Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുപ്പിവെള്ളം നിരോധിച്ചിട്ടും രക്ഷയില്ല; ശബരിമലയിൽ ശീതളപാനീയങ്ങളുടെ ടിന്നുകൾ പുതിയ ഭീഷണി; നിരോധിക്കണമെന്ന് വനംവകുപ്പ്

കുപ്പിവെള്ളം നിരോധിച്ചിട്ടും രക്ഷയില്ല; ശബരിമലയിൽ ശീതളപാനീയങ്ങളുടെ ടിന്നുകൾ പുതിയ ഭീഷണി; നിരോധിക്കണമെന്ന് വനംവകുപ്പ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചിട്ടും ഒരു കാര്യവുമില്ല. ശീതളപാനീയങ്ങളുടെ ഒഴിഞ്ഞ ടിന്നുകൾ വന്യമൃഗങ്ങൾക്കും തീർത്ഥാടകർക്കും ഒരു പോലെ ഭീഷണിയാകുന്നു.

ശീതളപാനീയ ടിന്നുകൾ പൂങ്കാവനത്തിൽ നിരോധിക്കണമെന്നു കാട്ടി വനം വകുപ്പ് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷൽ കമ്മിഷണർക്ക് റിപ്പോർട്ട് നല്കി. പരിസ്ഥിതിക്കും മൃഗങ്ങൾക്കും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിക്ക് കൈമാറി. അലക്ഷ്യമായി വലിച്ചെറിയുന്ന ക്യാനുകൾ കാറ്റിലും വെള്ളത്തിലൂടെ ഒഴുകിയും ഉൾവനത്തിലെത്തപ്പെടുന്നു.

ഭക്തർ ശീതളപാനീയം കുടിച്ചശേഷം കളയുന്ന ടിന്നിൽ ശേഷിക്കുന്നത് കുടിക്കാനെത്തുന്ന ആനകൾ ടിന്നുകൾ ഭക്ഷിക്കുകയും ഇവ ദഹിക്കാതെ വയറ്റിനുള്ളിൽ കിടക്കുന്നത് അവയുടെ മരണത്തിന് കാരണമാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ക്യാനുകൾ ആന ചവിട്ടി മെതിക്കുമ്പോൾ അതിന്റെ കട്ടികൂടിയ ഈസി ഓപ്പൺലിഡ് കാലിൽ തുളഞ്ഞു കയറി പരുക്കേല്ക്കാനും ഇടയുണ്ട്. ചെറുജീവികൾ ക്യാനിനുള്ളിൽ കയറിപ്പറ്റിയാൽ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായും ഇത് പൂങ്കാവനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും വനംവകുപ്പ് കണ്ടെത്തി.

മറ്റു ജീവികൾ ബാക്കി വരുന്ന ശീതളപാനീയം കുടിക്കാനായി ശ്രമിക്കുമ്പോൾ ടിന്നിലെ മൂർച്ചയുള്ള ഭാഗംകൊണ്ട് വായമുറിഞ്ഞ് പരുക്കേല്ക്കാനും സാധ്യതയുണ്ട്. അതിനാൽ ശബരിമലയിൽ ഇവ നിരോധിക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിനെ തുടർന്നാണ് ഈ സീസണിൽ ദേവസ്വം ബോർഡ് ആഗോള കുത്തകകൾക്ക് ശീതളപാനീയ വിതരണത്തിന് അനുമതി നല്കിയത്. ഇതോടെ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിനെ തുടർന്നുണ്ടായ പാരിസ്ഥിതിക ഗുണം പൂർണമായും ഇല്ലാതെയായി.

കുപ്പിവെള്ളം നിരോധിച്ച് ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിച്ചവർ തന്നെ കുത്തക കമ്പനികളുടെ ശീതളപാനീയങ്ങൾക്ക് മലകയറാൻ അനുവാദം നല്കിയത് മറ്റൊരു പരിസ്ഥിതി നാശത്തിനും ദുരിതത്തിനും ഇടവരുത്തുകയാണ്. സന്നിധാനത്തും പരിസരപ്രദേശത്തും വിവിധതരം പാനീയങ്ങളുടെ ടിൻ ബോട്ടിലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സന്നിധാനത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം ആയിരക്കണക്കിന് ബോട്ടിലുകളാണ് സംസ്‌കരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നത്.

പ്ലാസ്റ്റിക് നിർമ്മാർജനത്തിന്റെ ഭാഗമായാണ് കുപ്പിവെള്ളം ഇവിടെ നിരോധിച്ചത്. എന്നാൽ കൊക്കോക്കോള, പെപ്‌സി, സ്പ്രിന്റ്, മൗൺടെയ്ൻ ഡ്യൂ, പെപ്‌സി, സെവനപ്പ് തുടങ്ങിയ ശീതള പാനീയങ്ങളുടെ വിപണനത്തിന് സന്നിധാനവും പരിസരങ്ങളും തുറന്നു കൊടുത്ത ദേവസ്വം ബോർഡ് നടപടിയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. പ്ലാസ്റ്റിക് കുപ്പികളേക്കാൾ വിപത്തേറിയതാണ് ടിൻ ബോട്ടിലുകൾ. ഇവ പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

വനമേഖലയിലേക്ക് വലിച്ചെറിയുന്ന ബോട്ടിലുകൾ തുരുമ്പെടുത്ത് അപകടകാരികളായി മാറും. ശബരിമലയിൽ ഇപ്പോഴുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇവ സംസ്‌കരിക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. പ്ലാസ്റ്റിക് കുപ്പികൾ ഇൻസിനറേറ്ററിന് ഉള്ളിലിട്ടാൽ ഇവ ഉരുകി കട്ടപിടിക്കുമെന്നതായിരുന്നു സംസ്‌കരണത്തിന് തടസമായിരുന്നത്.

എന്നാൽ ടിൻ ബോട്ടിലുകൾ ഉരുകിയിറങ്ങി ഇൻസിനറേറ്ററിന്റെ പ്രവർത്തനത്തെ തന്നെ അവതാളത്തിലാക്കുമെന്നതാണ് സ്ഥിതി. ഇതിനാലാണ് സംസ്‌കരിക്കാനാവാതെ ബോട്ടിലുകൾ സംസ്‌കരണ ശാലയ്ക്ക് മുന്നിൽ കൂട്ടിയിട്ടിട്ടുള്ളത്. പഴകിയ ഉപയോഗശൂന്യമായ ഇരുമ്പുസാധനങ്ങൾക്കൊപ്പം വിൽക്കാമെന്ന ചിന്തയിലാണ് അധികൃതർ. ഇത്തരം ശീതളപാനീയങ്ങളുടെ വിപണനത്തിന് അനുമതി നൽകരുതെന്ന വിവിധ പരിസ്ഥിതി സംഘടനകളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ദേവസ്വം ബോർഡ് വിപണനാനുമതി നൽകിയത്. ബോട്ടിലുകൾ ഉപയോഗിക്കില്ലെന്നും വെൻഡിങ് മെഷീൻ ഉപയോഗിച്ച് ഗ്ലാസുകളിലാണ് പാനീയങ്ങൾ നൽകുന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

ഇതിനായി ഒട്ടുമിക്ക ഹോട്ടലുകളിലും ബേക്കറികളിലും കോളവെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഈ കടകളിലെല്ലാം കോള ബോട്ടിലുകൾ വിപണിയിലുണ്ട്. മെഷീനുകൾ സ്ഥാപിക്കാൻ തയാറാകാതിരുന്ന ചില കടയുടമകൾക്കു നേരെ ഒരു ദേവസ്വം ബോർഡ് അംഗം സമ്മർദ്ദം ചെലുത്തിയതായും ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP