Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്ത്യോക്യ പാത്രിയർക്കീസിനെ ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും കൂദാശാബന്ധം നിലനിർത്തുകയും ചെയ്യാതെ മലങ്കരസഭയ്ക്ക് അസ്തിത്വം ഇല്ലെന്ന കോടതിവിധി ഉയർത്തിക്കാട്ടി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ; യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്നത് ചർച്ചയുടെ സാധ്യത; ജനക്കൂട്ടത്തെ കാട്ടി വിധി മറികടക്കാൻ ശ്രമിക്കുന്നത് മൗഢ്യമെന്ന് ഓർത്തഡോക്‌സുകാരും; സഭാ തർക്കം നീളുമ്പോൾ

അന്ത്യോക്യ പാത്രിയർക്കീസിനെ ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും കൂദാശാബന്ധം നിലനിർത്തുകയും ചെയ്യാതെ മലങ്കരസഭയ്ക്ക് അസ്തിത്വം ഇല്ലെന്ന കോടതിവിധി ഉയർത്തിക്കാട്ടി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ; യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്നത് ചർച്ചയുടെ സാധ്യത; ജനക്കൂട്ടത്തെ കാട്ടി വിധി മറികടക്കാൻ ശ്രമിക്കുന്നത് മൗഢ്യമെന്ന് ഓർത്തഡോക്‌സുകാരും; സഭാ തർക്കം നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ. ഓർത്തഡോക്‌സ് സഭ 2017 ജൂലൈ 3 നു ശേഷം നൽകിയിട്ടുള്ള കേസുകൾ സുപ്രീം കോടതി വിധികളുടെ അന്ത:സത്തക്കു വിരുദ്ധമാണെന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിശദീകരിക്കുന്നത് വിശ്വാസികളെ ലക്ഷ്യമിട്ടാണ്.

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമർശം. ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയും ചൂണ്ടികാട്ടുന്നു. എന്നാൽ ജനക്കൂട്ടത്തെക്കാണിച്ച് സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. അന്ത്യോക്യയയെ മറക്കണമെന്നോ യാതൊരുബന്ധവും പാടില്ല എന്നോ ഓർത്തഡോക്‌സ് സഭ പറഞ്ഞിട്ടില്ല. മലങ്കരസഭയുടെമേൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മീകവും ലൗകികവുമായ അധികാരങ്ങൾ അസ്തമിക്കുന്ന ബിന്ദുവിലെത്തി എന്ന് രാജ്യത്തെ കോടതികൾ കണ്ടെത്തിയിട്ടുണ്ട്. ആ കണ്ടെത്തലിനെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മാർ ദിയസ്‌കോറസ് പറഞ്ഞു.

സഭാ കേസുകൾ സംബന്ധിച്ച കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ടാണു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കത്ത് എഴുതിയത്. താൻ സ്ഥാനമേറ്റകാലം മുതൽ മലങ്കര സഭയിൽ സമാധാനത്തിനു ശ്രമിച്ചുവരികയാണ്. സഭാ സമാധാനത്തിനു ചർച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്താൻ 2017 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്. ചർച്ചകൾക്കായുള്ള ക്ഷണം സഭാ സിനഡ് സ്വീകരിക്കാത്തതിൽ നിരാശയുണ്ട്. സഭാ തർക്കം സംബന്ധിച്ചു 1958 ലും 1995 ലും ഉണ്ടായ സുപ്രീം കോടതി വിധികൾ തന്റെ മുൻഗാമികൾ പൂർണമായി അംഗീകരിച്ചിട്ടുള്ളതാണെന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ പറഞ്ഞു. ആഗോള സുറിയാനി സഭാ സിനഡ് നിയമിക്കുന്ന പാത്രിയർക്കീസിനെ മലങ്കര സഭ അംഗീകരിക്കണമെന്ന 2017ലെ വിധി ശ്രദ്ധയിൽപ്പെടുത്തുന്നു. അന്ത്യോക്യ പാത്രിയർക്കീസിനെ ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും കൂദാശാബന്ധം നിലനിർത്തുകയും ചെയ്യാതെ മലങ്കരസഭയ്ക്ക് അസ്തിത്വം ഇല്ലെന്നാണ് കോടതിവിധികൾ വ്യക്തമാക്കുന്നത്.

'ഇരു വിഭാഗങ്ങളും, അവർ പ്രഘോഷിക്കുന്ന പരിശുദ്ധ സഭയിലെ ഭിന്നതകൾ പൊതു പ്ലാറ്റ്‌ഫോമിൽ ചർച്ചചെയ്തു സമാധാനത്തിനു ശ്രമിക്കണം. ആവശ്യമെങ്കിൽ നിയമാനുസരണം ഭരണഘടന ഭേദഗതി ചെയ്ത്, ഒരേ പള്ളിയിൽ സമാന്തര ഭരണ സംവിധാനങ്ങൾ ഉണ്ടാവാതെയും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവാതെയും പള്ളികൾ അടച്ചിടാതെയും നോക്കണം' 2017 ൽ കെ. എസ്. വർഗീസ് കേസിൽ സുപ്രീം കോടതിയുടെ നിർദ്ദേശം സൂചിപ്പിച്ചു പരിശുദ്ധ പാത്രിയർക്കീസ് ബാവാ പറയുന്നു. 1958 െലയും 1995 ലെയും സഭാ കേസിലെ വിധികൾ 2017 ജൂലൈ 3ലെ വിധിക്കും ബാധകമാണെന്നാണു കോടതി പറഞ്ഞിട്ടുള്ളത്. രണ്ടു സഭകളോ രണ്ടുതരം വിശ്വാസമോ ഇല്ലെന്ന് 1958 ലെ സുപ്രീം കോടതി വിധിയിൽ അംഗീകരിച്ചിട്ടുള്ളതായും കത്തിൽ പറയുന്നു. 1964 മെയ്‌ 22 ന് അന്ത്യോക്യ പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ട ശേഷം കാതോലിക്ക നടത്തിയ പ്രസംഗത്തിലേക്കും പരിശുദ്ധ പാത്രിയർക്കീസ് ബാവാ ശ്രദ്ധ ക്ഷണിച്ചു. ക്രിസ്തുവിൽ പ്രിയ സഹോദരാ എന്ന അഭിസംബോധനയോടെയാണു കത്ത് ആരംഭിക്കുന്നത്.

എന്നാൽ ഇതൊന്നും ഓർത്തഡോക്‌സുകാർ അംഗീകരിക്കുന്നില്ല. 1653ൽ നടന്ന കൂനൻകുരിശു സത്യം വിദേശ ആധിപത്യത്തിനെതിരായി എടുത്ത പ്രതിജ്ഞയായിരുന്നു. എന്നാൽ രണ്ടാം കൂനൻകുരിശ് എന്നു പേരിട്ട് ജനത്തെക്കൊണ്ട് പല അവസരങ്ങളിൽ ഏറ്റുചൊല്ലിച്ചത് ഒരു വിദേശശക്തിക്ക് എക്കാലവും അടിമകളായിരുന്നു കൊള്ളാം എന്നാണ്. ഈ വൈരുധ്യം മാധ്യമങ്ങൾ പോലും മനസിലാക്കിയില്ല എന്നതു ഖേദകരമാണ്. 1653 ലെ കൂനൻകുരിശ് സത്യം അന്ത്യോക്യായ പാത്രിയർക്കീസിന്റെ അധികാരം സംരക്ഷിക്കാനാണ് നടത്തിയത് എന്ന വിധത്തിൽ വന്ന റിപ്പോർട്ടുകൾ വസ്തുതകൾക്ക് നിരക്കുന്നതല്ല.

യഥാർത്ഥ സത്യവാചകം 1896 മീനം ലക്കം ഇടവക പത്രികയിൽ ക്നാനായ സമുദായംഗവും അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ഇടവഴിക്കൽ ഇ.എം ഫിലിപ്പോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാൻ താമസിക്കുന്നതിലൂടെ നീതി ലഭിക്കാതെ പോകുന്നത് ഓർത്തഡോക്‌സ് സഭയ്ക്കാണെന്നും ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP