Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി ഉത്തരവ് തമാശ കളിക്കാൻ ഉള്ളതല്ല, ശബരിമല യുവതീപ്രവേശന വിധി വായിച്ചു നോക്കി നടപ്പിലാക്കേണ്ടത്; സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ; വിധിയെക്കുറിച്ച് നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കണം എന്നു പറഞ്ഞു ക്ഷുഭിതനായി; ജസ്റ്റിസ് നരിമാന്റെ വിമർശങ്ങളോട് പ്രതികരിക്കാതെ സോളിസിറ്റർ ജനറൽ; വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടന ആണെന്ന് വിയോജിപ്പു വിധിയിൽ എടുത്തു പറഞ്ഞ ജസ്റ്റിസ് നിലപാട് മാറ്റാതെ ഉറച്ചു തന്നെ

കോടതി ഉത്തരവ് തമാശ കളിക്കാൻ ഉള്ളതല്ല, ശബരിമല യുവതീപ്രവേശന വിധി വായിച്ചു നോക്കി നടപ്പിലാക്കേണ്ടത്; സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ; വിധിയെക്കുറിച്ച് നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കണം എന്നു പറഞ്ഞു ക്ഷുഭിതനായി; ജസ്റ്റിസ് നരിമാന്റെ വിമർശങ്ങളോട് പ്രതികരിക്കാതെ സോളിസിറ്റർ ജനറൽ; വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടന ആണെന്ന് വിയോജിപ്പു വിധിയിൽ എടുത്തു പറഞ്ഞ ജസ്റ്റിസ് നിലപാട് മാറ്റാതെ ഉറച്ചു തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ജസ്റ്റിസ് ആർ.എഫ് നരിമാൻ. 11നും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് അദ്ദേഹം സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടത്. യുവതീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുമെന്ന് സർക്കാറിനെ അറിയിക്കണം. കോടതി വിധി തമാശയല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. തന്റെ വിയോജന വിധി പ്രസ്താവത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ തീരുമാനത്തോട് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാനും ഡി.വൈ ചന്ദ്രചൂഡിനും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം എന്നിവ ശബരിമല യുവതീ പ്രവേശന കേസ് കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടിക്കുഴക്കേണ്ടെന്നും ജസ്റ്റിസ് നരിമാൻ എഴുതിയ വിധിയിൽ പറയുന്നു.

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യ ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ ശബരിമല കേസ് പരാമർശിച്ചത്. ഡികെ ശിവകുമാറിന്റെ കേസുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറലിന്റെ ഓഫിസിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഈ കേസ് തീർപ്പാക്കിയതിനു പിന്നാലെ ജസ്റ്റിസ് ആർഎഫ് നരിമാൻ ശബരിമല കേസ് എടുത്തിടുകയായിരുന്നു. 'മിസ്റ്റര് സോളിസിറ്റർ ജനറൽ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്, ഇന്നലത്തെ വിധി വായിച്ചുനോക്കാൻ ജസ്റ്റിസ് നരിമാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടത്. വിധിയെക്കുറിച്ച് നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കുക. കോടതി ഉത്തരവ് കളിക്കാനുള്ളതല്ലെന്ന്, ക്ഷുഭിതനായി ജസ്റ്റിസ് നരിമാൻ പറഞ്ഞു.

ജസ്റ്റിസ് നരിമാന്റെ പരാമർശങ്ങളോട് സോളിസിറ്റർ ജനറൽ പ്രതികരിച്ചില്ല. പിന്നീട് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴും അദ്ദേഹം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ പുനപ്പരിശോധനാ ഹർജികൾ ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടിയത്. സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ വ്യക്തമാക്കുന്നു.

അതേസമയം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. ഏഴംഗ ബെഞ്ച് ഭരണഘടനാപ്രശ്‌നങ്ങൾ തീർപ്പ് കൽപിക്കുംവരെ നിലപാട് തുടരണമെന്നും സർക്കാറിന് നിയമോപദേശത്തിൽ പറയുന്നു. പുനഃപരിശോധനാ ഹരജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയിൽ നിരവധി അവ്യക്തതകൾ ഉണ്ടെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. ഇതേതുടർന്നാണ് വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ നിയമോപദേശം തേടിയത്.

ശബരിമലയിലെത്തുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുകയുണ്ടായി. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. യുവതികളെ കയറ്റാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ലെന്നും കടകംപള്ളി വ്യക്തമാക്കി. തൃപ്തി ദേശായിയെ പോലുള്ളവരുടെ ലക്ഷ്യം സ്വന്തം പ്രചാരണം മാത്രമാണ്. ശബരിമലയിൽ കയറണമെന്ന് നിർബന്ധമുള്ളവർ കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ നാടിന്റെ സമാധാനത്തിനായി മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP