Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗലത്ത് അഴകത്ത് മനയിലെ എ വി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി; വരിക്കാശ്ശേരി ഇല്ലത്തെ അനീഷ് നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി; എട്ടുമണിയോടെ തുടങ്ങിയ നറുക്കെടുപ്പിന് ദേവസ്വം മന്ത്രി എത്തിയപ്പോൾ ശ്രീകോവിന് മുന്നിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

മംഗലത്ത് അഴകത്ത് മനയിലെ എ വി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി; വരിക്കാശ്ശേരി ഇല്ലത്തെ അനീഷ് നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി; എട്ടുമണിയോടെ തുടങ്ങിയ നറുക്കെടുപ്പിന് ദേവസ്വം മന്ത്രി എത്തിയപ്പോൾ ശ്രീകോവിന് മുന്നിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മംഗലത്ത് അഴകത്ത് മനയിലെ എ വി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ കൊടകര സ്വദേശിയാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. കൊല്ലം മൈനാഗപ്പള്ളി കല്ലേലി ഭാഗം വരിക്കാശ്ശേരി ഇല്ലത്തെ അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. എട്ടുമണിയോടെ തുടങ്ങിയ സന്നിധാനത്തെ നറുക്കെടുപ്പിന് ശേഷം മാളികപ്പുറത്തെ നറുക്കെടുപ്പ് നടന്നു. ഇന്ന് ശബരിമലയിലെ വിവിധ ചടങ്ങുകൾക്കായി സന്നിധാനത്ത് ഇന്നലെ രാത്രിയോടെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പതിനെട്ടാംപടിക്ക് മുകളിൽ ശ്രീകോവിലിന് മുന്നിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിനെത്തിയില്ല. അതേസമയം ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. ഇനി വരുന്ന മണ്ഡലകാലം മുതൽ ഒരുവർഷം ശബരീശനെ സേവിക്കാൻ പുറപ്പെടാ ശാന്തിയായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അനീഷ് നമ്പൂതിരിയും സന്നിധാനത്ത് ഉണ്ടാവും. 

ശബരിമലയിലെ സ്ഥിതി വിലയിരുത്തുന്നതിനും മണ്ഡലകാല ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനുമായി മല ചവിട്ടി മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തേക്ക് ഇന്നലെ രാത്രിയാണ് എത്തിയത്. വൈകീട്ടോടെ പമ്പയിലെത്തിയ പിണറായി എട്ടുമണിയോടെയാണ് നീലിമല കയറി സന്നിധാനത്തേക്ക് കാൽനടയായി എത്തുന്നത്. നാലുകിലോമീറ്ററോളം വരുന്ന കാനനപാതയിലൂടെ നടന്നാണ് മുഖ്യമന്ത്രി സന്നിധാനത്തേക്ക് പോയത്. പമ്പയിൽ പൊന്നാട അണിയിച്ചാണ് മലകയറുന്നതിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം അധികൃതർ സ്വീകരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളിയും ഉദ്യോഗസ്ഥരുടെ സംഘവും കൂടെയുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് പമ്പയും സന്നിധാനവും.

പിണറായിയുടെ ആദ്യ ശബരിമല സന്ദർശനം ആണ് ഇത്. ഇടയ്ക്കിടെ ശക്തമായ മഴയാണ് ശബരിമലയിൽ. തുലാം ഒന്ന് പ്രമാണിച്ച് നിരവധി ഭക്തരും സന്നിധാനത്തേക്ക് എത്തുന്നു. നടൻ ദിലീപ് ഉൾപ്പെടെ ഇന്ന് ശബരീശദർശനത്തിന് എത്തും. ഇന്നലെ രാത്രി സന്നിധാനത്ത് ക്യാമ്പ് ചെയ്ത മുഖ്യമന്ത്രി ഇന്നു രാവിലെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനം നിർവഹിക്കും. തുടർന്ന് ശബരിമല വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്യും. മണ്ഡലകാലം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത് ഒരുക്കങ്ങൾക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം പമ്പയിലെത്തി ദേവസ്വം ബോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്കു പോയിരുന്നില്ല. 4.99 കോടി രൂപ ചെലവിലാണു വിനോദസഞ്ചാര വകുപ്പ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നത്. 24 മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടങ്ങുന്നതാണു പദ്ധതി. അവലോകനത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെ മുഖ്യമന്ത്രി പിണറായി മലയിറങ്ങി പമ്പയിലെത്തും.

മേൽശാന്തിമാരുടെ നറുക്കെടുപ്പ് രാവിലെ എട്ടുമണിയോടെ ആണ് ആരംഭിച്ചത്. തുലാമാസ പൂജകൾക്കായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്. വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചതോടെയാണ് തുലാമാസ ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് ഗണപതി നടയും നാഗർ നടയും തുറന്നശേഷം പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു. വൃശ്ചികപ്പുലരി മുതൽ അടുത്ത ഒരു വർഷക്കാലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയാണ് ഇന്ന് തിരഞ്ഞെടുത്തത്. 21 വരെ നെയ്യഭിഷേകമുണ്ടാകും. 21 നു രാത്രി നടയടയ്ക്കും. ചിത്തിര ആട്ടവിശേഷ ഉത്സവം 19 നാണ്.

രാവിലെ ഉഷപൂജക്കു ശേഷം സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തുമാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ്വർമ്മ, ഹൃദ്യാവർമ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്്. ശബരിമല മേൽശാന്തിയെ സൂര്യയും മാളികപ്പുറം മേൽശാന്തിയെ ഹൃദ്യയും നറുക്കെടുത്ത് നിശ്ചയിച്ചു. ഇരുവരും ഇന്നലെ ഉച്ചയോടെ ഇരുമുടിക്കെട്ടു നിറച്ച് മലകയറി. ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട പേരുകളിൽ നിന്നാണ് നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈ മാസം 21 വരെ പതിവ് പൂജകൾക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP