Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരു പറഞ്ഞു പിണറായി സർക്കാറും ഇപ്പോൾ ഭക്തർക്കൊപ്പമാണെന്ന്? ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അയ്യപ്പനെ തള്ളി വീണ്ടും സിപിഎം; യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ആദ്യ വിധിക്കൊപ്പമാണ് തങ്ങളെന്ന് വിശദമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി; വിശാല ബെഞ്ചിന് വിട്ടതിനെ എതിർക്കുന്നെന്ന പാർട്ടി റിപ്പോർട്ട് പുറത്ത്

ആരു പറഞ്ഞു പിണറായി സർക്കാറും  ഇപ്പോൾ ഭക്തർക്കൊപ്പമാണെന്ന്? ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അയ്യപ്പനെ തള്ളി വീണ്ടും സിപിഎം; യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ആദ്യ വിധിക്കൊപ്പമാണ് തങ്ങളെന്ന് വിശദമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി; വിശാല ബെഞ്ചിന് വിട്ടതിനെ എതിർക്കുന്നെന്ന പാർട്ടി റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുടെ പേരിൽ കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കാൻ ഇറങ്ങിയവരാണ് ഇടതു സർക്കാർ. എന്നാൽ, ഇതിന്റെ പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കടുത്ത തിരിച്ചടി തന്നെ നേരിടേണ്ടി വന്നു. എന്നാൽ, ഇതിന് ശേഷം ഭക്തരുടെ വഴിയേയാണ് തങ്ങളെന്നായിരുന്നു സിപിഎം അവകാശപ്പെട്ടത്. ഈ അവകാശവാദത്തിന് ശേഷം ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎംവിജയം നേടി. ഇപ്പോൾ സിപിഎമ്മിനുള്ളിൽ ശബരിമല നിലപാട് തിരുത്തുന്നതിൽ രണ്ടഭിപ്രായം നിലനിൽക്കുന്നുണ്ട്. ഭക്തർക്കൊപ്പം എന്ന നിലപാട് സ്വീകരിക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ളപ്പോൾ തന്നെ മറുവശത്ത് യുവതീ പ്രവശനം അനുൂകൂലിക്കണമെന്ന അഭിപ്രായക്കാരും ശക്തമാണ്.

ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കൊണ്ട് സിപിഎം വീണ്ടും രംഗത്തെത്തി. ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാടിൽ തന്നെയാണു പാർട്ടി എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. 2018 ലെ യുവതീപ്രവേശ വിധി വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയോടു വിയോജിക്കുന്നുവെന്നും പാർട്ടി വ്യക്തമാക്കി. തിരുവനന്തപുരത്തു കഴിഞ്ഞ മാസം ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങൽ വെബ്‌സൈറ്റിലൂടെ റിപ്പോർട്ട് സിപിഎം പുറത്തുവിട്ടു.

ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ വിശാല ബെഞ്ച് പരിഗണിക്കാനുള്ള സുപ്രീം കോടതി ഉത്തരവു വന്നതോടെ മുൻ നിലപാടിൽ നിന്നു പാർട്ടിയും സർക്കാരും മലക്കം മറിഞ്ഞുവെന്നു വ്യക്തമാക്കുന്ന പ്രതികരണങ്ങൾ പുറത്തു വന്നിരുന്നു. പുതിയ വിധിയെ ചില മന്ത്രിമാർ സ്വാഗതം ചെയ്തു. എന്നാൽ ദേവസ്വം, നിയമ മന്ത്രിമാരടക്കമുള്ളവരുടെ അത്തരം പ്രതികരണങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്നു കേന്ദ്രകമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻനിലപാട് മാറ്റേണ്ടതില്ലെന്നാണ് സർക്കാർ ദേവസ്വം ബോർഡിനോടു വ്യക്തമാക്കിയത്.

അതേസമയം ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ശബരിമലയിൽ യുവതികളെ വിലക്കുന്നത് ലിംഗ വിവേചനമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിക്കും. ഇത്തരത്തിൽ സമാനമായ പല ആചാരങ്ങളും ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും. കേരളത്തിൽ ആറ്റുകാൽ, ചക്കുളത്തുകാവ്, രാജസ്ഥാനിലെ ബ്രഹ്മക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ സമാനമായ ആചാരങ്ങൾ നിലനിൽക്കുന്നതായി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിക്കും. ആറ്റുകാൽ ക്ഷേത്രത്തിൽ പ്രത്യേക ദിവസങ്ങളിൽ പുരുഷന്മാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. അത് ലിംഗവിവേചനമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണെന്നും കേന്ദ്രസർക്കാർ. അത്തരം ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര നിലപാട് എന്നും സുപ്രീം കോടതിയെ അറിയിക്കും.

ഹിന്ദു മതത്തിൽ മാത്രമല്ല, ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലും വിവിധ വിഭാങ്ങളുണ്ട്. ഇവരുടെ ആചാരങ്ങൾ വ്യത്യസ്തമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വിശാലമായ ബെഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നതെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തി. ''പകരം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങൾക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണു തീരുമാനിച്ചത് .ഭൂരിപക്ഷ ബെഞ്ചിന്റെ ഈ തീരുമാനം 2018 ലെ വിധി ഉയർത്തിപ്പിടിക്കുന്നതിനു സഹായകമല്ല. എല്ലാ മേഖലയിലും സ്ത്രീ പുരുഷ തുല്യത എന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തവും അന്തിമവുമായ തീരുമാനം പ്രതീക്ഷിക്കുന്നു''കേന്ദ്ര കമ്മിറ്റി പറഞ്ഞു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സ്ത്രീകളുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുന്ന 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ ചില ജഡ്ജിമാരുടെ അസൗകര്യം കാരണം മുടങ്ങി. ഇന്നും വാദം നടക്കാനിടയില്ലെന്നാണു സൂചന. തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ െബഞ്ച് മുൻപാകെ വാദം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP