Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രജിസറ്റർ വിവാഹം ഉറപ്പായതോടെ നിക്കാഹ് നടത്തി തരാമെന്ന് സമ്മതിച്ച ഉപ്പ; വാക്ക് വിശ്വസിച്ചെത്തിയ സ്വന്തം മകളെ ഇൻജക്ഷൻ നൽകി മയക്കി കൊണ്ടു പോയത് മാനസിക രോഗാശുപത്രിയിൽ; ഹൈക്കോടതിയിൽ മകളെ കൈവശമില്ലെന്ന പച്ചക്കള്ളം പറഞ്ഞ ഏലക്കുളം വാഴത്തൊടി അലിയുടെ കുതന്ത്രം വിലപ്പോയില്ല; ഒടുവിൽ ജയിച്ചത് പ്രണയത്തിന്റെ കരുത്ത് തന്നെ; എതിർത്തവരെയെല്ലാം നിയമത്തിന്റെ വഴിയേ തോൽപ്പിച്ച് സാബിഖയും ഗഫൂറും: വേദനക്കാലം തീർന്നെന്ന് ആശ്വസിച്ച് ഇന്ന് മിന്നുകെട്ട്

രജിസറ്റർ വിവാഹം ഉറപ്പായതോടെ നിക്കാഹ് നടത്തി തരാമെന്ന് സമ്മതിച്ച ഉപ്പ; വാക്ക് വിശ്വസിച്ചെത്തിയ സ്വന്തം മകളെ ഇൻജക്ഷൻ നൽകി മയക്കി കൊണ്ടു പോയത് മാനസിക രോഗാശുപത്രിയിൽ; ഹൈക്കോടതിയിൽ മകളെ കൈവശമില്ലെന്ന പച്ചക്കള്ളം പറഞ്ഞ ഏലക്കുളം വാഴത്തൊടി അലിയുടെ കുതന്ത്രം വിലപ്പോയില്ല; ഒടുവിൽ ജയിച്ചത് പ്രണയത്തിന്റെ കരുത്ത് തന്നെ; എതിർത്തവരെയെല്ലാം നിയമത്തിന്റെ വഴിയേ തോൽപ്പിച്ച് സാബിഖയും ഗഫൂറും: വേദനക്കാലം തീർന്നെന്ന് ആശ്വസിച്ച് ഇന്ന് മിന്നുകെട്ട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇനി സാബിഖയും ഗഫൂറും ഒരുമിച്ച് യാത്ര തുടങ്ങും. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് അവരുടെ പ്രണയം സാഫല്യത്തിൽ എത്തുകയാണ്. ഏഴ് വർഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. ചെറുകര മല റോഡ് സ്വദേശിനി സാബിഖ (27) തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഗഫൂറും (32) ഇന്ന് വിവാഹിതരാകും. പ്രണയവിവാഹം തടയാൻ സാബിഖയെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്ന് ഒരു മാസക്കാലം തൊടുപുഴ പൈങ്കുളം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചെങ്കിലും പൊലീസ് സംഘം മോചിപ്പിക്കുകയായിരുന്നു.

സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്. അതിനായി ഒരു മാസം മുൻപ് നൽകേണ്ട വിവാഹ നോട്ടിസ് തൃശൂർ കോടാലി സബ് രജിസ്റ്റ്രാർ ഓഫിസിൽ സമർപ്പിച്ചിരുന്നു. 29ാം ദിവസം യുവതിയെ ബന്ധുക്കൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയും മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയും ആയിരുന്നു. ഇതോടെ സാബിഖ അനുഭവിച്ച വേദനകളാണ് ഇനി അവസാനിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞതു മൂലം ക്ഷീണിതയായ സാബിഖയെ മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിഖയ്ക്ക് പഠനം പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭീതി വിട്ടുമാറിയിട്ടില്ല. യുവതിയുടെ പിതാവ്, സഹോദരൻ, അടുത്ത ബന്ധു എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങിയപ്പോഴാണ് ഗഫൂറിനും സാബിക്കയ്ക്കും മുന്നിൽ തടസ്സമായി പെൺവീട്ടുകാർ എത്തിയത്. ഒരേ സമുദായക്കാരാണെങ്കിലും വീട്ടുകാരുടെ എതിർപ്പു നേരിടേണ്ടി വന്നത് പതിയെ ഇല്ലാതാകുമെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ, തന്റെ പ്രിയതമയം മാനസിക രോഗ കേന്ദ്രത്തിൽ അടയ്ക്കുമെന്ന് ഗഫൂർ ഒരിക്കലും കരുതിയില്ല. എന്തായാലും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് ഗഫൂർ ജീവിതം തിരിച്ചു പിടിച്ചു. ഇനി അവളുമൊത്ത് ജീവിതത്തിലേക്ക് കടക്കുകയാണ് ഗഫൂർ. കേസ് ഡിവൈ.എസ്‌പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോടതി ഉത്തരവിട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മാനസിക ചികിത്സാകേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാൻ തൃശ്ശൂർ റൂറൽ എസ്‌പിക്ക് നിർദ്ദേശവുംനൽകി. പെൺകുട്ടിയുടെ വീട്ടുകാർ വീണ്ടും ഭീഷണിയുമായി എത്തുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പൊലീസ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. ഒരു മാസത്തോളമാണ് യുവാവുമായുള്ള പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻവേണ്ടി വീട്ടുകാർ 27കാരിയായ യുവതിയെ മാനസിക രോഗ കേന്ദ്രത്തിലാക്കിയത്.

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവർഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തിൽപ്പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തെ എതിർത്തു. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി നിർണായകമായതോടെ ഹൈക്കോടതിയിൽ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്. അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. തുടർന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് പിതാവ് ഫോണിൽ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂർ ഹൈക്കോടതിയെ സമീപിച്ചത്. മകൾ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ പിതാവ് നൽകിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതായിരുന്നു നിലപാട്.

പൊലീസ് അന്വേഷണത്തിൽ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബർ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇൻജക്ഷൻ നൽകി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നേരത്തെ മാനസിക പ്രശ്നങ്ങൾ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല.

ആശുപത്രിയിൽ കഴിയവെ എടുത്ത ചിത്രങ്ങളിൽ മാനസിക ചികിത്സയെ തുടർന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു. ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്പോയതിനും അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ 53 സ്വദേശി ഷഹീൻ എന്നിവർക്കെതിരെ കേസെടുത്തതായി എസ് ഐ മൻജിത്ത് ലാൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP