Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിങ്കളാഴ്ച മാധ്യമപ്രവർത്തകർക്കായുള്ള പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ലെങ്കിലും ബിയർ ഉണ്ടാകും; ജോണി വാക്കർ നൽകാൻ തയ്യാറാണെങ്കിലും പൊലീസ് സമ്മതിക്കേണ്ടേ? പത്രക്കാരെ സന്തോഷിപ്പിക്കാനാണ് നോൺവെജ് അടക്കമുള്ള വിഭവസമൃദ്ധമായ വിരുന്നിന് ആലോചിച്ചത്; ഇത്ര വലിയ മെനു കണ്ടിട്ടില്ലെന്നാണ് പങ്കജ് ഹോട്ടലുകാർ പോലും പറഞ്ഞത്; തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവചനവാർത്താസമ്മേളനത്തിന് പ്രസ്‌ക്ലബ്ബ് അനുമതി നിഷേധിച്ചതിന്റെ വിഷമത്തിൽ സജീവ് സ്വാമി മറുനാടനോട്

തിങ്കളാഴ്ച മാധ്യമപ്രവർത്തകർക്കായുള്ള പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ലെങ്കിലും ബിയർ ഉണ്ടാകും; ജോണി വാക്കർ നൽകാൻ  തയ്യാറാണെങ്കിലും പൊലീസ്  സമ്മതിക്കേണ്ടേ? പത്രക്കാരെ സന്തോഷിപ്പിക്കാനാണ്  നോൺവെജ് അടക്കമുള്ള വിഭവസമൃദ്ധമായ വിരുന്നിന് ആലോചിച്ചത്; ഇത്ര വലിയ മെനു കണ്ടിട്ടില്ലെന്നാണ് പങ്കജ് ഹോട്ടലുകാർ പോലും പറഞ്ഞത്; തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവചനവാർത്താസമ്മേളനത്തിന് പ്രസ്‌ക്ലബ്ബ് അനുമതി നിഷേധിച്ചതിന്റെ വിഷമത്തിൽ സജീവ് സ്വാമി മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം:മാധ്യമ പ്രവർത്തകർക്ക് മദ്യപാർട്ടി നൽകാനുള്ള സജീവൻ സ്വാമിയുടെ തീരുമാനം വിവാദമായതോടെ സ്വാമിയുടെ മാധ്യമ സമ്മേളനവും കാൻസൽ ചെയ്ത് തിരുവനന്തപുരം പ്രസ് ക്ലബും തലയൂരി. ഇന്നലെ തന്നെ സ്വാമിയുടെ മാധ്യമ സമ്മേളനം കാൻസൽ ചെയ്ത് പ്രസ് ക്ലബിന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. നാളെയാണ് തിരുവനന്തപുരം പ്രസ് ക്ലബിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനം സ്വാമി പ്രഖ്യാപിച്ചിരുന്നത്. മാധ്യമ സമ്മേളനത്തിനു ഒപ്പം മാധ്യമ പ്രതിനിധികൾക്ക് പങ്കജ് ഹോട്ടലിൽ വെച്ച് സ്വാമി നടത്താൻ തീരുമാനിച്ച ഡിന്നറിലെ ജോണി വാക്കർ അടക്കമുള്ള മദ്യത്തിന്റെ പേരും വിശിഷ്ട വിഭവങ്ങളും സ്വാമി വാർത്താക്കുറിപ്പിനോപ്പം വിതരണം ചെയ്തതാണ് സ്വാമിയുടെ പ്രവചന സമ്മേളനം വിവാദമാക്കിയത്.

സോഷ്യൽ മീഡിയയിൽ സ്വാമിയുടെ ഡിന്നറിന്റെ മെനു പ്രത്യക്ഷപ്പെടുകയും താമസംവിനാ അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഒപ്പം മാധ്യമ പ്രവർത്തകരിൽ നിന്ന് എതിർപ്പും വന്നു. ഇതോടെ പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായി ഇടപെടുകയായിരുന്നു. മദ്യ പാർട്ടി പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നാണ് സ്വാമിയെ പൊലീസ് അറിയിച്ചത്. കേസ് എടുക്കേണ്ടെങ്കിൽ മദ്യ പാർട്ടി പിൻവലിച്ച വിവരം എല്ലാവരെയും അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം പാർട്ടിയിൽ നിന്നും മദ്യം പിൻവലിച്ചതായി സ്വാമി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഭവം വിവാദവും നാണക്കേടും ആയി മാറിയതോടെയാണ് പ്രസ് ക്ലബും മാധ്യമ സമ്മേളനം ക്യാൻസൽ ചെയ്തത്.

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആര് അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവചനങ്ങൾ നടത്താറുള്ള സ്വാമിയാണ് സജീവൻ സ്വാമി പക്ഷെ ഇക്കുറി പ്രവചനം റിപ്പോർട്ട് ചെയ്യാനായി മാധ്യമങ്ങളെ ക്ഷണിച്ച് കത്ത് നൽകിയപ്പോൾ മദ്യം അടക്കമുള്ള മെനു സ്വാമി പരസ്യമാക്കിയതാണ് വിവാദമായത്. ഡിന്നർ പാർട്ടിയിലെ വിശിഷ്ട വിഭവങ്ങളുടെ ലിസ്റ്റിനൊപ്പമാണ് സ്വാമി ജോണി വാക്കറും ബിയറും ചേർത്തത്. ഇതോടെ നടത്താൻ പോകുന്ന പ്രവചനങ്ങളെക്കാൾ വിവാദമായി പ്രവചനത്തിനുള്ള ക്ഷണം മാറുകയും ചെയ്തു. ഒരു സ്വാമി നോൺ അടങ്ങിയ മുഴുവൻ വിഭവങ്ങളും ഒപ്പം ജോണി വാക്കർ അടക്കമുള്ള മദ്യങ്ങളും ഓഫർ നൽകുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അത് വിവാദങ്ങൾക്ക് മറ്റൊരു നിറം പകരുകയും ചെയ്തു. സെക്രട്ടറിയേറ്റിനു തൊട്ടുമുന്നിലുള്ള ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള പങ്കജ് ഹോട്ടലിലാണ് നാളെ വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെ സ്വാമി മദ്യ മടക്കമുള്ള ഡിന്നർ പ്രഖ്യാപിച്ചത്. .

ശ്രീചക്രം പോലുള്ള പൂജകൾ നടത്തുകയും സിപിഎം പോലുള്ള പാർട്ടികളെ അധികാരത്തിൽ എത്തിക്കാൻ വമ്പൻ പൂജകൾ നടത്തുകയും ചെയ്യുന്ന സ്വാമിയാണ് സജീവൻ സ്വാമി. പക്ഷെ പ്രവചനത്തിനൊപ്പം ഫൈവ് സ്റ്റാർ ഡിന്നർ ഏർപ്പെടുത്തുകയും അതിൽ ജോണി വാക്കർ പോലുള്ള മദ്യത്തിന്റെ പേരുകൾ കൂടി അനൗൺസ് ചെയ്തപ്പോൾ പ്രശ്‌നത്തിൽ പൊലീസ് കൂടി ഇടപെട്ടു. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, കരിമീൻ ഫ്രൈ, മട്ടൻ കുറുമ, ചിക്കൻ കറി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി. പാലപ്പം, പത്തിരി തുടങ്ങി 24 ഭക്ഷ്യ വിഭവങ്ങളാണ് മാധ്യമ പ്രവർത്തകർക്കായുള്ള ഡിന്നറിൽ സ്വാമി പ്രഖ്യാപിച്ചത്. ഇതിലെ 21, 22 മെനുവാണ് സ്വാമിയെ കുടുക്കിയത്. 21-ഡ്രിങ്ക്‌സ്, 22 -ജോണി വാക്കർ+ബിയർ എന്നാണ് നൽകിയത്. സ്വാമിയുടെ മെനു പുറത്തു വന്നതോടെ ഈ മെനു സോഷ്യൽ മീഡിയയിൽ സ്വതന്ത്ര സഞ്ചാരം നടത്തുകയും ചെയ്തു. ഡിന്നർ മെനു വൈറൽ ആയതോടെ തൊട്ടു പിന്നാലെ തിരുവനന്തപുരത്തെ പൊലീസ് ഇടപെടലും വന്നു. പാർട്ടിയിലെ ജോണി വാക്കർ ഉൾപ്പെടെയുള്ളവ ഉടനടി പിൻവലിക്കാനാണ് സ്വാമിയോട് പൊലീസ് ആവശ്യപ്പട്ടത്. ഇല്ലെങ്കിൽ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് സ്വാമിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകരും ഒപ്പം എതിർപ്പുമായി വന്നു .ഇതോടെയാണ് ഡിന്നറിൽ നിന്നും ജോണി വാക്കർ പിൻവലിക്കാൻ സ്വാമി തീരുമാനിച്ചത്.

മാധ്യമ പ്രവർത്തകർക്കായുള്ള മദ്യപാർട്ടിയെ സംബന്ധിച്ചു സജീവൻ സ്വാമി മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

കുണ്ഡലിനി ശക്തി സ്വായത്തമാക്കിയ ആളാണ് താൻ. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും താൻ പ്രവചനം നടത്താറുണ്ട്. തപസ് വഴിയാണ് കുണ്ഡലിനി ശക്തി ഞാൻ ഉണർത്തിയത്. അതിനാൽ പ്രവചിക്കാൻ തനിക്ക് കഴിയും. എല്ലാം പ്രവചിക്കും. എല്ലാ പ്രവചനവും സത്യമാകാറുമുണ്ട്. പ്രവചനത്തെക്കാൾ ഡിന്നർ മെനു അനൗൺസ് ചെയ്തത് പ്രശ്‌നമായി. എനിക്ക് ചില്ലറ തെറ്റുകൾ അതിൽ വന്നുപോയിട്ടുണ്ട്. എന്നെ അറിയുന്ന ഒട്ടനവധി ആളുകൾ വിളിച്ചു. എല്ലാവർക്കും ഡിന്നർ മെനു വെളിപ്പെടുത്തിയതിലാണ് എതിർപ്പ് വന്നത്. എന്നെ അറിയുന്ന ആളുകൾ തന്നെയാണ് പറഞ്ഞത്. നമുക്ക് തിരുവനന്തപുരത്തെ പത്രക്കാർക്കായി ഒരു പാർട്ടി കൂടി നടത്തണം. സന്തോഷാകൂലെ എന്നൊക്കെ ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് വിളിച്ചാണ് ചോദിച്ചത്. എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം. ഞാൻ പറഞ്ഞു. ഞങ്ങൾ ഒരു മെനു അയച്ചു തരാം. സ്വാമി അതുകൊടുക്കുമോ എന്ന് ചോദിച്ചു. അവർ എന്തോ വൈരാഗ്യം തീർക്കുന്ന തരത്തിലുള്ള മെനുവാണ് എനിക്ക് അയച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല. അത് ശരിയെന്നു വെച്ചു. മാറ്റങ്ങൾ ഒന്നും ഞാൻ പറഞ്ഞതും ഇല്ല. ഇത്ര വലിയ ഒരു മെനു ഞങ്ങൾ കണ്ടിട്ടില്ലാ എന്നാണ് പങ്കജ് ഹോട്ടലുകാർ എന്നോട് പറഞ്ഞത്. കഴിക്കുന്നവർ ഭംഗിയായി കഴിക്കട്ടെ എന്ന് വിചാരിച്ചാണ് മെനുവിന് ഞാൻ അപ്രൂവൽ നൽകിയത്. എല്ലാം ഭംഗിയായി മുന്നോട്ട് പോകട്ടെ എന്നും കരുതി.

ജോണി വാക്കർ ചേർക്കണം; ഇരുപത് ബോട്ടിൽ അല്ലെങ്കിൽ മുപ്പത് ബോട്ടിൽ മതിയാകും

എനിക്ക് വലിയ മെനു നൽകിയവർ രണ്ടാമതും വിളിച്ചു. ഒരു കാര്യം വിട്ടുപോയി സ്വാമി. നമുക്ക് ജോണി വാക്കർ കൊടുക്കണം. ജോണി വാക്കറിനു എന്ത് വിലയാകും എന്ന് ചോദിച്ചു. രണ്ടായിരം രൂപ ഒരു ബോട്ടലിനു ആകും എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. നൂറു പേര് ഉണ്ടെങ്കിൽ അവർ കൂടുതൽ എങ്കിലും കഴിച്ചാലോ? നമ്മൾ പെട്ട് പോകില്ലേ എന്ന് ചോദിച്ചു. ഇല്ല. അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന് അവർ പറഞ്ഞു. നമുക്ക് ഒരു ഇരുപത് ബോട്ടിൽ, അല്ലെങ്കിലോ മുപ്പത് ബോട്ടിൽ. അതിൽ കൂടുതൽ വേണ്ടി വരില്ല-അവർ പറഞ്ഞു. പങ്കജ് ഹോട്ടലിൽ ജോണി വാക്കർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ ജോണി വാക്കർ കൊടുക്കുന്നില്ല. ഞങ്ങൾ ബീയർ കൊടുക്കാം എന്ന് പറഞ്ഞു. ശരി ബിയർ നിങ്ങൾ നൽകൂ. പക്ഷെ ഞങ്ങൾ പുറത്ത് നിന്ന് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. പുറത്തു നിന്നും കൊണ്ടുവരാൻ പാടില്ല. പക്ഷെ നിങ്ങൾ ഇത്ര വലിയ പാർട്ടി നടത്തുന്നതിന്റെ പേരിൽ അങ്ങിനെ ചെയ്യാം എന്ന് അവർ പറഞ്ഞു.

മെനു പരസ്യപ്പെടുത്തിയതോടെ എനിക്ക് വന്നത് തുരുതുരെ കോളുകൾ. പറഞ്ഞത് വേറൊന്നും അല്ല. മെനു പരസ്യപ്പെടുത്താൻ പാടുണ്ടോ എന്നാണ് ചോദിച്ചത്. തെറ്റ് പറ്റിപ്പോയി. അതിനു മാപ്പ് പറയാം. ഇനി അതല്ല ജോണി വാക്കർ ഒഴിവാക്കാണോ? നമുക്ക് ഒഴിവാക്കാം. ഞാനിപ്പോൾ തന്നെ പ്രസ് ക്‌ളബിൽ നൽകിയ നോട്ടീസിൽ നിന്നും ജോണി വാക്കർ പിൻവലിക്കാം-ഞാൻ പറഞ്ഞു. ഉടൻ തന്നെ പൊലീസിൽ നിന്നും വിളിവന്നു. തിരുവനന്തപുരത്തെ സിഐ ആണ്. മദ്യപാർട്ടിയുമായി മുന്നോട്ടു പോയാൽ കേസ് ചാർജ് ചെയ്യേണ്ടി വരും. ഞാൻ മദ്യം നൽകിയില്ലല്ലോ. എന്ന് ഞാൻ മറുപടിയും പറഞ്ഞു. പക്ഷെ മദ്യം നൽകുന്നില്ല. എന്നാൽ അത് വിളിച്ച് എല്ലാവരോടും പറയണം. ഞാൻ ഉടൻ എല്ലാവർക്കും മെസ്സേജ് നൽകി.

ഞങ്ങൾ സ്മോൾ കഴിക്കാൻ നടക്കുന്നവർ അല്ലല്ലോ' എന്നാണ് പത്രക്കാരും എന്നോട് പറഞ്ഞത്. എന്തായാലും 20-ലെ പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ല. പക്ഷെ ബിയർ ഉണ്ടാകും. ജോണി വാക്കർ നൽകാൻ ഞാൻ തയ്യാറാണ്. പക്ഷെ സമ്മതിച്ചില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും. അവർ, പൊലീസ് സമ്മതിക്കേണ്ടേ? ഭക്ഷണം നല്ല രീതിയിൽ നൽകും. ജോണി വാക്കർ മാധ്യമ പ്രവർത്തകർക്ക് നൽകണം എന്നുണ്ട്. വേറെ എവിടെയെങ്കിലും വെച്ച് ജോണി വാക്കർ നൽകും-സജീവൻ സ്വാമി പറയുന്നു. എന്തായാലും ഡിന്നർ മെനുവിലെ ജോണി വാക്കർ വിവാദമായതോടെ ജോണി വാക്കർ മാത്രം പിൻവലിച്ചുള്ള തിരഞ്ഞെടുപ്പ് ഫല പ്രവചനമാണ് പ്രസ് ക്ലബിൽ നടക്കാൻ പോകുന്നത്. ജോണി വാക്കർ പിൻവലിച്ച് തത്ക്കാലം വിവാദങ്ങളിൽ നിന്നും തടിയൂരാനാണ് സജീവൻ സ്വാമിയുടെയും നീക്കം. പക്ഷെ വിവാദ മാധ്യമ സമ്മേളനം പ്രസ് ക്ലബ് റദ്ദ് ചെയ്തതോടെ ക്ഷീണം സ്വാമിക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP