Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിശോധനയുടേയും പീഡിപ്പിക്കലിന്റേയും തോത് കുറച്ചു; പ്രതിഷേധങ്ങളും കെട്ടടങ്ങുന്നു; എരുമേലിയിലെ നിരോധനാജ്ഞ പിൻവലിക്കുകയും ശബരിമലയിലേതിന് ഇളവ് നൽകുകയും ചെയ്തതോടെ ഭക്തരുടെ യാത്രയ്ക്ക് തടസങ്ങൾ നീങ്ങുന്നു; ഇരുകൂട്ടരും പിടിവാശി കളഞ്ഞതോടെ ഭക്തജന പ്രവാഹവും കൂടി; കെഎസ് ആർടിസിയുടെ കളക്ഷൻ ഇരട്ടിയായി; പൊലീസ് അയഞ്ഞതോടെ ശബരിമല സമാധാനത്തിലേക്ക് മടങ്ങുന്നത് ഇങ്ങനെ

പരിശോധനയുടേയും പീഡിപ്പിക്കലിന്റേയും തോത് കുറച്ചു; പ്രതിഷേധങ്ങളും കെട്ടടങ്ങുന്നു; എരുമേലിയിലെ നിരോധനാജ്ഞ പിൻവലിക്കുകയും ശബരിമലയിലേതിന് ഇളവ് നൽകുകയും ചെയ്തതോടെ ഭക്തരുടെ യാത്രയ്ക്ക് തടസങ്ങൾ നീങ്ങുന്നു; ഇരുകൂട്ടരും പിടിവാശി കളഞ്ഞതോടെ ഭക്തജന പ്രവാഹവും കൂടി; കെഎസ് ആർടിസിയുടെ കളക്ഷൻ ഇരട്ടിയായി; പൊലീസ് അയഞ്ഞതോടെ ശബരിമല സമാധാനത്തിലേക്ക് മടങ്ങുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മണ്ഡലപൂജയ്ക്ക് നട തുറന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. സാധാരണ ശബരിമലയിൽ എത്തുന്നതിന്റെ പകുതിയിൽ താഴെ ഭക്തർമാത്രമാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. ദേവസ്വം ബോർഡിന്റെ വരുമാനത്തേയും ബാധിച്ചു. സർക്കാരിന് വിവിധ കോണിൽ നിന്ന് വിമർശനം ഉയർന്നു. ഹൈക്കോടതി പോലും നിയന്ത്രണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതോടെ പൊലീസും നിയന്ത്രണങ്ങളിൽ അയവ് വരുത്തി. ഇതോടെ ശബരിമല സന്നിധാനം സമാധാനത്തിലേക്ക് നീങ്ങുകയാണ്. രാത്രിയിൽ ഉയരുന്ന പ്രതിഷേധ നാമജപത്തോടും സഹിഷ്ണതയോടെ പൊലീസ് പ്രതികരിക്കുന്നു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കുന്നുവെങ്കിലും മറ്റ് നിയമ നടപടികളൊന്നും ഇല്ല. അങ്ങനെ പതിയെ ശബരിമലയിലേക്ക് ഭക്തർ എത്തി തുടരുകയാണ്. ഇപ്പോഴും വലിയൊരു ഭക്തജന തിരക്കില്ലെങ്കിലും പതിയെ സ്ഥിതി മാറുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

നിരോധനാജ്ഞയിലെ ഇളവാണ് പ്രതിസന്ധി ലഘൂകരിച്ചത്. കൂട്ടത്തോടെ മലകയറാനും നാമജപത്തിനും ഇപ്പോൾ സന്നിധാനത്ത് വിലക്കില്ല. വലിയ നടപ്പന്തലിൽ നിരോധനവും ഇല്ല. ഇതോടെ ബിജെപിയും പ്രതിഷേധങ്ങളിൽ നിന്ന് പതിയെ പിന്മാറുകയാണ്. നാമജപത്തിലേക്ക് മാത്രം പ്രതിഷേധം ഒതുക്കുകയാണ് അവർ. അതിനിടെ യുവതീപ്രവേശത്തിന്റെ പേരിൽ ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്ന് എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടക വാഹനങ്ങൾക്കും വിലക്കും നിരീക്ഷണങ്ങളും പരിശോധനയും കുറച്ചു. ഇതോടെ നിലയ്ക്കലിൽ ഭക്തർ ധാരളമായി എത്തി തുടങ്ങി. കെ എസ് ആർ ടി സിയും മെച്ചത്തിലേക്ക് എത്തുകയാണ്. കളക്ഷൻ ഇരട്ടിയാവുകയും ചെയ്തു. ഇതോടെ കെ എസ് ആർ ടി സിയുടെ നഷ്ടക്കണക്ക് കുറയാനും തുടങ്ങി.

നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീർത്ഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീർത്ഥാടകർ എത്തുന്നത് ആദ്യമായാണ്. ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്‌തെങ്കിലും തിരക്കിനെ ബാധിച്ചില്ല. ശനിയാഴ്ചയും ഞയറാഴ്ചയും കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം മണിക്കൂറിൽ രണ്ടായിരത്തിനും 2200-നുമിടയിൽ തീർത്ഥാടകരാണ് മലകയറിയതെന്നാണ് പൊലീസ് കണക്ക്. വെർച്വൽ ക്യു വഴി ദർശനത്തിനെത്തുന്നവരുടെ എണ്ണവും കൂടി. അങ്ങനെ തീർത്ഥാടനം സാധാരണഗതിയിലേക്ക് വരികയാണ്.

ഇതോടെ കെ.എസ്.ആർ.ടി.സി. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളുടെ ട്രിപ്പുകൾ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടുവരെമാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. 530 സർവീസുകൾ നടത്തി. 12,49,234 രൂപയായിരുന്നു കളക്ഷൻ. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്ഷൻ. 140 ബസുകളാണ് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി കെ.എസ്.ആർ.ടി.സി. എത്തിച്ചിട്ടുള്ളത്. രാത്രിയിലും സർവ്വീസ് നടക്കുന്നുണ്ട്. ഇതോടെ കെ എസ് ആർ ടി സി സർവ്വീസുമായി ബന്ധപ്പെട്ട പരാതികളും തീരുകയാണ്.

ദേവസ്വം ബോർഡിന് കടുത്ത ആഘാതം ഉണ്ടാക്കി ശബരിമലയുടെ അനുബന്ധ ക്ഷേത്രങ്ങളിലും കാണിക്കയിൽ വൻ കുറവ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആദ്യ അഞ്ചു ദിനത്തിൽ എരുമേലിയിൽ കാണിക്ക ഇനത്തിൽ മൂന്നേകാൽ ലക്ഷം രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. എരുമേലിയിലെ നിരോധനാജ്ഞയും, ഭക്തർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങളും, യുവതി പ്രവേശനത്തിലെ സർക്കാർ ദേവസ്വം ബോർഡ് നിലപാടുകളുമാണ് വരുമാന ചോർച്ചയ്ക്ക് കാരണം എന്ന് വിലയിരുത്തുന്നു.മണ്ഡലകാലം തുടങ്ങിയാൽ തീർത്ഥാടകരെ കൊണ്ട് നിബിഡമാണ് എരുമേലി. അണമുറിയാത്ത ഭക്ത ജന പ്രവാഹം. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണുക. തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ഇത് വരുമാനത്തെയും ബാധിച്ചു. ആദ്യത്തെ അഞ്ചു ദിവസം വെറും ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ കാണിക്ക മാത്രം ആണ് വീണത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് എരുമേലിയിൽ നിരോധനാജ്ഞ പിൻവലിച്ചത്.

കഴിഞ്ഞ വർഷം ഇതു അഞ്ച് ലക്ഷത്തിനു മുകളിൽ ആയിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ മൂന്നേകാൽ ലക്ഷത്തിന്റെ കുറവ്. ഭക്തർക്ക് വലിയ നിയന്ത്രണങ്ങളാണ് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നത്. കൂടാതെ എരുമേലിയിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇതെല്ലാം വരുമാന കുറവിന് കാരണമായി. ശബരിമലയിലേത് പോലെ തന്നെ അപ്പം അരവണ കൗണ്ടറുകൾ എരുമേലിയിലും ആരംഭിച്ചെങ്കിലും കാര്യമായ വിൽപ്പന നടക്കുന്നില്ല. ശബരിമലയിലും വരുമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇതോടെയാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ ദേവസ്വം ബോർഡും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്.

യുവതി ദർശനത്തിന് രണ്ട് ദിവസം

ശബരിമലയിൽ യുവതികൾക്കു ദർശനത്തിനു രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണു സ്റ്റേറ്റ് അറ്റോർണി നിലപാട് അറിയിച്ചത്. ഇതെത്ര പ്രയോഗികമാകുമെന്നു കോടതി ആരാഞ്ഞു. യുവതികൾക്കു പോകാനുള്ള ഭരണഘടന അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

യുവതികൾക്കു പ്രവേശനത്തിന് എന്തു സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 10 ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്നു ജന്തർ മന്തർ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.

ബിജെപി പ്രതിഷേധം തുടരും

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ടു ഞായറാഴ്ച ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ശനിയാഴ്ച തൃശൂർ, കോഴിക്കോട് പൊലീസ് കമ്മിഷണർമാരുടെ ഓഫീസുകളിലേക്കു മാർച്ച് നടത്തും. മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിനു തയാറാണ്. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിനുണ്ടായ അക്രമങ്ങളുടെ പേരിൽ കെ.സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. റാന്നി ഗ്രാമ ന്യായാലയ കോടതിയാണു കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും ശനിയാഴ്ച റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP