Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ വിട്ടിറങ്ങുന്ന പ്ലസ് ടുക്കാരിയെ സർവ്വീസ് സ്റ്റേഷനിലെ ജീവനക്കാരൻ കാറിൽ ചുറ്റാൻ കൊണ്ടു പോയത് പലവട്ടം; കറങ്ങാൻ വിളിച്ചാൽ വരുമെന്ന പ്രതീക്ഷയിൽ തന്ത്രങ്ങളൊരുക്കിയത് കാമുകിയുടെ വിദേശ ജോലി സ്വപ്നത്തെ കുറിച്ച് കേട്ടപ്പോൾ; പിന്നെ ബലാത്സംഗവും കൊലയും; കേരളത്തെ നടുക്കിയ കേസിൽ പ്രതി നാലു മാസത്തിനുള്ളിൽ പുറത്തെത്തി; സഫറിന്റെ ജാമ്യം റദ്ദാക്കാൻ പുനപരിശോധനാ ഹർജിയും; കോവിഡു കാലം പ്രതിയെ തുണയ്ക്കുമോ?

സ്‌കൂൾ വിട്ടിറങ്ങുന്ന പ്ലസ് ടുക്കാരിയെ സർവ്വീസ് സ്റ്റേഷനിലെ ജീവനക്കാരൻ കാറിൽ ചുറ്റാൻ കൊണ്ടു പോയത് പലവട്ടം; കറങ്ങാൻ വിളിച്ചാൽ വരുമെന്ന പ്രതീക്ഷയിൽ തന്ത്രങ്ങളൊരുക്കിയത് കാമുകിയുടെ വിദേശ ജോലി സ്വപ്നത്തെ കുറിച്ച് കേട്ടപ്പോൾ; പിന്നെ ബലാത്സംഗവും കൊലയും; കേരളത്തെ നടുക്കിയ കേസിൽ പ്രതി നാലു മാസത്തിനുള്ളിൽ പുറത്തെത്തി; സഫറിന്റെ ജാമ്യം റദ്ദാക്കാൻ പുനപരിശോധനാ ഹർജിയും; കോവിഡു കാലം പ്രതിയെ തുണയ്ക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗംചെയ്തുകൊന്ന കേസിലെ പ്രതി, വിചാരണക്കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയെന്ന വസ്തുത മറച്ചുവെച്ച് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയത് വലിയ വിവാദത്തിൽ. ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകണമെന്നാണ് ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം തെറ്റ് കാട്ടിയ പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ തുറവൂരിലെ 17-കാരിയെ പ്രണയം നടിച്ച് വശീകരിച്ച് തമിഴ്‌നാട്ടിലെ വാൽപ്പാറയിലെത്തിച്ച് ബലാത്സംഗംചെയ്തുകൊന്ന കേസിലെ പ്രതി എറണാകുളം കുമ്പളം സഫർമൻസിൽ സഫർഷയ്ക്കാണ് (32) ജാമ്യം ലഭിച്ചത്.

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകനും കോടതിയെ അറിയിച്ചത്. തെറ്റുമനസ്സിലായതോടെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ, ജാമ്യം നേടിയ പ്രതി അതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങി. അതുകൊണ്ട് തന്നെ കൊറോണക്കാലത്ത് ജാമ്യം റദ്ദാക്കി പ്രതിയെ വീണ്ടും ജയിലിൽ അടയ്ക്കാനുള്ള സാധ്യത വിരളമാണ്. ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നൽകിയില്ലെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ പരിഗണിക്കവേ, കുറ്റപത്രം നൽകിയില്ലെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചു. ഇതോടെയാണ് ജാമ്യം നൽകിയത്. സാധാരണ ഇത്തരം കേസുകളിൽ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർക്കും. ഇതും ഉണ്ടായില്ല.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നകേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കസ്റ്റഡി കാലവധി 90 ദിവസം പിന്നിട്ടതിനാൽ കർശനമായ വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. 90 ദിവസം പൂർത്തിയായത് ഏപ്രിൽ എട്ടിനാണ്. ഏപ്രിൽ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമറച്ചുവച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷൻ ഓഫീസിൽനിന്ന് അറിയിച്ചു.

പെൺകുട്ടിയുടെ വീട്ടുകാർ കലൂരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെൺകുട്ടിയെ സഫർഷ കടത്തിക്കൊണ്ട് പോയത്. വാൽപ്പാറയ്ക്കുസമീപം കാർ തടഞ്ഞാണ് സഫർഷായെ പൊലീസ് അറസ്റ്റുചെയ്തത്. പ്ലസ് ടു പഠനം പൂർത്തിയാക്കി വിദേശത്ത് ജോലി നേടണമെന്നതായിരുന്നു പെൺകുട്ടിയുടെ സ്വപ്നം. നാളുകൾക്ക് മുമ്പാണ് ഈ വിവരം അവൾ അറിയിക്കുന്നത്. പലതും പറഞ്ഞ് മനസ്സുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഐ എൽ റ്റി എസിന് ചേരാൻ പോകുന്നു എന്നുകൂടി അറിയിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി. വിദേശത്ത് ജോലിക്കു പോയാൽ അവളെ കാണാനും സംസാരിക്കാനും പറ്റില്ലല്ലോ എന്നോർത്തപ്പോൾ വിഷമം സഹിക്കാൻ പറ്റാതായി. അവൾ മറ്റൊരാളുടേതാവുമെന്നുള്ള ഭയംകൂടിക്കൂടി വന്നു. ചിന്തിച്ചപ്പോൾ വകവരുത്തുന്നതാണ് നല്ലതെന്ന് തോന്നി. വിളിക്കുമ്പോൾ എല്ലാം ചുറ്റാൻ കൂടെ പോന്നിരുന്നത് കൃത്യം നടപ്പാക്കുന്നതിന് എളുപ്പമായി-ഇതാണ് കൊലപ്പെടുത്തിയ കാമുകൻ പൊലീസിനോട് പറഞ്ഞത് .

സഫർ ഷാ രാത്രി കൊച്ചി സെൻട്രൽ സി ഐ എസ് വിജയശങ്കറിനോട് കുറ്റസമ്മതം നടത്തിയത് കൂസലൊന്നുമില്ലാതെയാണ്. മലക്കപ്പാറ -പൊള്ളാച്ചി പാതയിൽ ഷോളയാർ ഡാമിന് സമീപം വരട്ടുപാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദ്ദേഹം കിടന്നിരുന്നത്. കാർ നിർത്തിയ ശേഷം കത്തിയെടുത്ത് നെഞ്ചിൽ പലവട്ടം ആഞ്ഞുകുത്തിയെന്നാണ് സഫർ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. സ്‌കൂൾ വിടുന്ന സമയത്ത് സഫർ പലവട്ടം കാറുമായെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. കൊല നടന്ന ദിവസവും സഫർ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

മരട് സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു. ഇതാണ് നിർണ്ണായകമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP