Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി റിവ്യൂ ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ യുവതികളെ പ്രവേശിക്കുന്നത് നിരോധിക്കുക എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ബിജെപിയും വ്യക്തമാക്കും; എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള ഒത്തുതീർപ്പിന് വഴങ്ങാൻ റെഡിയെന്ന് കോൺഗ്രസും അറിയിക്കും; സർവ്വകക്ഷി യോഗത്തിന് കളം ഒരുക്കിയെങ്കിലും സർക്കാർ അയഞ്ഞില്ലെങ്കിൽ അടിച്ചു പരിയും; എല്ലാ കണ്ണുകളും ഇന്നത്തെ ചർച്ചയിലേക്ക്

സുപ്രീംകോടതി റിവ്യൂ ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ യുവതികളെ പ്രവേശിക്കുന്നത് നിരോധിക്കുക എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ബിജെപിയും വ്യക്തമാക്കും; എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള ഒത്തുതീർപ്പിന് വഴങ്ങാൻ റെഡിയെന്ന് കോൺഗ്രസും അറിയിക്കും; സർവ്വകക്ഷി യോഗത്തിന് കളം ഒരുക്കിയെങ്കിലും സർക്കാർ അയഞ്ഞില്ലെങ്കിൽ അടിച്ചു പരിയും; എല്ലാ കണ്ണുകളും ഇന്നത്തെ ചർച്ചയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരുമ്പോൾ കേരളം പ്രതീക്ഷയിലാണ്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തിൽ കലാപാന്തരീക്ഷമുണ്ടെന്ന് ഏവരും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. വിഷയത്തിൽ സമവായത്തിന് സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ ഒരു പ്രതിനിധി വീതമാണു പങ്കെടുക്കുക. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പങ്കെടുക്കും. യോഗത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നതിൽ സർക്കാരും വിവിധ കക്ഷികളും ഇന്നു രാവിലെയോടെയായിരിക്കും അന്തിമതീരുമാനത്തിലെത്തുക. ഇതിന് ശേഷം പന്തളം കൊട്ടരം പ്രതിനിധികളുമായും തന്ത്രി കുടുംബവുമായും ചർച്ച ചെയ്യും. കോടതി വിധി നടപ്പാക്കരുതെന്ന നിലപാടിലാണ് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും.

സുപ്രീംകോടതി റിവ്യൂ ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ യുവതികളെ പ്രവേശിക്കുന്നത് നിരോധിക്കുക എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ബിജെപിയും വ്യക്തമാക്കും. എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള ഒത്തുതീർപ്പിന് വഴങ്ങാൻ റെഡിയെന്ന് കോൺഗ്രസും അറിയിക്കും. ഇതിനോട് സർക്കാർ സ്വീകരിക്കുന്ന നിലപാടാകും നിർണ്ണായകം. സർവ്വകക്ഷിയോഗത്തിന് കളം ഒരുക്കിയെങ്കിലും സർക്കാർ അയഞ്ഞില്ലെങ്കിൽ യോഗം അടിച്ചു പരിയും താൽകാലിക നിരോധനം അല്ലാതെ മറ്റൊന്നും തൽകാലം പ്രശ്‌ന പരിഹാരമാവില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. സർവ്വകക്ഷി യോഗം തെറ്റിപിരിഞ്ഞാൽ അതിന് ശേഷം നടക്കുന്ന പന്തളം കൊട്ടാരവും തന്ത്രി കുടുംബവും തമ്മിലെ ചർച്ചയും വെറുതെയാകും. യുവതികളെത്തിയാൽ നട അടയ്‌ക്കേണ്ടി വരുമെന്ന നിലപാട് തന്ത്രികുടുംബവും സർക്കാരിനെ അറിയിക്കും.

സർക്കാർ നിലപാടിന് അന്തിമരൂപം നൽകാൻ സിപിഎം സിപിഐ ആശയവിനിമയം ഇന്നു നടക്കും. സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണനും (സിപിഎം) കാനം രാജേന്ദ്രനും (സിപിഐ) യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു മുൻപ് പിണറായികോടിയേരികാനം ചർച്ചയ്ക്കും സാധ്യതയുണ്ട്. ഇതുവരെയുള്ള നടപടികൾ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കും. സംഘർഷമില്ലാതെ വിധി നടപ്പാക്കണമെന്നായിരിക്കും സർക്കാർ ആവശ്യപ്പെടുക. യുഡിഎഫും ബിജെപിയും നിലപാടു മാറ്റാത്തതിനാൽ ഇത് അംഗീകരിക്കപ്പെടില്ല. ഇതിനൊപ്പം തന്ത്രിയുടേയും പന്തളം കൊട്ടരത്തിന്റേയും നിലപാടും നിർണ്ണായകമാകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാടുകളിൽ ഉറച്ച് നിന്നാൽ ചർച്ച പരജായപ്പെടും. അതേസമയം, മണ്ഡലകാലം സമാധാനപരമാകാനുള്ള സാധ്യതകൾ ആരായണമെന്ന അഭിപ്രായം ശക്തമാണ്. സർവകക്ഷി യോഗത്തിൽ സർക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്നും ഒത്തുതീർപ്പുനീക്കങ്ങൾക്കു പ്രധാന്യം നൽകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതും സമാധാനസൂചനയാണ്.

മണ്ഡല, മകരവിളക്ക് കാലം സുഗമമാക്കുന്ന നിലപാട് സ്വീകരിക്കും. വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാനാണു സന്നിധാനത്ത് 50 വയസിൽ കൂടുതലുള്ള വനിതാ പൊലീസിനെ നിയമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനി യുവതികൾ എത്തിയാൽ സുരക്ഷയൊരുക്കുമോയെന്ന കാര്യത്തിലാണ് സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ച് സർക്കാർ അത് ചെയ്യേണ്ടി വരും. സർവകക്ഷി യോഗത്തിലെ തീരുമാനമെന്ന നിലയിൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് അതിനുശേഷം കൊട്ടാരം പ്രതിനിധികൾ, തന്ത്രികുടുംബം എന്നിവരുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ചർച്ചകൾ വിജയകരമെങ്കിൽ സമരരംഗത്തുള്ള ശബരിമല കർമസമിതിയെ വരുംദിവസങ്ങളിൽ കൂടിക്കാഴ്ചയ്ക്കു വിളിക്കാനും സാധ്യതയുണ്ട്.

സർവകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ യുഡിഎഫ് കക്ഷികൾ രാവിലെ 10ന് യോഗം ചേരും. കോൺഗ്രസിൽ നിന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണു പങ്കെടുക്കുന്നത്. ബിജെപിയെ പ്രതിനിധീകരിച്ചു സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയാണു പങ്കെടുക്കുക. സർവകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചു ഭാവികാര്യങ്ങൾ എന്നാണു ബിജെപി നിലപാട്. സർവകക്ഷിയോഗം ചേരണമെന്നു ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും സർക്കാരിനു വൈകിവന്ന ബുദ്ധിയാണിതെങ്കിലും പ്രതീക്ഷവയ്ക്കുന്നുവെന്നുമാണു ശ്രീധരൻ പിള്ള പറയുന്നത്. ഇതിനിടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശം അനുവദിക്കണമെന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം. സ്റ്റേയില്ലെന്നു സുപ്രീം കോടതി ഇന്നലെയും വ്യക്തമാക്കി.

ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തിയ യുവതികൾ എത്തിയാൽ തിരിച്ചയയ്ക്കുന്നത് കോടതിയലക്ഷ്യമായേക്കാം എന്നും നിയമോപദേശമുണ്ട്. തൽക്കാലം നിലവിലുള്ള സ്ഥിതി തുടരട്ടെയെന്നും കോടതിയലക്ഷ്യം വന്നാൽ അപ്പോൾ നോക്കാമെന്നുമാണ് മന്ത്രിസഭയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അങ്ങനെ സർക്കാരിൽ സർവ്വത്ര ആശക്കുഴപ്പമാണ്. സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതും ഒത്തുതീർപ്പുനീക്കങ്ങൾക്കു സർക്കാർ തയ്യാറാകുമെന്ന സൂചനയാണ് നൽകുന്നത്. കോടതി അലക്ഷ്യം വരുത്തി വയ്ക്കാതെ തന്ത്രപരമായ ഇടപെടലിന് സർക്കാർ ശ്രമിക്കും. ക്രമസമാധാനത്തിന്റെ പേരിൽ യുവതി പ്രവേശനം നീട്ടിക്കൊണ്ടു പോകുന്ന തരത്തിലാകും ഇടപെടലുണ്ടാകുക. തുലാമാസത്തിലും ആട്ടചിത്തിരയ്ക്കും ഇതാണ് സംങവിച്ചതും.

നിലപാടിൽ ഉറച്ച് കൊട്ടാരവും തന്ത്രി കുടുംബവും

തന്ത്രികുടുംബം, പന്തളം കൊട്ടാര പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രിയുടെ ചർച്ച. മുൻപും കൂടിക്കാഴ്ചയ്ക്കു സർക്കാർ ശ്രമം നടത്തുകയും ദൂതനായി ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാനും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എം.രാജഗോപാലൻ നായരെ അയയ്ക്കുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല. സർക്കാർ നിലപാടു മാറ്റാതെ ചർച്ചയ്ക്കില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു തന്ത്രി കുടുംബവും കൊട്ടാരവും. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ക്ഷണപ്രകാരം കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, പി.ജി. ശശികുമാര വർമ, പി.എൻ. നാരായണവർമ എന്നിവരാണു ഇന്ന് ചർച്ചയ്‌ക്കെത്തുന്നത്. ആചാരങ്ങൾ സംരക്ഷിക്കുക, യുവതീപ്രവേശ നടപടികൾ ജനുവരി 22 വരെ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളായിരിക്കും ഇവർ മുഖ്യമന്ത്രിയോട് ഉന്നയിക്കുക.

ഇതിനോട് അനുഭാവപൂർണമായ നിലപാടു സർക്കാരിനു സ്വീകരിക്കേണ്ടിവരും. കൂടുതൽ കർക്കശ നിലപാടിലേക്കു നീങ്ങിയാൽ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന ആരോപണം ശക്തമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഈ ചർച്ചയിൽ പങ്കെടുക്കും.സാവകാശ ഹർജിയടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണു ബോർഡിന്റെയും അഭിപ്രായം.

സുപ്രീംകോടതിയെ സർക്കാർ കാര്യങ്ങൾ ബോധ്യപ്പെടുത്തുമോ?

സർക്കാർ മുൻപ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിർണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നത്. പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ, യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകാൻ ദേവസ്വം ബോർഡിനെ അനുവദിക്കുക എന്ന പരിഹാരമാർഗമാണ് ശക്തമായി ഉയരുന്നത്. കടുംപിടിത്തം വേണ്ടെന്ന അഭിപ്രായം മന്ത്രിസഭയിൽ തന്നെയുണ്ട്.

വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തയാറായതിനാൽ 1991ലെ ഹൈക്കോടതി വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ തിരികെ അയയ്ക്കാം. യുവതികൾ കോടതിയലക്ഷ്യ നടപടിയിലേക്കു പോയാൽ സർക്കാരിനു ക്ഷമാപണം നടത്തേണ്ടിവരും. ക്രമസമാധാന പ്രശ്‌നങ്ങളും സൗകര്യക്കുറവും മൂലമുള്ള പ്രായോഗിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ സാവകാശം തേടുക. യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന കടുംപിടുത്ത നിലപാടിനു പകരം പൊലീസ് ഇടപെടൽ ലഘുവാക്കുക. യുവതികളെ പ്രശ്‌നങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക.

ശബരിമല യുവതീപ്രവേശ വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ ഉടനെ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളിയിരുന്നു. ഹർജിക്കാരിലൊരാളായ ഷൈലജ വിജയന്റെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻപാകെ ആവശ്യമുന്നയിച്ചത്. ജനുവരി 22ന് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിയുടെ ഈ നിലപാട് സർക്കാരിന്റെ സമവായ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഇനി കോടതിയെ സമീപിച്ചാലും സമാന നിലപാട് കോടതി ആവർത്തിക്കാനാണഅ സാധ്യത.

ഭക്തരെ നാളെ മുതൽ പമ്പയിലേക്ക് വിടും

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. ഭക്തർക്കു നാളെ രാവിലെ 11 മുതൽ നിലയ്ക്കലേക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിലയ്ക്കൽ - പമ്പ കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് 12 മുതൽ ഓടും. ഡിസംബർ 27നാണ് നട അടയ്ക്കുന്നത്.

മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള കെഎസ്ആർടിസി സ്‌പെഷൽ സർവീസുകൾക്കും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾക്കും നിരക്ക് കുത്തനെ കൂട്ടി. 30% ആണു വർധന. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽനിന്നും പമ്പയിലേക്കുള്ള സർവീസുകൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. നാളെയാണു പ്രാബല്യത്തിൽ വരികയെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പുതിയ നിരക്ക് ഇന്നലെത്തന്നെ ഈടാക്കിത്തുടങ്ങി. ഇതും പ്രതിഷേധത്തിന് ഇട വയ്ക്കാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP