Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേമചന്ദ്രന്റെ ശ്രമം കൈ നനയാതെ മീൻ പിടിക്കാനുള്ള ശ്രമമെന്ന വിമർശനത്തിലുള്ളത് രാഷ്ട്രീയം; കർമ്മ സമിതി ലക്ഷ്യമിടുന്നത് അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം വ്യാഖ്യാനിക്കുന്ന നിയമ നിർമ്മാണം; കേന്ദ്രത്തിന്റെ ഒളിച്ചു കളിയിൽ പ്രതിഷേധവുമായി കടുത്ത നിലപാടുമായി സുകുമാരൻ നായർ; രഥയാത്രയ്ക്കും പ്രതിഷേധത്തിനും ഇനി കർമ്മ സമിതിക്കൊപ്പം എൻ എസ് എസ് ഇല്ല; 'സുവർണ്ണാവസര രാഷ്ട്രീയത്തിന്' പന്തളം കൊട്ടാരത്തെ കൂടെ നിർത്തി പരിവാറുകാരും; കർമ്മസമിതിയിൽ ഇനി ആർഎസ്എസ് മാത്രം

പ്രേമചന്ദ്രന്റെ ശ്രമം കൈ നനയാതെ മീൻ പിടിക്കാനുള്ള ശ്രമമെന്ന വിമർശനത്തിലുള്ളത് രാഷ്ട്രീയം; കർമ്മ സമിതി ലക്ഷ്യമിടുന്നത് അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം വ്യാഖ്യാനിക്കുന്ന നിയമ നിർമ്മാണം; കേന്ദ്രത്തിന്റെ ഒളിച്ചു കളിയിൽ പ്രതിഷേധവുമായി കടുത്ത നിലപാടുമായി സുകുമാരൻ നായർ; രഥയാത്രയ്ക്കും പ്രതിഷേധത്തിനും ഇനി കർമ്മ സമിതിക്കൊപ്പം എൻ എസ് എസ് ഇല്ല; 'സുവർണ്ണാവസര രാഷ്ട്രീയത്തിന്' പന്തളം കൊട്ടാരത്തെ കൂടെ നിർത്തി പരിവാറുകാരും; കർമ്മസമിതിയിൽ ഇനി ആർഎസ്എസ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: ശബരിമല ആചാര സംരക്ഷണത്തിന് കർമ്മ സമിതി ആഗ്രഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ സമഗ്ര നിയമ നിർമ്മാണം. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് വിലയിരുത്തൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ 'സാമ്പ്രദായ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് അർഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിർവചിക്കണം. ഇതിലൂടെ ശബരിമലയിലെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് ശബരിമല കർമ്മ സമിതിയുടെ നിലപാട്. ഇത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ പരിഗണനയിലുമുണ്ട്. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം കേന്ദ്ര സർക്കാരിന് നിർവ്വചിച്ച് നൽകാനാണ് കർമ്മ സമിതിയുടെ തീരുമാനം.

ഇതിനായി രാജ്യത്തെ മികച്ച നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു . ഹൈന്ദവാചാര്യന്മാരുമായും ചർച്ചചെയ്ത് ആയിരിക്കും കരട് രേഖ കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നത്. ശബരിമലയുവതീപ്രവേശനവുമായി ബന്ധപ്പെട്ടസുപ്രീംകോടതി വിധി ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല ക്ഷേത്രങ്ങളുടെയും ക്ഷേത്രത്തിലെ മൂർത്തിയുടേയും അവകാശങ്ങൾ ഹനിക്കുന്നതും കൂടിയാണതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കർമ്മ സമിതി. നനയാതെ മീൻ പിടിക്കാൻ പ്രേമചന്ദ്രൻ ശ്രമിക്കുന്നുവെന്നാണ് കർമ്മ സമിതിയുടെ ആരോപണം. ബിജെപി സർക്കാരിനെ വെട്ടിലാക്കി പ്രേമചന്ദ്രൻ നടത്തിയ നീക്കമാണ് ഇതിന് കാരണം. അതിനിടെ കർമ്മ സമിതിയുമായി ഇനി എൻ എസ് എസ് സഹകരിക്കില്ലെന്നും സൂചനയുണ്ട്. പ്രേമചന്ദ്രനെ എൻ എസ് എസ് അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എൻ എസ് എസിനെ കൂടി പ്രകോപിപ്പിക്കും തരത്തിൽ കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കിയത് പ്രമേചന്ദ്രന്റെ സ്വകാര്യ ബില്ലാണ്.

ശബരിമല യുവതീപ്രവേശ വിധി തിരുത്തപ്പെടേണ്ടതാണെന്നും വിശ്വാസ സംരക്ഷണത്തിന് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ശബരിമല കർമസമിതി സംസ്ഥാന സമിതിയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് മുതിർന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു കരട് രേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം എന്തെന്ന് നിർവ്വചിക്കാനാകും ശ്രമിക്കുക. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ കാത്തിരുന്നു സമയം പാഴാക്കാതെ വിശ്വാസ സംരക്ഷണത്തിന് പുതിയ കർമപദ്ധതികൾ ആവിഷ്‌കരിച്ച് അതീവ ജാഗ്രത പുലർത്തി മുന്നോട്ടുപോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ശബരിമല കർമ സമിതി സംസ്ഥാന രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഒരു പക്ഷേ, കോടതി വിധി അനുകൂലമല്ലാതെ വന്നാൽ കേന്ദ്ര സർക്കാരിൽ നിന്ന് ആചാരാനുഷ്ഠാനങ്ങൾക്കു സംരക്ഷണം നൽകുന്ന വിധത്തിലുള്ള നിയമനിർമ്മാണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി. ജി. ശശികുമാരവർമ അധ്യക്ഷത വഹിച്ചു. കർമ്മ സമിതിക്കൊപ്പം പന്തളം കൊട്ടാരം നിൽക്കുന്നത് അവർക്ക് ഏറെ ആശ്വാസമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റാതെ പാലിക്കാനുള്ളതാണ്. അവ ലംഘിക്കാൻ അനുവദിക്കില്ല. ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചിറക്കിയാൽ സംഘടിതമായ പ്രതികരണം ഉണ്ടാകും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിലും ഗ്രാമങ്ങൾ തോറും ജനങ്ങളെ ബോധവൽക്കരിക്കാൻ രഥയാത്ര സംഘടിപ്പിക്കും. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനു കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കും രഥയാത്ര സംഘടിപ്പിക്കും. രഥയാത്ര 14ന് അയ്യപ്പന്റെ മണ്ണായ പത്തനംതിട്ടയിൽ സമാപിക്കും. എന്നാൽ ഈ പരിപാടികളിലൊന്നും എൻ എസ് എസ് സഹകരിക്കില്ല. പന്തളം കൊട്ടാരം കർമ്മ സമിതിക്കൊപ്പമുണ്ടാവുകയും ചെയ്യും. നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ വിമുഖ കാട്ടുന്നതിനാൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൻ എസ് എസ് തീരുമാനം. ഇത് കർമ്മ സമിതിയെ വെട്ടിലാക്കും. പ്രതിഷേധമല്ല നിയമ നിർമ്മാണമാണ് വേണ്ടതെന്ന നിലപാടിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല ബിൽ സഭയുടെ സ്വത്തായി മാറിക്കഴിഞ്ഞു. പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ പകരം ബിൽ കൊണ്ടുവരികയാണെങ്കിൽ ഈ ബിൽ പിൻവലിക്കാൻ പ്രേമചന്ദ്രൻ സഭയുടെ അനുമതി തേടണം. സഭയ്ക്കു മാത്രമേ അനുമതി നൽകാനുള്ള അധികാരമുള്ളൂ. പ്രേമചന്ദ്രൻ ബിൽ പിൻവലിച്ചില്ലെങ്കിൽ അതിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് എതിർത്ത് വോട്ട് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ സമഗ്ര നിയമ നിർമ്മാണമെന്ന ഉറപ്പ് പ്രേമചന്ദ്രന് നൽകി ബിൽ പിൻവലിപ്പിക്കുമെന്നായിരുന്നു എൻ എസ് എസ് പ്രതീക്ഷ. എന്നാൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇതിന് കഴിയില്ലെന്നതാണ് കേന്ദ്ര നിലപാട്. ഇതിനൊപ്പം കർമ്മ സമിതി പ്രേമചന്ദ്രനെ പരിഹസിക്കുകയും ചെയ്യുന്നു. ശബരിമലിയിൽ ഏവരും ഒന്നിച്ചു പോകണമെന്നതാണ് എൻ എസ് എസ് നിലപാട്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രനെ വിമർശിക്കുന്ന രാഷ്ട്രീയം എൻ എസ് എസിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ശബരിമല ആചാരസംരക്ഷണ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ അവതരിപ്പിച്ചതോടെ നിലപാടു വ്യക്തമാക്കാൻ ബിജെപി. നിർബന്ധിതമായ്. വിശ്വാസസംരക്ഷണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അവസരത്തിലും കോടതിയിൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് നുള്ള ശ്രമത്തിലാണ് ബിജെപി. ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബിജെപി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകൾക്കും പരാതിയുണ്ടായിരുന്നു. വിശ്വാസികളിൽ ഒരുവിഭാഗത്തിനു ബിജെപിയുടെ ആദ്യനിലപാടിൽ സംശയമുണ്ടായതിനാലാണ് തെരഞ്ഞെടുപ്പിൽ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാത്തത്. ശബരിമല വിഷയത്തിൽ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എൻ.എസ്.എസ്. ഉൾപ്പെടെ വിമർശിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവൻ പിന്തുണയും നേടാനായില്ലെന്നു ബിജെപി. തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്ുയന്നുവെന്ന് ബിജെപി. നേതാവ് കുമ്മനം രാജശേഖരൻ നിലപാടെടുത്തത് ഈ സാഹചര്യത്തിലാണ്. എന്നിട്ടും കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുകകയാണ് ചെയ്തത്. ഇത് ശരിയായ നിലപാടല്ലെന്നാണ് എൻ എസ് എസ് പക്ഷം.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കാനാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് നേരത്തെ വിശദീകരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്രസർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യും. എന്നാൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്നും രാം മാധവ് പറഞ്ഞു. എന്നാൽ ഓർഡിനൻസിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ സാധ്യമായവ ചെയ്യുമെന്നാണ് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരവും ബിജെപി ഉൾക്കൊള്ളുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ശബരിമല വിഷയം ആളിക്കത്തിച്ച് നിർത്താനുള്ള ഈ സമീപനത്തോട് എൻ എസ് എസിന് താൽപ്പര്യമില്ല. ഇനി ബോധവൽക്കണവും രഥയാത്രയുമല്ല വേണ്ടത്. മറിച്ച് കേന്ദ്ര ഇടപെടൽ മാത്രമാണെന്ന് എൻ എസ് എസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP