർ പുണെയിൽനിന്നെത്തിയപ്പോൾ കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരോടൊപ്പം ചേർന്നു. ഇവരെത്തിയതറിഞ്ഞ് വിശ്വാസികൾ കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.

കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്പ്രേചെയ്തത്. ഇതിന് പിന്നിൽ അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവർത്തകൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പത്മനാഭനാണെന്ന് തെളിയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരേ കഠിന ദേഹോപദ്രവം ഏൽപ്പിച്ച കുറ്റം ചുമത്തി കേസെടുത്തു. ബിന്ദുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മനീഷ തിലകർ, ഹരി ലക്ഷ്മിമായ, ജഗദ് ഗുരു ശങ്കരാചാര്യ ത്രികാൽ ഭവന്ദ സരസ്വതി മഹാരാജ് ഗായത്രി, ഝായ വിരോധർ, മീനാക്ഷി രാമചന്ദ്രർ ഷിന്ദേ എന്നിവരാണ് തൃപ്തിക്കൊപ്പം വന്നത്.

തൃപ്തിയും സംഘവും മടങ്ങാൻ തയ്യാറല്ലെന്നു കേട്ടതോടെ, ശബരിമല കർമസമിതി പ്രവർത്തകർ കമ്മിഷണറുടെ ഓഫീസിനുമുന്നിൽ വൈകീട്ട് നാമജപ പ്രതിഷേധം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി 12.30-ന് പുണെയ്ക്കുള്ള വിമാനത്തിൽ മടങ്ങാൻ തയ്യാറാകാത്തതിനാൽ ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ വീണ്ടുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP