Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വശത്ത് സുരക്ഷാ സംവിധാനം കർക്കശം; മറുവശത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലൈവിൽ; കുടിവെള്ള വിതരണം കൊക്കകോളയ്ക്ക് തീറെഴുതിയും വിനയായി; മണ്ടത്തരങ്ങളുമായി മല കയറിയ ദേവസ്വം ബോർഡ് വെട്ടിൽ: വിവാദമൊഴിവാക്കാൻ വ്രതമെടുത്തിരുന്ന പ്രയാർ തൊട്ടതെല്ലാം കുഴപ്പം

ഒരു വശത്ത് സുരക്ഷാ സംവിധാനം കർക്കശം; മറുവശത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലൈവിൽ; കുടിവെള്ള വിതരണം കൊക്കകോളയ്ക്ക് തീറെഴുതിയും വിനയായി; മണ്ടത്തരങ്ങളുമായി മല കയറിയ ദേവസ്വം ബോർഡ് വെട്ടിൽ: വിവാദമൊഴിവാക്കാൻ വ്രതമെടുത്തിരുന്ന പ്രയാർ തൊട്ടതെല്ലാം കുഴപ്പം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആനമണ്ടത്തരങ്ങളുടെ ഇരുമുടിക്കെട്ടുമായിട്ടാണ് ദേവസ്വം ബോർഡ് അധികൃതർ ഈ മണ്ഡലകാലത്ത് മലകയറിയിരിക്കുന്നത്. വിവാദമൊഴിവാക്കാൻ വ്രതം നോൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തൊടുന്നതൊക്കെ കുഴപ്പത്തിലാണ് ചെന്നു കലാശിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ പ്രഖ്യാപിക്കുകയും വിവാദമാകുമ്പോൾ പിൻവലിക്കുകയും ചെയ്യുകയാണ് പ്രയാറും അജയ് തറയിലും ചെയ്യുന്നത്. സിപിഐ(എം) നോമിനിയായ കെ. രാഘവൻ കൂടിയില്ലായിരുന്നെങ്കിൽ ബോർഡ് മൊത്തത്തിൽ കുളമാകുമായിരുന്നു. പ്രസിഡന്റിന്റെയും അജയ് തറയിലിന്റെയും വിവാദപരിഷ്‌കാരങ്ങളെ ശക്തമായി എതിർത്തുകൊണ്ടാണ് രാഘവൻ നിൽക്കുന്നത്. വകുപ്പുമന്ത്രിയുടെയും സർക്കാരിന്റെയും പിന്തുണയും രാഘവനുണ്ട്.

ബോട്ടിലുകളിലാക്കിയ കുപ്പിവെള്ളം നിരോധിച്ചുകൊണ്ടാണ് ബോർഡ് വിവാദപരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. പകരം ശബരിമലയിലും നിലയ്ക്കലുമായി ചുക്കുവെള്ള കൗണ്ടറുകളും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള ടാപ്പുകളും സ്ഥാപിച്ചു. കുന്നാർ ഡാമിൽ ജലനിരപ്പ് താണതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായില്ലെങ്കിലും സന്നിധാനത്തെ നിത്യഉപയോഗങ്ങൾക്ക് വെള്ളമില്ലാതെ വലയുകയാണ്.

വാർത്താ വിതരണത്തിൽനിന്ന് പിആർഡിയെ ഒഴിവാക്കി സ്വകാര്യ ഏജൻസിയെ ഏൽപിക്കാൻ നീക്കം നടത്തി, കൊക്കകോളയ്ക്ക് വെൻഡിങ് മെഷിൻ സ്ഥാപിക്കാൻ അനുവാദം കൊടുത്തു, ശബരിപീഠത്തിൽ മൂന്നുലക്ഷം ചെലവിട്ട് പ്രസിഡന്റിനു 'തപസ് ചെയ്യാൻ പർണാശ്രമം' ഒരുക്കി, അയ്യപ്പക്ഷേത്രത്തിന്റെ പേരുമാറ്റി, സുരക്ഷാ ഭീഷണിയുള്ള ശബരിമലയുടെ മുക്കും മൂലയും തൽസമയം വെബ്‌സൈറ്റിലൂടെ വിട്ടുകൊടുത്തു, സോപാനത്ത് ചെരുപ്പിട്ടു കയറിയ പൊലീസ് സ്‌പെഷൽ ഓഫീസറെ സംരക്ഷിച്ചു...ഇങ്ങനെ മണ്ടത്തരങ്ങൾ തുടരുകയാണ് ബോർഡ് അധികൃതർ.

ഈ ശബരിമല തീർത്ഥാടനകാലം കഴിയുന്നതു വരെ താൻ വിവാദങ്ങൾക്കില്ലെന്നും അതുകൊണ്ടു തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകില്ലെന്നും പ്രയാർ പറഞ്ഞിരുന്നു. പ്രയാർ വായ് തുറന്നില്ലെന്നതു ശരി. പക്ഷേ, അല്ലാതുണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി പറയാൻ വായ് തുറക്കേണ്ടി തന്നെ വന്നു.

കുന്നാർ ഡാം ചതിച്ചു; വെള്ളത്തിന് കർശന നിയന്ത്രണം

കുന്നാർ ഡാമാണ് ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കുന്നതിനുള്ള ഏക ഉപാധി. നിത്യഉപയോഗത്തിനും സന്നിധാനവും വലിയ നടപ്പന്തലും സോപാനവും മാളികപ്പുറവുമെല്ലാം കഴുകി വൃത്തിയാക്കാൻ ഫയർഫോഴ്‌സ് ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. കുടിവെള്ളത്തിനും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തവണ കുപ്പിവെള്ളം നിരോധിച്ച് കുടിവെള്ള വിതരണം ബോർഡും വാട്ടർ അഥോറിട്ടിയും നേരിട്ട് ഏറ്റെടുത്തതോടെ കുന്നാർ ഡാമിൽനിന്നുള്ള വെള്ളം കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതായി വന്നു. തീർത്ഥാടനകാലം പിന്നിട്ട് രണ്ടാഴ്ച തികയുന്നതിന് മുൻപ് സന്നിധാനം ജലക്ഷാമത്താൽ വലയുകയാണ്.

കുന്നാർ ഡാമിൽനിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് സന്നിധാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇതോടെ വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കുടിവെള്ളത്തിനായി സജ്ജമാക്കിയിട്ടുള്ള ടാപ്പുകളിൽനിന്നും കുടിക്കാനല്ലാതെ കുളിക്കാനോ കൈകാൽ കഴുകാനോ പല്ലുതേക്കാനോ മറ്റാവശ്യങ്ങൾക്കോ ജലം ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് ഭക്തർക്ക് മുന്നറിയിപ്പ് നൽകി.

പമ്പയിൽനിന്നും കൂടുതൽ സമയം പമ്പ് ചെയ്താണ് താല്ക്കാലികമായി വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നത്. ഇതുമൂലം സന്നിധാനം ശുചീകരിക്കാനായി അഗ്നിശമനസേനയ്ക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറച്ചു. ഭസ്മക്കുളത്തിൽ വെള്ളം മാറുന്നതിന്റെ എണ്ണവും കുറച്ചിട്ടുണ്ട്. സന്നിധാനത്ത് പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. തിരക്ക് കൂടുമ്പോൾ അളവ് കൂട്ടും.എട്ടിഞ്ചു വ്യാസമുള്ള രണ്ട് കാസ്റ്റ് അയൺ പൈപ്പിലൂടെയാണ് കുന്നാറിൽനിന്ന് യന്ത്രത്തിന്റെ സഹായമില്ലാതെ പാണ്ടിത്താവളത്തിലെ വാട്ടർടാങ്കിലേക്ക് വെള്ളമെത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ് കുഴലുകളിലൂടെ വെള്ളമെത്തുന്നത്. കഴിഞ്ഞവർഷം ഡിസംബർ പത്തു വരെ കുന്നാറിൽ നിന്നുള്ള വെള്ളമാണ് സന്നിധാനത്തെ ജലക്ഷാമം അകറ്റിയിരുന്നത്.

ഇത്തവണ സന്നിധാനത്ത് പൂർണമായി കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയതോടെ ശബരിതീർത്ഥം എന്നപേരിൽ ദേവസ്വം ബോർഡ് പമ്പ മുതൽ സന്നിധാനം വരെ 132 ഇടങ്ങളിൽ ശുദ്ധജല വിതരണ ടാപ്പുകൾ സ്ഥാപിച്ചിരുന്നു. വെള്ളത്തിന്റെ ദൗർലഭ്യം കുടിവെള്ള വിതരണത്തേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. ഇപ്പോൾ വാട്ടർ അഥോറിട്ടി പമ്പയിൽ നിന്നും പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളമാണ് ശരംകുത്തിയിലെ ടാങ്കിലേക്ക് എത്തിക്കുന്നത്. പമ്പയിൽ നിന്നും മണിക്കൂറിൽ 2,90,000 ലിറ്റർ വെള്ളം എത്തിക്കാനുള്ള ശേഷിയാണ് നിലവിൽ വാട്ടർ അഥോറിട്ടിക്കുള്ളത്. ഇത് നിലവിലെ ഉപഭോഗത്തിന്റെ പകുതിയിൽ താഴെ മാത്രമേ ആകുകയുള്ളു. കുന്നാറിലെ വെള്ളം പൂർണമായി നിലച്ചാൽ പമ്പയിൽനിന്നുമാണ് എത്തിക്കേണ്ടത്.

വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ നടപ്പന്തൽ കഴുകുന്നതിന് ദേവസ്വം ബോർഡ് അഗ്നിശമനസേനയ്ക്ക് വിലക്കേർപ്പെടുത്തി. ഇപ്പോൾ മാളികപ്പുറം ക്ഷേത്ര പരിസരവും സോപാനവും പതിനെട്ടാം പടിയും മാത്രമേ കഴുകാൻ അനുമതിയുള്ളു. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ മാളികപ്പുറം ക്ഷേത്രം ശുദ്ധീകരണവും നിർത്തി വയ്ക്കാനുള്ള തീരുമാനത്തിലാണ് ദേവസ്വം ബോർഡ്. അഗ്നിശമനസേനയ്ക്ക് ഒരു ദിവസം 10 ലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. കരുതലോടെ വെള്ളം ഉപയോഗിക്കണമെന്നും അഗ്നിശമനസേനയ്ക്ക് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു വശത്ത് സുരക്ഷാ സംവിധാനം കർക്കശം, മറുവശത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലൈവിൽ

ഈ തീർത്ഥാടനകാലത്ത് ബോർഡ് എടുത്ത ഏറ്റവും മണ്ടൻ തീരുമാനം ഏതെന്ന് ചോദിച്ചാൽ ശബരിമല വെബ്കാസ്റ്റിങ് തന്നെയെന്ന് പറയേണ്ടി വരും. ഒരു വശത്തു കൂടി ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും സുരക്ഷ ഒരുക്കാൻ കമാൻഡോകളെയും ദ്രുതകർമ സേനയെയും നിയോഗിക്കുന്നു. അതേ സമയം തന്നെ ശബരിമലയുടെയും ക്ഷേത്രത്തിന്റെയും തന്ത്രപ്രധാന ഭാഗങ്ങൾ ലോകത്തിന് മുന്നിൽ ലൈവായി തുറന്നു വയ്ക്കുകയും ചെയ്യുന്നു. തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്ന് കേന്ദ്രഇന്റലിജൻസ് വരെ വിധി എഴുതുകയും സുരക്ഷ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ശബരിമല ലോകത്തിന് മുന്നിൽ തുറന്നു കാട്ടിക്കൊണ്ടാണ് ലൈവ് വെബ് സ്ട്രീമിങ് ആരംഭിച്ചത്. മാദ്ധ്യമങ്ങൾ ഇതു വാർത്തയാക്കിയതോടെ ലൈവ് നിർത്തി വയ്ക്കാൻ പൊലീസ് നിർദ്ദേശം നൽകി.

തത്‌സമയ വെബ് സംപ്രേഷണം യഥാർഥത്തിൽ ഗുണംചെയ്യുക കേന്ദ്രഇന്റലിജൻസ് ചൂണ്ടിക്കാട്ടിയതു പോലെ ദേശവിരുദ്ധ ശക്തികൾക്കാണ്. ശബരിമലയുടെ തന്ത്രപ്രധാന മേഖലകളെ നിരീക്ഷിക്കാനും അതിലൂടെ പഴുതുകൾ കണ്ടെത്തി നുഴഞ്ഞു കയറുന്നതിനും ഇക്കൂട്ടർക്ക് അവസരം ഒരുങ്ങും. സന്നിധാനത്തെ ആറ് ക്യാമറകൾ പകർത്തുന്ന ദ്യശ്യങ്ങൾ തത്‌സമയം ലോകത്തിന്റെ ഏതുഭാഗത്തുള്ളവർക്കും കാണാൻ കഴിയും. ഒന്നാം ക്യാമറയിൽ പതിനെട്ടാംപടി, രണ്ടിൽ സോപാനം, മൂന്നിൽ മാളികപ്പുറം, നാലിൽ മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവർ, അഞ്ചിലും എട്ടിലും അന്നദാന മണ്ഡപത്തിലേക്കുള്ള രണ്ടു വഴികൾ, ആറും ഏഴും ക്യാമറയിൽ അന്നദാന മണ്ഡപം എന്നിവയാണ് കാണാൻ കഴിയുക. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇതിൽപ്പരം എന്തു വേണം.

ധർമശാസ്താവിനെ അയ്യപ്പനാക്കിയത് കോടതിയിൽ കേസ് ജയിക്കാൻ

ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം എന്ന പേര് അയ്യപ്പക്ഷേത്രം എന്നാക്കി മാറ്റിയത് പ്രസിഡന്റിന്റെ മാത്രം ആശയമായിരുന്നു. അതിന്റെ പേരിൽ എന്തു സംഭവിച്ചാലും താനായിരിക്കും ഉത്തരവാദി എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. സുപ്രീംകോടതിയിൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് നടക്കുന്ന കേസിന് ശക്തി പകരാനായിരുന്നു തീരുമാനം. ഈ പേരുമാറ്റം ഒരു രീതിയിലും കേസിന് ഗുണം ചെയ്യില്ലെന്ന കാര്യം പ്രസിഡന്റ് അറിയാൻ വൈകി. പേരുമാറ്റാൻ സർക്കാരിനോട് ചോദിക്കേണ്ട കാര്യമില്ലെന്ന് വീമ്പടിച്ച പ്രയാർ വകുപ്പുമന്ത്രി കണ്ണുരുട്ടിയപ്പോൾ തീരുമാനം പിൻവലിച്ചു.

കൊക്കകോള വെൻഡിങ് മെഷിൻ

ദേവസ്വം ബോർഡിന് തന്നെ ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ശീതളപാനീയം വിൽക്കാൻ കരാർ കൊടുക്കാൻ തീരുമാനിച്ചതെന്നാണ് പ്രയാർ പറഞ്ഞത്. പക്ഷേ, ടെൻഡറിലെ ചില ക്ലോസുകൾ കൊക്കകോളയ്ക്കും പെപ്‌സിക്കും വേണ്ടിയുള്ളതായിരുന്നു. കൊക്കകോള മാത്രമേ അപേക്ഷിച്ചുള്ളൂ. അവർക്ക് കരാർ 18 ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയും ചെയ്തു. വിവാദമായതോടെ കൊക്കകോളയും ശബരിമലയിൽ നിരോധിച്ചു.

കുപ്പിവെള്ളം നിരോധിച്ചത് കോടതിയല്ലെന്നും ബന്ധപ്പെട്ട വകുപ്പാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും പറഞ്ഞ് തടിതപ്പിയ പ്രയാർ അക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ കൊക്കകോള വന്നപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. വാർത്താ വിതരണത്തിന് പിആർഡിയെ ഒഴിവാക്കാൻ ശ്രമിച്ചതും ഇതേ രീതിയിലായിരുന്നു. പുറത്തു നിന്നുള്ള ഏജൻസിക്ക് കരാർ നൽകാൻ ടെൻഡർ ക്ഷണിച്ചപ്പോൾ അതിൽ ഒരു ക്ലോസ് വ്യവസായ വകുപ്പിന്റെ സർട്ടിഫിക്കറ്റ് കൂടി വേണമെന്നായിരുന്നു. നിലവിൽ അത്തരമൊരു സ്ഥാപനം മാത്രമായിരുന്നു കേരളത്തിലുള്ളത്. വിവാദമായപ്പോൾ പിആർഡിയെ തന്നെ വാർത്താ വിതരണം ഏൽപിച്ചു. എപ്പോൾ വേണമെങ്കിലും മാറ്റുമെന്ന ഭീഷണിയും നിലനിൽക്കുന്നു.

ശബരിപീഠത്തിലെ പർണാശ്രമം

മൂന്നുലക്ഷംമുടക്കി ശബരിപീഠത്തിലൊരു പർണാശ്രമം സ്ഥാപിച്ചിരിക്കുയാണ് പ്രയാർ. എന്തിനാണ് ഇത് സ്ഥാപിച്ചതെന്ന് ബോർഡിലുള്ള മറ്റുള്ളവർക്കൊന്നും അറിയില്ല. കഷ്ടിച്ച് ഒരാൾക്ക് കടന്നിരിക്കാവുന്ന ആശ്രമം പ്രസിഡന്റിന് തപസ് ചെയ്യാൻ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു പ്രയോജനവുമില്ലാതെയാണ് ഇതിവിടെ പണിതിരിക്കുന്നത്.

ഇത്തരം ചില മണ്ടൻ തീരുമാനങ്ങളല്ലാതെ ക്രിയാത്മകമായ, എടുത്തു പറയത്തക്ക നടപടികളൊന്നും ബോർഡിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ, സന്നിധാനത്തെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് എന്നിവ കുഴപ്പത്തിലാണ്. ഇതൊക്കെ മറച്ചുവച്ചിട്ടാണ് വിവാദതീരുമാനങ്ങളുമായി ബോർഡ് മുന്നോട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP