Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല; കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗങ്ങളോ സന്നിധാനത്ത് എത്തിയില്ല; ഏർപ്പെടുത്തിയിരുന്നത് കനത്ത സുരക്ഷ; യുവതികൾ എത്തുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട്

കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല; കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗങ്ങളോ സന്നിധാനത്ത് എത്തിയില്ല; ഏർപ്പെടുത്തിയിരുന്നത് കനത്ത സുരക്ഷ; യുവതികൾ എത്തുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പൊലീസ് ആവശ്യപ്പെട്ടിട്ടും കളക്ടർ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല. കുംഭമാസ പൂജകൾക്കായി ശബരിമല ഇന്ന് വൈകുന്നേരത്തോടെ നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

കുംഭമാസ പൂജ കാലത്തും നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ കളക്ടർ ഇതിന് തയ്യാറായിട്ടില്ല. ശബരിമലയിൽ സംഘർഷസാഹചര്യമുണ്ടാക്കുന്ന പക്ഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്ന നിലപാടിലാണ് ജില്ലാ കളക്ടർ.

നാളെ രാവിലെ അഞ്ചിന് നട തുറക്കും. കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ എത്തുമെന്ന് ഭീതി പരന്നതിനാൽ സംഘർഷ സാധ്യതയും പൊലീസ് മുന്നിൽ കണ്ടിരുന്നു. ഇതോടെയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യം കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചത്.

സന്നിധാനത്തിലും പമ്പയിലും നിലക്കലും ഓരോ എസ് പി മാരുടെ നേതൃത്വത്തിലാന്ന് സുരക്ഷാക്രമീകരണങ്ങൾ. അതേസമയം നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല. തിരുവനന്തപുരത്ത് ബോർഡ് യോഗം നടക്കുന്നതുകൊണ്ടാണ് ദേവസ്വം ഭാരവാഹികൾ എത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്‌പിമാരുടെ നിയന്ത്രണത്തിലാണ്. 3000 പൊലീസുകാരെ സുരക്ഷാചുമതലകൾക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്പെഷ്യൽ സെൽ എസ്‌പി. വി. അജിത്തും ഡിവൈ.എസ്‌പി.മാരായ പ്രതാപൻ, പ്രദീപ്കുമാർ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയിൽ ടെലി കമ്യൂണിക്കേഷൻ എസ്‌പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്‌പിമാരായ ഹരികൃഷ്ണൻ, വി. സുരേഷ് കുമാർ എന്നിവരും നിലയ്ക്കലിൽ കൊല്ലം കമ്മിഷണർ പി. മധു, ഡിവൈ.എസ്‌പിമാരായ സജീവൻ, ജവഹർ ജനാർദ് എന്നിവരും മേൽനോട്ടംവഹിക്കും.

കുംഭമാസ പൂജയ്ക്ക് ദർശനത്തിന് ഇതിനോടകം യുവതികളും ട്രാൻസ്ജെൻഡേഴ്സും അടക്കം 37 പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദർശനം നടത്താമെന്നും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യം. എന്നാൽ അപേക്ഷകർക്ക് ഇതുവരെ സേന മറുപടി നൽകിയിട്ടില്ല. സർക്കാർ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP