Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിരവധിയിടങ്ങളിൽ പരിശോധന... പൊലീസുമായി തർക്കം... ഞൊടിയിടയിൽ കത്തിപടർന്ന പ്രതിഷേധങ്ങൾ... തീർത്ഥാടകർ മല ചവിട്ടിയത് അക്ഷരാർത്ഥത്തിൽ വലഞ്ഞ്; പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി ഭക്തർ വരികയും ഹൈക്കോടതി വിമർശിക്കുകയും ചെയ്തതോടെ പരമാവധി പ്രകോപനം ഒഴിവാക്കാൻ പൊലീസിന് കർശന നിർദ്ദേശം; ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച് സർക്കാർ ഒരറ്റ യുവതി പോലും പ്രവേശിക്കാതെ ഇന്ന് നട അടയ്ക്കും

നിരവധിയിടങ്ങളിൽ പരിശോധന... പൊലീസുമായി തർക്കം... ഞൊടിയിടയിൽ കത്തിപടർന്ന പ്രതിഷേധങ്ങൾ... തീർത്ഥാടകർ മല ചവിട്ടിയത് അക്ഷരാർത്ഥത്തിൽ വലഞ്ഞ്; പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി ഭക്തർ വരികയും ഹൈക്കോടതി വിമർശിക്കുകയും ചെയ്തതോടെ പരമാവധി പ്രകോപനം ഒഴിവാക്കാൻ പൊലീസിന് കർശന നിർദ്ദേശം; ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച് സർക്കാർ ഒരറ്റ യുവതി പോലും പ്രവേശിക്കാതെ ഇന്ന് നട അടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ചിത്തിര ആട്ട ഉത്സവത്തിനും ശബരിമലയിൽ യുവതീ പ്രവേശനം സാധ്യമാകില്ല. മലചവിട്ടാനെത്തിയ അഞ്ജുവിനെ വീട്ടുകാരെ വിളിച്ചു വരുത്തിയാണ് പൊലീസ് തിരിച്ചു വിട്ടത്. യുവതികളെ തടഞ്ഞാൽ കേസെടുക്കുമെന്ന ഭീഷണിയും വിലപോയില്ല. യുവതികളെത്തിയെന്ന സംശയത്തിൽ സ്ത്രീകളെ സന്നിധാനത്ത് ഇന്നും ഭക്തർ തടഞ്ഞു. വെറും കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ പൊലീസിന് കഴിഞ്ഞൂള്ളൂ. പമ്പയിലും ഇത് തന്നെയായിരുന്നു അവസ്ഥ. ആറ് ആന്ധ്രാ സ്ത്രീകളാണ് മടങ്ങിയത്. ഇന്നലെ എത്തിയ ചേർത്തലക്കാരിയേയും പൊലീസ് തിരിച്ചയച്ചു. ഭക്തരെ നിയന്ത്രിക്കാൻ ആവില്ലെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും പിടിവാശി ഉപേക്ഷിച്ചു. സ്ത്രീ പ്രവേശനം വേണ്ടെന്ന നിലപാടിൽ സർക്കാരുമെത്തി. ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടും പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്.

ശബരിമലയിൽ ഏറ്റവും കുറച്ച് തീർത്ഥാടകരെത്തുന്ന ദിവസങ്ങളിൽ ഒന്നാണ് ചിത്തിര ആട്ട ഉത്സവം. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതു കൊണ്ട് തന്നെ ഇതരസംസ്ഥാന ഭക്തർ തീരെ കുറവായിരിക്കും. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുന്നാളിന്റെ പിറന്നാൾ ദിവസം എന്നതിന് അപ്പുറമൊരു വിശ്വാസപരമായ പ്രസക്തിയും ഈ ദിവസത്തിനില്ല. അതുകൊണ്ട് തന്നെ തിരക്ക് കുറഞ്ഞ ദിവസം യുവതി പ്രവേശനം സാധ്യമാക്കാമെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. തുലമാസ പൂജയ്ക്ക് പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ആയിരങ്ങളെ അറസ്റ്റും ചെയ്തു. ഇതോടെ പ്രതിഷേധം ഉണ്ടാവില്ലെന്നും കരുതി. ഇതെല്ലാം തെറ്റിയതോടെയാണ് പിണറായി വിജയന് മനസ്സ് മാറ്റേണ്ടി വന്നത്. യുവതികളെ കയറ്റേണ്ടെന്ന് പൊലീസിന് നിർദ്ദേശവും നൽകിയതാണ് സൂചന. ഈ സാഹചര്യത്തിലാണ് ചേർത്തലക്കാരിയെ തിരിച്ചയച്ചത്.

സ്ത്രീകളെ ഭക്തർ സംശയത്തോടെയാണ് നോക്കുന്നത്. അമ്പത് തികഞ്ഞില്ലെന്ന് സംശയം തോന്നിയാൽ പോലും വലിയ പ്രതിഷേധത്തിന് സാഹചര്യമൊരുങ്ങുന്നു. ശുചിമുറികൾ അടച്ചും അന്നദാനം തടസ്സപ്പെടുത്തിയും ഭക്തരെ മലയിറക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ഇരുമുടി കെട്ടുമായെത്തിയ ഭക്തരെല്ലാം ആചാര സംരക്ഷണത്തിന് എന്തും ചെയ്യാൻ തയ്യാറാണ്. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പാടുപെട്ടു. ഭക്തരെ കൈകാര്യം ചെയ്യാൻ പൊലീസിന് കഴിയാത്ത സ്ഥിതിയും ഉണ്ട്. ഇതോടെ സർക്കാരും വെട്ടിലായി. കമാണ്ടോകളും സായുധ പൊലീസുമെല്ലാം സന്നിധാനത്ത് വെറും കാഴ്ചക്കാരായി. ഏറെ ബുദ്ധിമുട്ടുകളാണ് മല കയറ്റത്തിൽ ഭക്തർക്ക് നേരിടേണ്ടി വന്നത്. ഇത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് പ്രസ്‌കതം. ശബരിമല വിഷയത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സർക്കാരിന് തിരിച്ചടിയായി.

ശബരിമല പാതയിൽ പൊലീസ് ഒരുക്കിയ കർശന സുരക്ഷയിൽ നട്ടം തിരിഞ്ഞാണ് തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. സമയ നിയന്ത്രണവും വാഹന പരിശോധനയും കാരണം ആയിരങ്ങൾ മണിക്കൂറുകൾ വഴിയിൽ കുടങ്ങി. ശബരിമല പാതയിൽ ഒരേ വാഹനം അഞ്ചിടത്തു പരിശോധിച്ചു. കോട്ടയം റൂട്ടിൽ എരുമേലി, എംഇഎസ് കോളജ് ജംക്ഷൻ, കണമല, നിലയ്ക്കൽ, പമ്പ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പത്തനംതിട്ട റൂട്ടിൽ വടശേരിക്കര, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിലുമായിരുന്നു വാഹന പരിശോധന. പമ്പസന്നിധാനം പാതയുടെ തുടക്കത്തിൽ മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള പതിവു പരിശോധനയും നടന്നു. തന്ത്രി കണ്ഠര് രാജീവരെ പോലും സ്‌കാനറിലൂടെ കയറ്റിയാണു സന്നിധാനത്തേക്കു വിട്ടത്. എന്നാൽ ഇരുചെവിയറിയാതെ ബിജെപി നേതാവ് കെ സുരേന്ദ്രനും വിവി രാജേഷും സന്നിധാനത്ത് എത്തി.

പരിശോധനകളിൽ സഹികെട്ട് അയ്യപ്പഭക്തർ പലപ്പോഴും പൊലീസുമായി തർക്കത്തിലായി എന്നതും പ്രതിഷേധ സാഹചര്യമുണ്ടാക്കി. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും പ്രതിഷേധം അറിയിച്ച ശേഷമാണു തീർത്ഥാടകർ മല കയറിയത്. ഇരുമുടിക്കെട്ടു പരിശോധിക്കരുതെന്നു പൊലീസ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം ബാഗ് പരിശോധനയും ദേഹ പരിശോധനയും നടന്നു. ആട്ടത്തിരുനാളിലെ റെക്കോർഡ് തീർത്ഥാടക പ്രവാഹമാണ് ഇത്തവണ. യുവതീപ്രവേശം തടയാൻ സംഘ് പരിവാർ സംഘടനകളുടെ വൻസംഘം പമ്പയിൽ തമ്പടിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കാര്യങ്ങൾ നടന്നതും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തിൽ ഗണപതി അമ്പലത്തിനു സമീപം ആയിരക്കണക്കിന് അയ്യപ്പ ഭക്തർ വിരിവച്ചു കിടപ്പുണ്ട്. ഇതും പതിവില്ലാത്ത കാഴ്ചയായി.

നേരത്തേയെത്തിയ തീർത്ഥാടകരെ എരുമേലിയിലും ളാഹയ്ക്കു സമീപവും പൊലീസ് തടഞ്ഞു. തീർത്ഥാടകർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടി. 8നു ശേഷമാണു വാഹനങ്ങൾ നിലയ്ക്കലേക്കു കടത്തി വിട്ടത്. മാധ്യമ പ്രവർത്തകരെയും വഴിയിൽ ഉടനീളം തടഞ്ഞു. തിരിച്ചറിയൽ രേഖകൾ നൽകിയ ശേഷമാണ് കടത്തി വിട്ടത്. നിലയ്ക്കലിൽ എത്തിയവരെ 12നു ശേഷമേ കടത്തി വിടൂ എന്ന തീരുമാനം പ്രതിഷേധത്തിനിടയാക്കി. സർവീസ് നടത്താൻ കെഎസ്ആർടിസി ഒരുക്കമായിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രതിഷേധം ശക്തമായതോടെ 11.10ന് ആദ്യ ബസ് പുറപ്പെട്ടു. ഇതെല്ലാം യുവതി പ്രവേശനം സാധ്യമാക്കാനുള്ള സർക്കാർ ഇടപെടലായിരുന്നു. എന്നാൽ ഭക്തരുടെ ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള ഉറച്ച നിലപാടിന് മുമ്പിൽ ഇതെല്ലാം വെറുതെയായി.

ചോറൂണിനു കുട്ടിയുമായി എത്തിയ കുടുംബത്തിനു നേരെ തീർത്ഥാടകരുടെ പ്രതിഷേധവും ഉണ്ടായി. കുടുംബം മല ചവിട്ടാൻ പോവുകയാണെന്നു തെറ്റിദ്ധരിച്ചു പ്രതിഷേധിച്ചവർ വാസ്തവം മനസ്സിലാക്കിയതോടെ പിന്തിരിഞ്ഞു. തൃശൂർ സ്വദേശിയാണ് ചോറൂണിന് എത്തിയത്. കുട്ടിയുടെ അമ്മയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അയ്യപ്പന്മാർ കുടുംബത്തിനു ചുറ്റുംനിന്നു ശരണം വിളിച്ചു. പരിഭ്രാന്തിയിലായ കുടുംബത്തെ പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. ബസ് വിടാൻ പൊലീസ് തയാറാകാതെ വന്നതോടെ അഞ്ഞൂറിലധികം വരുന്ന ഭക്തർ പമ്പയിലേക്കുള്ള 20 കിലോമീറ്റർ ദൂരം നടന്നതും പൊലീസിനെ ഞെട്ടിച്ചു. പത്തുമണിയോടെ സംഘം നടന്നു പോയതിനു ശേഷമാണു കെഎസ്ആർടിസി ബസ് വിടാൻ തയാറായത്. നടന്നു പോയവർ ശരണം വിളിച്ചു റോഡ് നിറഞ്ഞു നടന്നതോടെ ബസുകളും പൊലീസ് ജീപ്പുകളും പിന്നിലായി. ഇതിനാൽ വൈകിയാണു ബസ് പമ്പയിലെത്തിയത്.

ഇതിനിടെയാണ് ദർശനത്തിനുപോകാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് യുവതിയും കുടുംബവും പമ്പയിലെത്തിയത്. ചേർത്തല അരീപ്പറമ്പ് സ്വദേശി വിജിത്തും ഭാര്യ അഞ്ജുവും (30) ഇവരുടെ രണ്ടുമക്കളുമാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പമ്പയിലെത്തിയത്. ഭർത്താവാണ് യുവതിയെ സന്നിധാനത്തേക്കുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് ഇടയുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇവർ മടങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ അയ്യപ്പന്മാർ പമ്പയിൽ ശരണം മുഴക്കി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പമ്പാ ആഞ്ജനേയ മണ്ഡപത്തിൽ ശരണമന്ത്രം ജപിച്ചിരുന്ന് പ്രതിഷേധിച്ചു. ഭക്തരും ഒപ്പം കൂടി. യുവതി മടങ്ങണമെന്നായിരുന്നു ആവശ്യം. രാത്രിവൈകിയും പൊലീസ് ഇരുകൂട്ടരുമായി സംസാരം തുടരുന്നു. പിന്നെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടു.

ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു യുവതിയേയും കുടുംബത്തേയും പൊലീസ് സംരക്ഷണത്തോടെ തിരിച്ചയച്ചത്. യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ യുവതിയുമായി ബന്ധപ്പെട്ട പശ്ചാത്തലം തിരക്കുകയും ചെയ്തു. പൊലീസുമായുള്ള ചർച്ചകൾക്കിടെ സന്നിധാനത്തേക്കില്ലെന്ന് യുവതി നിലപാടെടുത്തെങ്കിലും ഭർത്താവ് വഴങ്ങിയില്ല. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് മുൻ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നീക്കം കരുതലോടെയായി. ചേർത്തലയിലെ ബന്ധുക്കളേയും ഇതിനിടയിൽ പൊലീസ് വിവരം അറിയിച്ചു. രാത്രി വൈകി ഇവരെത്തിയതോടെ യുവതിയും ഭർത്താവും നിലപാട് മാറ്റി മടങ്ങാൻ തയ്യാറാവുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ഇവരുടെ മടക്കം. ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് തുറന്ന ശബരിമല നട ഹരിവരാസനം പാടി ഇന്നലെ രാത്രി പത്തരയോടെ അടച്ചു.

നിരോധനാജ്ഞയ്ക്കിടയിൽ പൊതുവെ സമാധാനപരമായാണ് ശബരിമലയിൽ ദർശനം നടന്നത്. വൈകുന്നേരം അഞ്ചരയോടെ തുറന്ന നട അഞ്ച് മണിക്കൂറോളം നീണ്ട ദർശനത്തിന് ശേഷമാണ് അടച്ചത്. ഏഴായിരത്തോളം പേർ ദർശനം നടത്തിയതായി പൊലീസ് പറഞ്ഞു. വൻ ആൾത്തിരക്കായിരുന്നു ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാൽ, കഴിഞ്ഞ വർഷം ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തോളം പേർ മാത്രമേ ദർശനം നടത്തിയിരുന്നൊള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP