Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സയനയഡ് ഇന്ത്യയിൽ നിന്ന് കൊണ്ടു വന്നത് കാമുകിയുടെ ഭർത്താവ് എന്ന വാദവും രക്ഷയായില്ല; ആത്മഹത്യാക്കാര്യം തന്നോട് പലവട്ടം പറഞ്ഞുവെന്ന മൊഴിയും തള്ളി; നിർണ്ണായകമായത് കുറ്റസമ്മത വീഡിയോ; പ്രണയിനിയെ സ്വന്തമാക്കാൻ സാമിനെ വകവരുത്തിയ അരുൺ കമലാസനന് കുറ്റ വിമുക്തിയില്ല; കൊടു ക്രൂരതയിൽ സോഫിയയ്ക്കും പങ്കെന്ന് കണ്ടെത്തി അപ്പീൽ കോടതി; ഇരുവർക്കും പരോൾ കിട്ടാനും 20 കൊല്ലം കാത്തിരിക്കണം; മെൽബണിലെ ക്രൂരതയിൽ സോഫിയയ്ക്കും കാമുകനും നല്ലകാലം അഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വരും

സയനയഡ് ഇന്ത്യയിൽ നിന്ന് കൊണ്ടു വന്നത് കാമുകിയുടെ ഭർത്താവ് എന്ന വാദവും രക്ഷയായില്ല; ആത്മഹത്യാക്കാര്യം തന്നോട് പലവട്ടം പറഞ്ഞുവെന്ന മൊഴിയും തള്ളി; നിർണ്ണായകമായത് കുറ്റസമ്മത വീഡിയോ; പ്രണയിനിയെ സ്വന്തമാക്കാൻ സാമിനെ വകവരുത്തിയ അരുൺ കമലാസനന് കുറ്റ വിമുക്തിയില്ല; കൊടു ക്രൂരതയിൽ സോഫിയയ്ക്കും പങ്കെന്ന് കണ്ടെത്തി അപ്പീൽ കോടതി; ഇരുവർക്കും പരോൾ കിട്ടാനും 20 കൊല്ലം കാത്തിരിക്കണം; മെൽബണിലെ ക്രൂരതയിൽ സോഫിയയ്ക്കും കാമുകനും നല്ലകാലം അഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: കാമുകിയെ സ്വന്തമാക്കാൻ അവളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ അരുൺ കമലാസനന് അപ്പീൽ കോടതിയും ആശ്വാസം നൽകുന്നില്ല. സാം എബ്രഹാം വധക്കേസിൽ പ്രതി അരുൺ കമലാസനനെ 27 വർഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരുന്നത്. അരുണിന് 23 വർഷവും സോഫിയയ്ക്ക് 18 വർഷവും കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരായ അപ്പീലിൽ അരുൺ കമലാസനന്റെ ശിക്ഷ 24 വർഷമായി കുറച്ചു. 20 വർഷം കഴിഞ്ഞ് അരുണിന് പരോൾ ലഭിക്കുമെന്നും വിക്ടോറിൻ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീൽ കോടതി ഉത്തരവിട്ടു.

ശിക്ഷാ വിധിയിൽ നേരിയ ഇളവു വരുത്തിയെങ്കിലും, താൻ കുറ്റക്കാരനല്ല എന്ന അരുൺ കമലാസനന്റെ വാദം കോടതി തള്ളി. കേസുകളിൽ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും, അതിനാൽ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സോഫിയ സാം നൽകിയ അപ്പീലും കോടതി തള്ളി. ഇതോടെ സാം വധക്കേസിൽ സോഫിയ കുറ്റക്കാരിയാണെന്ന ജൂറി വിധി കോടതി ശരിവച്ചിരിക്കുകയാണ്. അതിനാൽ അന്തിമ വിധിയിൽ കോടതി വിധിച്ച ശിക്ഷ സോഫിയ പൂർത്തിയാക്കണം. വിധി കേൾക്കാൻ അരുൺ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ സോഫിയ ഇന്ന് കോടതിയിൽ എത്തിയില്ല. ഈ കോടതി വിധിക്കെതിരെ പ്രതികൾക്ക് ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകാം. അരുൺ കമലാസനനും സോഫിയ സാമും പങ്കാളിയായിരിക്കുന്നത് ഒരേ കുറ്റത്തിലാണെന്നും, ഇതിൽ ഇരുവർക്കും ഏകദേശം തുല്യ പങ്കാളിത്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ ശിക്ഷ കോടതി കുറച്ചത്.

ഇരുവരുടെയും മറ്റു സാഹചര്യങ്ങളും, ജീവിത രീതിയുമെല്ലാം സമാനമാണ്. അതിനാൽ അരുൺ കമലാസനന് സോഫിയയെക്കാൾ 22 ശതമാനം ദീർഘമായ ജയിൽ ശിക്ഷ നൽകുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സാം എബ്രഹാം ആത്മഹത്യ ചെയ്തതായിരിക്കാം എന്ന അരുണിന്റെ വാദവും, അത് സ്ഥാപിക്കാനായി അപ്പീലിൽ മുന്നോട്ടുവച്ച വാദങ്ങളുമെല്ലാം കോടതി തള്ളിക്കളഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ കമലാസനൻ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുൺ പറയുന്ന ഈ ദൃശ്യങ്ങളും അന്ന് ഹാജരാക്കിയിരുന്നു. എന്നാൽ ഇത് സാമ്പത്തിക ലാഭത്തിനായി താൻ കളവു പറഞ്ഞതാണെന്നും തന്റെ വ്യാജ കുറ്റസമ്മതം കണക്കിലെടുത്താണ് ജൂറി വിധി പറഞ്ഞതെന്നുമായിരുന്നു അപ്പീൽ പരിഗണിച്ചപ്പോൾ അരുൺ വാദിച്ചത്. ഇതൊന്നും അംഗീകരിച്ചില്ല.

സാം എബ്രഹാം തന്നെയാണ് ഇന്ത്യയിൽ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാം തന്നോട് പറഞ്ഞിരുന്നുവെന്നും അരുൺ പറഞ്ഞു. തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നും തനിക്ക് നീതി തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അരുണിന്റെ വാദം. എന്നാൽ ഇത്തരം വാദങ്ങൾ ജൂറിയുടെ മുന്നിൽ ഉന്നയിച്ചാൽ പോലും നിലനിൽക്കില്ലായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ കോടതി അതു തള്ളിയത്. കേസിൽ സംയുക്തമായി വിചാരണ നടത്തിയതിലൂടെ തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്നായിരുന്നു സോഫിയ സാം അപ്പീലിൽ വാദിച്ചത്. അരുൺ കമലാസനനെതിരെയുള്ള തെളിവുകൾ സോഫിയയ്ക്ക് എതിരെയുള്ള തെളിവുകളായി കണക്കാക്കാൻ പാടില്ല എന്ന് ജഡ്ജി പറഞ്ഞിരുന്നുവെന്നും, എന്നാൽ ജൂറി അത് പാലിച്ചില്ല എന്നും സോഫിയ വാദിച്ചിരുന്നു.

അരുണിനെതിരെയുള്ള വാദങ്ങൾ സോഫിയയുടെ കാര്യത്തിൽ ബാധിക്കരുത് എന്ന് പല പ്രാവശ്യം ജഡ്ജി ആവർത്തിച്ചിരുന്നു എന്ന കാര്യം അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, സോഫിയയ്‌ക്കെതിരെയുള്ള തെളിവുകൾ തന്നെ ശിക്ഷ വിധിക്കാൻ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. ഈ കുറ്റത്തിന് ദാക്ഷിണ്യത്തോടെയുള്ള ശിക്ഷയാണ് സോഫിയയ്ക്ക് നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. അരുണിന്റെ പങ്കാളിത്തത്തെക്കുറിച്ച് ശിക്ഷാ വിധിയിൽ കൂടുതൽ എടുത്തു പറഞ്ഞതിലൂടെ, വിചാരണക്കോടതി ജഡ്ജി സോഫിയയോട് കൂടുതൽ ദയാവായ്പ് കാട്ടി എന്നാണ് അപ്പീൽ കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി മൂന്നംഗ ബഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ ആദ്യം നേരിട്ട് ഹാജരായാണ് അരുൺ കമലാസനൻ വാദിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ വാദങ്ങളാണ് അരുൺ ഇത്തവണ മുന്നോട്ടുവച്ചത്. താൻ സാം എബ്രഹാമിനെ കൊന്നിട്ടില്ല എന്നും, സാം ആത്മഹത്യ ചെയ്തതാണ് എന്നുമായിരുന്നു അരുൺ കമലാസനന്റെ പ്രധാന വാദം. സാം എബ്രഹാം തന്നെയാണ് ഇന്ത്യയിൽ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാ തന്നോട് പറഞ്ഞിരുന്നുവെന്നും അരുൺ കമലാസനൻ വാദിച്ചു. കേസിലെ പ്രധാന സാക്ഷികളിലൊന്നായ ടോക്‌സിക്കോളജി വിദഗ്ധൻ പ്രൊഫസർ ഗുഞ്ചയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നും, താൻ കൊല നടത്തി എന്ന് തെളിയിക്കുന്നതിനുള്ള വിരലടയാളമോ മറ്റു തെളിവുകളോ ഇല്ല എന്നുമായിരുന്നു അരുണിന്റെ മറ്റു വാദങ്ങൾ. എന്നാൽ ഇതെല്ലാം വിചാരണ സമയത്ത് പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അരുൺ ജയിലിലും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും, അരുണിനെ ആശ്രയിച്ചുകഴിയുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടിയും ഇന്ത്യയിലുണ്ടെന്നും അഭിഭാഷകയും വാദിച്ചു. സോഫിയ സാമിന് അഞ്ചു വർഷം കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. ജയിൽശിക്ഷയെ ചോദ്യം ചെയ്യാതെ, കുറ്റക്കാരി എന്നു കണ്ടെത്തിയ ജൂറി നടപടിയെ മാത്രം ചോദ്യം ചെയ്താണ് സോഫിയ സാം അപ്പീൽ നൽകിയത്. ഇരു പ്രതികളുടെയും വിചാരണ ഒരുമിച്ച് നടത്തിയതാണ് സോഫിയയെയും ജൂറി കുറ്റക്കാരിയായി വിധിക്കാൻ കാരണമായതെന്ന് സോഫിയയുടെ അഭിഭാഷകൻ വാദിച്ചു. സാഹചര്യത്തെളിവുകൾ മാത്രമാണ് സോഫിയയ്‌ക്കെതിരെയുള്ളതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി കളഞ്ഞു.

കേസിന്റെ പിന്നാമ്പുറം ഇങ്ങനെ

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു.വിവാഹനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുൺ ഓസ്‌ട്രേലിയയിൽ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. പിന്നീട് അരുൺ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതായിരുന്നു.

പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി.

ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP