Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂണിവേഴ്‌സിറ്റി കോളേജിലെ കിരീടം വയ്ക്കാത്ത രാജാവിനെതിരായ പരാതിയിൽ കണ്ണിലെ കരടായി; ചൈത്ര തെരാസാ ജോണിനെതിരെ നടപടി എടുക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഇരയെ കണ്ടെത്തിയത് ആനാവൂരിനേയും ശിവൻകുട്ടിയേയും അനുനയിപ്പിക്കാൻ; കടയ്ക്കലിലെ വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം പൊലീസുകാരന്റേതാക്കി സസ്‌പെൻഷൻ; ശരത്തിനെതിരെ കേസുമെടുത്തേക്കും; സസ്‌പെൻഷൻ വാർത്ത കേട്ട് ഞെട്ടി പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ എസ് എഫ് ഐക്കാർ തല്ലി ചതച്ച പൊലീസുകാരൻ; കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെ

യൂണിവേഴ്‌സിറ്റി കോളേജിലെ കിരീടം വയ്ക്കാത്ത രാജാവിനെതിരായ പരാതിയിൽ കണ്ണിലെ കരടായി; ചൈത്ര തെരാസാ ജോണിനെതിരെ നടപടി എടുക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഇരയെ കണ്ടെത്തിയത് ആനാവൂരിനേയും ശിവൻകുട്ടിയേയും അനുനയിപ്പിക്കാൻ; കടയ്ക്കലിലെ വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം പൊലീസുകാരന്റേതാക്കി സസ്‌പെൻഷൻ; ശരത്തിനെതിരെ കേസുമെടുത്തേക്കും; സസ്‌പെൻഷൻ വാർത്ത കേട്ട് ഞെട്ടി പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ എസ് എഫ് ഐക്കാർ തല്ലി ചതച്ച പൊലീസുകാരൻ; കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ശരത്തിനെ സസ്‌പെൻഡ് ചെയ്തത് സിപിഎം സമ്മർദ്ദത്തെ തുടർന്ന്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ശരത്ത് പറയുന്നത്. എസ്എഫ്‌ഐ പ്രവർത്തകർ നടു റോഡിലിട്ട് മർദ്ദിച്ച രണ്ട് പൊലീസുകാരിൽ ഒരാളാണ് നടപടിക്ക് വിധേയനായ ശരത്ത്. പൊലീസ് അസോസിയേഷന്റെ അറിവോടെയാണ് സസ്‌പെൻഷനെന്നും സൂചനയുണ്ട്. പൊലീസ് അസോസിയേഷനിൽ സിപിഎം അനുകൂലർക്ക് ഒപ്പമല്ല ശരത്. പാളയത്തെ കേസ് ഒതുക്കാൻ അസോസിയേഷൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ശരത് സമ്മതിച്ചില്ല. അതുകൊണ്ട് തന്നെ ശരത്തിനെതിരായ നടപടിയിൽ അസോസിയേഷൻ ചോദ്യങ്ങൾ ഉയർത്തുകയുമില്ല.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസാ ജോൺ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വി ശിവൻകുട്ടിയും കടുത്ത അമർഷത്തിലായിരുന്നു. ചൈത്രയ്‌ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന നിലപാടിൽ സർക്കാരെത്തി. കോടതി നടപടികളെ ഭയന്നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ശരത്തിനെതിരെ സർക്കാർ നടപടി എടുക്കുന്നത്. എസ് എഫ് ഐ നേതാവിനെ കുടുക്കിയ പൊലീസുകാരനെ അസോസിയേഷനും കൈവിട്ടതോടെ കാര്യങ്ങൾ എളുപ്പമായി.

പാളയത്ത് സിഗ്‌നൽ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവർത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു അന്നത്തെ മർദ്ദനം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മർദ്ദനമേറ്റ പൊലീസുകാരൻ ശരത്തിനെ സസ്‌പെൻഡ് ചെയ്തത്. ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീമിനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടുവെന്ന പരാതിയിലാണ് സസ്‌പെൻഷനെന്നാണ് എസ്എപി കമാണ്ടിന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ ആരുടെ പരാതിയെന്നും എന്താണ് പരാമർശമെന്നും എസ്എപി വൃത്തങ്ങൾ വ്യക്തമാക്കിയില്ല.

സ്വദേശമായ കടയ്ക്കലുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം തന്റെ പേരിലാക്കി വ്യാജ പരാതിയുണ്ടാക്കിയെന്നാണ് ശരത്തിന്റെ പ്രതികരണം. അതേ സമയം ഒരു വർഷമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്‌പെൻഷനെന്നും സൂചനയുണ്ട്. ശരത്തിന്റെ രാഷ്ട്രീമാണ് എസ്എഫ്‌ഐക്കാരെ കള്ളക്കേസിൽ കുരുക്കാനിടയാക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വവും ആരോപിച്ചിരുന്നു, മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് ശരത്തിനെ സസ്പെൻഡ് ചെയ്തത്. അതേസമയം, സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിട്ടില്ലെന്ന് ശരത് പറഞ്ഞു. പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ശരത്ത് പറയുന്നത്. ഈ പോസ്റ്റിന്റെ പേരിൽ ശരത്തിനെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. എന്നാൽ പൊലീസിലെ ഒരു വിഭാഗം ഇതിൽ കടുത്ത പ്രതിഷേധത്തിലാണ്. പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയമാണ് എല്ലാത്തിനും കാരണമെന്ന് അവർ പറയുന്നു.

പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചാണ് പൊലീസ് ഉദ്യോഗസ്ഥരായ ശരത്തിനെയും വിനയചന്ദ്രനെയും എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചത്. 2018 ഡിസംബർ 12നായിരുന്നു സംഭവം. സിഗ്‌നലിൽ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ചു നടുറോഡിൽവച്ചാണ് അക്രമം നടന്നത്. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു സംഭവം. തുടർന്ന് എസ്എഫ്‌ഐ നേതാവ് നസീം കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പരിപാടിയിൽ നസീമും ഉള്ളതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ. പാർട്ടി നിർദ്ദേശ പ്രകാരമായിരുന്നു കീഴടങ്ങൽ എന്നാണു വിവരം. സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട വിദ്യാർത്ഥി നേതാവായിരുന്നു നസിം. അതുകൊണ്ട് തന്നെ കേസ് ഒതുക്കാൻ ഏറെ ശ്രമം നടന്നിരുന്നു.

അക്രമത്തിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരൻ ശരത്തിനെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കാൻ ശ്രമം നടത്തിയതായും ആരോപണം ഉണ്ടായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട കേസ് ഇല്ലാതാക്കാൻ പാർട്ടി ജില്ലാ നേതൃത്വം പൊലീസിലെ ഉന്നത തലത്തിൽ സമ്മർദം ചെലുത്തിയിട്ടുണ്ട്.എന്നാൽ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംഭവത്തിലാണ് ഇപ്പോഴത്തെ നടപടിയെടുത്തിരിക്കുന്നത്. പൊലീസുകാരെ തല്ലിയ കേസിൽ പ്രധാനപ്രതിയായ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാനുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം നേരത്തെ ശക്തമായിരുന്നു. മർദ്ദനമേറ്റ പൊലീസുകാരന് കോൺഗ്രസ് ആഭിമുഖ്യമുള്ളതു കൊണ്ടാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നവർ എസ് എഫ് ഐ നേതാവിനായി രംഗത്തുള്ളതെന്നാണ് ആരോപണം ഉയർന്നിരുന്നു.

ഇതേ തുടർന്ന് തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരുടെ മർദനമേറ്റ പൊലീസുകാരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതി ഡിജിപിക്ക് മുന്നിലുമെത്തി. കഴുത്തിന് പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ശരതിന്റെ മാതാപിതാക്കളാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. തുടക്കത്തിൽ കന്റോൺമെന്റ് പൊലീസ് എസ്.എഫ്.ഐക്കാർക്കെതിരെ എടുത്തിരിക്കുന്ന കേസ് ദുർബലമായിരുന്നു. ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐക്കാരെ പിടിച്ചതിന് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എസ്.എഫ്.ഐക്കാർ കൂട്ടത്തോടെയെത്തി പൊലീസുകാരെ മർദിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം.

പാളയം യുദ്ധ സ്മാരകത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഗതാഗതനിയമം ലംഘിച്ച് ബൈക്ക് ഓടിച്ച ആരോമലിനെ ട്രാഫിക് ഉദ്യോഗസ്ഥനായ അമൽകൃഷ്ണ തടഞ്ഞു. പിഴയീടാക്കാൻ ശ്രമിച്ചതോടെ ആരോമൽ അമൽകൃഷ്ണയെ പിടിച്ചുതള്ളി. ഇതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാർ ഇടപെട്ടു. തുടർന്ന് ആരോമൽ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരെ വിളിച്ചുവരുത്തുകയും പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മർദിക്കുകയുമായിരുന്നു. മർദനത്തിൽ അമൽകൃഷ്ണക്കും എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുശേഷം കൂടുതൽ പൊലീസെത്തി യൂനിവേഴ്സിറ്റി കോളജ് പരിസരത്തുനിന്ന് പ്രവർത്തകരിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ട് ഇവരെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ പിടികൂടുന്നതിനും അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കുന്നതിനും കൻേറാൺമന്റെ് പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമീഷണർക്ക് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലും വിശദീകരിച്ചിരുന്നു.

സിപിഎം അനുഭാവികളായ ചില പൊലീസുകാരാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊലീസുകാരോട് ഉടൻ ഡിസ്ചാർജ് വാങ്ങി പൊയ്ക്കോളാൻ കൻേറാൺമന്റെ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ചിത്രീകരിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ശരത് ഉറച്ച് നിന്നതോടെ സർക്കാരിന് നിസാമിനെതിരെ കേസെടുക്കേണ്ടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP