Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം നൽകുമ്പോൾ അസിസ്റ്റൻഡിനു നൽകുന്നത് 30,385 രൂപ; ഡ്രൈവർക്ക് 19,670, ഓഫിസ് അറ്റൻഡന്റിന് 18,030 രൂപയും സ്റ്റാഫുകൾക്ക് വീട്ടുവാടകയും ഖജനാവിൽ നിന്നും; കോളടിച്ചത് തോറ്റ എംപിക്ക് മാത്രമല്ല; ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ സമ്പത്തിന് പേഴ്‌സണൽ സ്റ്റാഫും; ഖജനാവ് കൊള്ളയുടെ കഥ തുടരുമ്പോൾ

പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം നൽകുമ്പോൾ അസിസ്റ്റൻഡിനു നൽകുന്നത് 30,385 രൂപ; ഡ്രൈവർക്ക് 19,670, ഓഫിസ് അറ്റൻഡന്റിന് 18,030 രൂപയും സ്റ്റാഫുകൾക്ക് വീട്ടുവാടകയും ഖജനാവിൽ നിന്നും; കോളടിച്ചത് തോറ്റ എംപിക്ക് മാത്രമല്ല; ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ സമ്പത്തിന് പേഴ്‌സണൽ സ്റ്റാഫും; ഖജനാവ് കൊള്ളയുടെ കഥ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ എംപി എ.സമ്പത്തിനു മേൽ ഖജനാവിലെ സമ്പത്തുകൊണ്ട് പിണറായി സർക്കാരിന്റെ അഭിഷേകം. ഉയർന്ന ശമ്പളത്തിൽ ഡൽഹിയിലെ സർക്കാർ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയോഗിച്ച സർക്കാർ ഇപ്പോൾ ഓഫീസ് സ്റ്റാഫും അനുവദിച്ചു. ആറ്റിങ്ങൽ ലോക്‌സഭാ സീറ്റിൽ നേരിട്ട പരാജയത്തിനു ശേഷം സമ്പത്തിനെ സർക്കാർ ഏറ്റെടുത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. ആറ്റിങ്ങലിൽ തോറ്റ ശേഷം സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിലാണ് സമ്പത്തിനു ഉടനടി നിയമനം നൽകിയത്.

ഈ വിവാദത്തിന്റെ ചൂട് മാറും മുൻപേയാണ് ഇപ്പോൾ പഴ്സനൽ സ്റ്റാഫിനെകൂടി അനുവദിക്കാൻ സർക്കാർ തീരുമാനം വന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻഡ്, ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ് എന്നിവരെ നിയമിക്കാനാണ് ശനിയാഴ്ച പൊതുഭരണവകുപ്പ് അനുവാദം നൽകിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളമാണ് അസിസ്റ്റന്റിനു നൽകിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും ഇടത് സർക്കാരിൽ തലതിരിഞ്ഞാണ് പോകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായി ഇത് മാറുകയും ചെയ്യുന്നു.

സമ്പത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം നൽകുമ്പോൾ അസിസ്റ്റൻഡിനു നൽകുന്നത് 30,385 രൂപയാണ്. ഡ്രൈവർക്ക് 19,670, ഓഫിസ് അറ്റൻഡന്റിന് 18,030 രൂപയും നൽകുന്നു. സ്റ്റാഫുകൾക്ക് വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരജീവനക്കാർക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാൻ കഴിയൂ. സമ്പത്തിന്റെ സ്റ്റാഫിലുള്ളവരെല്ലാം കരാർ ജീവനക്കാരാണ്. ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവർക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സർക്കാരിനു ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും.

എ.സമ്പത്തിനെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതുകൊണ്ട് സർക്കാരിനു കാര്യമായ ഗുണമില്ലെന്നു ഭരണവൃത്തങ്ങളിൽ തന്നെ അഭിപ്രായം ഉയർന്നിരിക്കെയാണ് സമ്പത്തിനു പെഴ്‌സണൽ സ്റ്റാഫും മറ്റു സൗകര്യങ്ങളും നൽകി പിണറായി സർക്കാർ വീണ്ടും അനുഗ്രഹവർഷം നടത്തിയിരിക്കുന്നത്. എല്ലാം സർക്കാർ ഖജനാവിൽ നിന്നും തന്നെയാണ് പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കടങ്ങൾ സെറ്റിൽ ചെയ്തത് സർക്കാർ ഖജനാവിൽ നിന്നും പണം നൽകിയാണ്. ഒപ്പം എംഎൽഎയുടെ മകന് സർക്കാർ ജോലിയും നൽകി. ഉഴവൂർ വിജയൻ മരിച്ചപ്പോൾ കുടുംബത്തിന് 25 ലക്ഷം രൂപയും സർക്കാർ ഖജനാവിൽ നിന്നാണ് നൽകിയത്. ഭരണപരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി എസ്.അച്യുതാനന്ദനും, മുന്നോക്ക വികസന കോർപ്പറേഷൻ അധ്യക്ഷൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കും ചീഫ് വിപ്പ് കെ.രാജനും സർക്കാർ ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. ഒപ്പം സ്റ്റാഫുകളും. ഇതിനുള്ള പണവും സർക്കാർ ഖജനാവിൽ നിന്നാണ് പോകുന്നത്. ഇത്തരം വിവാദങ്ങൾ സർക്കാരിനെ ചൂഴ്ന്നു നിൽക്കുമ്പോഴാണ് വീണ്ടും ഖജനാവിനെ പിഴിഞ്ഞ് ധൂർത്തുകളും അധികാര ദുർവിനിയോഗങ്ങളും വരുന്നത്.

ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസും പ്രവർത്തിക്കുന്നത്. സമ്പത്ത് ചെയ്യുന്ന ജോലി ചെയ്യുന്നത് മുൻപും ഇപ്പോഴും ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസ് തന്നെയാണ്. എന്നാൽ ഇപ്പോൾ ഉത്തരവാദിത്തങ്ങൾ മുഴുവൻ സമ്പത്തിനു എന്ന രീതിയിലാണ് സർക്കാർ നീങ്ങുന്നത്. ഇത്തരം കാര്യങ്ങളിൽ റസിഡൻസ് കമ്മിഷണറുടെ ഓഫിസിനും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. സമ്പത്തിനെ നിയമിക്കുന്നതിനു മുൻപ് റസിഡൻസ് കമ്മിഷണറുടെ ഓഫിസാണ് സംസ്ഥാന -കേന്ദ്ര സർക്കാരുകൾക്കിടയിലെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്. സമ്പത്തിനു പ്രത്യേക പദവി നൽകിയതോടെ ഡൽഹിയിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ താറുമാറായതായി വിലയിരുത്തലും വന്നിട്ടുണ്ട്.

നിലവിൽ തന്നെ സ്ഥല സൗകര്യമില്ലാത്ത റസിഡൻസ് കമ്മിഷണറുടെ ഓഫിസിലാണ് സമ്പത്തിന്റെ ഓഫീസും സ്റ്റാഫും എല്ലാം പ്രവർത്തിക്കുന്നതും. എജി ഓഫീസിൽ വേലപ്പൻ നായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറാക്കി നിയമിച്ച അതേ രീതിയിൽ തന്നെയാണ് ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസിൽ സമ്പത്തിനെ നിയോഗിച്ചതും. വേലപ്പൻ നായർ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായപ്പോൾ സമ്പത്ത് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ്. എജി ഓഫീസിൽ എജി ചെയ്യുന്ന ജോലികൾ തന്നെയാണ് വേലപ്പൻ നായർക്ക് നൽകിയത്. ഡൽഹിയിലും ഇതേ അവസ്ഥ തന്നെ. ചരിത്രത്തിൽ ആദ്യമായാണ് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ സർക്കാർ നിയമിച്ചത്.

റസിഡൻസ് കമ്മിഷണർ ചെയ്യുന്ന ജോലി തന്നെയാണ് സമ്പത്തും ചെയ്യേണ്ടതും. ഇത്തരം കാര്യങ്ങൾക്ക് എതിരെ ജനങ്ങളിൽ ഉയരുന്ന എതിർപ്പും വിരൽ ചൂണ്ടലുകളും ഇടത് സർക്കാരിനു നേരെയാണ് ഉയരുന്നത്. പക്ഷെ എന്നത്തെയും പോലെ ഇത്തരം എതിർപ്പുകൾക്ക് നേരെ സർക്കാർ അവഗണന തന്നെയാണ് തുടരുന്നത്, ഒപ്പം പുതു നിയമനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP