Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ യുവതീപ്രവേശന വിധി അട്ടിമറിക്കാൻ സംഘടിത ശ്രമം നടന്നത് തെറ്റ്; മുസ്ലിം, പാഴ്സി സ്ത്രീകളുടെ ഹരജി ശബരിമലയുമായി കൂട്ടിക്കുഴക്കേണ്ടതില്ല; സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന വിഷയം സംബന്ധിച്ച ഹരജി അടിസ്ഥാനമാക്കിയാണ് യഥാർത്ഥ വിധി വന്നത്; സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വിധി നടപ്പാക്കണം; ഭരണഘടനയാണ് വിശുദ്ധ പുസ്തകം; ഏഴംഗ ബെഞ്ചിന് വിട്ട വിധിയോടുള്ള ജസ്റ്റിസ് ആർ എഫ് നരിമാന്റെ വിയോജന കുറിപ്പിൽ ഉള്ളത് അതിശക്തമായ പരാമർശങ്ങൾ

ശബരിമലയിലെ യുവതീപ്രവേശന വിധി അട്ടിമറിക്കാൻ സംഘടിത ശ്രമം നടന്നത് തെറ്റ്; മുസ്ലിം, പാഴ്സി സ്ത്രീകളുടെ ഹരജി ശബരിമലയുമായി കൂട്ടിക്കുഴക്കേണ്ടതില്ല; സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന വിഷയം സംബന്ധിച്ച ഹരജി അടിസ്ഥാനമാക്കിയാണ് യഥാർത്ഥ വിധി വന്നത്; സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വിധി നടപ്പാക്കണം; ഭരണഘടനയാണ് വിശുദ്ധ പുസ്തകം; ഏഴംഗ ബെഞ്ചിന് വിട്ട വിധിയോടുള്ള ജസ്റ്റിസ് ആർ എഫ് നരിമാന്റെ വിയോജന കുറിപ്പിൽ ഉള്ളത് അതിശക്തമായ പരാമർശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി പുനപ്പരിശോധിക്കാനായി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഭൂരിപക്ഷ വിധിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകായാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ ചെയ്തത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് ജസ്റ്റിസ് നരിമാർ പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങൾക്കെതിരെയും പ്രക്ഷോഭങ്ങൾക്കും എതിരെയായിരുന്നു ന്യൂനപക്ഷ വിധി വായിക്കുന്നതിനിടെ ജസ്റ്റിസ് നരിമാൻ ശക്തമായ പരാമർശം നടത്തിയത്.

സുപ്രീം കോടതി വിധിയെ നിശിതമായി വിമർശിക്കുന്നത് അനുവദനീയമാണ്. അതേസമയം വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ 2018 സെപ്റ്റംബറിലെ വിധിക്ക് എതിരായ പ്രതിഷേധത്തെയായിരുന്നു ജസ്റ്റിസ് ആർ.എഫ് നരിമാൻ വിമർശിച്ചത്. ഉന്നത കോടതിയുടെ തീരുമാനം എല്ലാവരേയും ബാധിക്കുന്നതാണെന്നും ഇത് പാലിക്കേണ്ടത് ഒരു ഓപ്ഷനല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭരണഘടനാ മൂല്യങ്ങളുടെ പൂർത്തീകരണം ഉറപ്പാക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണം. സുപ്രീംകോടതിയുടെ വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകൾ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികൾ ശബരിമല ബെഞ്ചിന് മുന്നിൽ വന്നിട്ടില്ല. അതിനാൽ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാൻ കഴിയില്ല. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന വിഷയം സംബന്ധിച്ച ഹരജി അടിസ്ഥാനമാക്കിയാണ് യഥാർത്ഥ വിധി വന്നത്. പുനപരിശോധന ആവശ്യപ്പെട്ട് നൽകിയ എല്ലാ ഹരജികളും തള്ളിക്കളയുകയാണ്. സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വിധി നടപ്പാക്കണം. വിധി നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയാണ് വേണ്ടത്. ഭരണ ഘടനയാണ് വിശുദ്ധ പുസ്തകമെന്നും ആർ എഫ് നരിമാർ വിധിയിൽ വായിച്ചു.

ശബരിമല വിധിക്കെതിരായ പുനപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിടാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ഒരു മതത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യ അവകാശമെന്ന് കോടതി പറയുകയായിരുന്നു. എന്നാൽ ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്രയും ജസ്റ്റിസ് ഖാൻവാലിക്കറും അനുകൂലിച്ചു.

മുസ്ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകൾ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. സ്ത്രീകൾ മുസ്ലിം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു. അന്നുതന്നെ ഇക്കാര്യവും ശബരിമലയിലെ പുനഃപരിശോധനയ്‌ക്കൊപ്പം പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എസ്.എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്. ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നിവയും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതിനോടാണ് ആർഎഫ് നരിമാർ വിയോജിച്ചത്.

2018 സെപ്റ്റംബർ 28 ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ പുനഃപരിശോധന ആവശ്യപ്പെട്ട് 56 ഹരജികൾ സുപ്രീം കോടതിക്ക് മുൻപിൽ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹർജികളിൽ വാദം കേട്ടശേഷം അന്തിമവിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞവർഷം യുവതീപ്രവേശ അനുകൂല വിധി നൽകിയവരിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാൻ, ചന്ദ്രചൂഢ് എന്നിവർ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു. എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖൻവിൽക്കർ, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP