Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മറുനാടൻ വാർത്ത തുണയായി; പ്രതിഷേധം കനത്തപ്പോൾ ശരണ്യയ്ക്ക് ജോലി തിരിച്ചുകിട്ടി; മിശ്രവിവാഹം ചെയ്ത അദ്ധ്യാപികയെ സ്‌കൂളിൽ നിന്നു പുറത്താക്കിയ നടപടി തിരുത്തി ചെറുതുരുത്തി അൽ ഇർഷാദ് സ്‌കൂൾ അധികൃതർ; തെറ്റുപറ്റിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

മറുനാടൻ വാർത്ത തുണയായി; പ്രതിഷേധം കനത്തപ്പോൾ ശരണ്യയ്ക്ക് ജോലി തിരിച്ചുകിട്ടി; മിശ്രവിവാഹം ചെയ്ത അദ്ധ്യാപികയെ സ്‌കൂളിൽ നിന്നു പുറത്താക്കിയ നടപടി തിരുത്തി ചെറുതുരുത്തി അൽ ഇർഷാദ് സ്‌കൂൾ അധികൃതർ; തെറ്റുപറ്റിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

അരുൺ ജയകുമാർ

പാലക്കാട്: മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അദ്ധ്യാപികയോട് ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ചെറുതുരുത്തി അൽ ഇർഷാദ് സ്‌കൂൾ മാനേജ്‌മെന്റ് രംഗത്ത്. മിശ്രവിവാഹത്തിന്റെ പേരിൽ ശരണ്യയെന്ന അദ്ധ്യാപകയ്ക്കാണ് ജോലി നഷ്ടമായത്. മുസ്ലിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ ഇക്കാരണം പറഞ്ഞ് അവരോട് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടെന്ന് നിർദേശിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച സിപിഐ(എം) പ്രവർത്തകനായ മുഹമ്മദ് ഹാരിസ്സുമായുള്ള വിവാഹം പാലക്കാട് വാണിയംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് പാർട്ടി ഇടപെട്ട് നടത്തിയത്. മിശ്രവിവാഹത്തിന്റെ പേരിൽ ശരണ്യക്ക് ജോലി നഷ്ടപ്പെട്ട വിവരം മറുനാടൻ മലയാളിയാണ് ആദ്യം പുറത്ത് വിട്ടത്. മറുനാടൻ മലയാളി വാർത്ത പുറത്ത് വിട്ടതോടെ സോഷ്യൽ മീഡിയയിലും സംഭവം വൻ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു. തുടർന്ന് സിപിഎമ്മിന്റെ തൃശ്ശൂർ - പാലക്കാട് ജില്ലാ കമ്മിറ്റികൾ ഇടപെട്ടാണ് സംഭവത്തിന് പരിഹാരമുണ്ടാക്കിയത്. ഇതോടെ പ്രതിഷേധം കനത്തതിനെ തുടർന്ന് ചെറുത്തുരുത്തി അൽ ഇർഷാദ് ഇംഗ്ലീഷ് മീഡിയം എൽപി സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനം തിരുത്താൻ നിർബന്ധിതരായി.

എന്നാൽ സ്‌കൂൾ അധികൃതർ തിരിച്ചു വിളിച്ചെങ്കിലും തിരികെ ജോലിയിൽ പ്രവേശിക്കണമോയെന്ന കാര്യം പാർട്ടിയുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് ശരണ്യയുടെ ഭർത്താവ് മുഹമ്മദ് ഹാരിസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹ ശേഷം ഒരാഴ്‌ച്ചത്തെ അവധി അഭ്യർത്ഥിച്ച് സ്‌കൂൾ പ്രിൻസിപ്പാളിനെ വിളിച്ചപ്പോഴാണ് ഇനി സ്‌കൂളിലേക്ക് വരേണ്ടെന്ന വിവരം ശരണ്യയെ അധികൃതർ അറിയിച്ചത്. സർട്ടിഫിക്കറ്റും ശമ്പളവും അങ്ങോട്ട് അയച്ച് നൽകാമെന്നും അധികൃതർ പറയുകയായിരുന്നു. സ്‌കൂളിൽ വന്ന് നേരിട്ട് കൈപ്പറ്റാൻ അനുമതി ചോദിച്ചെങ്കിലും അതും നിഷേധിക്കുകയായിരുന്നു. ഇതിന് പുറമേ മറ്റ് അദ്ധ്യാപകർക്ക് ശരണ്യയുമായി യാതൊരു ബന്ധവും പാടില്ലെന്ന നിർദ്ദേശവും നൽകിയിരുന്നു.

എംഎ, ബിഎഡ് യോഗ്യതയുള്ള ശരണ്യ കഴിഞ്ഞ രണ്ട് വർഷമായി അവിടെ എൽ പി വിഭാഗത്തിലെ കുട്ടികളെ പഠിപ്പിക്കുന്നു. കുട്ടികൾ വഴി തെറ്റുമെന്നാണ് സ്‌കൂളിൽ നിന്നും പുറത്താക്കിയതിന് പ്രിൻസിപ്പൽ പറഞ്ഞ ന്യായം. ഇത് വലിയ വാർത്തയായപ്പോൾ നിരവധി പേർ പിന്തുണയുമായി ശരണ്യയേയും മുഹമ്മദ് ഹാരിസ്സിനേയും പിന്തുണച്ച് രംഗത്തെത്തി. സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും ഇടപ്പെട്ടു. ജില്ലാ നേതൃത്വത്തിന്റെ നിർദേശ പ്രകാരം പ്രാദേശിക നേതൃത്വം സ്‌കൂൾ അധികൃതരോട് ശരണ്യയെ സ്‌കൂളിൽ നിന്നും പുറത്താക്കിയ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചു. തീരുമാനം വലിയ വാർത്തയും വിവാദവും ആയെന്ന് മനസ്സിലായതോടെ സ്‌കൂൾ അധികൃതർ നിലപാട് മയപ്പെടുത്തുകയായിരുന്നു.

സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് വിവാഹിതരായ മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. ഇതിനിടെയാണ് ഇതിന്റെ പേരിൽ ശരണ്യയുടെ ജോലി നഷ്ടമായത്. ശനിയാഴ്ച വിവാഹം കഴിഞ്ഞതിനാൽ ഒരാഴ്ച അവധി ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചപ്പോഴാണ് ഇനി സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന വിവരം അധികൃതർ അറിയിച്ചത്. സർട്ടിഫിക്കറ്റുകളും ബാക്കി നൽകാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നുമാണ് അധികൃതർ ശരണ്യയെ അറിയിച്ചത്. അത് നേരിൽ വാങ്ങിക്കാനായി സ്‌കൂളിലേക്കു വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ 'വേണ്ട വേണ്ട അങ്ങോട്ട് അയച്ച് തന്നോളാം' എന്നായിരുന്നു മറുപടിയായിരുന്നു ഇവർക്ക് ലഭിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി ഈ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു ശരണ്യ. എംഎ ബിഎഡ് വിദ്യാഭ്യാസയോഗ്യതകളോടെയാണ് ശരണ്യ ഇവിടെ ജോലിക്കെത്തിയത്. ഹാരിസുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു ശരണ്യ. രണ്ട് വീട്ടുകാരും വിവാഹം എതിർത്തതോടെ പാർട്ടി ഓഫീസിൽ വച്ച് വിവാഹം നടത്തി. ഷൊർണൂർ മുൻസിപ്പാലിറ്റിയിലെ കല്ലിപ്പാടം നോർത്ത് എന്ന സ്ഥലത്താണ് ശരണ്യയുടെ വീട്. പാലക്കാട് വാണിയംകുളം സ്വദേശിയാണ് മുഹമ്മദ് ഹാരിസ്.

മിശ്രവിവാഹമായതിനാൽ രണ്ട് വീട്ടുകാരും ഇനിയും മുഹമ്മദ് ഹാരിസിനേയും ശരണ്യയേയും അംഗീകരിച്ചിട്ടില്ല. ഹാരിസിന്റെ ഒരു സുഹൃത്തിന്റെ തറവാട് വീടിന് അടുത്തുള്ള വീട് അവർ തന്നെ ഇപ്പോൾ താമസിക്കാനായി നൽകിയിരിക്കുകയാണ്. കുറച്ച് കാലം പ്രവാസ ജീവിതം നയിച്ച ഹാരിസ് ഇപ്പോൾ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP