Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലകയറിയത് ദളിത് സ്ത്രീ ആയതിനാൽ തന്ത്രി നടത്തിയത് ഭരണഘടന നിരോധിച്ച അയിത്താചരണം എന്ന് വ്യാഖ്യാനിച്ച് തന്ത്രിയെ പുകച്ച് പുറത്ത് ചാടിക്കാൻ കരുക്കൾ നീക്കി സർക്കാർ രംഗത്ത്; പിന്നോക്ക ദളിത് സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ തന്ത്രിയെ മാറ്റി മലയരയർക്ക് അവകാശം നൽകാൻ പദ്ധതിയാലോചിച്ച് സർക്കാർ; മകരവിളക്ക് സീസൺ കഴിഞ്ഞാലും തന്ത്രിയെ വിടാതെ വേട്ടയാടാൻ ഉറച്ച് സർക്കാർ

മലകയറിയത് ദളിത് സ്ത്രീ ആയതിനാൽ തന്ത്രി നടത്തിയത് ഭരണഘടന നിരോധിച്ച അയിത്താചരണം എന്ന് വ്യാഖ്യാനിച്ച് തന്ത്രിയെ പുകച്ച് പുറത്ത് ചാടിക്കാൻ കരുക്കൾ നീക്കി സർക്കാർ രംഗത്ത്; പിന്നോക്ക ദളിത് സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ തന്ത്രിയെ മാറ്റി മലയരയർക്ക് അവകാശം നൽകാൻ പദ്ധതിയാലോചിച്ച് സർക്കാർ; മകരവിളക്ക് സീസൺ കഴിഞ്ഞാലും തന്ത്രിയെ വിടാതെ വേട്ടയാടാൻ ഉറച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരെ മാറ്റിയേ മതിയാകുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് സർക്കാർ നിർദ്ദേശിക്കും. ദേവസ്വം ബോർഡും നിലവിൽ ഈ നിർദ്ദേശത്തെ തള്ളിക്കളയില്ല. ശുദ്ധിക്രിയയുടെ പേരിൽ സന്നിധാനത്തു നടന്നതു ശുദ്ധിക്രിയ മാത്രമല്ലെന്നും അയിത്താചരണവുമായി ബന്ധപ്പെട്ട ചടങ്ങാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സൂചന നൽകി. നട അടച്ചാലും തന്ത്രിയെ വെറുതെ വിടില്ലെന്ന സൂചനയാണ് ഇതിലുള്ളത്. പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ദേവസ്വം ബോർഡിൽ സജീവമാണ്. ഇതിനെതിരായാണ് സർക്കാർ നീക്കം. പരാതി വിവേചനവുമായി ബന്ധപ്പെടുത്തി പ്രശ്‌നത്തിനു പുതിയ മാനം നൽകും. പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാകും നടപടി.

ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിനുള്ള അധികാരം ഹൈക്കോടതിയും അംഗീകരിച്ചതെന്നാണ് സർക്കാർ പറയുന്നത്. മുൻ തന്ത്രി കണ്ഠര് മോഹനരെ പൂജാദികർമങ്ങളിൽനിന്ന് വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം മുമ്പ് ഹൈക്കോടതി അംഗീകരിച്ചതാണ്. ശോഭാ ജോൺ ഉൾപ്പെട്ട ബ്ലാക്ക്‌മെയിലിങ് കേസുമായി ബന്ധമുള്ളതിനാൽ പൂജാദികർമങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന ദേവസ്വം ബോർഡിന്റെ 2015 ജൂലൈ 31ലെ തീരുമാനത്തെ ചോദ്യംചെയ്ത് അന്ന് കണ്ഠര് മോഹനര് ഹൈക്കോടതിയെ സമീപിച്ചു. തന്നെ നീക്കുന്നത് മതപാഠങ്ങളുടെ അടിസ്ഥാനത്തിലുള്ള പാരമ്പര്യ അവകാശങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്നും നിയമപരമായി തെറ്റാണെന്നും താഴമൺ കുടുംബത്തിലെ രണ്ടുവിഭാഗങ്ങൾക്കായി അവകാശങ്ങൾ വീതിച്ചുനൽകിയിട്ടുണ്ടെന്നുമാണ് മോഹനര് അന്ന് വാദിച്ചത്.

ശോഭാ ജോൺ കേസിനെതുടർന്ന് കണ്ഠര് മോഹനർക്ക് എതിരെ 2012ലും 2013ലും എടുത്ത തീരുമാനങ്ങളുടെ തുടർച്ചയാണ് പുതിയ നടപടിയെന്നാണ് ബോർഡ് വാദിച്ചത്. ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിൽ പിതാവായ കണ്ഠര് മഹേശ്വരരുടെ കൂടെ ആചാരകർമങ്ങൾ നടത്തുന്നതിൽനിന്നും മോഹനരെ വിലക്കിയിരുന്നു. ഹർജിക്കാരൻ തന്ത്രിയായി തുടരണോയെന്നു തീരുമാനിക്കേണ്ടത് ബോർഡിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി മുമ്പ് വിധിച്ചിട്ടുണ്ടെന്നും ബോർഡ് വാദിച്ചു. ഒടുവിൽ 2016 ജനുവരി 14നാണ് ഡിവിഷൻ ബെഞ്ച് ഹർജിയിൽ വിധി പറഞ്ഞത്. സ്ഥാനത്തുനിന്ന് നീക്കിയതിന്റെ കാരണം അറിയില്ലെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്ന് കോടതി പറഞ്ഞു. 2012 മുതലോ അതിനു മുമ്പോ ഹർജിക്കാരനെ ചുമതലകളിൽനിന്ന് മാറ്റിയിരുന്നു. അതിന്റെ തുടർച്ച മാത്രമാണ് പുതിയ നടപടി. അച്ഛനെ കർമങ്ങളിൽ സഹായിക്കാനും അനുവദിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു. അതുകൊണ്ട് തന്നെ ശുദ്ധിക്രിയ വിവാദത്തിലും തന്ത്രിയെ മാറ്റുമെന്നാണ് സർക്കാർ നിലപാട്.

മകരവിളക്കിനുശേഷം തന്ത്രിയുടെ വിശദീകരണം കൂടി ലഭിച്ചാലുടനെ നടപടി എടുക്കും. താഴമൺ മഠം തന്ത്രിക്ക് അനുകൂലമായി നടത്തിയ പ്രസ്താവന അനുചിതമാണെന്ന അഭിപ്രായവും സർക്കാരിനുണ്ട്. തന്ത്രിയെ മാറ്റി മല അരയരെ ശബരിമല ക്ഷേത്രം ഏൽപ്പിക്കാനാണ് നീക്കം. ഇതിലൂടെ പിന്നോക്ക സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് നീക്കം. അതിനിടെ ശബരിമലയിൽ ആചാരവും വ്രതാനുഷ്ഠാനങ്ങളും തെറ്റിച്ച യുവതികൾക്കു ദർശനം നടത്താൻ അവസരമൊരുക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്നാഥ് ബെഹ്‌റ, കോട്ടയം എസ്‌പി ഹരിശങ്കർ എന്നിവർക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആർ. പ്രതീഷ്, ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകി.

ജനുവരി 2നു 2 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതു വ്രതാനുഷ്ഠാനങ്ങൾ തെറ്റിച്ചാണെന്നും ഇവർക്കു ദർശനമൊരുക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണു ഹർജിയിലുള്ളത്. പ്രതിഷേധത്തെ തുടർന്നു ദർശനം നടത്താതെ മടങ്ങിയ രഹ്ന ഫാത്തിമയെയും എതിർകക്ഷിയാക്കി. മതവികാരത്തെ അപമാനിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP