Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് വർഷം മുൻപ് ചേംബറിൽ നിന്നും ഇറക്കിവിട്ടെങ്കിൽ എന്തേ അന്ന് വാർത്തയായില്ല? ഐഎഎസ്. പരിശീലനകേന്ദ്രം അടച്ചുപൂട്ടിയെന്ന് പറയുന്നതും വാസ്തവിരുദ്ധം; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ എത്തുമ്പോഴുള്ള ഒരു രോഗ ലക്ഷണം; നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസ്സാണെന്ന വിമർശനം തള്ളി മന്ത്രി ബാലൻ; അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് ചോദിച്ചതും ഓർക്കുന്നുവെന്ന ആരോപണം വ്യാജമോ?

മൂന്ന് വർഷം മുൻപ് ചേംബറിൽ നിന്നും ഇറക്കിവിട്ടെങ്കിൽ എന്തേ അന്ന് വാർത്തയായില്ല? ഐഎഎസ്. പരിശീലനകേന്ദ്രം അടച്ചുപൂട്ടിയെന്ന് പറയുന്നതും വാസ്തവിരുദ്ധം; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ എത്തുമ്പോഴുള്ള ഒരു രോഗ ലക്ഷണം; നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസ്സാണെന്ന വിമർശനം തള്ളി മന്ത്രി ബാലൻ; അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് ചോദിച്ചതും ഓർക്കുന്നുവെന്ന ആരോപണം വ്യാജമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിവിൽ സർവ്വീസ് വിജയിച്ച ശ്രീധന്യ സുരേഷ് ഉൾപ്പെടെയുള്ളവരെ മതന്റെ ക്യാബിനിൽനിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിൽ കള്ളമെന്ന് മന്ത്രി എ.കെ ബാലൻ. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതാണെന്നും അതിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്നും മന്ത്രി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ശരണ്യ മോളാണ് ഫെയ്‌സ് ബുക്കിൽ ഈ വിവാദം കുറിച്ചത്. ഇതോടെ ബാലനെതിരെ പ്രതികരണമെത്തി. ഇതോടെയാണ് നിഷേധക്കുറിപ്പുമായി മന്ത്രി എത്തിയത്.

മൂന്നുവർഷം മുൻപ് നടന്ന സംഭവം എന്തുകൊണ്ട് അന്ന് വാർത്തയായില്ലെന്നും ഇത്തരം വിമർശനങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ മേഖലയിൽ എൽ.ഡി.എഫ്. സർക്കാർ ചെയ്ത മികച്ച പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതെന്നും ഐ.എ.എസ്. പരിശീലനകേന്ദ്രം അടച്ചുപൂട്ടിയെന്ന് പറയുന്നത് വാസ്തവിരുദ്ധമാണെന്നും ഈ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി കാബിനിൽ നിന്നും പലതവണ ഇറക്കിവിട്ടെ ശ്രീധന്യയ്ക്ക് സിവിൽ സർവീസ് കിട്ടിയെങ്കിൽ ആ കുട്ടി മരണ മാസാണ് എന്നായിരുന്നു ശരണ്യ മോൾ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. മൂന്ന് വർഷം വരെ അവരെ മാനസികമായി പീഡിപ്പിച്ചതിന് എതിരായ വിജയമാണ് ഇതെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ശരന്യമോളുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

പട്ടികജാതിക്ഷേമ വകുപ്പിന് കീഴിലുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലെ പരാധീനതകളെ കുറിച്ച് പരാതി പറയാൻ ചെയ്യപ്പോഴാണ് ശ്രീധന്യ അടക്കമുള്ള വിദ്യാർത്ഥികളുടെ വാക്കു കേൾക്കാൻ മന്ത്രി തയ്യാറാകാതിരുന്നതെന്നാണ് ശരന്യമോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിന് എതിരായ ആരോപണത്തിന് മന്ത്രിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടി എന്ന നിലയിലാണ് ശ്രീധന്യയുടെ കാര്യം അടക്കം സൂചിപ്പിച്ചു കൊണ്ട് ശരണ്യമോൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. മണ്ണന്തലയിൽ പ്രവർത്തിച്ചുവരുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം സർക്കാർ ഇല്ലാതാക്കുന്നു എന്ന വിധത്തിലാണ് സർക്കാർ പ്രവർത്തനമെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം കളവാണെന്ന് മന്ത്രി ഇപ്പോൾ വിശദീകരിക്കുന്നു.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഐഎഎസ് നേടിയ ശ്രീധന്യയെ ഞാൻ അഭിനന്ദിച്ചതിന്റെ പേരിൽ നവമാധ്യമങ്ങളിൽ അടക്കം ചിലർ നടത്തുന്ന പ്രചരണം അത്യന്തം നിരുത്തരവാദപരമാണ്. പട്ടികവർഗ്ഗ മേഖലയിൽ ഈ സർക്കാർ ചെയ്ത മികച്ച പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതാണ്. അത് ഒരു രോഗത്തിന്റെ ലക്ഷണം കൂടിയാണ്. വാർത്തയിൽ പറയുന്ന കാര്യങ്ങളിൽ സത്യത്തിന്റെ ഒരു കണിക പോലും ഇല്ല. അതുകൊണ്ട് തന്നെ വിമർശനത്തിന് മറുപടി പോലും അർഹിക്കുന്നില്ല. മൂന്ന് വർഷം മുൻപ് എന്റെ ചേംബറിൽ നിന്നും ഇറക്കിവിട്ടു എന്ന് പറയുന്ന സംഭവം എന്തേ അന്ന് വാർത്തയായില്ല.? മൂന്ന് വർഷം കഴിഞ്ഞാണോ പ്രതികരിക്കുന്നത് - അതും ഒരു സർക്കാർ സ്വീകരിച്ച നടപടികളിലൂടെ നേട്ടം കൈവരിച്ച കുട്ടിയെ അഭിനന്ദിച്ചതിന്റെ പേരിൽ.

ഐഎഎസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടി എന്ന് പറയുന്നത് പോലും വാസ്തവ വിരുദ്ധമാണ്. ഈ സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവിടെ മുന്നൂറ് കുട്ടികൾ ഇപ്പോൾ പഠിക്കുന്നുമുണ്ട്. ഈ സ്ഥാപനം തുടങ്ങി 28 വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും ഐഎഎസ് നേടാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ ലക്ഷ്യം നേടാം എന്ന ആലോചനയിൽ നിന്നും സ്ഥാപനത്തെ നിലനിർത്തിക്കൊണ്ട് തന്നെ ചില മാറ്റങ്ങൾ വരുത്തുകയാണ് വകുപ്പ് ചെയ്തത്. മുഖ്യധാരാ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യമായി പരിശീലനവും അനുബന്ധ സഹായങ്ങളും നൽകി കൂടുതൽ പേർക്ക് ഐഎഎസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ശ്രീധന്യ 2016-17 വർഷം നമ്മുടെ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. അടുത്ത വർഷം മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് സർക്കാർ എല്ലാ സഹായവും നൽകി.

ഈ സർക്കാർ വന്ന ശേഷം വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും നിരവധി നവീന പദ്ധതികൾ ഈ കുട്ടികൾക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. സ്പെഷ്യൽ റിക്രൂട്മെന്റ്, നൈപുണ്യ വികസന പരിശീലനത്തിലൂടെ വിദേശത്തടക്കം തൊഴിൽ നേടാൻ അവസരം, സാമൂഹ്യ പഠനമുറി, ഗോത്രബന്ധു തുടങ്ങിയ പദ്ധതികളിലൂടെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സർക്കാർ നടപ്പാക്കിയത്. പൊതുവിൽ പട്ടികജാതി/പട്ടികവർഗ്ഗ മേഖലയിലെ ഉത്തരവാദപ്പെട്ട സംഘടനകളുമായെല്ലാം സർക്കാർ ഇത്തരം പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ അവർ നൽകുന്നുമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങളെ ക്രിയാത്മകമായി വിമർശിക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ അസഹിഷ്ണുത ഉള്ളവരാണ്. തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നു.

ശരണ്യമോളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാർ,
നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക്ക് ഇപ്പോൾ IAS കിട്ടിയെങ്കിൽ ആ കുട്ടി (കാണാൻ വന്നവർ ഉൾപ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാൽ 3 വർഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോൾ ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു.. അതിനെ തുടർന്നാണ് എസി കമ്മിഷണർ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാൻ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തതുകൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെന്തിനാണ് സർ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാൻ സാധിക്കാത്ത സിവിൽ സർവീസ് അക്കാദമിയൽ ഈ വർഷം 300 കുട്ടികളെ ചേർത്തത്.. ഞങ്ങൾ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ്.. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നൽകി..

2015 മുതൽ ICSETS പഠിച്ച 10 കുട്ടികൾ എങ്കിലും prelims ക്ലിയർ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികൾ പിന്നെ ന്ത് ചെയ്യണം.. മാതാപിതാക്കൻ മാർക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാൻ പറ്റാത്തതുകൊണ്ടല്ലഞങ്ങൾ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാൻ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ) മാതാപിതാക്കളെ ഓർത്താണ്.. അവിടെയും കൊടിയ പീഡനങ്ങൾ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികൾ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാർ, രാഷ്ട്രീയക്കാർ, സംഘടനകളെ സമീപിച്ചു.. നിരവധിപേർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവർ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓർത്താണ്.

അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചുമോൻ എത്തിയപ്പോൾ ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു. എന്തെന്നാൽ പിന്നീട് നിങ്ങൾ ഉൾപ്പെടുന്ന സർക്കാർ അയ്യങ്കാളിയും അംബേദ്കറും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങൾ ഇല്ലാതെ നിങ്ങൾക്കവിടെ നിലനിൽക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയർത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്‌ത്തിയാലും ഞങ്ങൾ ഉയർന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോൾ ശ്രീധന്യ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കിട്ടാത്തത് എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??

എത്രയോ തവണ അവർ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങൾ നല്ല ടീച്ചേഴ്‌സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ICSETS വന്ന് അഡ്‌മിഷൻ എടുത്ത ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവിൽ സർവീസ് എക്‌സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങൾ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയർത്തിയതും. ജനറൽ കാറ്റഗറിയിലെ കുട്ടികൾ വീടിന്റെ മുകളിൽ നിന്ന് തേങ്ങാ പറിക്കുമ്പോൾ തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും.. ഞങ്ങൾക്കും ഇത്തരത്തിൽ ഏറ്റവും നല്ല സംവിധാനങ്ങൾ തന്നു നോക്കൂ ഒന്നല്ല ഞങ്ങൾക്കിടയിൽ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തിൽ എത്തിക്കാൻ സാധിക്കും.. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP