Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി രാജാവിനെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥന; തമ്പുരാട്ടിയുടെ കാലിൽ തൊട്ടും അനുഗ്രഹവും വാങ്ങി; ക്ഷേത്രങ്ങളിലെത്തിയും വോട്ട് പിടിത്തം; ഭക്തർക്കൊപ്പമെന്ന പരോക്ഷ സൂചന നൽകി സമ്മതിദായകരുമായി സംവദിച്ച് വീണാ ജോർജ്; ശബരിമലയിൽ പോകില്ലെന്ന് പറയുന്ന വീണാ ജോർജ് ശബരിമലയിൽ സത്രീകളെ കയറ്റണമോ എന്നതിൽ നിലപാട് പരസ്യമാക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്കാർ; ലോക്‌സഭയിലേക്കുള്ള വോട്ട് പിടിത്തത്തിനിടെ ആറന്മുള എംഎൽഎ വെട്ടിലാക്കി ശബരിമല വിവാദം

ശശി രാജാവിനെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥന; തമ്പുരാട്ടിയുടെ കാലിൽ തൊട്ടും അനുഗ്രഹവും വാങ്ങി; ക്ഷേത്രങ്ങളിലെത്തിയും വോട്ട് പിടിത്തം; ഭക്തർക്കൊപ്പമെന്ന പരോക്ഷ സൂചന നൽകി സമ്മതിദായകരുമായി സംവദിച്ച് വീണാ ജോർജ്; ശബരിമലയിൽ പോകില്ലെന്ന് പറയുന്ന വീണാ ജോർജ് ശബരിമലയിൽ സത്രീകളെ കയറ്റണമോ എന്നതിൽ നിലപാട് പരസ്യമാക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്കാർ; ലോക്‌സഭയിലേക്കുള്ള വോട്ട് പിടിത്തത്തിനിടെ ആറന്മുള എംഎൽഎ വെട്ടിലാക്കി ശബരിമല വിവാദം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ നിറയുന്നത് ശബരിമല വിവാദമാണ്. ശബരിമലയുടെ എംപിയെ കണ്ടെത്താൻ കൂടിയാണ് ഇവിടെ പോര് മുറുകുന്നത്. ഇതിനിടെയിൽ പെട്ടു പോകുന്നത് സിപിഎം എംഎൽഎയായ വീണാ ജോർജാണ്. ശബരിമലയിൽ നിലപാട് വ്യക്തമാക്കാനാവാത്തതാണ് ഇതിന് കാരണം. വോട്ട് തേടിയെത്തുമ്പോൾ ഭക്തർ ശബരിമലയിൽ വീണയുടെ പ്രതികരണം ചോദിക്കുന്നുണ്ട്. സ്ത്രീ പ്രവേശനത്തിന് എതിരാണെന്ന വോട്ടർമാരോട് വീണാ ജോർജ് സമ്മതിക്കുന്നുണ്ട്. എന്നാൽ പരസ്യമായി ഇത് പറയാൻ അവർ തയ്യാറുമല്ല. ഇതോടെ ശബരിമല വിഷയത്തിൽ പത്തനംതിട്ടയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പരസ്യ നിലപാട് എടുക്കണമെന്ന ആവശ്യത്തിലേക്ക് വോട്ടർമാർ എത്തുകയാണ്.

ശബരിമലയിൽ യുവതികൾ കയറണമെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. നവോത്ഥാനത്തിന്റെ വഴിയിൽ ആചാരങ്ങളെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പത്ത് വോട്ട് നഷ്ടപ്പെട്ടാലും ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്നായിരുന്നു കോടിയേരിയുടെ ആഹ്വാനം. അക്ടിവിസ്റ്റുകൾ കയറുന്നതിൽ തെറ്റില്ലെന്നാണ് കോടിയേരി പലപ്പോഴും പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഈ വിഷയം ആളിക്കത്തിച്ചത്. പത്തനംതിട്ട എംപിക്ക് ശബരിമലയിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ടാണ് വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കി സ്ത്രീ പ്രവേശനം ചർച്ചയാക്കാൻ സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവും ഉയർന്നു. എന്നാൽ താൻ ശബരിമലയിൽ പോകില്ലെന്ന വെളിപ്പെടുത്തലുമായി ഇതിനെ വീണാ ജോർജ് നേരിട്ടു. അപ്പോഴും ശബരിമല വിഷയത്തിൽ പരസ്യമായി നിലപാട് എടുക്കുന്നില്ല.

ശബരിമലിയിൽ വിശ്വാസത്തിന് അല്ല നവോത്ഥാനത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന സിപിഎം നിലപാടിനോട് വീണ ഇനിയും പ്രതികരിക്കുന്നില്ല. വോട്ട് ചോദിക്കുമ്പോൾ സ്ത്രീകൾ ഈ വിഷയത്തിൽ അഭിപ്രായം ആരായുന്നുണ്ട്. അവരോടെല്ലാം തന്ത്രപരമായി മറുപടി നൽകി രക്ഷപ്പെടുകയാണ് വീണ ചെയ്യുന്നത്. ഇതിനിടെ പന്തളം കൊട്ടാരത്തിൽ എത്തി വോട്ട് ചോദിക്കുകയും ചെയ്തു, ശശികുമാര വർമ്മയുടെ മുന്നിലെത്തി വോട്ട് അഭ്യർത്ഥനയും നടത്തി. തമ്പൂരാട്ടിയുടെ കാലിലും തൊട്ടു തൊഴുതു. പത്തനംതിട്ടയിലെ വോട്ടർ എന്ന രീതിയിലാണ് പന്തളം കൊട്ടാരത്തിൽ എത്തിയതെന്നാണ് സിപിഎം ഇതിന് നൽകുന്ന വിശദീകരണം. പന്തളം കൊട്ടരത്തിൽ വലിയ സ്വീകരണം കിട്ടിയെന്ന് സിപിഎം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശബരിമലയിൽ യുവതികൾ കയറണോ വേണ്ടയോ എന്ന് വീണ പറയണമെന്ന ആവശ്യം പത്തനംതിട്ടയിൽ സജീവമാകുന്നത്.

സിപിഎം പറയുന്നു ശബരിമലയിലേത് നവോത്ഥാനമാണെന്ന്. ഇത് തന്നെയാണോ ലോക്‌സഭാ സ്ഥാനാർത്ഥിയുടെ നിലപാടെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും പത്തനംതിട്ടക്കാർ പറയുന്നു. സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ജയിലിലായ കെ സുരേന്ദ്രനാണ് ശബരിമലയിലെ ബിജെപി സ്ഥാനാർത്ഥി. ആചാര സംരക്ഷണത്തിന് മുന്നിൽ നിൽക്കുമെന്ന് സുരേന്ദ്രൻ പറയുന്നു. കോൺഗ്രസിലെ ആന്റോ ആന്റണിയും ശബരിമലയിലെ വിഷയത്തിൽ പരസ്യമായി തന്നെ ഭക്തർക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ വീണാ ജോർജും പരസ്യമായി പ്രസ്താവന നടത്തണമെന്ന ആവശ്യം സജീവമാകുന്നത്. ഭക്തർക്കൊപ്പം നിന്നാൽ പിണറായി എതിരാകും. മറിച്ചായാൽ അത് വോട്ടിനേയും ബാധിക്കും. ഈ സാഹചര്യത്തിലാണ് കരുതലോടെ വീണ മുന്നോട്ട് പോകുന്നത്. ഇതിനെ തുടർന്നാണ് പരസ്യ നിലപാടിന് വേണ്ടിയുള്ള വാദം പത്തനംതിട്ടക്കാർ ഉയർത്തുന്നത്.

ശബരിമല വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് പാർട്ടി സ്ഥാനാർത്ഥികളോട് സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രചരണത്തിൽ ആരും ശബരിമലയെന്ന് പറയുന്നുമില്ല. വീണാ ജോർജിനോട് പത്ര സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പ് പരിപാടികളിലും പത്രക്കാരും ഈ ചോദ്യം ഉയർത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ വീണ നിലപാട് തുറന്നു പറയണമെന്ന ആവശ്യവും സജീവമാകുന്നത്. ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ സർക്കാരിനെതിരെ കടുത്ത നിലപാട് എടുത്ത പന്തളം കൊട്ടാരത്തിന്റെ പിന്തുണ തേടി വിണാ ജോർജ് ഇന്നലെയാണ് കൊട്ടാരത്തിലെത്തിയത്. എല്ലാ സ്ഥാനാർത്ഥികളും തുല്യരാണെന്നും ശബരിമല യുവതി പ്രവേശനമാണ് കൊട്ടാരത്തിന്റെ മുന്നിലെ വിഷയമെന്നും കൊട്ടാരം നിർവ്വാഹക സമിതി അറിയിച്ചു.

പന്തളത്തും സമിപപ്രദേശങ്ങളിലും പര്യടനം തുടങ്ങുന്നതിന് മുമ്പ് രാവിലെയാണ് വീണാ ജോർജ് സിപിഎം നേതാക്കൾക്കൊപ്പം പന്തളം കൊട്ടാരത്തിൽ എത്തിയത്. കൊട്ടാരത്തിൽ എത്തിയ ആറന്മുള എംഎൽഎ കുടുംബത്തിലെ മുതിർന്ന അംഗത്തെ കണ്ട് ഷാൾ അണിയിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ സർക്കാരിന് എതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു വീണാ ജോർജിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം നടന്ന പിഎസ്സ്‌സി പരിക്ഷയിലെ ചോദ്യപേപ്പറിൽ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയതിന് എതിരെയും കൊട്ടാരം നിർവ്വാഹക സമിതിക്ക് ശക്തമായ എതിർപ്പാണ് ഉള്ളത്.

ഈ സാഹചര്യത്തിലാണ് വോട്ട് അഭ്യർത്ഥിച്ച് വീണാജോർജ് കൊട്ടാരത്തിൽ എത്തിയത്. ആചാരസംരക്ഷണമാണ് കൊട്ടാരത്തിന്റെ പ്രധാന ലക്ഷ്യം എന്നാൽ ഒരുസ്ഥാനാർത്ഥിക്ക് വേണ്ടിയും പരസ്യമായി രംഗത്ത് ഇറങ്ങില്ല എന്നായിരുന്നു കൊട്ടാരം നിർവ്വാഹക സമിതി അംഗം ശശികുമാര വർമ്മയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP