Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഗതന്റെ കെട്ടഴിച്ച സജിത് പാസ്റ്റർ കാഴ്ചയില്ലാത്ത സ്ത്രീക്ക് കാഴ്ച ശക്തി വരെ നൽകിയ ദിവ്യൻ; രോഗം മാറ്റാൻ ബാലികയെ തള്ളി വീഴ്‌ത്തിയത് പുലിവാലായി; രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കപ്പം നൽകി അൽഭുത രോഗ ശാന്തി ബിസിനസ് തഴച്ചു വളരുന്നത് ഇങ്ങനെ

സുഗതന്റെ കെട്ടഴിച്ച സജിത് പാസ്റ്റർ കാഴ്ചയില്ലാത്ത സ്ത്രീക്ക് കാഴ്ച ശക്തി വരെ നൽകിയ ദിവ്യൻ; രോഗം മാറ്റാൻ ബാലികയെ തള്ളി വീഴ്‌ത്തിയത് പുലിവാലായി; രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കപ്പം നൽകി അൽഭുത രോഗ ശാന്തി ബിസിനസ് തഴച്ചു വളരുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കേരളത്തിലെ അത്ഭുത രോഗശാന്തിക്കാരിൽ 'പ്രമുഖ'നാണ് സജിത്ത് ജോസഫ്. 'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു. 

ഭൂതത്തെ ആവാഹിക്കുന്നതു മുതൽ ഒരു സ്ത്രീയുടെ കണ്ണിന് കാഴ്‌ച്ച നൽകുന്നതു വരെയുള്ള വീരശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന നിരവധി വീഡിയോകൾ യൂടൂബിൽ സജിത് പോസ്റ്റ് ചെയ്തിരുന്നു. ആളുകളെ തള്ളി വീഴ്‌ത്തി 'രോഗം 'മാറ്റുകയാണ് ഇയാളുടെ ഉണർവ്വാണ് യോഗങ്ങളിലെ ചൂടൻ 'ഐറ്റം'. ഏന്തായാലും മറുനാടൻ മലയാളി വാർത്തയെ തുടർന്നുള്ള സാമൂഹിക ഇടപെടലുകൾ ചങ്ങനാശേരി ആസ്ഥാനമായ 'ഗ്രേയ്‌സ് കമ്മ്യൂണിറ്റി' എന്ന ക്രിസ്ത്യൻ കൾട്ടിന്റെ നേതാവ് സജിത്ത് ജോസഫിനെ നിയമ കുരുക്കുകളിൽ എത്തിക്കുകയാണ്.  

രോഗശാന്തിയുടെ മറവിൽ നെടുംകണ്ടത്ത് ബാലികയെ സജിത്ത് തള്ളിവീഴ്‌ത്തിയതാണ് നിയമനടപടികളിലേക്ക് നീങ്ങുന്നത്. 'രോഗം മാറ്റാനെന്ന വ്യാജേന ബാലികയെ മാനസികമായി പീഡിപ്പിച്ച് തറയിൽ വീഴ്‌ത്തി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം ബാലപീഡനമാണെന്നും, ഇയാൾക്കെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുക്കണമെന്നും 'ക്രിസ്ത്യൻ അൽമായ ഐക്യവേദി' സംസ്ഥന സെക്രട്ടറി മനോജ് കോക്കാട്ട്, 'ജനശക്തി' സംസ്ഥാന സെക്രട്ടറി എം. എൽ ആഗസ്തി എന്നിവർ ആവശ്യപ്പെടുന്നു.ഇതു സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാന് എംഎൽ അഗസ്തി പരാതിയും നൽകി. എന്നാൽ ഉദ്യോഗസ്ഥ ലോബിയെ കൈയിലെടുത്ത് ഇത്തരം പരാതികൾ ഒതുക്കി തീർക്കുന്ന പതിവ് ഇവിടേയും നടക്കുമോ എന്ന ആശങ്ക സജീവമാണ്. രാഷ്ട്രീയ നേതൃത്വവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവച്ച് ഇത്തരക്കാർക്കെതിരെ നടപടി എടുക്കാറില്ല.

'രോഗശാന്തിയുടെ മറവിൽ ബാലപീഡനം നടന്നെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ പൊലീസ് അന്വേഷണവും അതിശക്തമായ തുടർ നടപടികളും ഉണ്ടാകും.' ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ പി. ജി. ഗോപാലകൃഷ്ണന്റെ വാക്കുകളാണിത്. ഇതോടെയാണ് സജിത്ത് ജോസഫിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായ്ത്. ജിത്തിന്റെ 'അത്ഭുത'ത്തെക്കുറിച്ച് അറിഞ്ഞ് 2015 മെയ് 6 ന് നെടുങ്കണ്ടം ടൗൺ ഹാളിലെത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. യേശുവേ, യേശുവേ, സുഗതന്റെ കെട്ടഴിച്ചുവെന്ന മറുനാടൻ മലയാളി വാർത്തയാണ് സാമൂഹിക പ്രവർത്തകരെ ഇതിന് പ്രേരിപ്പിച്ചത്.

നെടുംകണ്ടം ടൗൺ ഹാളിൽ ഏകദേശം 300 പേരാണ് ഓഡിറ്റോറിയത്തിലുണ്ടായിരുന്നത്. സമൂഹത്തിൽ താഴേക്കിടയിലുള്ള സാധുക്കളാണ് മിക്കവരും. കാതടപ്പിക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയിൽ സാങ്കൽപ്പിക പിശാചിനു നേരെ ആക്രോശിച്ചും, അലറി വിളിച്ചും, കതിച്ച് ചാടിയും 'സർവ്വരോഗസംഹാരിയായി' സജിത്ത് തകർത്താടുകയാണ്. 'കാൽ മുട്ടിന് വേദനയുള്ള മൂന്ന് സ്ത്രീകൾ ഇവിടെയുണ്ടെന്ന് യേശു വെളിപ്പെടുത്തുന്നു. മുമ്പോട്ട് വരിക' ഇയാൾ പറഞ്ഞു. ചില സ്ത്രീകൾ കയറി ചെന്നു. സജിത്ത് ഒരു സ്ത്രീയുടെ നെറ്റിയിൽ കൈ അമർത്തി രൗദ്രഭവത്തിൽ എന്തോ മുരണ്ടു. അവർ പിന്നിലേയ്ക്ക് മറിഞ്ഞ് വീണു. നീല ജീൻസും ടോപ്പുമിട്ട സംഘത്തിലുള്ള യുവതി അവരെ പിടിച്ച് നിലത്ത് കിടത്തി. ആ സ്ത്രീയുടെ 'രോഗം' മാറിയെന്ന സജിത്തിന്റെ പ്രഖ്യാപനം ഉടനെ വന്നു.

മറ്റ് സ്ത്രീകളേയും ഇതേ പോലെ നിലത്ത് വീഴ്‌ത്തി. തലവേദന, പുറം വേദന, കൈ വേദന, ഡിപ്രഷൻ ഇങ്ങനെ പുറത്ത് കാണാൻ കഴിയാത്ത രോഗങ്ങളുള്ളവരെയാണ് സജിത്ത് തലയിൽ കൈവച്ച് 'നിലം പരിശാക്കി' ഭേദപ്പെടുത്തിയത്. 13 വയസ് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ വയറു വേദന മാറ്റാൻ നിഷ്‌കരുണം തള്ളി വീഴ്‌ത്തിയപ്പോൾ പിടഞ്ഞ് ബോധശൂന്യയാകുന്ന ദയനീയ രംഗവും അവിടെ കണ്ടു. ഇതാണ് പരാതിയായി ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ എത്തുന്നത്. ഇതു പോലെ നിരവധി അത്ഭുത പ്രവർത്തികൾ സജിത്ത് അന്ന് ചെയ്തു.

ഒരു സ്ത്രീയെ ഇതാ നടത്താൻ തല മൂടിയ നിലയിൽ ഒരു യുവതിയെ കസേരയിൽ ഇരുത്തിയിട്ടുണ്ട്. സജിത്ത് അവരുടെ സമീപം നിലത്ത് ഇരുന്നു. അവരുടെ കാലിൽ പിടിച്ച് ഉച്ചത്തിൽ പറഞ്ഞു ' യേശുവിന്റെ നാമത്തിൽ എഴുനേറ്റ് നടക്കുക, ഈ രംഗം ചിലർ ക്യാമറയിൽ പകർത്തി. ക്യാമറയുടെ ഫൽഷ് മിന്നിയതോടെ സജിത്ത് അവർക്ക് നേരെ തിരിഞ്ഞു. 'ഇവിടെ ഫോട്ടോഗ്രാഫി അനുവദിക്കില്ല' ഇതിനിടെ അജാനു ബാഹുവായ ഒരാൾ പിന്നിലൂടെ പാഞ്ഞെത്തി ' ഫോട്ടോ എടുക്കരുത്' അയാൾ വിലക്കി, നോട്ടവും ശരീരഭാഷയും കണ്ടപ്പോൾ ഒരു ക്രിമിനലാണെന്ന് വ്യക്തമായി. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലർ കൂടി നിമിഷങ്ങൾക്കകം അവിടേക്ക് പാഞ്ഞു വന്നു. ഇതോടെ അവിടെയുള്ള ഗുണ്ടകളുടെ സാന്നിധ്യവും വ്യക്തമായി. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്.

സജിത്ത് 'നൽകുന്ന' രോഗശാന്തി ശുദ്ധ തട്ടിപ്പെന്ന് കണ്ടെത്താൻ റോക്കറ്റ് ടെക്‌നോളജി പഠിക്കേണ്ട കാര്യമില്ല, സാമാന്യ ബുദ്ധി മാത്രം മതി. യോഗങ്ങളിൽ ഇയാൾ രോഗികളുടെ പേര് വിളിക്കുന്നത് തന്നെ ഉദാഹരണം. 'തലവേദനയുള്ള ജോർജ്ജ് കൈ ഉയർത്തുക, പിടലി വേദനയുള്ള വൽസമ്മ കൈ ഉയർത്തുക, ആൾക്കൂട്ടത്തിൽ നിന്നും ഏതെങ്കിലും ജോർജ്ജും വൽസമ്മയും കൈ ഉയർത്തും. രോഗം സൗഖ്യമാക്കി എന്ന് പറഞ്ഞ് സജിത്ത് അവരെ തള്ളി വീഴ്‌ത്തും, മറിച്ച് ജോർജ്ജും വൽസമ്മയും കൈ ഉയർത്തിയില്ല എന്നിരിക്കട്ടെ, 'നടുവിന് വേദനയുള്ള ഒരു കർത്താവിന്റെ ദാസി... സഹോദരി... ഇവിടെയുണ്ടെന്ന് യേശു വെളിപ്പെടുത്തുന്നു........' ആളുകളുടെ ശ്രദ്ധ അടുത്ത വിഷയത്തിലേക്ക് തിരിക്കും.ഇതാണ് സജിത്തിന്റെ തന്ത്രമെന്നാണ് പരാതി നൽകിയവരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP