Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അറിയാതെ സുപ്രീംകോടതിയിൽ സത്യവാങ്മൂലമോ? ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്ന് സംസ്ഥാന സർക്കാരിനു ഹാജരായ ജയതി ഗുപ്ത; പുതിയ നിയമം ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ ഇടപെടാനുറച്ച്; മാറ്റാൻ ലക്ഷ്യമിടുന്നത് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെയും ഭരണസംവിധാനം; വാർത്ത നിഷേധിച്ച് കടകംപള്ളി; സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രിയുടെ വിശദീകരണം

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അറിയാതെ സുപ്രീംകോടതിയിൽ സത്യവാങ്മൂലമോ? ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്ന് സംസ്ഥാന സർക്കാരിനു ഹാജരായ ജയതി ഗുപ്ത; പുതിയ നിയമം ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ ഇടപെടാനുറച്ച്; മാറ്റാൻ ലക്ഷ്യമിടുന്നത് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെയും ഭരണസംവിധാനം; വാർത്ത നിഷേധിച്ച് കടകംപള്ളി; സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശബരിമല സംബന്ധിച്ച് പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. കോടതിയിൽ അത്തരം സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാർത്തകൾക്കാധാരമായ ഘടകങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

നിലവിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വംബോർഡ് ചട്ടങ്ങളിലാണ് ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയുള്ളത്. എന്നാൽ ഇനി ശബരിമലയുടെ ഭരണപരമായ കാര്യങ്ങളിൽ കൃത്യമായ ചട്ടക്കൂടുണ്ടാക്കാൻ നിയമം കൊണ്ടുവരുമെന്നാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്.

ശബരിമല സുവതീ പ്രവേശന വിഷയത്തിൽ അകന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാൻ സിപിഎം തീവ്രശ്രമം നടത്തുന്നതിനിടെയാണ് നിലവിൽ സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതിനെത്തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് മുൻകൈയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ ധാരണയായിരുന്നു. വിശ്വാസികൾക്കൊപ്പം കൂടിയാണ് പാർട്ടി നിൽക്കുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.

ശബരിമലയിൽ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാൽ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാർട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാർട്ടി അനുഭാവികളും പ്രവർത്തകരും അവരവരുടെ വിശ്വാസങ്ങൾ കൊണ്ടു നടക്കുന്നതിന് പാർട്ടി എതിരല്ല. വർഗ്ഗീയ ശക്തികളെ മാറ്റി നിർത്താൻ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവർത്തകർ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. അതേസമയം പാർട്ടി നിലപാടുകൾക്കും ആശയങ്ങൾക്കും വിധേയരായി നിന്നു വേണം അവർ പ്രവർത്തിക്കാനെന്നും സംസ്ഥാന സമിതിയിൽ ധാരണയായിരുന്നു.

എന്നാൽ ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിന്മേൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദടക്കം വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നത്.

സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാനസമിതി സ്വയം തെറ്റുതിരുത്തുകയല്ല ചെയ്തത്. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരിനും പാർട്ടിക്കുമെതിരെ പ്രചാരണം നടത്തി. ആ പ്രചാരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് പാർട്ടിയിലുണ്ടായ സ്വയം വിമർശനം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മണ്ഡലകാലം തുടങ്ങാനിരിക്കുന്നതിനാൽ അതിന് വേണ്ട സുരക്ഷാ നടത്തിപ്പ് വിലയിരുത്തൽ സംസ്ഥാനപൊലീസ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനിടെയാണ് ഭരണകാര്യങ്ങൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്ന കാര്യം സംസ്ഥാനസർക്കാർ തന്നെ കോടതിയെ അറിയിക്കുന്നത്.

എന്നാൽ ശബരിമല വിഷയത്തിൽ ഇപ്പോഴും വ്യക്തമായ ധാരണയിലെത്താൻ സിപിഎം നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സർക്കാരിലും പാർട്ടിയിലും ഇത് സംബന്ധിച്ച് രണ്ടഭിപ്രായം നിലവിലുണ്ട്. ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്ന ഒരു വലിയ വിഭാഗം പാർട്ടിക്കുള്ളിൽ ഉണ്ടെങ്കിലും പിണറായി വിജയൻ ഉൾപ്പെടെയുള്ള ശക്തരായ നേതാക്കൾ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP