Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വന്നുനോക്കിയാൽ എല്ലാം മനസ്സിലാകും: ശബരിമലയിൽ അയ്യപ്പന്മാർ പുണ്യമലയിറങ്ങുന്നത് സുഖദർശനത്തിന് ശേഷമെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ്; ഭക്തജനതിരക്കേറുന്നുവെന്നും എല്ലാവർക്കും തൃപ്തിയും സന്തോഷവുമെന്നും ബോർഡ്; പുറത്തുകേൾക്കുന്നത്ര പ്രശ്‌നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കമ്മീഷൻ; തീർത്ഥാടകർ സംതൃപ്തരെന്ന് കമ്മീഷൻ വിലയിരുത്തുമ്പോഴും സംഘർഷം ഭയന്ന് 110 അംഗ ഭക്തസംഘത്തിന്റെ മടക്കവും

വന്നുനോക്കിയാൽ എല്ലാം മനസ്സിലാകും: ശബരിമലയിൽ അയ്യപ്പന്മാർ പുണ്യമലയിറങ്ങുന്നത് സുഖദർശനത്തിന് ശേഷമെന്ന് അവകാശപ്പെട്ട് ദേവസ്വം ബോർഡ്; ഭക്തജനതിരക്കേറുന്നുവെന്നും എല്ലാവർക്കും തൃപ്തിയും സന്തോഷവുമെന്നും ബോർഡ്; പുറത്തുകേൾക്കുന്നത്ര പ്രശ്‌നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കമ്മീഷൻ; തീർത്ഥാടകർ സംതൃപ്തരെന്ന് കമ്മീഷൻ വിലയിരുത്തുമ്പോഴും സംഘർഷം ഭയന്ന് 110 അംഗ ഭക്തസംഘത്തിന്റെ മടക്കവും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: പൊലീസ നിയന്ത്രണങ്ങളുടെ പേരിൽ പഴി കേൾക്കുന്ന എൽഡിഎഫ് സർക്കാരിന് ആശ്വാസമായി മനുഷ്യാവകാശ കമ്മീഷന്റെ വാക്കുകൾ. പുറത്തുകേൾക്കുന്നത്ര പ്രശ്‌നങ്ങളൊന്നും സന്നിധാനത്ത് ഇല്ലെന്നു മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി. കമ്മീഷൻ കണ്ട തീർത്ഥാടകരെല്ലാം സംതൃപ്തരാണ്. പമ്പയിൽ പ്രശ്‌നങ്ങളുണ്ട്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. സർക്കാരിന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ പറഞ്ഞു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിനോടും ഡി.ജി.പിയോടും വിശദീകരണം തേടിയതായും കമ്മിഷൻ അംഗം പി.മോഹൻദാസ് പറഞ്ഞു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഐ.ജിയുമായി സംസാരിക്കും. മാധ്യമങ്ങൾ പറയുന്ന രീതിയിലുള്ള അസൗകര്യങ്ങൾ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഇല്ല. തീർത്ഥാടകർ തന്നോട് അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ആരെങ്കിലും പരാതികളുമായി രംഗത്തെത്തിയാൽ പരിഗണിക്കും. ഇപ്പോൾ കമ്മിഷന്റെ പരിഗണനയിൽ 13 കേസുകളുണ്ട്. ഇവയെല്ലാം മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കും. സന്നിധാനത്ത് കുഴപ്പങ്ങളുണ്ടാക്കിയത് ഭക്തി കൂടിയവർ ആയിരിക്കും. യഥാർത്ഥ ഭക്തന്മാർ പ്രശ്നങ്ങളുണ്ടാക്കാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കണ്ട തീർത്ഥാടകരെല്ലാം സംതൃപ്തരാണ്.

പൊലീസിനെ ഭയന്ന് 110 അംഗ സംഘം മടങ്ങി

തീർത്ഥാടകർ സംതൃപ്തരാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിയെങ്കിലും, ശബരിമലയിലെ നിലവിലെ സംഘർഷങ്ങൾ ഭയന്ന് തീർത്ഥാടനം ഉപേക്ഷിച്ച് മുംബയിൽ നിന്നെത്തിയ 110 പേരടങ്ങിയ സംഘം മടങ്ങുന്നു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘമാണ് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങുന്നത്. മുംബയിൽ നിന്നെത്തിയ ഇവർ ശബരിമലയിലെ സംഘർഷങ്ങളും പൊലീസിന്റെ അമിത നിയന്ത്രണങ്ങളും കാരണമാണ് തങ്ങൾ മടങ്ങുന്നതെന്ന് അറിയിച്ചു. എരുമേലിയിൽ നിന്നും ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിൽ കൂടി സന്ദർശനം നടത്തിയ ശേഷമായിരിക്കും മടങ്ങിപ്പോവുക.

അറസ്റ്റില്ല; യുഡിഎഫ് സംഘം മടങ്ങി

അതേസമയം, ശബരിമലയിലെ ഭക്തരുടെ പ്രശ്നങ്ങൾ പരിശോധിക്കാനായി എത്തിയ യു.ഡി.എഫ് സംഘം പമ്പയിലെത്തി പ്രതിഷേധം നടത്തിയ ശേഷം മടങ്ങി. പമ്പയിലെ ഗണപതി ക്ഷേത്രത്തിന് സമീപം ശരണം വിളികളുമായി പ്രതിഷേധിച്ച യു.ഡി.എഫ് സംഘത്തിനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തിരികെ മടങ്ങാൻ തീരുമാനിച്ചത്. ശബരിമല പ്രശ്നത്തിൽ പരിഹാരം തേടി സംസ്ഥാന ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നേരത്തെ, നിരോധനാജ്ഞ ലംഘിക്കുമെന്ന് അറിയിച്ച് കൊണ്ട് നിലയ്ക്കലിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് സംഘത്തെ എസ്‌പി.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. എംഎ‍ൽഎമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇത് നേതാക്കന്മാർ അംഗീകരിച്ചില്ല. തുടർന്ന് എല്ലാവരെയും കടത്തിവിടാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

ഭക്തരുടെ തിരക്ക് ഏറുന്നുവെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ ഭക്തരുടെ തിരക്ക് ഏറുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ക്ഷേത്രനട തുറന്ന ആദ്യ രണ്ട് ദിനങ്ങളിൽ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു.എന്നാൽ 19, 20 തീയതികളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദർശന പുണ്യം നേടിയത്. 20-ാം തീയതി പൊതുഅവധി ആയതിനാൽ തന്നെ ഭക്തരുടെ തിരക്ക് വർദ്ധിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് മനസ് നിറഞ്ഞാണ് ഓരോ ഭക്തരും മലയിറങ്ങുന്നത്. ഭക്തി നിർഭരവും ശാന്തവുമായ അന്തീക്ഷത്തിലാണ് ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും.നടതുറന്ന് നാല് ദിവസം കഴിയുബോൾ അയ്യപ്പഭക്തരുടെ ശരണം വിളിയാൽ മുഖരിതമാണ് അയ്യപ്പ സന്നിധാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ആദ്യ ദിനങ്ങളിൽ എത്തിയവരിൽ അധികവും.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളിൽ തൃപ്തിയും സന്തോഷവും രേഖപ്പെടുത്താൻ അയ്യപ്പഭക്തർ മറക്കുന്നില്ല. മണിക്കൂറുകൾ നീണ്ട ക്യൂ, ദർശനത്തിനായി വലിയ നടപ്പന്തൽ ഉൾപ്പെടെയുള്ളിടത്ത് മണിക്കൂറുകളുടെ കാത്തിരിപ്പ്. ഇതൊന്നും ഇപ്പോൾ വേണ്ട. എല്ലാം കൃത്യമായ ക്രമീകരണത്തിലൂടെ നടക്കുകയാണ്. അയ്യപ്പനെ കൺകുളിർക്കെ കണ്ട് പ്രാർത്ഥിച്ച് നിറഞ്ഞ മനസ്സോടെ മടങ്ങുകയാണ് ഓരോ അയ്യപ്പഭക്തനും. മാളികപ്പുറങ്ങളും കുട്ടികളുമായും മിനിട്ടുകൾ നീണ്ട ദർശന സൗഭാഗ്യം നേടിയാണ് പുണ്യമലയിറങ്ങുന്നത്.

ഇരുമുടി കെട്ടുമായി എത്തുന്നവർക്ക് നെയ്യഭിഷേകത്തിനുള്ള സമയം പുലർച്ചെ 3.15 മുതൽ ഉച്ചക്ക് 12 മണി വരെയാക്കി ദീർഘിപ്പിച്ചതിലും ഭക്തർ സന്തുഷ്ടരാണ്. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് അയ്യപ്പദർശനത്തിന് പ്രത്യേകം വഴി സജ്ജമാക്കിയിട്ടുണ്ട്. നെയ്യഭിഷേകം ചെയ്യാനെത്തുന്നവർക്ക് വിരിവെച്ച് സന്നിധാനത്ത് തങ്ങി ,പുലർച്ചെ നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങാം. അയ്യപ്പഭക്തർക്ക് യാതൊരു നിയന്ത്രണവും ശബരിമലയിലില്ല. നെയ്യഭിഷേക ടിക്കറ്റ് വിതരണത്തിന് നിരവധി കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ വാങ്ങാനും പ്രത്യേക സജ്ജീകരണങ്ങൾ സന്നിധാനത്ത് റെഡിയാണ്. പ്രസാദ വിതരണത്തിന് കൗണ്ടറുകൾ നിരവധിയാണ്. ഭക്തർക്കായി 24 മണിക്കൂറും അന്നദാനം നൽകി കൊണ്ട് ദേവസ്വം ബോർഡും ഭക്തരെ സ്വീകരിക്കുകയാണ്.

അയ്യപ്പഭക്തർക്ക് താമസിക്കാൻ ആവശ്യാനുസരണം മുറികളും ദേവസ്വംബോർഡ് ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പുലർച്ചെ 3.15 ന് തുറക്കുന്ന അയ്യപ്പസന്നിധി രാത്രി 10.50ന് ഹരിവരാസനം പാടി 11 മണിക്കാണ് അടയ്ക്കുന്നത്. ദേവസ്വംബോർഡും സർക്കാരും പൊലീസും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഭക്തജന തിരക്കേറും. അപ്പം അരവണ കൗണ്ടറുകൾ പൂർണ്ണതോതിലാണ് പ്രവർത്തിക്കുന്നത് ഭക്തർക്ക് അനുഗ്രമായിട്ടുണ്ട്. പൊലീസിന് സഹായകരമായി ദുരന്തനിവാരണ സേനയും ദ്രുതർമ്മസേനയും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീർത്ഥടാകരെ സഹായിക്കുന്നതിനും കുടിവെള്ള വിതരണം ചെയ്യുന്നതിനായി വിവിധയിടങ്ങളിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ബോർഡ് അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP