Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് കൊലപാതകമായി രജിസ്റ്റർ ചെയ്ത കേസ് മുഖ്യമന്ത്രിക്ക് അപകടമായി; ഡിവൈഎസ്‌പി കൊന്നുതള്ളിയ സനലിന്റെ ഭാര്യയും പിഞ്ചുമക്കളും മുഖ്യമന്ത്രിയെ കാണാനായി കാത്തിരുന്നത് 10 മണിക്കൂർ; പരിഗണിക്കാമെന്ന മറുപടി വെറുംവാക്കായാതോടെ വിജി അനിശ്ചിതകാല സമരത്തിനെത്തി; ഒന്നും നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മലക്കം മറിച്ചിൽ; താലി അറ്റുപോയ ദുഃഖം മാറും മുമ്പേ വിജിയെ ദുരിതത്തിലേക്ക് തള്ളിവിട്ട് സർക്കാർ; നിസ്സഹായനായി സിപിഎം എംഎൽഎ ആൻസലൻ

പൊലീസ് കൊലപാതകമായി രജിസ്റ്റർ ചെയ്ത കേസ് മുഖ്യമന്ത്രിക്ക് അപകടമായി; ഡിവൈഎസ്‌പി കൊന്നുതള്ളിയ സനലിന്റെ ഭാര്യയും പിഞ്ചുമക്കളും മുഖ്യമന്ത്രിയെ കാണാനായി കാത്തിരുന്നത് 10 മണിക്കൂർ; പരിഗണിക്കാമെന്ന മറുപടി വെറുംവാക്കായാതോടെ വിജി അനിശ്ചിതകാല സമരത്തിനെത്തി; ഒന്നും നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മലക്കം മറിച്ചിൽ; താലി അറ്റുപോയ ദുഃഖം മാറും മുമ്പേ വിജിയെ ദുരിതത്തിലേക്ക് തള്ളിവിട്ട് സർക്കാർ; നിസ്സഹായനായി സിപിഎം എംഎൽഎ ആൻസലൻ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : ഭർത്താവിനെ നഷ്ടപ്പെട്ട വേദനമാറും മുമ്പേ സെക്രട്ടേറിയറ്റിലേക്ക് സമരവുമായെത്തിയ ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ മുഖം തിരിച്ച സർക്കാർ. അധികാരികൾ പറഞ്ഞവാക്കെല്ലാം മറന്നതോടെയാണ് നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്‌പി കൊന്നുതള്ളിയ സനലിന്റെ ഭാര്യ വിജി മക്കളെയും കൂട്ടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. സനൽ കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാൽ വിജി മുഖ്യമന്ത്രിയെ നേരിൽ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം.

കഴിഞ്ഞ മാസം 28ന് രാവിലെയാണ് എംഎ‍ൽഎ ആൻസലനുമൊത്ത് വിജി മക്കളായ രണ്ടും മൂന്നും വയസുള്ള അലൻ, ആൽബിൻ, വിജിയുടെ അച്ഛൻ വർഗീസ് എന്നിവർ മുഖ്യമന്ത്രിയെ കാണാൻ നഗരത്തിലെത്തിയത്. ഒൻപത് മണിയോടെ നിയമസഭയിലെത്തി. പത്ത് മണി ആയപ്പോഴേക്കും സെക്രട്ടേറിയറ്റിൽ വച്ച് കാണാമെന്ന നിർദ്ദേശം ലഭിച്ചു. ഇതോടെ എംഎ‍ൽഎയ്ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി. പകൽ മുഴുവൻ കടന്നുപോയിട്ടും മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല. ഒടുവിൽ രാത്രി 7 മണിയോടെ കണ്ടപ്പോഴേക്കും പരിഗണിക്കാമെന്ന് ഒറ്റ വാക്കിൽ മറുപടി നൽകി. ഏറെ അവശരായാണ് വിജിയും മക്കളും അന്ന് രാത്രി സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങിയതെന്ന് സമരസമിതി നേതാക്കൾ പറയുന്നു.

പ്രതീക്ഷകൾ എല്ലാം അസ്തമിച്ചതോടെയാണ് സമരം തുടങ്ങിയത്. ബുധനാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷൻ ഉന്നയിച്ചപ്പോൾ കുടുംബത്തിന് ധനസഹായം നല്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന മറുപടി നൽകി മുഖ്യമന്ത്രി കൈഒഴിയുകയും ചെയ്തു. ഇതോടൊപ്പം കൊലപാതകത്തെ അപകടമരണമായും മുഖ്യമന്ത്രി ചിത്രീകരിച്ചു. ഡി.വൈ.എസ്‌പിയുമായുള്ള പിടിവലിക്കിടെ റോഡിൽ വീണ സനലിന്റെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.

എന്നാൽ മനഃപൂർവം കാറിന് മുന്നിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ ദൃഷ്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊലപാതകത്തെ അപകടമരണമായി ചിത്രീകരിക്കുന്നതിലൂടെ സഹായം നൽകാതെ പിന്മാറുകയാണ് സർക്കാർ ലക്ഷ്യം. പൊലീസ് കണ്ടെത്തലിന് വിരുദ്ധമായി മുഖ്യമന്ത്രി സബ്മിഷന് നൽകിയ മറുപടി നിയമസഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് വ്യക്തമാകുകയാണ്. എന്നാൽ ഒന്നും ചെയ്യാൻ കഴിയതെ നിസഹായനായി നിൽ ക്കുകയാണ് എംഎ‍ൽഎ ആൻസലൻ.

വർഷങ്ങളായി കുടുംബത്തിന്റ എല്ലാ ബാദ്ധ്യതയും സനലിനായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അച്ഛന് ഉണ്ടാക്കിയ കടവും മകനാണ് വീട്ടുന്നത്. ഗവ.പ്രസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്ന സനലിന്റെ അച്ഛൻ സോമരാജൻ വിരമിക്കുന്നതിന് തലേദിവസമാണ് വിഷം കഴിച്ചത്. രണ്ടു ദിവസത്തിന് ശേഷം 2017 ഓഗസ്റ്റ് രണ്ടിനായിരുന്നു മരണം. 23 വർഷം ജോലി ചെയ്തെങ്കിലും ജീവിതത്തിലുണ്ടായ കടബാദ്ധ്യതയായിരുന്നു ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കൃഷിയിലുണ്ടായ നഷ്ടവും മകളുടെ വിവാഹവും വീടുപണിയും വരുത്തിവച്ച ബാദ്ധ്യതയും താങ്ങാനാകാതെ സോമരാജൻ മരണത്തിൽ അഭയം തേടിയപ്പോൾ 25ലക്ഷത്തോളം വരുന്ന ബാദ്ധ്യതയേറ്റടെുത്തത് സനലായിരുന്നു.

കഠിനാദ്ധ്വാനിയായ സനൽ ചിട്ടി പിടിച്ചും പലവിധ ജോലി ചെയ്തുമാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത്. അച്ഛൻ മരിച്ചെങ്കിലും അമ്മയെ കഷ്ടപ്പാടുകൾ അറിയിക്കാതെയാണ് മകൻ നോക്കിയതും. അവശേഷിക്കുന്ന കടംവീട്ടാനും മക്കളെ പഠിപ്പിക്കാനും മറ്റ് വഴികളില്ലാത്തതോടെയാണ് റിലസമരത്തിന് വിജിയും വീടുകാരുമെത്തിയത്. അതേസമയം ആദ്യം മുതൽ ഒപ്പം നില്ക്കുന്ന സമരസമിതിയിലാണ് കുടുംബത്തിന്റെ ഏകആശ്രയം.വി എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, സനൽ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇക്കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.

വരും ദിവസങ്ങളിൽ സമരത്തിന്റെ രൂപം മാറ്റാനും ആലോചനകൾ നടക്കുന്നുണ്ട്. പി.സി ജോർജിന്റെ ജനപക്ഷം, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോൺഗ്രസ്,കോൺഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ഇതിനോടകം വിജിയുടെ സമരത്തിന് ലഭിച്ചു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP