Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നത്തെ ചർച്ചയിൽ റിവ്യൂ ഹർജിയിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് എടുക്കാൻ അനുമതി നൽകിയെന്ന് സൂചന; സിപിഎം രംഗത്തിറക്കിയ കണ്ണൂരിലെ ഭക്തരെ തള്ളിപ്പറഞ്ഞത് പോലും ഒത്തുതീർപ്പിന് കളമൊരുക്കാൻ; പിണറായി ശാസിച്ച് മാറ്റി നിർത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ ഒടുവിൽ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ രംഗത്ത്; ജനരോഷം രൂക്ഷമായതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാർ നീക്കം ഇങ്ങനെ

ഇന്നത്തെ ചർച്ചയിൽ റിവ്യൂ ഹർജിയിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് എടുക്കാൻ അനുമതി നൽകിയെന്ന് സൂചന; സിപിഎം രംഗത്തിറക്കിയ കണ്ണൂരിലെ ഭക്തരെ തള്ളിപ്പറഞ്ഞത് പോലും ഒത്തുതീർപ്പിന് കളമൊരുക്കാൻ; പിണറായി ശാസിച്ച് മാറ്റി നിർത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ ഒടുവിൽ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ രംഗത്ത്; ജനരോഷം രൂക്ഷമായതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാർ നീക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ദേവസ്വം ബോർഡിനെ മുൻനിർത്തി സമവായത്തിന് ശ്രമിക്കുന്നത് സർക്കാർ തന്നെ. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിനെ അനുവദിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.. ഇതിന്റെ ഭാഗമായി ദേവസ്വംബോർഡ് വിളിച്ചുചേർത്ത പ്രതിനിധികളുടെ ചർച്ച ചൊവ്വാഴ്ച നടക്കും. തന്ത്രിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ കൊട്ടാരവും തന്ത്രി കുടുംബവും റിവ്യൂ ഹർജിയിൽ ഉറച്ച നിലപാട് എടുക്കും. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാൻ സർക്കാരിന്റെ അനുമതി കിട്ടിയെന്നാണ് ബോർഡും നൽകുന്ന സൂചന. ചൊവാഴ്ച ചർച്ചകഴിഞ്ഞ് സമരത്തിന്റെ രീതി മാറ്റുന്ന കാര്യം പരിഗണിച്ചാൽ മതിയെന്ന് ബിജെപി.യും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ ആദ്യ വിശദീകരണ യോഗം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഈ സമയം സമവായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സ്ത്രീ പ്രവേശനത്തിൽ നിലയ്ക്കൽ കടന്നേ പമ്പവഴി ശബരിമലയ്ക്കു പോകാനാകൂ എന്നതിനാൽ വിശ്വാസികളുടെ പ്രതിഷേധവും പ്രതിരോധവും ഇവിടേക്ക് കേന്ദ്രീകരിക്കുന്നു. മാസപൂജയ്ക്ക് നടതുറക്കുന്ന പശ്ചാത്തലത്തിലാണിത്. കരിമല വഴിയുള്ള കാട്ടുപാതയും പുല്ലുമേട് വഴിയും മാസപൂജയ്ക്ക് തുറക്കാറില്ല. കോടതിവിധിയിൽ പ്രതിഷേധിച്ച് വിശ്വാസികൾ നിലയ്ക്കലിൽ നടത്തുന്ന ശരണമന്ത്ര കൂട്ടായ്മ ബുധനാഴ്ച ശക്തമാകും. ഇത് മനസ്സിലാക്കി കൂടിയാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. പർണശാല കെട്ടി ഒരേസമയം നൂറുപേരാണ് ശരണമന്ത്രം ജപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശബരിമല പാതയിൽ തിങ്കളാഴ്ച മുതൽ വനിതകൾ വാഹന പരിശോധനയും നടത്തുന്നുണ്ട്. യുവതികൾ പോകുന്നുണ്ടെങ്കിൽ അവരോട് ശബരിമലയ്ക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുകയും നിലയ്ക്കൽ പർണശാലയിൽ സുരക്ഷിതമായി വിശ്രമിക്കാൻ പറയുകയുമാണ് ചെയ്യുന്നത്. സ്ത്രീകൾ മാത്രമാണ് ഈ വിശ്വാസപ്രതിരോധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. നട അടയ്ക്കുന്നതുവരെ ഇതു തുടരാനാണ് തീരുമാനം.

ഇത് മൂലം തീർത്ഥാടനം പോലും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ചർച്ചയ്ക്ക് വിളിച്ചത്. ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും പ്രത്യേക നിർദ്ദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചർച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവർ വരാൻ സാധ്യതയില്ലെന്നും ബോർഡ് പ്രസിഡന്റ് പറയുന്നു. ഇതോടെ ബോർഡ് വിശ്വാസികളുടെ പക്ഷത്തേക്ക് നീങ്ങുകയാണ്. കണ്ണൂരിൽ സിപിഎം പാർട്ടി ഗ്രാമത്തിലുള്ളവരാണ് മാലയിട്ട് വൃതമെടുക്കുന്നത്. ഇവർ ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ത്രീ ഭക്തരെ തള്ളിപ്പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റെ എത്തുന്നത്. അതിനിടെ കണ്ണൂരിലെ സ്ത്രീകളെ ക്ഷേത്ര ദർശനത്തിൽ നിന്ന് പിന്മാറ്റാൻ സിപിഎം സമ്മർദ്ദം ശക്തമാക്കിയതായും സൂചനയുണ്ട്. അങ്ങനെ ദേവസ്വം ബോർഡ്ിന്റെ നിലപാട് അനുകൂലമാകുന്നതു കൊണ്ടാണ് ചർച്ചയ്ക്ക് പന്തളം കൊട്ടരവും തന്ത്രി കുടുംബവും എത്തുന്നത്,

പന്തളം കൊട്ടാരം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു. രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് തീരുമാനമെടുത്തത്. ചർച്ചയ്ക്ക് വിളിച്ചിട്ടു പങ്കെടുത്തില്ലെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണിത്. തന്ത്രികുടുംബം ഉൾപ്പെടെ കൊട്ടാരത്തോടൊപ്പം നിൽക്കുന്നവരുമായി ഇക്കാര്യം ആലോചിച്ചിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ചർച്ചയിൽ വയ്ക്കും. എൻ എസ് എസുമായും അവർ കൊട്ടാരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. വിധി നടപ്പാക്കാൻ സാവകാശം, പുനഃപരിശോധനാ ഹർജി, ഓർഡിനൻസ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചർച്ചയിലും ഉയരുക. ഇതിൽ പ്രായോഗികമായത് നടപ്പാക്കാൻ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ പുനപരിശോധനാ ഹർജി കൊടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വിയോജിപ്പോടെ പത്മകുമാർ മലക്കം മറിഞ്ഞു. പത്മകുമാറിനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ കൈവിടുമെന്നായപ്പോൾ പ്ത്മകുമാറിനെ തന്നെ സമവായ ചർച്ചയ്ക്ക് നിയോഗിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയെന്നാണ് വിലയിരുത്തൽ.

തുലാമാസ പൂജയ്ക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് നടതുറക്കുന്നത്. ഈ സാഹചര്യത്തിലാണ് സമവായ ചർച്ചയ്ക്ക് ദേവസ്വം ബോർഡ് രംഗത്തിറങ്ങുന്നത്. ഇത്തവണ വിലക്കുള്ള സ്ത്രീകൾ എത്താനിടയില്ലെന്നും അതുകൊണ്ടുതന്നെ കോടതിവിധി നടപ്പാക്കാൻ സാവകാശം തേടുകയെന്നതുമാണ് സർക്കാർ പരിഗണിക്കുന്നത്. ചർച്ചയിൽ ഇതിന് മുൻതൂക്കം കിട്ടിയേക്കും. പഴയ നിലപാടിൽ അയവുവന്നതോടെ പുനഃപരിശോധനാ ഹർജിയും പരിഗണിക്കാനാണ് സാധ്യത. വിശ്വാസ പ്രതിഷേധം തന്നെയാണ് ഇതിന് കാരണം. ശബരിമലയിൽ സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതോടെയാണ് ഒത്തുതീർപ്പിന് ദേവസ്വം ബോർഡിനെ രംഗത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച എരുമേലിയിലും നിലയ്ക്കലും അമ്മമാരുടെ ഉപവാസയജ്ഞം തുടരുകയാണ്.

എരുമേലിയിലെ യജ്ഞം പൂഞ്ഞാർ കൊട്ടാരത്തിലെ മംഗളാഭായി തമ്പുരാട്ടിയും നിലയ്ക്കലിലെ യജ്ഞം കെ.പി. ശശികലയും ഉദ്ഘാടനം ചെയ്യും. കാസർകോടുമുതൽ കോട്ടയം വരെയുള്ളവർ എരുമേലിയിലും തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ളവർ നിലയ്ക്കലുമാണ് എത്തുകയെന്ന് കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. അങ്ങനെ പ്രതിഷേധം ശക്തമാകുന്നതും സർക്കാരിനെ തീരുമാനങ്ങളിൽ പിന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

നിലപാടുകളിൽ ഉറച്ച് പന്തളം കൊട്ടാരം

ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നു കൊട്ടാരം ഭാരവാഹികൾ പറഞ്ഞു. തീരുമാനങ്ങളിൽ നിന്നു പിന്മാറില്ല. സുപ്രീം കോടതി വിധി നടപ്പാക്കാൻ കൂടുതൽ സാവകാശം നേടുന്നതിന് ബോർഡിൽ സമ്മർദം ചെലുത്തും. ആവശ്യങ്ങൾ ബോർഡ് അംഗീകരിച്ചാൽ മാത്രമേ തുടർന്നു സഹകരണം ഉണ്ടാവുകയുള്ളു. ഇല്ലെങ്കിൽ സ്വാമിശരണം പറഞ്ഞു പിരിയും. വിഷയം എന്തൊക്കെയെന്നും ആരൊക്കെ പങ്കെടുക്കുമെന്നും വ്യക്തത ഇല്ലാത്തതിനാലാണു ചർച്ചയിൽ പങ്കെടുക്കേണ്ട എന്ന് ആദ്യം തീരുമാനിച്ചത്. പിന്നീടു രേഖാമൂലം കത്തു ലഭിച്ചതിനാലാണു നിലപാടു മാറ്റിയതെന്നും ഇരുവരും പറഞ്ഞു.

തന്ത്രിമാരോടും കൊട്ടാരം നടത്തുന്ന ധർമസമരവുമായി സഹകരിക്കുന്ന സംഘടനാ ഭാരവാഹികളോടും ചർച്ച ചെയ്ത ശേഷമാണു പുതിയ തീരുമാനം കൈക്കൊണ്ടത്. ബോർഡ് വിളിച്ച ചർച്ചയിൽ കൊട്ടാരം പങ്കെടുക്കുന്നില്ല എന്ന പരാതിയും കണക്കിലെടുത്തു. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതു വരെ നാമജപയജ്ഞവും യാത്രകളും തുടരും. ഭക്തരുടെ വികാരം ബോർഡിനു മനസ്സിലായി വരുന്നു എന്നതിന്റെ തെളിവാണ് ഇന്നു നടക്കുന്ന ചർച്ചയെന്നും അവർ പറഞ്ഞു.

ആചാരങ്ങളെ ബഹുമാനിക്കുന്ന യുവതികൾ എത്തില്ല: പത്മകുമാർ

ആചാരങ്ങളെ ബഹുമാനിക്കുന്ന യുവതികളാരും ശബരിമലയ്ക്ക് വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം. കണ്ണൂരിൽ നിന്ന് യുവതി വ്രതം എടുത്തു വരുന്നുവെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാനുള്ള തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും തീരുമാനം

സ്വാഗതാർഹമാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധമുള്ളവരെയാണ് ദേവസ്വം ബോർഡ് ചർച്ചയ്ക്ക് ക്ഷണിച്ചത്. പ്രശ്‌നം ഉണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണു ചർച്ച. യൂണിയൻ ചർച്ചയൊന്നുമല്ല നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും വിളിക്കേണ്ട കാര്യമില്ലെന്നും പത്മകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP