Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പന്മാരുടെ ആശുപത്രിക്ക് സാക്ഷാൽ യോഹന്നാൻ മെത്രാപ്പൊലീത്ത കനിയണം; തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥലം കൈയേറ്റ ഭൂമിയിൽ; നൂറേക്കർ ദേവസ്വം ഭൂമിയുള്ളത് ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ

അയ്യപ്പന്മാരുടെ ആശുപത്രിക്ക് സാക്ഷാൽ യോഹന്നാൻ മെത്രാപ്പൊലീത്ത കനിയണം; തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥലം കൈയേറ്റ ഭൂമിയിൽ; നൂറേക്കർ ദേവസ്വം ഭൂമിയുള്ളത് ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ

കോട്ടയം : തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമാകണമെങ്കിൽ സാക്ഷാൽ കെ.പി യോഹന്നാൻ മെത്രാപ്പൊലീത്ത കനിയണം. അല്ലെങ്കിൽ സർക്കാർ ഇടപെട്ട് ഭൂമി നൽകണം.

ശബരിമല തീർത്ഥാടന കാലത്ത് നിരവധി ഭക്തർ വിദഗ്ധചികിത്സ കിട്ടാതെ മരിക്കുന്നതു കണക്കിലെടുത്താണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയാൻ തീരുമാനിച്ചത്. പക്ഷേ ഇതിന് ബോർഡിന്റെ പക്കൽ ഭൂമിയില്ല. ചെറുവള്ളി എസ്റ്റേറ്റിൽ ദേവസ്വം ബോർഡിന്റെ 100 ഏക്കർ ഭൂമിയുണ്ടെന്നാണ് കമ്മീഷൻ റിപ്പോർട്ട്. ഇത് തിരിച്ചു കിട്ടിയാൽ ആശുപത്രി പണിയാമെന്നാണ് നിലവിലുള്ള പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നത്. കെ.പി യോഹന്നാന്റെ പക്കലുള്ള ഭൂമി കണ്ട് മനപ്പായസമുണ്ണുകയാണ് ബോർഡ് എന്ന് ചുരുക്കം. ഭൂമി കിട്ടിയാൽ പണിയാനുള്ള വഴി ഒക്കെ പ്രയാറിന് നിശ്ചയം.

ഭൂമി തിരികെ ലഭിക്കുകയാണെങ്കിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ ആശുപത്രി പണിയുന്നതിനായി പണം ഭക്തരിൽ നിന്നും സമാഹരിക്കും. 51 ശതമാനം ഓഹരി ദേവസ്വം ബോർഡിനും ബാക്കി ഭക്തന്മാരിൽനിന്നും ഒരുലക്ഷം രൂപ വീതമുള്ള ഓഹരികളിലൂടെ സമ്പാദിക്കും.. ഇതിനായി സുസ്ഥിരമായ നിയമവ്യവസ്ഥയുണ്ടാക്കും. കോട്ടയം മെഡിക്കൽ കോളജിനും ശബരിമലയ്ക്കുമിടയിൽ ഈ സീസണിൽ മാത്രം എട്ടുപേരാണ് മരിച്ചതെന്നും കൃത്യസമയത്ത് ചികിൽസ ലഭിക്കാത്തതായിരുന്നു മരണകാരണമെന്നും കണ്ടെത്തിയതിനാലാണ് ഈ തീരുമാനമെന്ന് പ്രയാർ പറയുന്നു.

ദേവസ്വം ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ ഫലപ്രദമായി നടത്തുന്നതിനും നഷ്ടമായ ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിനും എത്രയുംവേഗം ദേവസ്വം ട്രിബ്യൂണൽ രൂപീകരിക്കണമെന്നാണ് പ്രയാർ ആവശ്യപ്പെടുന്നത് ട്രിബ്യൂണലെടുക്കുന്ന തീരുമാനങ്ങൾ കോടതികളിൽ ചോദ്യംചെയ്യാനാവാത്ത തരത്തിൽ ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ ട്രിബ്യൂണലാവണം രൂപീകരിക്കേണ്ടത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച് നിയമനിർമ്മാണമുണ്ടാവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകി. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7,500 ഓളം ഏക്കർ ഭൂമി അനധികൃതമായി കൈയേറിയിരിക്കുകയാണ്.

ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശപ്പെടുത്തിയ എരുമേലി ദേവസ്വം, പശ്ചിമദേവസ്വം, ചെറുവള്ളി ദേവസ്വം എന്നിവയുടെ ഭൂമി തിരികെ ലഭിക്കണം. എരുമേലി ദേവസ്വത്തിന് മുൻ കാഞ്ഞിരപ്പള്ളി വില്ലേജിൽ 1,842.08 ഏക്കറും പശ്ചിമദേവസ്വത്തിന് 4,531.18 ഏക്കറും ഭൂമിയുണ്ട്. എന്നാൽ, ഇപ്പോൾ എരുമേലി ദേവസ്വത്തിന് 14 ഏക്കറും പശ്ചിമദേവസ്വത്തിന് 2.05 ഏക്കറും ഭൂമി മാത്രമാണ് കൈവശമുള്ളത്. ഹാരിസൺ കമ്പനി 2005ൽ ദേവസ്വം ഭൂമി ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് കൈമാറുകയായിരുന്നു.

ഇതുൾപ്പെടെ ഹാരിസൺ കൈവശപ്പെടുത്തിയ മുപ്പതിനായിരം ഏക്കറിലേറെ തോട്ടഭൂമി സർക്കാരിന്റേതാണെന്നും സർക്കാർ ഉടനടി അതു തിരിച്ചുപിടിക്കേണ്ടതാണെന്നും രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരേ ബിലീവേഴ്‌സ് ചർച്ചിന്റെ നീക്കങ്ങളെല്ലാം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിക്കളയുകയും ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടണമെന്ന സ്‌പെഷ്യൽ ഓഫിസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ചെറുവള്ളി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്ന 2,200 ഏക്കർ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ളത്. ചെറുവള്ളി എസ്റ്റേറ്റ് ഇപ്പോൾ കൈവശം വച്ചിരിക്കുന്ന ബിലീവേഴ്‌സ് ചർച്ച് പ്രതിനിധികളുമായി ഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്.

ഈ സാഹചര്യത്തിൽ ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടിയുണ്ടാവണമെന്ന് പ്രയാർ ആവശ്യപ്പെട്ടു. ദേവികുളം ധർമശാസ്താ ക്ഷേത്രത്തിന്റെയും വണ്ടിപ്പെരിയാർ ക്ഷേത്രത്തിന്റെയും കൈയേറിയ ഭൂമിയും തിരികെ ലഭിക്കണം. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് ദേവസ്വം ഭൂമി കൈയേറി സ്വന്തമാക്കിയിട്ടുള്ളത്. ദേവസ്വം ഭൂസ്വത്തുക്കൾക്ക് മൗലികമായ ഉടമസ്ഥാരേഖകളില്ല. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണനിയമം വന്നപ്പോൾ ദേവസ്വം ഭൂമി വൻതോതിൽ പതിച്ചുനൽകി. റോഡുവികസനത്തിനും നഷ്ടപരിഹാരം നൽകാതെയും ദേവസ്വം ഭൂമി പലപ്പോഴായി ഏറ്റെടുത്തിട്ടുണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് സർക്കാരിന് ദേവസ്വം ബോർഡിന്റെ പൂർണ പിന്തുണയാണ് പ്രയാർ വാഗ്ദനം ചെയ്യുന്നത്. ഇത്തരമൊരു കാര്യത്തിന് സർക്കാരിന് പിന്തുണ ആവശ്യമില്ലെങ്കിലും തങ്ങൾ അത് നൽകുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നു. വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏത് സ്ഥലമായാലും അതിനെ അനുകൂലിക്കാൻ ബോർഡ് ബാധ്യസ്ഥമാണ്. ശബരിമല ഭാവിയിൽ ദേശാന്തര കീർത്തിയുള്ള വിശ്വാസ കേന്ദ്രമായി മാറും. കഴിഞ്ഞവർഷം 33 രാജ്യങ്ങളിൽനിന്നാണ് ശബരിമലയിൽ ഭക്തരെത്തിയത്. അടുത്ത സീസണിൽ വിദേശത്തു നിന്നും മൂന്ന് ചാർട്ടേഡ് വിമാനങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP