Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയ്യപ്പനെ തൊഴാനെത്തുന്നവർ ആചാരലംഘനം തടഞ്ഞുകൊള്ളും; യുവതികളെ തടയാനായി പരിവാർ അണികൾ മല കയറില്ല; ശബരിമലയിൽ യുവതികളെ കയറ്റാനായി പിണറായി സർക്കാർ ശ്രമിക്കില്ലെന്ന് ആർഎസ്എസ് വിലയിരുത്തൽ; സ്ത്രീകൾ വന്നാൽ തടയുന്ന കാര്യം ഭക്തർ ഏറ്റെടുക്കുമെന്ന് ശബരിമല കർമ്മസമിതിയും; നേരത്തെ സ്ത്രീകളെ പൊതിഞ്ഞുകെട്ടി ആംബുലൻസിൽ എത്തിച്ചപ്പോൾ ആചാരലംഘനം നടന്നിട്ടില്ല; ശബരിമല വിഷയത്തിൽ ആർ.വി.ബാബുവിന്റെ അഭിപ്രായം ഹിന്ദുഐക്യവേദിയുടേത് പോലുമല്ലെന്നും മറുനാടനോട് എസ്‌ജെആർ കുമാർ

അയ്യപ്പനെ തൊഴാനെത്തുന്നവർ ആചാരലംഘനം തടഞ്ഞുകൊള്ളും; യുവതികളെ തടയാനായി പരിവാർ അണികൾ മല കയറില്ല; ശബരിമലയിൽ യുവതികളെ കയറ്റാനായി പിണറായി സർക്കാർ ശ്രമിക്കില്ലെന്ന് ആർഎസ്എസ് വിലയിരുത്തൽ; സ്ത്രീകൾ വന്നാൽ തടയുന്ന കാര്യം ഭക്തർ ഏറ്റെടുക്കുമെന്ന് ശബരിമല കർമ്മസമിതിയും; നേരത്തെ സ്ത്രീകളെ പൊതിഞ്ഞുകെട്ടി ആംബുലൻസിൽ എത്തിച്ചപ്പോൾ ആചാരലംഘനം നടന്നിട്ടില്ല; ശബരിമല വിഷയത്തിൽ ആർ.വി.ബാബുവിന്റെ അഭിപ്രായം ഹിന്ദുഐക്യവേദിയുടേത് പോലുമല്ലെന്നും മറുനാടനോട് എസ്‌ജെആർ കുമാർ

എം മനോജ് കുമാർ

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കാനിരിക്കെ ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ നീക്കമില്ലെന്നു ആർഎസ്എസ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വന്നു കഴിഞ്ഞതായി ആർഎസ്എസ് കരുതുന്ന തിരിച്ചടിയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കാത്തിരിക്കുന്ന തിരിച്ചടിയും മുന്നിൽ നിൽക്കെ സർക്കാർ ഇനി ആചാരലംഘനത്തിനു കൂട്ട് നിൽക്കാൻ ഇടയില്ലെന്നു തന്നെയാണ് ശബരിമല കർമ്മസമിതിയും ആർഎസ്എസും കണക്കുകൂട്ടുന്നത്.

അതുകൊണ്ട് തന്നെ ഇനി ശബരിമലയ്ക്ക് സംഘപരിവാർ അണികളെ എത്തിക്കേണ്ടെന്നാണ് പരിവാർ തീരുമാനം. ശബരിമലയിൽ ആചാരലംഘനം വന്നാൽ അത് ഭക്തർ തടയും. ശബരിമലയിൽ ആചാരം ലംഘിച്ച് സ്ത്രീകളെ കയറ്റിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വെറും അവകാശവാദമായി കണക്കാക്കിയാൽ മതിയെന്നുമാണ് പരിവാർ വിലയിരുത്തൽ. ഈ വിലയിരുത്തൽ തന്നെയാണ് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ മറുനാടനോട് പങ്കുവെച്ചതും. ജനവികാരം സർക്കാരിന് എതിരാണ്. അയ്യപ്പനെ കാണാൻ എത്തുന്നവർ അയ്യപ്പന്റെ ചാരലംഘനം തടയുകയും ചെയ്യും. തെന്നിന്ത്യയിലെ ഭക്തർ ആണ് ഇപ്പോൾ ആചാരലംഘനം തടയുന്നത്. അല്ലാതെ മലയാളികൾ മാത്രമല്ല-കുമാർ പറയുന്നു.

ശബരിമലയിൽ സ്ത്രീകളെ സർക്കാർ പൊതിഞ്ഞുകെട്ടി ആംബുലൻസിലാണ് എത്തിച്ചത്. പതിനെട്ടാം പടി കയറി ഒരു സ്ത്രീയും അയ്യപ്പനെ തൊഴുതിട്ടില്ല. ശബരിമലയിൽ കഴിഞ്ഞ തവണ സർക്കാർ യുവതീ പ്രവേശനം നടത്തിയപ്പോൾ ആവശ്യമായ ശുദ്ധികർമ്മങ്ങൾ നടയടച്ച് ശബരിമലയിൽ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശബരിമല യുവതികൾ കയറിയതായി കരുതുന്നില്ല. ആചാര ലംഘനവും നടന്നിട്ടില്ല. അയ്യപ്പനെ തൊഴുന്നതിനു ചടങ്ങുകൾ ഉണ്ട്. ഈ ചടങ്ങുകൾ ഒന്നും നടത്താതെ പതിനെട്ടാം പടി പോലും ചവിട്ടാതെയാണ് ശബരിമലയിൽ സർക്കാർ യുവതികളെ എത്തിച്ചത്.

ക്ഷേത്രത്തിൽ രക്തം വീണാൽ അശുദ്ധിയാണ്. മൂത്രം വീണാൽ അശുദ്ധിയാണ്. ഇത്തരം ഘട്ടങ്ങളിൽ ശുദ്ധികലശം നടത്തും. ഇതുപോലെ തന്നെയാണ് സർക്കാർ യുവതികളെ പൊതിഞ്ഞുകെട്ടി എത്തിച്ചപ്പോഴും സംഭവിച്ചത്. അവിടെ പരിഹാരക്രിയകൾ നടന്നു കഴിഞ്ഞു-കുമാർ പറയുന്നു. ശബരിമല സ്ത്രീകൾ കയറിയതിൽ കേസും നിലനിൽക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഇനിയും കേരളത്തിലെ, ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ച് ശബരിമലയിൽ ആചാരലംഘനം നടത്താൻ ഇടത് സർക്കാർ തയ്യാറാകില്ല. അങ്ങിനെ തയ്യാറായാൽ അപ്പോൾ ഈ നീക്കത്തെ നേരിടും-കുമാർ പറയുന്നു.

ശബരിമല നിരോധനം അറിയാത്ത ഒട്ടുവളരെ സ്ത്രീകൾ വരുന്നുണ്ട്. അവരെ മടക്കി അയക്കുന്നുമുണ്ട്. സർക്കാർ ഇതിനു മുന്നിട്ടിറങ്ങിയപ്പോൾ ആണ് പ്രശ്‌നം വന്നത്. പിണറായി സർക്കാർ ഹിന്ദു സമൂഹത്തെ അവഹേളിക്കുകയാണ്. വെല്ലുവിളിക്കുകയാണ്. അപ്പോഴാണ് പ്രശ്‌നം വന്നത്. സ്ത്രീകൾ സ്വമേധയാ സമരത്തിന് ഇങ്ങിനെ ഇറങ്ങിയത് കേരളം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ശബരിമല പ്രശ്‌നം ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന് പറയുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിസൾട്ടിനെ ഇടതുപക്ഷം ഭയപ്പെടുന്നുണ്ട്. ശബരിമല സമരം ഇടതുപക്ഷത്തിനു വൻ തിരിച്ചടിയാണ് സംഭവിക്കാൻ പോകുന്നത്. വരുന്ന ലോക്‌സഭാ ഫലത്തിൽ ഇതു പ്രതിഫലിക്കും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് തന്നെ സാഹസത്തിനു സർക്കാർ തയ്യാറാകില്ല.

ശബരിമല പ്രശ്‌നത്തിൽ സംഘപരിവാറിൽ ഭിന്നതയുണ്ടെന്നത് വെറും മാധ്യമ വാർത്തകൾ മാത്രമാണ്. ആർ.വി.ബാബു ഹിന്ദു ഐക്യവേദിയുടെ സംഘടനാ സെക്രട്ടറിയാണ്. ആർഎസ്എസ് നിലപാട് പ്രഖ്യാപിക്കാൻ ബാബുവിന് കഴിയില്ല. അത് പറയേണ്ടത് ആർഎസ്എസ് മാത്രമാണ്. ശബരിമല പ്രശ്‌നത്തിൽ ആർഎസ്എസ് ആചാര ലംഘനത്തിനും ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനു എതിരാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ എന്തെങ്കിലും വിവാദങ്ങൾ ആർക്കെങ്കിലും സൃഷ്ടിക്കാൻ കഴിയില്ല. ബാബു പറഞ്ഞത് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം പോലും ആകുന്നില്ല. അതിനു ശേഷമല്ലേ ആർഎസ്എസ് വരുന്നത്. ബിജെപിയുടെ അഖിലേന്ത്യാ പ്രകടന പത്രികയിൽ പറയുന്നത് ശബരിമല പ്രശ്‌നത്തിൽ നിയമനിർമ്മാണം നടത്തും എന്നാണ്.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്നെ ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ശബരിമല ആചാരലംഘനത്തിനു എതിരെയാണ് മോഹൻ ഭഗവത് പറഞ്ഞത്. കോടതി ഇടപെടേണ്ട കാര്യമല്ല ശബരിമല എന്നാണ് സർസംഘചാലക് പറഞ്ഞത്. അപ്പോൾ ആർഎസ്എസും ബിജെപിയും ഈ കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. ഇതിലും മുൻപേ തന്നെ ബാബുവിന് ഒരഭിപ്രായം പറയാൻ കഴിയില്ല. ശബരിമല തീരുമാനം എടുക്കുന്നത് ശബരിമല കർമ്മസമിതിയാണ്. ഈ കാര്യത്തിൽ മറിച്ച് ആരും പരിവാറിൽ നിന്നും ഒരു തീരുമാനം എടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യില്ല-കുമാർ പറയുന്നു.

അതേസമയം നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. ഇടവ മാസപൂജകൾക്ക് നാളെ വൈകിട്ട് 5നാണ് നട തുറക്കുന്നത്. ശബരിമലയിൽ സുരക്ഷാ സന്നാഹം പൊലീസ് ശക്തമാക്കിയെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഈ സുരക്ഷ സർക്കാർ പിൻവലിച്ചിരുന്നു. ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ പരമാവധി പരിശ്രമിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. യുവതികളെ നിലയ്ക്കലിൽ പരിശോധന നടത്തി സർക്കാർ തിരിച്ചയച്ചിരുന്നു. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം 19ന് രാത്രി 11 ഹരിവരാസനം പാടി നട അടയ്ക്കും. പമ്പയിലേക്ക് ഇപ്പോഴും സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നില്ല. കെഎസ്ആർടിസി മാത്രമാണ് നിലക്കൽ നിന്നും പമ്പയിലേക്ക് ഭക്തരെ എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP