Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീസണാകുമ്പോൾ ഒരുമിച്ച് നിക്ഷേപിക്കാൻ കാത്തിരുന്ന പെൻഷൻ ഫണ്ട് വിതരണം മുടങ്ങി; ഒരു മാസം കൂടി കഴിഞ്ഞാൽ ശമ്പളവും മുടങ്ങും; വാട്ടർ അഥോറിട്ടിക്കും കെഎസ്ഇബിക്കും കൊടുക്കാൻ പണമില്ല; ഉണ്ടാക്കിയ അരവണ കെട്ടിക്കിടക്കുന്നതോടെ അതും നഷ്ടക്കച്ചവടം; സർക്കാർ പിടിവാശിയിൽ പ്രതിസന്ധിയിലായത് ശബരിമല അടക്കം 64 ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് 1253 ക്ഷേത്രങ്ങൾ പരിപാലിക്കേണ്ട ദേവസ്വം ബോർഡ്

സീസണാകുമ്പോൾ ഒരുമിച്ച് നിക്ഷേപിക്കാൻ കാത്തിരുന്ന പെൻഷൻ ഫണ്ട് വിതരണം മുടങ്ങി; ഒരു മാസം കൂടി കഴിഞ്ഞാൽ ശമ്പളവും മുടങ്ങും; വാട്ടർ അഥോറിട്ടിക്കും കെഎസ്ഇബിക്കും കൊടുക്കാൻ പണമില്ല; ഉണ്ടാക്കിയ അരവണ കെട്ടിക്കിടക്കുന്നതോടെ അതും നഷ്ടക്കച്ചവടം; സർക്കാർ പിടിവാശിയിൽ പ്രതിസന്ധിയിലായത് ശബരിമല അടക്കം 64 ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് 1253 ക്ഷേത്രങ്ങൾ പരിപാലിക്കേണ്ട ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സാധാരണ തീർത്ഥാടനകാലത്ത് എത്തുന്നതിനേക്കാൾ വളരെ കുറവ് തീർത്ഥാടകർ മാത്രമാണ് എത്തുന്നത്.യുവതി പ്രവേശന വിധിയോടെ വലിയ പ്രതിസന്ധിയിലേക്ക് തീർത്ഥാടനം മാറി. നിരോധനാജ്ഞ ലംഘിക്കുന്നതും കാറുകൾക്കും മറ്റും പൊലീസ് സ്‌റ്റേഷനിൽ നിന്ന് പാസും നിർബന്ധമാക്കിയതോടെ മലയാളി ഭക്തർ ശബരിമലയിൽ നിന്നും മാറി നിന്നു. ഇതോടെ ഉണ്ടായ ബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. 2017-18ൽ ശബരിമലയിൽ നിന്നുൾപ്പെടെ ബോർഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെൻഷൻ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉൾപ്പെടെ ചെലവ് 677 കോടി. ശബരിമല തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ ഇടത്താവളങ്ങളായ പ്രമുഖക്ഷേത്രങ്ങളിലും വരുമാനം ആനുപാതികമായി കുറഞ്ഞു. ചോറ്റാനിക്കര, ഏറ്റുമാനൂർ, ചെങ്ങന്നൂർ, ആറന്മുള, മലയാലപ്പുഴ ക്ഷേത്രങ്ങൾ ഉദാഹരണമാണ്.

ശബരിമല നടതുറന്നശേഷം ആദ്യ ആറു ദിവസത്തെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 14.34 കോടി കുറവുണ്ട്. ഓരോ മാസവും ചെലവിനുശേഷമുള്ള തുകയുടെ വിഹിതം ജീവനക്കാരുടെ പെൻഷൻ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാറുണ്ട്. നാലുമാസമായി തുക നിക്ഷേപിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളവിതരണവും പതിസന്ധിയിലാകും. പെൻഷൻ ഫണ്ടിൽ തുകയുള്ളതിനാൽ മൂന്നോ നാലോ വർഷത്തേക്ക് പെൻഷനെ ബാധിക്കില്ല. എന്നാൽ, നിക്ഷേപവിഹിതം മുടങ്ങിയത് ഭാവിയിൽ പ്രതിസന്ധിയുണ്ടാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ 20 ഗ്രൂപ്പുകളിലായി 1253 ക്ഷേത്രങ്ങളുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ടത് 60-64 എണ്ണം. അതായത് 1253 ക്ഷേത്ര നടത്തിപ്പും പ്രതിസന്ധിയിലാകും.

താത്കാലികക്കാർ ഉൾപ്പെടെ 5250-ഓളം ജീവനക്കാർക്ക് ശമ്പളത്തിനുമാത്രം മാസം വേണ്ടത് ശരാശരി 30 കോടി. ബോണസുൾപ്പെടെ 65 കോടി. ആകെ പെൻഷൻകാർ 4665. (ക്ഷേത്രജീവനക്കാർ 3200, മറ്റ് ജീവനക്കാർ 1465). പെൻഷന് ഒരുവർഷം വേണ്ടത് 105 കോടി രൂപ. ശബരിമല നടതുറന്ന് 10 ദിവസം പിന്നിടുമ്പോൾ, വരുമാനം മുൻവർഷങ്ങളെക്കാൾ കുത്തനെ ഇടിഞ്ഞെങ്കിലും പൊലീസിനായി ചെലവഴിച്ചതു രണ്ടുകോടിയിലധികം രൂപയാണ്. ക്ഷണച്ചെലവുമാത്രം പ്രതിദിനം 10 ലക്ഷത്തിലധികം രൂപയാണ്. കാണിക്ക, വഴിപാട് ഇനങ്ങളിൽ വരുമാനം പാതിയിൽ താഴെയായതോടെ ദേവസ്വം ബോർഡ് വൻപ്രതിസന്ധിയിലാണ്. ലേലമടക്കം മറ്റു വരുമാനങ്ങളിലും വൻകുറവുണ്ടായി. സന്നിധാനത്തു തിരക്കു കുറഞ്ഞതോടെ, പലിശസഹിതം ലേലത്തുക മടക്കിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണു വ്യാപാരികൾ.

പലരും കഴിഞ്ഞ ജൂലൈയിലാണു കടകൾ ലേലത്തിനെടുത്തത്. അതിനുശേഷം പ്രളയം മൂലവും തീർത്ഥാടകരുടെ വരവു കുറഞ്ഞു. ഇതുവരെ 260 കടകളിൽ 100 എണ്ണമേ ലേലത്തിൽ പോയിട്ടുള്ളൂ. മുൻവർഷത്തെ അപേക്ഷിച്ച് കച്ചവടത്തിൽ 80% ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. ജൂലൈയിൽ കടകൾ ലേലംകൊണ്ടവരാണു കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മണ്ഡലകാലത്തു രാത്രി 10-നുശേഷം കട അടയ്ക്കണമെന്ന നിർദ്ദേശവും സന്നിധാനത്തേക്കു രാത്രിയാത്ര നിരോധിച്ചതും വ്യാപാരികളെ ഏറെ ബാധിച്ചു. കഴിഞ്ഞകൊല്ലത്തെ വരുമാനത്തിൽ ശബരിമലയിലെ വരവ് 330.43 കോടി.

ഇതിൽ 75 കോടി ശബരിമലയിൽത്തന്നെ ചെലവഴിച്ചു. ബാക്കി തുകയുടെ വിഹിതം വരുമാനമില്ലാത്ത ക്ഷേത്രങ്ങൾക്കായി നീക്കിവെക്കണം. ശബരിമല തീർത്ഥാടനകാലത്ത് വാട്ടർ അഥോറിറ്റി, കെ.എസ്.ഇ.ബി. സേവനങ്ങൾക്ക് പണം നൽകണം. വാട്ടർഅഥോറിറ്റിക്ക് നിലവിൽ കോടികളുടെ കുടിശ്ശികയുണ്ട്. മറ്റ് സർക്കാർ വകുപ്പ് ജീവനക്കാരുടെ താമസ-ഭക്ഷണച്ചെലവും ബോർഡ് വഹിക്കണം. അരവണയുണ്ടാക്കാനും ഭാരിച്ച ചെലവാണ്. വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വിലയിൽ 5 രൂപ ദേവസ്വം ബോർഡ് കുറച്ചു. 40 രൂപയായിരുന്നത് 35 രൂപയാക്കി. അരവണയുടെ വിലയിൽ മാറ്റമില്ല. 80 രൂപയാണു ഒരു ടിൻ അരവണയുടെ വില.

നാമജപം തുടരുന്നു

ശബരിമലയിൽ ഞായറാഴ്ച രാത്രി പത്തോടെ മുപ്പതോളം ഭക്തർ മാളികപ്പുറം ക്ഷേത്രത്തിനു താഴെ തിരുമുറ്റത്തു നാമജപം നടത്തി. പൊലീസ് ഇവർക്കരികിൽ നിലയുറപ്പിച്ചു. ഹരിവരാസനം പാടുന്ന സമയത്തു നാമജപം നിർത്തിയ ഇവർ, നട അടച്ചതിനു പിന്നാലെ സമാധാനപരമായി പിരിഞ്ഞുപോയി. നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും തുടരുമ്പോഴും ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ട്.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിനു ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ അടക്കം 10 പേരെ അറസ്റ്റ് ചെയ്തു.

സന്നിധാനത്തേക്കു പോകാൻ അനുമതി ചോദിച്ച് 2 വാഹനങ്ങളിലായി എത്തിയ പ്രവർത്തകരോടു നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിവരാമെന്നു രേഖാമൂലം ഉറപ്പുനൽകണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ പ്രവർത്തകർ തയാറായില്ല. പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാനും വിസമ്മതിച്ചു. നിരോധനാജ്ഞ അംഗീകരിക്കില്ലെന്ന് അറിയിച്ചു റോഡിൽ നാമജപ പ്രതിഷേധവും നടത്തി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി പെരിനാട് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നാമജപ പ്രതിഷേധം ശക്തിപ്പെടുകയും കഴിഞ്ഞ രാത്രിയിൽ കൂട്ട അറസ്റ്റ് ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാനുള്ള സാധ്യത മങ്ങി. കഴിഞ്ഞദിവസം അറസ്റ്റിലായ 82 പേരെ മണിയാർ ക്യാംപിൽനിന്നു പുലർച്ചെ അഞ്ചരയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP