Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെന്നൈ മുതൽ ബെംഗലൂരു വരെ റോഡിലൂടെ യാത്ര ചെയ്തിട്ടും കണ്ണീരൊഴുക്കാൻ ആരും വഴിയരുകിൽ കാത്തുനിന്നില്ല; ജയിൽ വളപ്പിൽ എത്തിയതു പോലും വിരലിൽ എണ്ണാവുന്നത്രയും പ്രവർത്തകർ മാത്രം; തെരുവിലെങ്ങും പ്രതിഷേധിക്കാൻ ആരുമില്ല; വസ്ത്രങ്ങളുമായി എത്തിയ വാഹനം പോലും ആളുകൾ തകർത്തു; തങ്ങൾ വെറും കൂതറകൾ അല്ലെന്നു തെളിയിച്ച് തമിഴർ

ചെന്നൈ മുതൽ ബെംഗലൂരു വരെ റോഡിലൂടെ യാത്ര ചെയ്തിട്ടും കണ്ണീരൊഴുക്കാൻ ആരും വഴിയരുകിൽ കാത്തുനിന്നില്ല; ജയിൽ വളപ്പിൽ എത്തിയതു പോലും വിരലിൽ എണ്ണാവുന്നത്രയും പ്രവർത്തകർ മാത്രം; തെരുവിലെങ്ങും പ്രതിഷേധിക്കാൻ ആരുമില്ല; വസ്ത്രങ്ങളുമായി എത്തിയ വാഹനം പോലും ആളുകൾ തകർത്തു; തങ്ങൾ വെറും കൂതറകൾ അല്ലെന്നു തെളിയിച്ച് തമിഴർ

ചെന്നൈ: ജയലളിത തമിഴ് മക്കൾക്കു കൺ കണ്ട ദൈവമായിരുന്നു. അമ്മയെപ്പോലെയാണ് ജയയെ തമിഴർ കണ്ടിരുന്നത്. വർഷങ്ങളോളം അമ്മയുടെ നിഴലായി നടക്കുകയും മരണത്തിനു പിന്നാലെ അധികാരം പിടിച്ചെടുക്കാൻ കരുക്കൾ നീക്കുകയും ചെയ്ത ചിന്നമയ്ക്ക് ആ പരഗണനയൊന്നും തങ്ങൾ നല്കില്ലെന്നു തമിഴർ തെളിയിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതി ശരിവച്ച ശിക്ഷ സ്വീകരിക്കാൻ ബെംഗലൂരുവിലെ പരപ്പന അഗ്രാഹര ജയിലേക്കുള്ള ശശികലയുടെ യാത്ര വേറിട്ട ഒന്നുതന്നെയായിരുന്നു.

ചെന്നൈ മുതൽ ബെംഗലൂരു വരെയുള്ള റോഡ് യാത്രയിൽ അണ്ണാഡിഎംകെയുടെ ഏതാനും മുതിർന്ന നേതാക്കൾ മാത്രമാണ് ചിന്നമ്മയെ അനുഗമിച്ചത്. 2014 ൽ ഇതേ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ ഏറ്റുവാങ്ങാൻ ജയലളിത ബെംഗലൂരുവിലേക്കു പോയ യാത്രയാണ് ഈ സമയത്ത് ചർച്ച ചെയ്യപ്പെടുന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അമ്മ ജയിലേക്കെത്തിയത്.

ആയിരക്കണക്കിന് അണ്ണാഡിഎംകെ പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കും ആരവത്തിനും ഇടയിലാണ് ജയലളിത ജയിലേക്കു പ്രവേശിച്ചതെങ്കിൽ ഇക്കുറി ശശികലയെ പിന്തുണയ്ക്കുന്നവർ ജയിൽ പരിസരത്തു വളരെ കുറവായിരുന്നു. വളരെ കുറച്ചു പ്രവർത്തകർമാത്രമാണ് ജയിലിനു മുന്നിൽ ശശികലയെ കാത്തുനിന്നത്. മുതിർന്ന നേതാവ് തമ്പി ദുരൈയും ഭർത്താവ് നടരാജനും അടക്കം കുറച്ചു പേരാണ് ജയിലിനു മുന്നിൽ നേരത്തേ എത്തിയിരുന്നത്. ജയിൽ പരിസരത്തു തടിച്ചുകൂടിയവരെല്ലാം ശശികലയുടെ ജയിൽപ്രവേശനം ഒരു നോക്കു കാണാൻ വേണ്ടി മാത്രം എത്തിയവരായിരുന്നു.

ഇതിനിടെ, ശശികലയ്ക്കുള്ള വസ്ത്രങ്ങളും മരുന്നുമായി എത്തിയ വാഹനവും ജയിൽ പരിസരത്ത് ആക്രമിച്ചു തകർക്കപ്പെട്ടു. ജയിൽ പരിസരത്തുണ്ടായ സംഘർഷത്തിൽ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. പനീർസെൽവത്തിന്റെ അനുയായികളാണ് സംഭവത്തിന് പിന്നിലെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.

ജയലളിത ഇവിടെ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ചപ്പോൾ തമിഴ്‌നാട്ടിൽനിന്നു ദിവസേന ആയിരക്കണക്കിനു പാർട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽപരിസരത്തു തമ്പടിച്ചത്. എന്നാൽ ശശികല ജയിലിലാകുമ്പോൾ മനസാ സന്തോഷിക്കുന്ന തമിഴർ അത്തരത്തിലുള്ള പേക്കൂത്തുകൾക്കൊന്നും തയാറാകുന്നില്ല.

ജയലളിതയ്‌ക്കൊപ്പം മുമ്പ് ജയിലിൽ അനുഭവിച്ച സൗകര്യങ്ങളും ശശികലയ്ക്ക് ഇത്തവണ നിഷേധിക്കപ്പെടും. രണ്ട് തവണ മുഖ്യമന്ത്രിയായിരിക്കേ ജയിലെത്തിയ ജയലളിതയ്ക്ക് പ്രത്യേക മുറി നല്കിയിരുന്നു. എയർകണ്ടീഷണറും ഫ്രിഡ്ജും അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഒരു പഞ്ചായത്തു പ്രസിഡന്റ് പോലുമായിട്ടില്ലാത്ത ശശികലയ്ക്ക് അത്തരം പരിഗണനകളൊന്നും ലഭിക്കില്ല.

വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ശശികല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കുമെന്ന് ഉറപ്പില്ല. തന്റെ ആവശ്യങ്ങൾ നിരത്തി ജയിൽ അധികൃതർക്കാണ് ശശികല കത്തയച്ചത്. പ്രമേഹം ഉള്ളതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ശശികലയെ പ്രത്യേക സെല്ലിൽ പാർപ്പിക്കുമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. സെല്ലിൽ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയേയും അനുവദിക്കുമെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. മറ്റു തടവുകാർക്ക് നൽകുന്ന ഭക്ഷണമേ ശശികലയ്ക്കും നൽകുകയുള്ളൂ.

ജയിലിൽ പ്രവേശിക്കുന്നതിന് മുമ്പ് ശശികലയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി. ശശികലയുടെ സെല്ലിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും. മുമ്പ് ജയലളിതയെ പാർപ്പിച്ചിരുന്ന പ്രത്യേക കെട്ടിട സമുച്ചയത്തിൽ ആണ് ശശികലയേയും തടവിലിടുക. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയേയും ഇതേ സെല്ലിൽ തന്നെയാണ് തടവിൽ ഇട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP