Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുമുടിക്കെട്ടിൽ വരെ മെറ്റൽ ഡിറ്റക്ടർവെച്ച് പരിശോധന; പന്തളംരാജാ മണ്ഡപത്തിനടുത്ത് നാലിടത്ത് പരിശോധന; കഴിഞ്ഞ വർഷം വരെ സ്വാമി എന്ന് വളിച്ച പൊലീസുകാർ ഇപ്പോൾ അയ്യപ്പ ഭക്തരെ വിളിക്കുന്നത് 'എടാ..പോടാ..' എന്ന്; ബാരിക്കേഡ് വെച്ച് മറച്ചിരിക്കുന്നതിനാൽ വാവരു സ്വാമിയെ കണ്ട് തൊഴാനും പറ്റിയില്ല; നെയ്‌തേങ്ങ പൊട്ടിച്ച് അഭിഷേകത്തിന് ഒരുങ്ങിയപ്പോൾ സ്ഥലം വിട്ടോളാനും പൊലീസ്: പത്ത് വർഷമായി അയ്യപ്പനെ കണ്ടു വണങ്ങുന്ന തമിഴ്‌നാട് സ്വദേശി ശരവണനും സംഘവും ഇത്തവണ മടങ്ങുന്നത് അതീവ സങ്കടത്തോടെ

ഇരുമുടിക്കെട്ടിൽ വരെ മെറ്റൽ ഡിറ്റക്ടർവെച്ച് പരിശോധന; പന്തളംരാജാ മണ്ഡപത്തിനടുത്ത് നാലിടത്ത് പരിശോധന; കഴിഞ്ഞ വർഷം വരെ സ്വാമി എന്ന് വളിച്ച പൊലീസുകാർ ഇപ്പോൾ അയ്യപ്പ ഭക്തരെ വിളിക്കുന്നത് 'എടാ..പോടാ..' എന്ന്; ബാരിക്കേഡ് വെച്ച് മറച്ചിരിക്കുന്നതിനാൽ വാവരു സ്വാമിയെ കണ്ട് തൊഴാനും പറ്റിയില്ല; നെയ്‌തേങ്ങ പൊട്ടിച്ച് അഭിഷേകത്തിന് ഒരുങ്ങിയപ്പോൾ സ്ഥലം വിട്ടോളാനും പൊലീസ്: പത്ത് വർഷമായി അയ്യപ്പനെ കണ്ടു വണങ്ങുന്ന തമിഴ്‌നാട് സ്വദേശി ശരവണനും സംഘവും ഇത്തവണ മടങ്ങുന്നത് അതീവ സങ്കടത്തോടെ

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെയും ഭക്തരുടെയും എല്ലാം കുഴഞ്ഞ് മറിഞ്ഞ നിലപാടിൽ ആകെ പെട്ടത് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരാണ്. ഏകദേശം ഏഴോളം സംസ്ഥാനങ്ങളിൽ നിന്നാണ് ശബരിമല ദർശനത്തിനായി മാലയിട്ട് ഇരുമുടി കെട്ടുകളുമായി ഭക്തർ ഒഴുകി എത്തുന്നത്. എന്നാൽ സുപ്രീംകോടതിയുടെ വിധിയും സർക്കാരിന്റെ നിലപാടും അതിനെതിരെയുള്ള പ്രതിഷേധവും എല്ലാം ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നട തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണവും നന്നേ കുറവാണ്. പമ്പ മുതലുള്ള പൊലീസ് നടപടികളും പുതിയ നിയമങ്ങളുമാണ് ഇതിനെല്ലാം കാരണം.

 

കഴിഞ്ഞ പത്ത് വർഷമായി തമിഴ്‌നാട്ടിൽ നിന്നെത്തി അയ്യപ്പ ദർശനം എന്ന പുണ്യം നുകരുന്നവരാണ് വെല്ലൂരിൽ നിന്നെത്തിയ ശരവണനും സംഘവും. കല്ലും മുള്ളും താണ്ടിയുള്ള യാത്ര അതീവ ദുർഘടമെങ്കിലും ഇത്തവണത്തെ അയ്യപ്പ ദർശനമാണ് മനസ്സിനെ ഏറെ ദുഃഖിപ്പിച്ചതെന്നാണ് ഈ അയ്യപ്പ സംഘം പറയുന്നത്. പമ്പയിൽ നിന്നും സന്നിധാനം വരെ എത്തിയത് പൊലീസിന്റെ പലവട്ടമുള്ള ചെക്കിങിനും ഭീഷണിക്കും ഒടുവിലായിരുന്നു. ഇതോടെ ഉള്ളു തുറന്ന് പ്രാർത്ഥിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഒപ്പം പതിവ് നെയ്യഭിഷേകം നടത്താനുള്ള അവസരവും പൊലീസിന്റെ ഇടപെടൽ കാരണം നഷ്ടമായി. ഇതാണ് ഈ ഏഴംഗ സംഘത്തെ ഏറെ വേദനിപ്പിച്ചത്. മോനിഷ്, തരുൺലാൽ എന്നീ കന്നി അയ്യപ്പന്മാരും ഈ ഏഴംഗ സംഘത്തിൽ ഉണ്ടായിരുന്നു. മലയാള മനോരമയാണ് അയ്യപ്പ ദർശനത്തിനെത്തി ഇവർ അനുഭവിക്കേണ്ട വിഷമതയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

ബിസ്‌കറ്റ് തിന്ന് വിശപ്പടക്കി കുട്ടികൾ
വെള്ളിയാഴ്ച ചെന്നെയിൽ നിന്നും ട്രെയിൻ മാർഗം ചെങ്ങന്നൂർ വഴിയാണ് ഇവർ പമ്പയിലെത്തിയത്. വൈകിട്ട് 5നു വാനിൽ പമ്പയ്ക്കു പുറപ്പെട്ടു. രാത്രി 8.30നു നിലയ്ക്കലെത്തി. അവിടെനിന്നു ബസിനുള്ള ടിക്കറ്റ് കിട്ടാൻ ഒരുമണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നു. ടിക്കറ്റ് എടുത്തപ്പോഴാണ് പമ്പയ്ക്കു ബസ് അയക്കേണ്ടെന്ന പൊലീസിന്റെ നിർദ്ദേശം. രാത്രി 10ന് നട അടയ്ക്കുമെന്നും അതിനാൽ പോകാൻ പറ്റില്ലെന്നും പറഞ്ഞാണു ബസ് സർവീസ് നിർത്തിച്ചത്. പുലർച്ചെ 2 വരെ ബസുകൾ പിടിച്ചിട്ടു. നിലയ്ക്കലാകട്ടെ ഒരു കട മാത്രം. അവിടെ ഭക്ഷണം മുഴുവൻ തീർന്നിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബിസ്‌ക്കറ്റ് കഴിച്ചാണ് കുട്ടികൾ വിശപ്പടക്കിയത്. മറ്റുള്ളവർ പട്ടിണിയിലും.

കുടിക്കാൻ വെള്ളമില്ല
പമ്പാ മണൽപ്പുറത്ത് എത്തിയപ്പോൾ ചായയെങ്കിലും കുടിച്ചാൽ കൊള്ളാമെന്നു തോന്നിയെങ്കിലും ഒരു കടയുമില്ല. കുടിക്കാൻ വെള്ളം നോക്കി നടന്നു. ഒരിടത്തും ടാപ്പുപോലുമില്ല.

ഇരുമുടിക്കെട്ടിൽ വരെ പരിശോധന
എങ്ങും പൊലീസ് പരിശോധനയാണ്. പമ്പാ മണൽപ്പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടിൽ വരെ മെറ്റൽഡിറ്റക്ടർ വച്ചു പരിശോധന. കടത്തിവിട്ട് 5 മീറ്റർ കഴിഞ്ഞില്ല, അടുത്ത പൊലീസ് സംഘം തടഞ്ഞു പരിശോധന ആവർത്തിച്ചു. ഗണപതിയമ്പലത്തിൽ തൊഴുത് പന്തളംരാജാ മണ്ഡപത്തിനു സമീപത്തെത്തിയപ്പോൾ നാലിടത്തു പൊലീസ് പരിശോധന. തടഞ്ഞു തിരിച്ചറിയൽ രേഖ ചോദിച്ചു. ദർശനം കഴിഞ്ഞാൽ അപ്പോൾ തന്നെ മലയിറങ്ങണമെന്നും നിർദ്ദേശം നൽകി.

മലകയറി മരക്കൂട്ടത്ത് എത്തിയപ്പോൾ നൂറിലേറെപ്പേർ അടങ്ങിയ പൊലീസ് സംഘമാണ് തടഞ്ഞത്. 30 മിനിറ്റിൽ കൂടുതൽ തടഞ്ഞു നിർത്തി. സന്നിധാനത്ത് വലിയ തിരക്കാണെന്നും ഇപ്പോൾ പോകാൻ പറ്റില്ലെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. ദർശനം കഴിഞ്ഞ് വേഗം തിരിച്ചിറങ്ങിയാലേ വൈകിട്ടത്തെ ചെന്നൈ മെയിലിനു തിരിച്ചുപോകാൻ പറ്റൂ എന്നുപറഞ്ഞിട്ടും അവർ കാര്യമാക്കിയില്ല. അപ്പോൾ സന്നിധാനത്ത് വലിയ തിരക്കില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.

തെളിക്കാത്ത വഴിയിൽ ഇഴജന്തുക്കൾ ഇരുന്നാലും അറിയില്ല
മരക്കൂട്ടത്തിൽ ശരംകുത്തി വഴിയാണ് കടത്തിവിട്ടത്. വഴിനീളെ ഉരുളൻ കല്ലുകൾ. കാട് ശരിയായി തെളിച്ചിട്ടില്ല. ആദ്യമായാണ് ഇങ്ങനെ അശ്രദ്ധ. വഴിയിലെ കരിയിലപോലും നീക്കിയിട്ടില്ല. ഇഴജന്തുക്കൾ ഇരുന്നാലും അറിയില്ല. ചിലഭാഗങ്ങളിൽ വെളിച്ചവും കുറവായിരുന്നു. രാവിലെ നല്ല മഞ്ഞായിരുന്നു. അതുകാരണം വഴിവിളക്കുകളുടെ വെളിച്ചം താഴേക്കു കിട്ടുന്നില്ല. ശരംകുത്തിയിലും പൊലീസിന്റെ പരിശോധനയുണ്ട്.

ഭക്തരെ എടാ പോടാ... വിളിച്ച് പൊലീസ്
പ്രവേശന കവാടം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. തൊപ്പിവച്ച് ലാത്തി പിടിച്ചുള്ള പൊലീസ്. തോക്കുമായി കമാൻഡോകൾ. കണ്ടപ്പോൾ തന്നെ ഭയന്നുപോയി. കഴിഞ്ഞ വർഷം വരെ 'സ്വാമി' എന്നാണു പൊലീസുകാർ വിളിച്ചിരുന്നത്. ഇപ്പോൾ ' എടാ..പോടാ..' എന്നു വിളിക്കുന്നതു കേട്ടപ്പോൾ സങ്കടം തോന്നി. വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ 5 മെറ്റൽ ഡിറ്റക്ടർ വച്ചാണ് പരിശോധിക്കുന്നത്. നൂറിലേറെ പൊലീസുമുണ്ട്. പതിനെട്ടാംപടിക്കൽ അടിക്കാനുള്ള നാളികേരം ഇരുമുടിക്കെട്ടിൽ നിന്ന് അഴിച്ചെടുക്കാൻ പോലും സമ്മതിക്കുന്നില്ല.

കണ്ടില്ല, വാവരുസ്വാമിയെ
വടക്കേനട മുതൽ വാവരുനട വരെ ബാരിക്കേഡ് വച്ചുമറച്ചിരിക്കുകയാണ്. അതിനാൽ വാവരുസ്വാമിയെ കണ്ടുതൊഴാൻ പറ്റിയില്ല. അവിടേക്കു പോകാനായി ശ്രമിച്ചപ്പോൾ പൊലീസ് തള്ളിവിട്ടു. ഇതുമൂലം അപ്പം അരവണ പ്രസാദംപോലും വാങ്ങാൻ കഴിയാതെ മലയിറങ്ങേണ്ടിവന്നു. മനസ്സിനു വലിയ വേദനയായിരുന്നു ഇത്തവണ ഉണ്ടായത്.

നെയ്യഭിഷേകവും മുടങ്ങി
കടുത്ത നിയന്ത്രണവും പലയിടത്തുള്ള തടഞ്ഞ് നിർത്തലും കാരണം 11.30 കഴിഞ്ഞു പതിനെട്ടാംപടി ചവിട്ടുമ്പോൾ. ദർശനം കഴിഞ്ഞ് മാളികപ്പുറത്തേക്കുള്ള മേൽപ്പാലത്തിൽ ഇരുന്ന് ഇരുമുടി അഴിച്ച് നെയ്‌ത്തേങ്ങ പൊട്ടിക്കാൻ നോക്കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. അഭിഷേകം ഒന്നും വേണ്ടന്നും വേഗം സ്ഥലം വിട്ടോളണമെന്നുമാണ് അവർ പറഞ്ഞത്. പൊലീസുമായി തർക്കിച്ച് നെയ്യുമായി തിരുനടയിൽ എത്തിയപ്പോഴേക്കും അഭിഷേകം കഴിഞ്ഞു. തന്ത്രിയെ കണ്ട് വിഷമം പറഞ്ഞപ്പോൾ അഭിഷേകം ചെയ്ത നെയ്യ് അൽപം നൽകി. എല്ലാവരുടെയും നെയ്യിൽ അഭിഷേകം ചെയ്തതു കുറച്ചുവീതം ഒഴിച്ചാണു മലയിറങ്ങിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP