Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലയ്ക്കലിലെ കെ എസ് ആർ ടി സി ഭരണം പൂർണ്ണമായും ഏറ്റെടുത്ത് പൊലീസ്; നിറയെ യാത്രക്കാർ കയറിയാലും ബസ് പോകണമെങ്കിൽ പൊലീസ് കനിയണം; പമ്പയിൽ തിരക്ക് കൂടിയാൽ മണിക്കൂറുകൾ ബസ് നിർത്തി വയ്ക്കുന്നത് വഴി പിഴക്കുന്നത് തച്ചങ്കരിയുടെ കണക്കുകൂട്ടൽ; 48 മണിക്കൂർ മാത്രം പ്രസക്തിയുള്ള റിട്ടേൺ ടിക്കറ്റ് എടുത്താൽ കാത്ത് നിൽക്കേണ്ടത് മണിക്കൂറുകൾ; ശബരിമലയുടെ പേരിൽ ലാഭം കൊയ്യാമെന്ന തച്ചങ്കരിയുടെ മോഹങ്ങൾ ഇല്ലാതാവുന്നു

നിലയ്ക്കലിലെ കെ എസ് ആർ ടി സി ഭരണം പൂർണ്ണമായും ഏറ്റെടുത്ത് പൊലീസ്; നിറയെ യാത്രക്കാർ കയറിയാലും ബസ് പോകണമെങ്കിൽ പൊലീസ് കനിയണം; പമ്പയിൽ തിരക്ക് കൂടിയാൽ മണിക്കൂറുകൾ ബസ് നിർത്തി വയ്ക്കുന്നത് വഴി പിഴക്കുന്നത് തച്ചങ്കരിയുടെ കണക്കുകൂട്ടൽ; 48 മണിക്കൂർ മാത്രം പ്രസക്തിയുള്ള റിട്ടേൺ ടിക്കറ്റ് എടുത്താൽ കാത്ത് നിൽക്കേണ്ടത് മണിക്കൂറുകൾ; ശബരിമലയുടെ പേരിൽ ലാഭം കൊയ്യാമെന്ന തച്ചങ്കരിയുടെ മോഹങ്ങൾ ഇല്ലാതാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: ശബരിമലയിൽ തച്ചുടയുന്നത് കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരിയുടെ മോഹങ്ങളാണ്. കോടികൾ ഒഴുകിയെത്തുന്ന ശബരിമല തീർത്ഥാടനത്തെ നിലനിൽപ്പിനുള്ള പോരാട്ട കാലത്ത് പ്രൊഫഷണലായി ഉപയോഗിക്കാനായിരുന്നു തച്ചങ്കരിയുടെ പദ്ധതി. സുഖദർശനമെന്ന പേരിൽ കെ എസ് ആർ ടി സി പ്രത്യേക പദ്ധതികൾ തന്നെ തയ്യാറാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലുമെല്ലാം പാക്കേജ് ബസുകളും ഒരുക്കി. കൂടുൽ എസി ബസുകൾ, ഇലക്ട്രിക്കൽ ബസുകൾ ഇങ്ങനെ പുതുമയുടെ പദ്ധതികൾ പലതൊരുക്കി. ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്ന് അധിക നിരക്ക് ഈടാക്കാൻ സർക്കാരും അനുമതി നൽകിയതോടെ തച്ചങ്കരി കണ്ടത് വമ്പൻ സ്വപ്‌നങ്ങളായിരുന്നു. ഇതെല്ലാം പൊളിയുകയാണ്. പൊലീസിന്റെ ഇടപെടലുകളായിരുന്നു ഇതിന് കാരണം.

നട തുറക്കുന്നതിന്റെ അന്ന് തച്ചങ്കരി നിലയ്ക്കലിൽ എത്തി നേരിട്ട് കാര്യങ്ങൾ നോക്കി നടത്തി. എന്നാൽ ഇന്ന് കെ എസ് ആർ ടി സിക്ക് ഒരു നിയന്ത്രണവും ഇപ്പോൾ ബസുകളിൽ ഇല്ല. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ നിയന്ത്രണം പൂർണമായി പൊലീസിന്റെ കൈകളിലാണ്. ബസിൽ നിറയെ ആളുകയറിയാൽ പോകാമെന്നായിരുന്നു കഴിഞ്ഞവർഷം വരെ കെ.എസ്.ആർ.ടി.സി. നയം. എന്നാൽ, ഇത്തവണ പൊലീസിന്റെ അനുമതിയില്ലാതെ സർവീസ് തുടങ്ങാനാവാത്ത സ്ഥിതിയാണ്. ഇതു മൂലം തച്ചങ്കരി പ്രതീക്ഷിച്ച എണ്ണം സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സിക്ക് കഴിയുന്നില്ല. ഇപ്പോൾ ഭക്തർക്കായി പൊലീസ് നടത്തുന്ന സർവ്വീസ് പോലെയാണ് ആനവണ്ടിയുടെ ഓട്ടം. പ്രശ്‌നങ്ങൾ കാരണം ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നതും കുറഞ്ഞു. ഇതും കെ എസ് ആർ ടി സിയുടെ മോഹങ്ങളെ തകർത്തു.

ശനിയാഴ്ച രാത്രി മൂന്നും ഞായറാഴ്ച രാവിലെ ഒന്നരയും മണിക്കൂറാണ് പൊലീസ് ഇടപെട്ട് കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തിവെപ്പിച്ചത്. സുരക്ഷാക്രമീകരണവും സന്നിധാനത്തെ തിരക്കും കണക്കിലെടുത്താണ് സർവീസ് നിർത്തിവെപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത് സർവീസ് താളംതെറ്റിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. പൊലീസിനെ മറികടക്കാൻ കെ എസ് ആർ ടി സിയിലെ ജീവനക്കാർക്കും കഴിയുന്നില്ല. ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസുകാരനാണ് തച്ചങ്കരി. എന്നാൽ സർക്കാരുമായി ഏറെ അടുപ്പം തച്ചങ്കരിക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥൻ. അതുകൊണ്ട് തന്നെ യുവതീ പ്രവേശനത്തിൽ സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാനും തച്ചങ്കരിക്കാകുന്നില്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് ശബരിമലയിൽ ആനവണ്ടിയാണ്.

നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. ഇവിടെനിന്നു കെ.എസ്.ആർ.ടി.സി. ബസിൽ മാത്രമേ പമ്പയിലേക്ക് പോകാനാകൂ. തച്ചങ്കരി ഈ സാഹചര്യത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. ശബരിമല തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾ എല്ലാം കെ എസ് ആർ ടി യെ ആശ്രയിച്ചാൽ തന്നെ കളക്ഷനിൽ വൻ ഉയർച്ച പ്രതീക്ഷിച്ചു. ഇതിന് വേണ്ടി പരമാവധി ഒരുക്കങ്ങളും നടത്തി. പത്ത് ഇലക്ട്രിക് ബസുകൾ തയ്യാറാക്കി. ഇതെല്ലാം വെറുതെയാണെന്ന് തച്ചങ്കരി തിരിച്ചറിയുകയാണ്. വലിയ നഷ്ടത്തിലേക്ക് ഈ ശബരിമല സീസൺ കെ എസ് ആർ ടി സിയെ എത്തിക്കും. ഇത് പൊതുമേഖലാ സ്ഥാപനത്തിന്റെ നഷ്ടക്കണക്കുകളും ഇരട്ടിയാക്കും. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് തച്ചങ്കരി. കൃത്യമായ തീരുമാനമെടുത്തിട്ടും നടപ്പാക്കാനാവാത്ത അവസ്ഥ.

ശബരിമലയിൽ കളക്ഷൻ ഉയർത്തി ജീവനക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് തച്ചങ്കരി ആഗ്രഹിച്ചത്. ഇതിലൂടെ ആനവണ്ടിയെ നല്ലാ ട്രാക്കിലൂടെ ഓട്ടിക്കാമെന്നും കരുതി. എന്നാൽ ശബരിമലയിൽ അയ്യപ്പ കോപവും കെ എസ് ആർ ടി സിക്കുണ്ടാകുന്ന അവസ്ഥയാണ്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ നിലയ്ക്കൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ അനുഭവിച്ച ദുരിതത്തിന് കണക്കില്ല. ടിക്കറ്റിനായി അധികൃതരെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ബസ് പോകാത്തതിന് കാരണം ചോദിച്ചെങ്കിലും ആരും മറുപടി പറയാൻ തയ്യാറായില്ലെന്ന് തീർത്ഥാടകർ പറഞ്ഞു. ഇതെല്ലാം തീർത്ഥാടകരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഒടുവിൽ ബഹളമായതോടെ പൊലീസ് അറിയാതെ രഹസ്യമായി ടിക്കറ്റ് നൽകി ഇവരെ ബസുകളിൽ കയറ്റിയിരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ 10.30 മുതൽ 12.10 വരെ പൊലീസ് നിയന്ത്രണം കാരണം ഭക്തർക്ക് ബസ് കിട്ടാത്ത അവസ്ഥയുണ്ടായി. 48 മണിക്കൂർ ടിക്കറ്റ് കിയോസ്‌കുകൾ സ്ഥാപിച്ചതിലൂടെ യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാം. റൗണ്ട് ട്രിപ്പിന്(നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ) 48 മണിക്കൂറാണ് ടിക്കറ്റ് കാലാവധി. ടിക്കറ്റ് എടുത്തശേഷം ബസ് കിട്ടാൻ മണിക്കൂറുകൾ താമസിച്ചാൽ പണം നഷ്ടപ്പെടാനിടയാകും. ഇതെല്ലാം തീർത്ഥാടകരെയും വെട്ടിലാക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധമുയർന്നാൽ കാര്യങ്ങൾ കൈവിട്ട് പോവുകയും ചെയ്യും.

പൊലീസ് നിയന്ത്രണമേർപ്പെടുത്തുമ്പോൾ ബസുകൾ ബ്ലോക്കിൽ പെടുന്നതും സാധാരണമാണ്. ബസുകൾ കൃത്യ ഇടവേളകളിൽ റൗണ്ട് ട്രിപ്പ് നടത്തിയില്ലെങ്കിൽ മുഴുവൻ ക്രമീകരണങ്ങളും തകരാറിലാകുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. എന്നാൽ പൊലീസ് ഇടപെടൽ മൂലം ഇതൊന്നും നടക്കുന്നില്ല. തന്നെക്കാൾ ജൂനിയർമാരായ ഓഫീസർമാരാണ് നിലയ്ക്കലിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പക്ഷേ സർക്കാരിന്റെ അനിഷ്ടമുണ്ടാകുമെന്ന് ഭയന്ന് തച്ചങ്കരിക്ക് അഭിപ്രായം പറയാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP