Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐജിമാരായ വിജയ് സാഖറെയും പി വിജയനും അവധിയെടുത്ത് മുങ്ങി; പകരം ശബരിമലയിലേക്ക് എത്തിയത് ഐജിമാരായ എംആർ അജിത് കുമാറും അശോക് യാദവും; റേഞ്ച് ഐജി മനോജ് എബ്രഹാം സന്നിധാനത്ത് എത്താതെ മേൽനോട്ടം തുടരും; ഡിഐജി കെപി ഫിലിപ്പും എസ് പി രാഹുൽ ആർ നായരും പ്രധാന ചുമതലക്കാർ; ആർ എസ് എസ് രഹസ്യ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ

ഐജിമാരായ വിജയ് സാഖറെയും പി വിജയനും അവധിയെടുത്ത് മുങ്ങി; പകരം ശബരിമലയിലേക്ക് എത്തിയത് ഐജിമാരായ എംആർ അജിത് കുമാറും അശോക് യാദവും; റേഞ്ച് ഐജി മനോജ് എബ്രഹാം സന്നിധാനത്ത് എത്താതെ മേൽനോട്ടം തുടരും; ഡിഐജി കെപി ഫിലിപ്പും എസ് പി രാഹുൽ ആർ നായരും പ്രധാന ചുമതലക്കാർ; ആർ എസ് എസ് രഹസ്യ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല അയ്യപ്പന്റെ കടുത്ത വിശ്വാസിയാണ് ഐജി പി വിജയൻ. പുണ്യം പൂങ്കാവനം പദ്ധതിയുടെ ശിൽപ്പി. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിൽ പുണ്യം പൂങ്കാവനത്തെ ജനകീയ ഇടപെടലാക്കി മാറ്റിയത് ഐജിയുടെ ഇടപെടലാണ്. അതുകൊണ്ട് കൂടിയാണ് അട്ട ചിത്തിരയ്ക്ക് നട തുറക്കുമ്പോൾ സന്നിധാനത്തിന്റെ ചുമതല പി വിജയന് നൽകാൻ ഡിജിപി തീരുമാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ഐജി വിജയൻ അവധിയെടുത്തു. ഇതോടെ പുതിയ ചുമതലക്കാരനും എത്തുകയാണ്. സന്നിധാനത്തിന്റെ ചുമതല ഐജി എം ആർ അജിത് കുമാറിന് ഡിജിപി കൈമാറി.

അതിനിടെ ശബരിമലയിൽ സുരക്ഷയ്ക്ക് എല്ലാ നടപടികളും സ്വീകരിച്ചതായി ഡിജിപിയുടെ ഓഫീസും വിശദീകരിച്ചു. ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചു. ചീഫ് പൊലീസ് കോർഡിനേറ്ററായ ദക്ഷിണ മേഖല എ ഡി ജി പി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോർഡിനേറ്റർ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേൽനോട്ടം വഹിക്കും. ആലുവ എസ് പി രാഹുൽ ആർ നായർ പമ്പയിലും ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് രാഹുൽ ആർ നായർ പമ്പയിൽ സുരക്ഷാ ചുമതല ഏറ്റെടുത്ത് എത്തുന്നത്.

ഇത്തവണ ശബരിമല തീർത്ഥാടനകാലത്ത് പത്ത് വീതം എസ്‌പിമാരും ഡി.വൈ.എസ്‌പി മാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 2300 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 1850 പൊലീസുകാരിൽ പകുതിപ്പേരെയും നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിലായി വിന്യസിച്ചു. നിലയ്ക്കലിൽ ഡിഐജി കെ. പി. ഫിലിപ്പും സുരക്ഷയ്ക്കു നേതൃത്വം നൽകും. ആദ്യം നിയോഗിക്കപ്പെട്ട ഐജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയെടുത്തതിനെത്തുടർന്നാണ് ഇവരെ ചുമതല ഏൽപിച്ചത്. ദക്ഷിണമേഖല എഡിജിപി അനിൽ കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തെക്കൻ ജില്ലകളിലെ എസ്‌പിമാർ എന്നിവരും സുരക്ഷ ഒരുക്കാനുണ്ടാകും. ഐജി മനോജ് എബ്രഹാം ശബരിമലയിൽ എത്താതെയാകും ഏകോപനം നിർവ്വഹിക്കുക.

യുവതികളെ തടയാൻ കഴിഞ്ഞ തവണത്തെക്കാൾ ആസൂത്രിതമായാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ ശബരിമല കർമസമിതിയുടെ ഇത്തവണത്തെ നീക്കങ്ങളെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് മതിയായ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പമാണ് ഐജി വിജയന്റേയും വിജയ് സാഖറയുടേയും അവധി എടുക്കലും ചർച്ചയാകുന്നത്. വിശ്വസികളായതു കൊണ്ടാണ് ഇരുവരും തന്ത്രപരമായി മാറുന്നതെന്നാണ് സൂചന. നേരത്തെ രഹ്നാ ഫാത്തിമയുമായി മലകയറിയ ഐജി ശ്രീജിത്ത് അയ്യപ്പിന് മുന്നിൽ പൊട്ടിക്കരയുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. കടുത്ത വിശ്വാസിയായ ശ്രീജിത്തിന്റെ മാപ്പുപറച്ചിലായി ഇത് ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യമെല്ലാം വിലയിരുത്തിയാണ് വിജയനും സാഖറയും അവധിയെടുത്തതെന്നും സൂചനകളുണ്ട്.

കനത്ത ജാഗ്രതയിലാണ് ശബരിമല. പത്തനംതിട്ടിയിലും കോട്ടയത്തും പോലും അപ്രഖ്യാപിത നിരോധനാജ്ഞയാണ്. പൊലീസ് വെള്ളിയാഴ്ച തന്നെ എല്ലാ കെട്ടിടങ്ങളിലും പരിശോധന നടത്തി. തീർത്ഥാടന ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു തങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്ന തീർത്ഥാടകരുടെ വിലാസം ശേഖരിക്കാനും നിർദേശമുണ്ട്. ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി നവംബർ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജാ സമയത്തുണ്ടായ സംഘർഷങ്ങൾ ആവർത്തിച്ചേക്കാമെന്ന വിലയിരുത്തലിൽ ഡിജിപി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വഴി തടഞ്ഞ് തീർത്ഥാടകരെയോ വാഹനങ്ങളോ പരിശോധിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം. എല്ലാ ജില്ലകളിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിരുന്നു.

മണ്ഡലകാലത്തിനു മുന്നോടിയായുള്ള ട്രയൽ റണ്ണാണ് ഇനി. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കുമ്പോൾ തുലമാസ പൂജ സമയത്തേക്കാൾ കനത്ത പൊലീസ് സന്നാഹമാണ് ശബരിമലയിൽ.നാളെ രാവിലെ എട്ടിനു ശേഷമേ ഭക്തരെയും മാധ്യമങ്ങളെയും കടത്തി വിടൂ. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേ മലയിലേക്ക് യാത്രാവിലക്കുമുണ്ട്. തിരിച്ചറിയൽ രേഖയില്ലാത്ത ആർക്കും പമ്പ, നിലയ്ക്കൽ ചെക്ക്‌പോസ്റ്റുകൾ കടക്കാനാവില്ല. യുവതീ പ്രവേശനത്തെ എതിർക്കുന്നവർ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. മല ചവിട്ടാനെത്തുന്നവർ നിലയ്ക്കൽ മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക്‌പോസ്റ്റുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും.

പമ്പ മുതൽ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാൻഡോകളടക്കം സായുധ സംഘം ഇവർക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാൻ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP