Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജയരാജന്റെ മകന്റെ കല്യാണത്തിൽ പങ്കെടുത്തത് പക കൂട്ടി; ജയരാജനെ കണ്ട് വീണ്ടും പരാതി പറയാത്തത് ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തും; ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എംവി ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല; ശ്യാമള പറഞ്ഞത് അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നും; ഭർത്താവിന്റെ ആത്മഹത്യയിൽ ഒത്തുതീർപ്പിനില്ലെന്ന് ബീന; വാക്കുകളിലുള്ളത് സാജൻ പാറയിൽ വിഭാഗിയതയുടെ രക്തസാക്ഷിയെന്ന സൂചന

ജയരാജന്റെ മകന്റെ കല്യാണത്തിൽ പങ്കെടുത്തത് പക കൂട്ടി; ജയരാജനെ കണ്ട് വീണ്ടും പരാതി പറയാത്തത് ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തും; ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എംവി ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല; ശ്യാമള പറഞ്ഞത് അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നും; ഭർത്താവിന്റെ ആത്മഹത്യയിൽ ഒത്തുതീർപ്പിനില്ലെന്ന് ബീന; വാക്കുകളിലുള്ളത് സാജൻ പാറയിൽ വിഭാഗിയതയുടെ രക്തസാക്ഷിയെന്ന സൂചന

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പ്രവാസിമലയാളിയുടെ കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭയുടെ അനുമതി ലഭിക്കാത്ത സംഭവം മാത്രമല്ല പാർട്ടിയിൽ നിന്നും മാസങ്ങളായി നീണ്ടു നിന്ന മാനസീക പീഡനമാണ് സാജൻ പാറയിലിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞ് ഭാര്യ ബീന. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന നടത്തുന്ന വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ വിഭാഗിയതയിലേക്കാണ്. നഹരസഭയുടെ അനുമതി ലഭിച്ചാലും കൺവെൻഷൻ സെന്റർ സമാധാനമായ നടത്താൻ സാധിക്കുമോ എന്ന് സാജൻ ഭയന്നിരുന്നുവെന്നും ഭാര്യ പറഞ്ഞു.

പി.ജയരാജന്റെ വീട്ടിലെ വിവാഹത്തിന് സാജൻ എത്തിയും പ്രതികാരമായെന്ന് ബീന കരുതുന്നു ജൂൺ 2നു പി.ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജേട്ടൻ പങ്കെടുത്തിരുന്നു. അതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. 'ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു' എന്ന് വളരെ വിഷമത്തോടെയാണ് വീട്ടിൽ പറഞ്ഞത്. പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടതു മുതൽ ശ്യാമള പകയോടെ പെരുമാറി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും പി.ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു.-ബീന വിശദീകരിച്ചു.

ഇനിയും ജയരാജനെ കണ്ടാൽ അവർക്കു പക കൂടും. പ്രായമായ എന്റെ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. മേലാൽ വരരുതെന്നു പറഞ്ഞ് അപമാനിച്ചയച്ചു.എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ ഞങ്ങളെ കൂടുതൽ ദ്രോഹിച്ചത്. ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എം വിഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.-ഇത്തരത്തിൽ കടന്നാക്രമണമാണ് ബിന നടത്തുന്നത്. മനോരമയിലെ വന്ന അഭിമുഖം സിപിഎമ്മിലെ വിഭാഗിയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിയിലെ മൂപ്പിളമ തർക്കമാണ് എല്ലാത്തിനും കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് സാജന്റെ ഭാര്യ.

നഗരസഭയുടെ അനുമതി കിട്ടാത്തതു കൊണ്ടു മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്നാണിപ്പോൾ പലരും ചോദിക്കുന്നത്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതിൽനിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ മുഖത്തു നോക്കി പറയുന്നത് 'ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ല' എന്ന്.-സിപിഎമ്മിന്റെ ഒത്തുതീർപ്പ് ശ്രമങ്ങൾ ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ബീനയുടെ ഈ വെളിപ്പെടുത്തലുകൾ. നഗരസഭാധ്യക്ഷയ്‌ക്കെതിരെ നടപടിയെടുക്കുമെന്നാണു വീട്ടിലെത്തിയ സിപിഎം നേതാക്കൾ ഉറപ്പു പറഞ്ഞത്. ആ വാക്കിൽ വിശ്വാസമുണ്ട്. പാർട്ടി ശാസനയോ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കലോ പോരാ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അവരുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം മാത്രമായിരുന്നു ആത്മഹത്യക്കു കാരണമെന്ന് ബീന പറയുന്നു.

അനുമതി നൽകിയില്ലെങ്കിൽ മുന്നോട്ടുള്ള വഴിയടയുമെന്നു നഗരസഭാധ്യക്ഷയോടു പറഞ്ഞിരുന്നു. അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നാണു പി.കെ.ശ്യാമള അപ്പോൾ പറഞ്ഞത്. എന്റെ കാലശേഷം എന്റെ മക്കൾക്കെങ്കിലും നിങ്ങൾ അനുമതി കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിട്ടാണു മടങ്ങിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോൾ വളരെ നിരാശനായിരുന്നു. തുരുമ്പെടുത്തു നശിക്കട്ടെ, തൂക്കി വിൽക്കാം, ഇനി പുറകേ പോകാൻ വയ്യ എന്നാണു പറഞ്ഞത്. വേണമെങ്കിൽ ഞാൻ പോയി പി.കെ.ശ്യാമളയുടെ കാൽ പിടിക്കാം എന്നു പറഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ഒരിക്കലും എന്നെ വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. അന്നെന്നോടു പോകാമോ എന്നു ചോദിച്ചു. പിന്നെ പറഞ്ഞു, ആരും പോയിട്ട് കാര്യമില്ല, ഒരിക്കലും അനുമതി കിട്ടാൻ പോകുന്നില്ല-ബീന മനോരമയോട് പറഞ്ഞു.

ആന്തൂർ നഗരസഭയിൽനിന്നു ലഭിക്കേണ്ട ഒക്യുപെൻസി സർട്ടിഫിക്കറ്റിലെ ഒപ്പ് വൈകിയതിന്റെ ഒറ്റ നിമിഷത്തെ നിരാശയല്ല, മാസങ്ങളായി അവർ നടത്തിയ മാനസിക പീഡനമാണു സാജേട്ടനെ ആത്മഹത്യയിലേക്കു തള്ളിയിട്ടത്. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ചേട്ടനു മുന്നിൽ ഇല്ല എന്നറിഞ്ഞു തന്നെയാണ് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള ടീച്ചറും സെക്രട്ടറി ഗിരീഷും എൻജിനീയർ കലേഷും പാർഥാ കൺവൻഷൻ സെന്ററിന് അനുമതി നിഷേധിച്ചത്. അനുമതി വൈകിയതു മാത്രമല്ല, അനുമതി കിട്ടിയാലും ടീച്ചറുടെ ഈഗോ കാരണം കൺവൻഷൻ സെന്റർ ഭാവിയിൽ സമാധാനമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന ഭയം അദ്ദേഹത്തെ വേട്ടയാടിയിരുന്നു...'- ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജൻ പാറയിലിന്റെ ഭാര്യ പറയുന്നു.

വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അവർക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും അവരുടെ എതിർപ്പ് നിലനിൽക്കെ ആന്തൂർ പോലെ ഒരു പാർട്ടി ഗ്രാമത്തിൽ തുടർന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. പി.കെ.ശ്യാമളയ്ക്കും ഭർത്താവ് എം വിഗോവിന്ദനുമൊക്കെ പ്രദേശത്തു നല്ല സ്വാധീനമുണ്ട്. അവരുടെ എതിർപ്പു മറികടന്നു പ്രവർത്തിപ്പിക്കുമ്പോൾ 18 കോടി മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്റർ ആക്രമിക്കപ്പെടുമോ എന്നു വരെ ഭയപ്പെട്ടു. അധ്യക്ഷയ്‌ക്കെതിരെ പരാതി പറഞ്ഞതിനാൽ സാജേട്ടന്റെ ജീവനു ഭീഷണിയുണ്ടാകുമോ എന്നു പോലും ഭയമുണ്ടായിരുന്നു.-ബീന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP