Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നുവെന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെങ്കിലും ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള യുവതികളുടെ ലിസ്റ്റ് എടുക്കാൻ കുടുംബശ്രീ വഴി സിപിഎം ശ്രമം തുടരുന്നു; എതിർപ്പിനെ തുടർന്ന് പട്ടിക തയ്യാറാക്കൽ ശ്രമം വിജയിച്ചില്ല; എൻഎസ്എസിന്റേയും എസ് എൻ ഡി പിയുടേയും സഹായത്തോടെ പ്രതിരോധം ശക്തമാക്കാൻ ബിജെപിയും; 13ന് സുപ്രീംകോടതി കേസെടുക്കും വരെ ശബരിമല സംഘർഷഭരിതമായി തുടരുമെന്ന് ഉറപ്പ്

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നുവെന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെങ്കിലും ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള യുവതികളുടെ ലിസ്റ്റ് എടുക്കാൻ കുടുംബശ്രീ വഴി സിപിഎം ശ്രമം തുടരുന്നു; എതിർപ്പിനെ തുടർന്ന് പട്ടിക തയ്യാറാക്കൽ ശ്രമം വിജയിച്ചില്ല; എൻഎസ്എസിന്റേയും എസ് എൻ ഡി പിയുടേയും സഹായത്തോടെ പ്രതിരോധം ശക്തമാക്കാൻ ബിജെപിയും; 13ന് സുപ്രീംകോടതി കേസെടുക്കും വരെ ശബരിമല സംഘർഷഭരിതമായി തുടരുമെന്ന് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവംബർ ആദ്യം നടതുറക്കുമ്പോൾ പൊലീസ് സന്നാഹത്തിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ നീക്കം സജീവമാണ്. ഇതിനൊപ്പം ചില തീവ്ര ഇടതുപക്ഷക്കാരുമുണ്ട്. സിപിഎമ്മും യുവതീ പ്രവേശനത്തിന് അനുകൂലമാണ്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് എടുത്തതോടെ സർക്കാരും നിലപാട് ശക്തമാക്കും. ആട്ട ചിത്തിരയ്ക്ക് നട തുറക്കുമ്പോൾ ക്രമസമാധാന പ്രശ്‌നമുണ്ടാകുന്ന തരത്തിൽ ഒന്നും ഉണ്ടാകരുതെന്നാണ് സർക്കാർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാരിന് ഏറ്റവും താൽപ്പര്യമുള്ള ആലുവ എസ് പി രാഹുൽ ആർ നായരെ പമ്പയിൽ നിയോഗിച്ചതും കാര്യങ്ങൾ കൈവിട്ടു പോകുന്നില്ലെന്ന് ഉറപ്പിക്കാണ്. റിവ്യൂ ഹർജിയിൽ സുപ്രീംകോടതി നിലപാട് എടുക്കുവരെ ശബരിമല തീർത്ഥാടനം സംഘർഷഭരിതമായി തുടരുമെന്നാണ് സൂചന.

ആട്ടചിത്തിരയ്ക്ക് നവംബർ അഞ്ചിനാണ് നട തുറക്കുന്നത്. അന്ന് ഉച്ചമുതൽ തീർത്ഥാടകരെ മല കയറാൻ അനുവദിക്കുന്നതാണ് പതിവ്. അന്ന് രാവിലെ മുതൽ തന്നെ ശബരിമലയിലെ ചലനങ്ങൾ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. മുഖ്യമന്ത്രിയാകും ഓരോ വിഷയത്തിലും അന്തിമ തീരുമാനമെടുക്കുക. സന്നിധാനത്തെ സംഘർഷത്തിലേക്ക് എത്തിക്കുന്നതൊന്നും ചെയ്യില്ലെന്നാ് സൂചന. സ്ത്രീകളെത്തിയാൽ സുരക്ഷയിൽ പരമാവധി ദൂരം വരെ കൊണ്ടു പോകും. കാര്യങ്ങൾ അനുകൂലമായാൽ പതിനെട്ടാം പടിയും കയറ്റും. പുനഃപരിശോധന, റിട്ട് ഹർജികൾ പരിഗണിക്കുന്ന 13-ന് മുമ്പുതന്നെ യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന നിലപാടിലാണ് ചില തീവ്ര ഇടത് സംഘടനകൾ. അതിനിടെ ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ളവരുടെ ഒപ്പു ശേഖരണം നടക്കുന്നുവെന്ന പ്രചരണവും സജീവമാണ്. എന്നാൽ ഒപ്പു ശേഖരണം നടക്കുന്നില്ലെന്നും യുവതികളോട് സിപിഎം പോകാനുള്ള താൽപ്പര്യം തേടുകയാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

താൽപ്പര്യമുള്ള സ്ത്രീകളെ കൂട്ടത്തോടെ ശബരിമലയിൽ എത്തിക്കാനാണ് നീക്കം. തീർത്ഥാടനകാലത്ത് മലയ്ക്കുപോകാൻ താത്പര്യമുള്ള യുവതികളുടെ പട്ടിക സിപിഎം. ശേഖരിക്കുന്നുണ്ട്. പ്രാദേശികഘടകങ്ങളിൽ ഇതിന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്നാണ് സൂചന. കുടുംബശ്രീയിലും മറ്റും കോടതിവിധിയും പാർട്ടിനിലപാടും ബോധ്യപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. പലയിടത്തും ഭൂരിഭാഗം സ്ത്രീകളും പാർട്ടിനിലപാടിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. കുടുംബശ്രീ വഴിയാണ് സിപിഎമ്മിന്റെ ഈ ശ്രമം. ക്ഷേത്രത്തിൽ പോകുന്ന പാർട്ടിക്കാരായ സ്ത്രീകളെ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ വിശ്വാസത്തിന്റെ വഴിയേ പോകാനാണ് അവർക്ക് താൽപ്പര്യം. എങ്ങിലും മലബാറിലും മറ്റും നൂറുകണക്കിന് പേർ മല ചവിട്ടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ തീർത്ഥാന കാലത്ത് സ്ത്രീ ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്ക് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പിക്കുകയാണ്.

അതേസമയം, 13 വരെ പ്രഖ്യാപിച്ച സമരത്തിന് എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് ബിജെപി.യുടേത്. ചിത്തിര ആട്ടവിശേഷത്തിന് അഞ്ചിനു വൈകീട്ട് നട തുറക്കുന്നതിനാൽ മൂന്നുമുതൽ ശബരിമലയും പരിസരവും പൊലീസ് നിരീക്ഷണത്തിലാകും. രണ്ടാം തീയതി തന്നെ പൊലീസ് പമ്പയിലെത്തും. മുതിർന്ന ഉദ്യോഗസ്ഥരും അന്ന് തന്നെ പമ്പയിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ബിജെപി. പ്രവർത്തകരും അനുഭാവികളും തീർത്ഥാടകരായി സന്നിധാനത്ത് എത്തുമെന്ന് പൊലീസും തിരിച്ചറിയുന്നു. ഇവരെ തടയാനും പൊലീസിന് കഴിയില്ല. ആറിന് ദീപാവലിയായതിനാൽ ഭക്തജനത്തിരക്ക് കൂടാൻ സാധ്യതയുണ്ട്. ഇത് പൊലീസിനും വെല്ലുവിളിയാണ്. അന്നുരാത്രിയാണ് നട അടയ്ക്കുന്നത്.

ഒരുദിവസത്തേക്കു ശബരിമല നട തുറക്കുമ്പോൾ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. 1500ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. പമ്പയിൽ വനിതാ പൊലീസിനെ അടക്കം വിന്യസിക്കാനാണ് തീരുമാനം. നേരത്തെ ഐ.ജി എസ് ശ്രീജിത്തിനാണ് പമ്പയുടെ ചുമതലയുണ്ടായിരുന്നത്. അദ്ദേഹത്തെ മാറ്റി തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാറിന് പമ്പയുടെ ചുമതല നൽകും. എം.ആർ അജിത് കുമാറിന് സഹായത്തിനായാണ് സർക്കാരിന്റെ വിശ്വസ്തനായ ഏറണാകുളം റൂറൽ എസ്‌പി രാഹുൽ ആർ നായരും എത്തുന്നത്. ഐ.ജി പി. വിജയനാണ് സന്നിധാനത്തിന്റെ ചുമതല. കൊല്ലം കമ്മീഷണർ പി.കെ മധുവും സന്നിധാനത്തുണ്ടാകും. 200 പൊലീസുകാരെ സന്നിധാനത്തു വിന്യസിക്കും.

എസ്‌പി വി. അജിത്തിനെ മരക്കൂട്ടത്ത് വിന്യസിക്കും. 100 പൊലീസുകാരും അവിടെയുണ്ടാവും. പമ്പയിലും നിലയ്ക്കും 200 പുരുഷ പൊലീസിനെയും 50 വീതം വനിതാ പൊലീസിനെയും വിന്യസിക്കും. വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന അനുവദിക്കരുതെന്ന കർശന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. ഏരുമേലിയും വടശേരിക്കരയിലും 100 പൊലീസ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. അതിനിടെ നവംബർ 13ന് സുപ്രീംകോടതി റിവ്യൂ ഹർജികളിൽ സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാട് എടുക്കുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. തൽസ്ഥിതി തുടരാനുള്ള ഉത്തരവ് അന്നുണ്ടാകുമെന്നും വിലയിരുത്തുന്നു. കേന്ദ്ര സർക്കാരും വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് എടുക്കുമെന്നാണ് ബിജെപി പറയുന്നത്.

സമരങ്ങളിൽ എൻ.എസ്.എസ്. നേരിട്ട് ഒപ്പം കൂടില്ലെങ്കിലും പരോക്ഷമായി സഹായിക്കുമെന്നാണ് ബിജെപി. കരുതുന്നത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ഏത് നിലപാടെടുത്താലും ബി.ഡി.ജെ.എസ്. സമരത്തിൽ സജീവമാണ്. ഇതുവഴി യോഗത്തിന്റെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു കൂട്ടം പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. എങ്ങനേയും നവംബർ 13 വരെ സ്ത്രീകൾ കയറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒമ്പതുമുതൽ 12 വരെ കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വിവിധ ഹൈന്ദവ സംഘടനകളുടെ രഥയാത്രയുണ്ട്.

ക്ഷേത്രാചാര സംരക്ഷണസമിതി മുൻകൈയെടുത്ത രഥയാത്രയിൽ പന്തളം കൊട്ടാരം പ്രതിനിധികളും പങ്കെടുക്കും. 12-ന് പന്തളത്ത് സമാപിക്കുന്ന യാത്രയ്ക്ക് ബിജെപി.യുടെ സഹകരണവുമുണ്ട്. ഈ യാത്ര പരിഗണിച്ചാണ് ബിജെപി.യുടെ രഥയാത്രയുടെ സമാപനം 13-ന് ആക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP