Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യങ്ങളിലൂടെ പണം വാരിക്കോരി നൽകിയിട്ടും ഒരു 'പേരില്ല'! സിഎംആർഎൽ മുതലാളി കരിമണൽ കർത്ത ഒടുവിൽ സ്വന്തമായി പത്രം തുടങ്ങി

പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യങ്ങളിലൂടെ പണം വാരിക്കോരി നൽകിയിട്ടും ഒരു 'പേരില്ല'! സിഎംആർഎൽ മുതലാളി കരിമണൽ കർത്ത ഒടുവിൽ സ്വന്തമായി പത്രം തുടങ്ങി

ആവണി ഗോപാൽ

തിരുവനന്തപുരം: കരിമണൽ വ്യവസായം കേരളത്തിന് കേട്ടുപരിചയമായത് വിവാദങ്ങളുടെ അകമ്പടിയോടെയാണ്. പി കെ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ആലപ്പുഴ തീരത്ത് ഖനനം കരിമണൽ ഖനനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വി എം സുധീരൻ എതിർപ്പുമായി രംഗത്തെത്തിയത് ചരിത്രം. പിൽക്കാലത്ത് ഇടതെന്നോ വലതെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളെയും പോക്കറ്റിലാക്കി ശശിധരൻ കർത്തയെന്ന വ്യവസായി കരിമണൽ വ്യവസായത്തിലെ അതികായനായി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ). പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംആർഎല്ലിനെ പോലും വെല്ലുന്ന വിധത്തിൽ സിഎംആർഎൽ കോടികൾ കൊയ്തുകൂട്ടിയപ്പോൾ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം കർത്തയുടെ വഴിയേയായി. എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ പത്രങ്ങൾക്കും ചാനലുകൾക്കും കോടികൾ വാരിക്കോരി നൽകി. പരിസ്ഥിതി പ്രേമിയായ വി എസ് അച്യുതാനന്ദനും കർത്തയും തമ്മിലുള്ള സുഹൃത് ബന്ധവും ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കോടികൾ വ്യവസായത്തിനായി മുടക്കിയിട്ടും മാദ്ധ്യമ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിട്ടും ഒരു 'പേരില്ല' എന്ന തോന്നലിൽ നിന്നാകാം സ്വന്തമായി പത്രം തുടങ്ങിയിരിക്കയാണ് ശശിധരൻ കർത്ത.

ആലപ്പുഴയിൽ നിന്നും മാതൃമലയാളം എന്ന പേരിലാണ് ശശിധരൻ കർത്ത പത്രം ആരംഭിച്ചിരിക്കുന്നത്. പ്രമുഖരായ മാദ്ധ്യമപ്രവർത്തകരെ അണിനിരത്തി തന്നെയാണ് കർത്ത പത്രം ആരംഭിച്ചിരിക്കുന്നത്. ടാബ്ലോയിഡ് പത്രമെന്ന വിധത്തിൽ മധ്യാഹ്ന പത്രമായാണ് മാതൃമലയാളം പുറത്തിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊച്ചി എന്നിങ്ങനെ നാലിടങ്ങളിലായി പുറത്തിറങ്ങുന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ കേരളാ കൗമുദിയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായിരുന്ന വടയാർ സുനിലാണ്. മറ്റ് പ്രമുഖ പത്രങ്ങളിലെ മാദ്ധ്യമപ്രവർത്തകരും ശശിധരൻ കർത്തയുടെ പത്രത്തിൽ ജോലിക്ക് കയറിയിട്ടുണ്ട്.

തന്റെ കരിമണൽ വ്യവസായത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കർത്ത പുതുതായി പത്രം ആരംഭിച്ചിരിക്കുന്നതെന്നാണ് അറിവ്. ആലപ്പുഴ തന്നെ കേന്ദ്രമാക്കാൻ കാരണം കരിമണൽ തന്നെയാണ്. ആലപ്പുഴ, കൊല്ലം തീരങ്ങളിലാണ് കർത്തയുടെ കരിമണൽ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം. രണ്ട് ജില്ലകളുടെയും തീരത്തു നിന്നുള്ള കരിമണൽ തന്നെയാണ് കൊച്ചിയിലെ സി.എം.ആർ.എല്ലിലേക്ക് എത്തുന്നതും. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ നിന്നും പത്രം ആരംഭിച്ചത് വ്യക്തമായ വാണിജ്യ താൽപ്പര്യങ്ങളോടെയാണെന്നും അറിയുന്നു.

കരിമണൽ ഖനനത്തിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരം എതിർപ്പുകളെ പത്രത്തന്റെ സ്വാധീനം ഉപയോഗിച്ച് മറികടക്കാമെന്നും കർത്ത കണക്കുകൂട്ടുന്നു. കുട്ടനാട് പാക്കേജ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കർഷകരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമവും പത്രം തുടക്കമിട്ടിട്ടുണ്ട്. കരിമണൽ വിറ്റ് കാശുണ്ടാക്കുന്ന വ്യവസായിയെന്ന് അറിയപ്പെടുമ്പോഴും വേണ്ടത്ര പേരില്ലെന്ന തോന്നതിൽ നിന്നാണ് പത്രമുതലാളിയാകാൻ കർത്ത ഒരുങ്ങിയതെന്നുമാണ് കേൾക്കുന്നത്. കർത്തയുടെ സിഎംആർഎല്ലിന് കരിമണൽ കിട്ടാത്തഘട്ടം വന്നപ്പോൾ മാദ്ധ്യമങ്ങളെയും തൊഴിലാളി സംഘടനകളെയും വിലക്കെടുത്ത സംഭവത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ കർത്ത സ്‌പോൺസർ ചെയ്ത തൊഴിലാളി സമരത്തിൽ എളമരം കരീമും ചന്ദ്രശേഖരനമൊക്കെ പങ്കാളികളായിരുന്നു. ഇതാകട്ടെ സ്‌പോൺസേഡ് പരിപാടിയായി ചാനലുകൾ സംപ്രേഷണം ചെയ്യുകയുമുണ്ടായി.

രാഷ്ട്രപതി പ്രണബ് മുഖർജി കേരളം സന്ദർശിക്കാൻ എത്തിയ വേളയിലും സ്വയം പ്രശസ്തനാകാനുള്ള പബ്ലിക് റിലേഷൻസ് തന്ത്രങ്ങളുമായി കർത്ത രംഗത്തെത്തിയിരുന്നു. പ്രണബ് മുഖർജിയിൽ നിന്നും കർത്ത അവാർഡ് ഏറ്റുവാങ്ങുമെന്ന് മാദ്ധ്യമങ്ങളിൽ വൻ പരസ്യം നൽകിയെങ്കിലും അവാർഡ് ഏറ്റുവാങ്ങിയ വാർത്ത എങ്ങുമുണ്ടായിരുന്നില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി മാദ്ധ്യമങ്ങളുടെ പ്രിയങ്കരനായ ശശിധരൻ കർത്തയുടെ പുതിയ ഉദ്യമത്തിന് പിന്നിൽ പബ്ലിസിറ്റി സ്റ്റണ്ടുമുണ്ട്.

ഈ സംഭവത്തിന് ശേഷം കർത്തയുടെ പേര് ഉയർന്നുകേട്ടത് ചവറ കെഎംആർഎല്ലിൽ ഉണ്ടായ വിഷവാതക ചോർച്ചയുടെ സമയത്തായിരുന്നു. സ്വകാര്യ മേഖലയിലുള്ള കരിമണൽ വ്യവസായക്കാരെ സഹായിക്കാൻ നടന്ന അട്ടിമറി ശ്രമമാണ് കെഎംആർഎല്ലിൽ ഉണ്ടായതെന്നായിരുന്നു വിമർശനം. ഇതേക്കുറിച്ച് അന്വേഷണം നടന്നെങ്കിലും എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. ആലപ്പുഴ - കൊല്ലം തീരങ്ങളിൽ വിപുലമായ കരിമണൽ ഖനനം ലക്ഷ്യമിട്ട് സിഎംആർഎൽ ശ്രമങ്ങൾ നടത്തുണ്ട്. നേരത്തെ തീരപ്രദേശങ്ങളിൽ കരിമണൽ ഖനനം നടത്തുന്നതിനെ എതിർത്തുകൊണ്ട് ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ് ഉണ്ടായത്. പുതുതായി ആരംഭിക്കുന്ന പത്രത്തിന്റെ പിന്തുണയോടെ കരിമണൽ ഖനനത്തെ എതിർക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമമെന്നും ആരോപണങ്ങളുണ്ട്.

കേരളാ കൗമുദി ഫ്‌ളാഷ്, രാഷ്ട്രദീപിക, ബിഗ് ന്യൂസ് ശ്രേണിയിലേക്കെത്തുന്ന മറ്റൊരു പത്രമാണ് ശശിധരൻ കർത്തയുടെ മാതൃമലയാളം. നേരത്തെ തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങിയ ന്യൂസ് ബുള്ളറ്റ് എന്ന മധ്യാഹ്ന പത്രം ചുരുങ്ങിയ കാലം കൊണ്ട് തന്നെ അടച്ചുപൂട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP