Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

മോഹൻഭാഗവതിന്റേയും മോദിയുടേയും മനസ്സ് മാറ്റിയത് അദൃശ്യകരങ്ങൾ; ശരണം വിളികളോടെ സമരം ഏറ്റെടുക്കുന്നുവെന്ന് അമിത് ഷായെ കൊണ്ട് പറയിപ്പിച്ചും ഇടപെടൽ; റിവ്യൂഹർജിയിൽ കേന്ദ്ര നിലപാടും ഭക്തർക്ക് എതിരാകില്ലെന്ന് ഉറപ്പാക്കി; ശബരിമലയിൽ പരിവാറിന്റെ മലക്കം മറിച്ചിലിന് പിന്നിൽ മിസോറാം ഗവർണ്ണറോ? ശബരിമലയിലെ വിശ്വാസത്തിലെ യുക്തിയെ തള്ളി പറയുന്ന തിരിച്ചറിവുണ്ടാക്കിയത് കുമ്മനമെന്ന് റിപ്പോർട്ട്

മോഹൻഭാഗവതിന്റേയും മോദിയുടേയും മനസ്സ് മാറ്റിയത് അദൃശ്യകരങ്ങൾ; ശരണം വിളികളോടെ സമരം ഏറ്റെടുക്കുന്നുവെന്ന് അമിത് ഷായെ കൊണ്ട് പറയിപ്പിച്ചും ഇടപെടൽ; റിവ്യൂഹർജിയിൽ കേന്ദ്ര നിലപാടും ഭക്തർക്ക് എതിരാകില്ലെന്ന് ഉറപ്പാക്കി; ശബരിമലയിൽ പരിവാറിന്റെ മലക്കം മറിച്ചിലിന് പിന്നിൽ മിസോറാം ഗവർണ്ണറോ? ശബരിമലയിലെ വിശ്വാസത്തിലെ യുക്തിയെ തള്ളി പറയുന്ന തിരിച്ചറിവുണ്ടാക്കിയത് കുമ്മനമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ അനുകൂല നിലപാടായിരുന്നു ആർ എസ് എസിനും ബിജെപിക്കും. പുരോഗമനപരമെന്നായിരുന്നു ബിജെപിയുടേയും പരിവാറുകാരുടേയും അദ്യ നിലപാട്. എന്നാൽ നാമജപയാത്രകൾ തുടങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ആർ എസ് എസും ബിജെപിയും വിശ്വാസികൾക്കൊപ്പമായി. പരസ്യ സമരത്തിനും ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തി. ഇതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായ സമരവും കത്തിക്കയറും. ഈ നിലപാട് മാറ്റത്തിലേക്ക് ബിജെപിയേയും ആർ എസ് എസിനേയും എത്തിച്ചത് മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന് സൂചന. ശബരിമലയിൽ വിശ്വാസികളെ മറന്നൊന്നും ചെയ്യരുതെന്ന് ബിജെപി-ആർഎസ്എസ് നേതൃത്വത്തോട് ഗവർണ്ണർ അനൗപചാരികമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ഗവർണ്ണർ എന്നത് ഭരണഘടനാ പദവിയാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധിയെ എതിർക്കാനോ വിമർശിക്കാനോ ഗവർണ്ണർക്ക് കഴിയില്ല. എന്നാൽ ശബരിമലയിൽ പ്രത്യേക താൽപ്പര്യ പ്രകാരം കുമ്മനം രഹസ്യ ഇടപെടലുകൾ നടത്തുന്നതായണ് സൂചന. സുപ്രീംകോടതി വിധിയിൽ വന്ന പൊരുത്തക്കേടുകളും മറ്റും കുമ്മനം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഭക്തരുടെ ആശങ്കയും പങ്കുവച്ചു. ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞാണ് കുമ്മനം ഇടപെടൽ നടത്തുന്നത്. ശബരിമലയിൽ വിശ്വാസികൾ മാത്രമേ ജയിക്കാവൂവെന്നാണ് കുമ്മനത്തിന്റെ നിലപാട്. ശബരിമല പ്രശ്‌നം ആളിക്കത്തിയപ്പോൾ തന്നെ ഗവർണ്ണർ സ്ഥാനം രാജിവച്ച് സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കുമ്മനം തയ്യാറായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് അനുവദിച്ചില്ലെന്നാണ് സൂചന. മിസോറാമിലെ തെരഞ്ഞെടുപ്പായിരുന്നു ഇതിന് കാരണം. തെരഞ്ഞെടുപ്പുകാലത്ത് കുമ്മനം സ്ഥാനമൊഴിയുന്നത് ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് മോദിയുടെ നിലപാട്.

ഇതോടെയാണ് ശബരിമലയിലെ കേന്ദ്രസർക്കാർ നിലപാടിനെതിരെ കുമ്മനം നിലപാട് എടുത്തത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തള്ളിപ്പറഞ്ഞാൽ കേരളത്തിൽ പാർട്ടിയുടെ നിലനിൽപ്പു തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം അറിയിച്ചു. ആർ എസ് എസിനേയും പരിവാറിന്റെ അടിത്തറ വിശ്വാസികളിൽ ആണെന്ന് ഓർമിപ്പിച്ചു. ഇതിനൊപ്പം രേഖകളും മറ്റും കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തു. സുപ്രീംകോടതി വിധിയിൽ ആരാധനയ്ക്കുള്ള മൗലികാവകാശമെന്ന നിലയിലെ കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്ന വസ്തുതയും ചർച്ചയാക്കി. വിശ്വാസങ്ങളെ യുക്തിയിൽ തളയ്ക്കുന്നത് ഗുരുത പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയെ മറക്കുന്നത് ദക്ഷിണേന്ത്യയിൽ തിരിച്ചടിയാകുമെന്നും വിശദീകരിച്ചു. കേന്ദ്ര നിയമമന്ത്രിയുമായും കുമ്മനം ആശയ വിനിമയം നടത്തിയെന്നാണ് സൂചന.

ഗവർണ്ണറായതു കൊണ്ട് തന്നെ കേന്ദ്ര നേതാക്കളുമായി കുമ്മനത്തിന് ആശയ വിനിമയത്തിന് കൂടുതൽ എളുപ്പമുണ്ടായിട്ടുണ്ട്. ആരേയും നേരിട്ട് ബന്ധപ്പെടാനാകുന്ന അവസ്ഥ. മിസോറാമിലെ തെരഞ്ഞെടുപ്പ് സാഹചര്യവും കുമ്മനത്തിന് കാര്യങ്ങൾ എളുപ്പായി. ശബരിമലയിലെ നിലപാട് വിശദീകരണത്തിന് കിട്ടുന്ന ഒരു അവസരവും നിലയ്ക്കലിലെ പഴയ സമര നായകൻ വിട്ടുകളഞ്ഞില്ലെന്നാണ് സൂചന. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കൽ പ്രക്ഷോഭമാണ് കുമ്മനത്തെ സമര നായകനാക്കി മാറ്റിയത്. അന്ന് പി പരമേശ്വരന്റെ നേതൃത്വത്തിൽ കുമ്മനവും പിപി മുകുന്ദനുമാണ് നിലയ്ക്കലിൽ ഇടപെടൽ നടത്തിയത്. ഈ സമരം വലിയ വിജയമായി. പിന്നീട് മാറാടും ആറന്മുളയിലുമെല്ലാം കുമ്മനം സമരം നടത്തി വിജയിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും കുമ്മനത്തെ സമര നായകനായി വേണമെന്ന് പരിവാറുകാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മിസോറാമിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അത് ബിജെപി കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞു. അപ്പോഴും കുമ്മനത്തിന്റെ വാക്കുകൾ ബിജെപി ഗൗരവത്തോടെ എടുത്തു. ഇതാണ് ശബരിമലയിലെ നിലപാട് മാറ്റത്തിന് കാരണം. ശബരിമല സമരങ്ങളുടെ നേതൃത്വം ബിജെപിയുടെ ദേശീയ നേതൃത്വം ഏറ്റെടുക്കുന്നതായി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി മാറിക്കഴിഞ്ഞു. റിവ്യൂ ഹർജിയിൽ അനുകൂല തീരുമാനം സുപ്രീംകോടതി എടുക്കുമെന്നും വിലയിരുത്തലുകൾ സജീവമാണ്. ഇതിലെല്ലാം നിശബ്ദ സാന്നിധ്യമായി മാറുന്ന കുമ്മനം മിസോറാം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുമെന്ന് വലിയിരുത്തുന്നവരും ഏറെയാണ്.

നേരത്തെ ശബരിമല പ്രക്ഷോഭം നയിക്കാൻ മിസോറം ഗവർണറും ബിജെപിയുടെ മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് അയക്കണമെന്ന സംസ്ഥാനത്തെ സംഘപരിവാർ സംഘടനകളുടെ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുനനു. കുമ്മനം രാജശേഖരനെ ഉടൻ കേരളത്തിലേക്ക് മടക്കാനാവില്ലെന്ന് അമിത് ഷായും കേരളത്തിലെ നേതാക്കളെ അറിയിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം സാഹചര്യങ്ങൾ അനുകൂലമെങ്കിൽ കുമ്മനം മിസോറാം ഗവർണ്ണർ സ്ഥാനം രാജിവച്ച് കേരളത്തിലെത്തുമെന്നാണ് സൂചന. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും സംഘപരിവാർ സംഘടനകളും കുമ്മനത്തെ ശബരിമല പ്രക്ഷോഭം നയിക്കാൻ കേരളത്തിലേക്ക് മടക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ കുമ്മനം ഗവർണറായി തുടരട്ടെയെന്ന മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും ഇതിന് കാരണമായി. അതുകൊണ്ട് തന്നെ രണ്ട് മാസത്തേക്ക് കുമ്മനത്തിന് ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാനാവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുമ്മനം മിസോറാമിൽ തന്നെ തുടരട്ടേയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. മിസോറമിൽ നവംബർ 28നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 11നും. അതുവരെ ഭരണപരമായ ചുമതലകൾ കുമ്മനത്തിനുണ്ട്. ശബരിമലയിൽ തുലാമാസ പൂജകൾ ഈ മാസം 17ന് തുടങ്ങും. ശബരിമല പ്രക്ഷോഭത്തിന്റെ ഗതി ഇതോടെ മനസ്സിലാകും. നിയമ പോരാട്ടങ്ങൾക്കും മറ്റും നവംബറിൽ തീരുമാനവുമാകും. നവംബറിൽ തീർത്ഥാടനം ആരംഭിക്കും. പ്രതിഷേധത്തിന്റെ സാഹചര്യമുണ്ടെങ്കിൽ അത് നടക്കേണ്ടത് നവംബർ 17വരെയാണ്. ഈ സമയത്ത് മിസോറാമിൽ നിന്ന് കുമ്മനം മാറി നിൽക്കുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കും. മിസോറാമിൽ കോൺഗ്രസ് ഭരണമാണുള്ളത്. ഇവിടെ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനാൽ ഗവർണ്ണറെ മാറ്റുന്നത് ജനവധിയെ പോലും സ്വാധീനിക്കും. അതിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറല്ല.

മെയ് 28ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ 25-ാംതീയതി രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കുമ്മനം പോലും തീരുമാനം അറിഞ്ഞതു വൈകിയാണ്. പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും പദവി ചോദിച്ചിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് പ്രധാനമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പദവി ഏറ്റെടുത്തു. കുമ്മനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതെന്നും സൂചനയുണ്ട്. 1976 മുതൽ 1987വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തിൽ ശ്രദ്ധേയനാകുന്നത്.

1992ൽ ഹിന്ദു ഐക്യേവേദി ജനറൽ കൺവീനറായി. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ബിജെപി നേതാവ് വി. മുരളീധരൻ സ്ഥാനമൊഴിഞ്ഞശേഷം 2015 ഡിസംബറിലാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കേരളത്തിലെ ഹൈന്ദവ മുഖമാണെങ്കിലും എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യനാണ് കുമ്മനം. ഇത് മനസ്സിലാക്കി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്നത് കുമ്മനത്തിന്റെ ജനസ്വാധീനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP